ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ അടിസ്ഥാന പ്രശ്‌നങ്ങളെ ആധാരമാക്കി സമൂഹത്തെ ബോധവൽക്കരിക്കുന്നതിനുള്ള സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന വീഡിയോ ദൃശ്യാവിഷ്‌കരണത്തിനായി ട്രാൻസ്‌ജെൻഡർ വ്യക്തികളിൽ നിന്നും സാമൂഹ്യനീതി വകുപ്പ് തിരക്കഥകൾ ക്ഷണിക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്നവയ്ക്ക് 10,000 രൂപ സമ്മാനം നൽകും. മുൻപ് പ്രസിദ്ധീകരിച്ചതോ / ദൃശ്യാവിഷ്‌കാരം നടത്തിയതോ ആയ സൃഷ്ടികൾ സ്വീകരിക്കില്ല. ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ, നിയമസേവനങ്ങൾ എന്നീ മേഖലകളിൽ ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് തുല്യ അവകാശമുണ്ടെന്ന അടിസ്ഥാന സന്ദേശം ഉൾക്കൊള്ളുന്നതായിരിക്കണം തിരക്കഥ. ട്രാൻസ്‌ജെൻഡർ വ്യക്തികളെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പരാമർശങ്ങൾ തിരക്കഥയിൽ ഉൾക്കൊള്ളിക്കുവാൻ പാടില്ല. എഴുതി പൂർത്തിയാക്കിയ തിരക്കഥയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് ട്രാൻസ്‌ജെൻഡർ ഐ.ഡി കാർഡ്, ആധാർകാർഡ്, ഫോൺ നമ്പർ എന്നിവ സഹിതം ഡയറക്ടർ, സാമൂഹ്യനീതി വകുപ്പ് ഡയറക്ടറേറ്റ്, വികാസ്ഭവൻ, 5-ാം നില, തിരുവനന്തപുരം- 695033 എന്ന വിലാസത്തിൽ ജനുവരി 18നു മുൻപായി ലഭിക്കണം.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :13-01-2023