മത്സ്യഫെഡിന്റെ കീഴിൽ വല നിർമാണശാലകൾക്ക് ആവശ്യമായ ഗുണമേന്മയുള്ള നൈലോൺ നൂൽ ഉത്പാദിപ്പിക്കുന്ന സംസ്ഥാനത്തെ ആദ്യ നൈലോൺ നൂൽ ഫാക്ടറി ആലപ്പുഴ ജില്ലയിലെ പറവൂരിൽ പ്രവർത്തനം തുടങ്ങി. ഗുണമേന്മയുള്ള നൂലിൽ നിന്നും വല ഉത്പാദിപ്പിച്ച് ന്യായമായ നിരക്കിൽ മത്സ്യത്തൊഴിലാളികൾക്ക് ലഭ്യമാക്കുന്നത് ലക്ഷ്യമിട്ടാണ് ഫാക്ടറി സ്ഥാപിച്ചത്. പ്രതിവർഷം 400 ടൺ നൈലോൺ നൂൽ ഇവിടെ ഉത്പാദിപ്പിക്കാൻ കഴിയും. തിരുവനന്തപുരം, എറണാകുളം, കണ്ണൂർ ജില്ലകളിലാണ് ഇപ്പോൾ മത്സ്യബന്ധന വല നിർമ്മാണ ഫാക്ടറികളുള്ളത്. ഈ ഫാക്ടറികൾക്കാവശ്യമായ നൂൽ പുതിയ ഫാക്ടറിയിൽ ഉത്പാദിപ്പിക്കാനാകും.

പുന്നപ്രയിൽ മത്സ്യഫെഡിന് സ്വന്തമായുള്ള 107 സെന്റ് സ്ഥലത്താണ് ഫാക്ടറിയുടെ പ്രവർത്തനം. 24,300 ചതുരശ്ര അടി വിസ്തീർണ്ണമുള്ള കെട്ടിടത്തിൽ യാൺ ട്വിസ്റ്റിംഗ് മെഷീനുകളും യൂണിറ്റും സജ്ജമാക്കിയിട്ടുണ്ട്. ആകെ 14 മെഷീനുകളാണുള്ളത്. അര നമ്പർ മുതൽ മൂന്നാം നമ്പർ വരെയുള്ള വൈവിധ്യമാർന്ന നൂലുകൾ ഇവിടെ ഉത്പാദിപ്പിക്കാൻ കഴിയും. ഈ നൂൽ ഉപയോഗിച്ച് മത്സ്യഫെഡിന്റെ നെറ്റ് ഫാക്ടറികളിൽ നെത്തോലി വല, താങ്ങുവല, ചാള വല, ഇടക്കെട്ടുവല, നുവല, എച്ച്.എം വല എന്നീ വലകൾ ഗുണമേന്മ ഉറപ്പാക്കി മത്സ്യത്തൊഴിലാളികൾക്ക് ലഭ്യമാക്കുവാൻ കഴിയും. വലയും മറ്റ് അനുബന്ധ സാധനങ്ങളും മത്സ്യത്തൊഴിലാളികൾക്ക് സൗകര്യപ്രദമായി ലഭ്യമാക്കുന്നതിന് ഒമ്പത് തീരദേശ ജില്ലകളിലായി പതിനഞ്ച് വ്യാസാ സ്റ്റോറുകളും പ്രവർത്തിക്കുണ്ട്. മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘങ്ങൾ വഴിയും മത്സ്യബന്ധന ഉപകരണങ്ങൾ ലഭ്യമാക്കി വരുന്നു.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-02-16 14:07:01

ലേഖനം നമ്പർ: 1311

sitelisthead