സംസ്ഥാനം അഴിമതി രഹിതമാക്കുന്നതിന്റെ ഭാഗമായി വിജിലന്‍സ് നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2023ല്‍ റിപ്പോര്‍ട്ട് ചെയ്ത ട്രാപ് കേസുകളില്‍ വര്‍ധനവ്.2023 ജൂലൈ 15 വരെ 35 ട്രാപ് കേസുകളിലായി 40 പേരെ പ്രതിചേര്‍ത്തിട്ടുണ്ട്. റവന്യു വകുപ്പില്‍ 10 കേസുകളും, തദ്ദേശസ്വയംഭരണ വകുപ്പില്‍ 6 കേസുകളും ആരോഗ്യ വകുപ്പില്‍ 4 കേസുകളും പൊലീസ് വകുപ്പില്‍ 3 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 47 കേസുകളാണ് കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത്. വീടുകളിലും ഓഫീസുകളിലും മിന്നല്‍ പരിശോധന നടത്തിയാണ് വിജിലന്‍സ് അഴിമതിക്കാരെ കുരുക്കുന്നത്. തൃശൂരില്‍ (8) ആണ് ഏറ്റവും കൂടുതല്‍ ട്രാപ് കേസുകള്‍ ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത് \


ഒമ്പത് വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് 2022ല്‍ ആയിരുന്നു. 2015ലും 2016ലും 20 കേസ് വീതമാണുണ്ടായിരുന്നത്. 2017ല്‍ (21), 2018ല്‍ (16), 2019ല്‍ (17),  2020ല്‍ (24), 2021ല്‍ (30) എന്നിങ്ങനെയായിരുന്നു രജിസ്റ്റര്‍ ചെയ്ത ട്രാപ് കേസുകളുടെ എണ്ണം. അഴിമതി ആരോപണങ്ങള്‍ നേരിടുന്ന ഉദ്യോഗസ്ഥരുടെ പട്ടിക തയാറാക്കി അവര്‍ക്ക് മേല്‍ വിജിലന്‍സ് നിരീക്ഷണം നടത്തുന്നു. പരാതികളില്‍ കഴമ്പുണ്ടെന്ന് കണ്ടാല്‍ ഉദ്യോഗസ്ഥര്‍ പരാതിക്കാരെ ഉപയോഗിച്ചോ അല്ലാതെയോ കെണി ഒരുക്കി അഴിമതിക്കാരെ പിടികൂടുന്നു. ഇതിനായി വകുപ്പുകളില്‍ ഏത് സമയത്തും മിന്നല്‍ പരിശോധന നടത്തുന്നു. 

ഈ വര്‍ഷം രഹസ്യാന്വേഷണ വിഭാഗത്തില്‍ 46 കേസുകളും 43 പ്രാഥമികാന്വേഷണവും 42 വിജിലന്‍സ് അന്വേഷണവും 489 മിന്നല്‍ പരിശോധനയും അനധികൃത സ്വത്ത് സമ്പാദനത്തില്‍ 93 കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളെക്കാള്‍ വലിയ വര്‍ധനവാണ് ഇത്തരം കേസുകളില്‍ കാണുന്നത്. വിവിധ വകുപ്പുകളിലായി അഴിമതിക്കാരായ ഉദ്യോഗസ്ഥരെ കുറിച്ചുള്ള 5279 പരാതികള്‍ ലഭിച്ചു. അഴിമതി ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്കും 1064 (ടോള്‍ഫ്രീ നമ്പര്‍), 8592900900 (വാട്ട്‌സാപ്)  നമ്പറുകളില്‍ വിവരം റിപ്പോര്‍ട്ട് ചെയ്യാം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-07-21 18:27:58

ലേഖനം നമ്പർ: 1137

sitelisthead