സംസ്ഥാനത്ത് ആദ്യമായി അമ്മയ്ക്കും കുഞ്ഞിനും ഒരുമിച്ചുള്ള പരിചരണത്തിനായി മദർ-ന്യൂബോൺ കെയർ യൂണിറ്റ് (എം.എൻ.സി.യു.) കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ സജ്ജമായി. നവജാത ശിശുക്കളുടെ പരിചരണത്തിൽ അമ്മമാരുടെ സാന്നിധ്യം ഉറപ്പാക്കികൊണ്ടുള്ള ആഗോളതലത്തിൽഅംഗീകരിക്കപ്പെട്ട ചികിത്സ പദ്ധതിയാണ് എം.എൻ.സി.യു.. ഇതിലൂടെ മാതൃശിശു ബന്ധം ഊട്ടിയുറപ്പിക്കുന്നതിനോടൊപ്പം, നവജാത ശിശു പരിചരണവും, കരുതലും, മുലയൂട്ടലും, കൂടുതൽ ശക്തമാകും കൂടാതെ കുഞ്ഞിന്റെ വേഗത്തിലുള്ള രോഗമുക്തിയും കുറഞ്ഞ ആശുപത്രി വാസവും ഉറപ്പാക്കാൻ കഴിയും. 

ജനനം മുതൽ 28 ദിവസം വരെയുള്ള നവജാത ശിശുക്കളുടെ പ്രത്യേക തീവ്ര പരിചരണം ഇവിടെ ലഭ്യമാകും. മാസം തികയാതെ, തൂക്ക കുറവുള്ള ശിശുക്കളുടെ വെന്റിലേറ്റർ അടക്കമുള്ള തീവ്ര പരിചരണം ഇവിടെ സജ്ജമാണ്. മാസം തികയാതെ ജനിക്കുന്ന കുട്ടികൾ നവജാത ശിശു വിഭാഗത്തിലും അമ്മ പ്രസവാനന്തര വാർഡിലുമായിരിക്കും. അമ്മയുടെ സാന്നിധ്യം കുഞ്ഞിനും തിരിച്ചും ഏറ്റവും ആവശ്യമുള്ള ഒരു ഘട്ടത്തിലാണ് ഇത് സംഭവിക്കുന്നത്. അമ്മയും കുഞ്ഞും വേർപിരിഞ്ഞിരിക്കുമ്പോൾ ഉണ്ടാകുന്ന മാനസിക സംഘർഷം എം.എൻ.സി.യു. വഴി പരിഹരിക്കാൻ സാധിക്കും. 

എം.എൻ.സി.യു.വിൽ കുഞ്ഞുങ്ങളോടൊപ്പം അമ്മമാർക്ക് കിടക്കാൻ 8 കിടക്കകളും, കുഞ്ഞുങ്ങൾക്കായി വെന്റിലേറ്റർ, വാമർ, ഫോട്ടോതെറാപ്പി, മൾട്ടിപ്പാര മോണിറ്റർ, എന്നിവയെല്ലാം ചേർന്ന് 8 ഐ.സി.യു. ബെഡുകളും സജ്ജമാക്കിയിട്ടുണ്ട്. ലെവൽ 1, ലെവൽ 2 മുറികളിലായി നവജാത ശിശുക്കളുടെ പരിചരണത്തിനായി 12 ബേബി വാമറുകൾ സ്ഥാപിക്കുന്നതിന് വേണ്ട സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൂടാതെ കൗൺസിലിംഗ് മുറിയും സ്റ്റാഫുകൾക്ക് ആവശ്യമായ സൗകര്യങ്ങളും മദർ ന്യൂബോൺ കെയർ യൂണിറ്റിൽ സജ്ജമാക്കിയിട്ടുണ്ട്. പീഡിയാട്രിക് സർജറി വിഭാഗത്തിന്റെ സഹകരണത്തോടു കൂടി സങ്കീർണമായ ശസ്ത്രക്രിയ ആവശ്യമായ ശിശുക്കളുടെ ചികിത്സയും എം.എൻ.സി.യു.-ൽ ലഭ്യമാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-01-07 11:55:11

ലേഖനം നമ്പർ: 890

sitelisthead