ആശുപത്രികളിൽ എത്താതെ രോഗികൾക്ക് വീട്ടിൽ തന്നെ സൗജന്യമായി ഡയാലിസ് ചെയ്യാൻ കഴിയുന്ന പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതി 11 ജില്ലകളിൽ ആരംഭിച്ചു. ശരീരത്തിനുള്ളിൽ തന്നെ രക്തം ശുദ്ധീകരിപ്പിക്കുന്ന രീതിയാണ് പെരിറ്റോണിയൽ ഡയാലിസിസ്. ആശുപത്രികളിൽ മാത്രം ചെയ്യാവുന്നതും ഏറെ ചെലവേറിയതും ശാരീരികമായ ബുദ്ധിമുട്ടുകളുമുള്ള ഹീമോ ഡയാലിസിസ് പടിപടിയായി കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതി ആരംഭിച്ചത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നിലവിൽ ഈ സൗകര്യമുള്ളത്. ബാക്കിയുള്ള മൂന്ന് ജില്ലകളിൽ കൂടി ഉടൻ തന്നെ പെരിറ്റോണിയൽ ഡയാലിസിസ് ആരംഭിക്കും.സംസ്ഥാനത്ത് മെഡിക്കൽ കോളേജുകൾക്ക് പുറമേ ആരോഗ്യ വകുപ്പിന് കീഴിലുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങൾ മുതൽ ജില്ലാ, ജനറൽ ആശുപത്രികളിൽ വരെ പ്രതിമാസം 36,000 മുതൽ 39,000 വരെ ഡയാലിസിസുകളാണ് നടത്തുന്നത്. താലൂക്ക്, ജനറൽ, ജില്ലാ ആശുപത്രികളിലും ചില സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ഡയാലിസിസ് നടത്തുന്നുണ്ട്. 92 ആശുപത്രികളിലായി 937 ഡയലിസിസ് മെഷീനുകളാണ് സജ്ജമാക്കിയിരിക്കുന്നത്.

വൃക്ക രോഗികൾക്ക്  സശ്രയിക്കാൻ പറ്റുന്ന വളരെ മികച്ച ചികിത്സ മാർഗമാണ് പെരിറ്റോണിയൽ ഡയാലിസിസ് . ഹീമോ ഡയാലിസിസ്  താരതമ്യം ചെയ്യുമ്പോൾ ചെലവ് കുറഞ്ഞ രീതിയിൽ മെച്ചപ്പെട്ട അതിജീവനം പെരിറ്റോണിയൽ ഡയാലിസിസിലൂടെ സാധ്യമാവുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത് *. കുടുംബാന്തരീക്ഷത്തിലുള്ള ഈ ചികിത്സ രീതി രോഗികളുടെ  മാനസിക ആരോഗ്യം വർദ്ധിക്കുന്നതിനും സഹായിക്കുന്നു.

എന്താണ് പെരിറ്റോണിയൽ ഡയാലിസിസ്?

രണ്ട് തരം ഡയാലിസിസുകളാണുള്ളത്. ഹീമോ ഡയാലിസിസും പെരിറ്റോണിയൽ ഡയാലിസിസും. ഡയാലിസിസ് മെഷീനിലൂടെ രക്തം കടത്തി വിട്ട് ശുദ്ധീകരിക്കുന്ന പ്രക്രിയയാണ് ഹീമോഡയാലിസിസ്. എന്നാൽ പെരിറ്റോണിയൽ ഡയാലിസിസ് രോഗിയുടെ ഉദരത്തിൽ ഒരു സുഷിരമുണ്ടാക്കി അതിലൂടെ ഒരു കത്തീറ്റർ കടത്തി വിടുകയും ഉദരത്തിനുള്ളിൽ (പെരിറ്റോണിയം) പെരിറ്റോണിയൽ ഡയാലിസിസ് ദ്രാവകം നിറക്കുകയുമാണ് ചെയ്യുന്നത്. ഒരിക്കൽ കത്തീറ്റർ പ്രവേശിപ്പിച്ച് കഴിഞ്ഞാൽ പിന്നീട് രോഗിക്ക് വീട്ടിൽ വെച്ചുന്നെ തന്നെ ഡയാലിസിസ് ദ്രാവകം ഈ കത്തീറ്ററിലൂടെ പെരിറ്റോണിയത്തിൽ നിറയ്ക്കാൻ സാധിക്കുന്നതാണ്. നിശ്ചിതസമയത്തിന് ശേഷം വൃക്കകളിലെ മാലിന്യങ്ങൾ ഈ പെരിറ്റോണിയൽ ദ്രാവകത്തിലേക്ക് വലിച്ചെടുക്കപ്പടുകയും ആ ദ്രാവകം പുറത്തേക്ക് ഒഴുക്കി കളയുകയും ചെയ്യുന്നു.

ഏകദേശം ഒരു മണിക്കൂർ ദൈർഘ്യം വരുന്ന ഈ പ്രക്രിയ രോഗിയുടെ അസുഖത്തിന്റെ കാഠിന്യമനുസരിച്ച് ഡോക്ടറുടെ നിർദേശ പ്രകാരം ദിവസം രണ്ടോ മൂന്നോ തവണ ആവർത്തിക്കേണ്ടി വരും. ഇതിലൂടെ ഹീമോഡയാലിസിസിൽ നിന്ന് ലഭിക്കുന്ന അതേ പ്രയോജനം തന്നെ രോഗിക്ക് ലഭിക്കുന്നു. ചികിത്സിക്കുന്ന വൃക്കരോഗ വിദഗ്ദ്ധരാണ് ഒരു രോഗിക്ക് ഹീമോഡയാലിസിസ് വേണമോ പെരിറ്റോണിയൽ ഡയാലിസിസ് വേണമോ എന്ന് നിശ്ചയിക്കുന്നത്.

പെരിറ്റോണിയൽ ഡയാലിസിസിന് ആവശ്യമായ ഡയാലിസിസ് ഫ്ളൂയിഡ്, കത്തീറ്റർ, അനുബന്ധ സാമഗ്രികൾ ആശുപത്രികളിൽ നിന്നും സൗജന്യമായി നൽകുന്നു. നെഫ്രോളജിസ്റ്റുകൾ ഉള്ള ആശുപത്രികളിൽ കത്തീറ്റർ നിക്ഷേപിപ്പിക്കുന്നതും പെരിറ്റോണിയൽ ഡയാലിസിസ് ആരംഭിക്കുന്നതും അതാത് ആശുപത്രികളിൽ തന്നെയായിരിക്കും. നെഫ്രോളജിസ്റ്റുകൾ ഇല്ലാത്ത ജില്ലാ ആശുപത്രികളിൽ അടുത്തുള്ള മെഡിക്കൽ കോളേജുകളിൽ കത്തീറ്റർ നിക്ഷേപിച്ച ശേഷം തുടർ ചികിത്സയാണ് ജില്ലാ ആശുപത്രികളിൽ നൽകി വരുക. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആരോഗ്യവകുപ്പ് പരിശീലനം നൽകുന്നതാണ്. ഒരിക്കൽ കത്തീറ്റർ നിക്ഷേപിച്ച് കഴിഞ്ഞാൽ രോഗിക്ക് പിന്നീട് ആശുപത്രിയിൽ വരാതെ തന്നെ വീട്ടിൽ വച്ച് പെരിറ്റോണിയൽ ഡയാലിസിസ് നടത്താവുന്നതാണ്.

സേവനം ലഭിയ്ക്കുന്ന ഇടങ്ങൾ

തിരുവനന്തപുരം ജനറൽ ആശുപത്രി (ഡോ. ലിജി. ആർ), കൊല്ലം ജില്ലാ ആശുപത്രി (ഡോ. സൗമ്യ), ആലപ്പുഴ ജനറൽ ആശുപത്രി (ഡോ. ഷബീർ), എറണാകുളം ജനറൽ ആശുപത്രി (ഡോ. സന്ദീപ് ഷേണായി), തൃശൂർ ജനറൽ ആശുപത്രി (ഡോ. രമ്യ), പാലക്കാട് ജില്ലാ ആശുപത്രി (ഡോ. കൃഷ്ണദാസ്), മലപ്പുറം തിരൂർ ജില്ലാ ആശുപത്രി (ഡോ. അബ്ദുള്ള), കോഴിക്കോട് ജനറൽ ആശുപത്രി (ഡോ. ഷാനു പിഎം), വയനാട് ജില്ലാ ആശുപത്രി മാനന്തവാടി (ഡോ. സോണി), കണ്ണൂർ ജില്ലാ ആശുപത്രി (ഡോ. റോഹിത് രാജ്), കാസറഗോഡ് ജനറൽ ആശുപത്രി (ഡോ. കുഞ്ഞിരാമൻ) (ഉടൻ പ്രവർത്തന സജ്ജമാകുന്നതാണ്).
*François, Karlien, and Joanne M. Bargman. "Evaluating the benefits of home-based peritoneal dialysis." International journal of nephrology and renovascular disease 7 (2014): 447.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2022-02-04 19:40:05

ലേഖനം നമ്പർ: 391

sitelisthead