കൃഷ്ണനാട്ടം

കഥകളിയുടെ മൂലകലയെന്ന് അറിയപ്പെടുന്ന കേരളത്തിലെ ആദ്യത്തെ നൃത്തനാടകമാണ് കൃഷ്ണനാട്ടം. കോഴിക്കോട് സാമൂതിരിയായിരുന്ന മാനവേദൻ രൂപം കൊടുത്ത ഒരു നൃത്തശില്പമാണ് കൃഷ്ണാട്ടം. കൊല്ലവർഷം 829 ൽ അദ്ദേഹം ജയദേവകവിയുടെ അഷ്ടപദിയുടെ മാതൃകയിൽ കൃഷ്ണഗീതി രചിക്കുകയും, അത് പിന്നീട് കൃഷ്ണനാട്ടമായി അവതരിപ്പിക്കുകയും ചെയ്തു എന്നാണ് പറയപ്പെടുന്നത്.

കൃഷ്ണഗീതിയെ അഷ്ടപദി അന്ന് പറയുമ്പോലെയാണ് കൃഷ്ണനാട്ടത്തെ അഷ്ടപദിയാട്ടം എന്നും പറയുന്നത്. ഗുരുവായൂർ ക്ഷേത്രത്തിലെ ഒരു പ്രധാന വഴിപാടായാണ് കൃഷ്ണനാട്ടം അവതരിപ്പിക്കാറ്. എട്ടു ദിവസത്തെ കളിയായ കൃഷ്ണനാട്ടത്തിൽ എട്ടുനാഴി എണ്ണ, എട്ടുതിരി, എട്ടു കുട്ടികൾ, എട്ടുനാഴിക നേരത്തെ കളി, എട്ടു അരങ്ങു പണം എന്നിങ്ങനെ എട്ടു ചേർന്നുള്ള കണക്കുകളാണുള്ളത്. സാമൂതിരിരാജാവിന്റെ പടയാളികളിൽ കലാവാസനയുള്ളവരെ തിരഞ്ഞെടുത്തായിരുന്നു കൃഷ്ണനാട്ടം പണ്ട് സംഘടിപ്പിച്ചിരുന്നത്. പുരുഷന്മാർ തന്നെയായിരുന്നു സ്ത്രീവേഷം കൈകാര്യം ചെയ്തിരുന്നത്. 50 മുതൽ 60 അംഗങ്ങൾ കൃഷ്ണനാട്ട സംഘത്തിലുണ്ടായിരുന്നു.

കൃഷ്ണകഥയാണ് കൃഷ്ണനാട്ടത്തിന്റെ ഇതിവൃത്തം. അവതാരം മുതൽ സ്വർഗാരോഹണം വരെയുള്ള കഥകളാണ് അവതരിപ്പിക്കാറ്. അവതാരം, കാളിയമര്‍ദനം, രാസക്രീഡ, കംസവധം, സ്വയംവരം, ബാണയുദ്ധം, വിവിദവധം, സ്വര്‍ഗാരോഹണം-ഇങ്ങനെ എട്ടു കഥയായിട്ടാണ് കൃഷ്ണനാട്ടത്തെ വിഭജിച്ചിട്ടുള്ളത്. പക്ഷെ, ഇതിൽ ഏതെങ്കിലും ഒരു കഥയെ ഒരു ദിവസം അവതരിപ്പിക്കുള്ളു. മൂന്ന് മുതൽ നാല് മണിക്കൂർ വരെ വേണം ഒരു കഥ അവതരിപ്പിക്കാൻ.

അവതരണം

നൃത്ത പ്രധാനമാണ് കൃഷ്ണനാട്ടം. അവതാരത്തിലും, രാസക്രീഡയിലെയും നൃത്തം അതിമനോഹരമാണ്. സംഘനൃത്തങ്ങൾ കൃഷ്ണനാട്ടത്തിൽ കൂടുതലായി കാണാൻ പറ്റും. കഥകളിയിൽ നിന്നും കുറച്ചു വിഭിന്നമാണ്‌ കൃഷ്ണനാട്ടത്തിലെ ആട്ടസമ്പ്രദായവും, നൃത്തവിശേഷങ്ങളും. പാട്ടുകളുടെ പദാര്‍ഥം അഭിനയിക്കാതെ, പല്ലവിയുടെ അര്‍ഥം മാത്രം ഏതാണ്ടൊന്ന് അഭിനയിക്കും. അതുകഴിഞ്ഞാല്‍ പിന്നെ എല്ലാചരണങ്ങള്‍ക്കും ആട്ടം ഒരുപോലെയാണ്. ചരണങ്ങളുടെ അവസാനത്തിലെ കലാശങ്ങള്‍ക്കുമാത്രം മിക്കവാറും വ്യത്യാസം കാണും. തനി സംസ്കൃതമയമായ പാട്ടുകളുടെ അര്‍ഥം മനസ്സിലാക്കി നടന്മാര്‍ക്ക് അഭിനയിക്കാനും പ്രേക്ഷകര്‍ക്ക് അതു മനസ്സിലാക്കാനും പ്രയാസമാകുമെന്നു കരുതിയിട്ടായിരിക്കാം ഇതില്‍ പദാര്‍ഥാഭിനയം ഒഴിവാക്കിയത്.

കഥകളിയിലെ ചുവടുകളിലെ താണ്ഡവഛായയ്ക്കു വിപരീതമായി കൃഷ്ണനാട്ടത്തില്‍ ലാസ്യത്തിനാണ് മുന്‍തൂക്കം. കൃഷ്ണനാട്ടത്തില്‍ ഇളകിയാട്ടമില്ലെന്നില്ല. വാചികാഭിനയം തീരെയില്ല. മദ്ദളം, ചേങ്ങല, ഇലത്താളം എന്നീ വാദ്യവിശേഷങ്ങളും പൊന്നാനി, ശിങ്കിടി എന്നു രണ്ടു പാട്ടുകാരും കഥകളിയിലെപ്പോലെതന്നെയാണു കൃഷ്ണനാട്ടത്തിലുമുള്ളത്. എന്നാൽ, ചെണ്ട കൃഷ്ണനാട്ടത്തിലില്ല. തപ്പുമദ്ദളം ഉപയോഗിക്കാറുണ്ട്. രംഗത്തിന്റെ പിന്നില്‍ നടുവിലാണു പാട്ടുകാരുടെ സ്ഥാനം; അവരുടെ ഇടത്തും വലത്തും മദ്ദളങ്ങള്‍. പാട്ടുകാരില്‍ പൊന്നാനി പാടിക്കൊടുക്കുകയും ചേങ്ങലയില്‍ താളം പിടിക്കുകയും, ശിങ്കിടി ഏറ്റുപാടുകയും ഇലത്താളം പിടിക്കുകയും ചെയ്യുന്നു. പിന്നിലെ പാട്ടിനനുസരിച്ച് വേഷക്കാര്‍ അരങ്ങത്ത് അഭിനയിക്കുന്നു. 

വേഷം 

കഥകളിക്ക് സമാനമാണ് കൃഷ്ണനാട്ടത്തിലെ മുഖത്തുതേപ്പ്, ചുട്ടി, കുപ്പായം, കടകകുണ്ഡലാദികള്‍ മുതലായവ. എന്നാൽ, ചുട്ടി, അത്ര കനത്തതായിരിക്കയില്ല. കീരിടകേശഭാരാദികള്‍ക്കു വലുപ്പം കുറച്ചു കുറയുകയും ചെയ്യും. സ്ത്രീവേഷങ്ങള്‍ക്കു കൃഷ്ണനാട്ടത്തില്‍ കഥകളിയെ അപേക്ഷിച്ചു ഭംഗി കൂടുതലാണ്. ദേവകി, യശോദ, രുക്മിണി, സത്യഭാമ തുടങ്ങിയ ചില പ്രധാന സ്ത്രീവേഷങ്ങള്‍ക്കു കൃഷ്ണനാട്ടത്തില്‍ ചുട്ടിയും, ഭൂമിദേവിക്കു കിരീടവുമുണ്ട്. കൃഷ്ണനാട്ടത്തിൽ ഉപയോഗിക്കുന്നത് കുമിഴ്മരത്തടിയില്‍ കൊത്തിയെടുത്ത കിരീടങ്ങളും മുടികളുമാണ്‌. കൃഷ്ണമുടിയുടെ അഗ്രത്തില്‍ പീലിച്ചാര്‍ത്തുണ്ട്. എന്നാൽ, ബലരാമനു മകുടമുടിയാണ്. കേയൂരം, അംഗദം, കടകം, മാല, ചെവിപ്പുവ്, എന്നിവയാണ് മറ്റു കോപ്പുകള്‍. തോട, തോള്‍വള, ഹസ്തകടകം, ഉറുക്ക്, പതക്കം തുടങ്ങിയവയും കുമിഴില്‍ തന്നെ പണിതീര്‍ത്തവയാണ്. 

കൃഷ്ണനാട്ടത്തിലെ വേഷക്കാര്‍ ഇരുന്നാണ് ചുട്ടികുത്തുന്നത്. പൂര്‍ണ്ണമായും അരിമാവുപയോഗിച്ചാണ് ചുട്ടികുത്തുക. കടലാസ് തീരെ ഉപയോഗിക്കുന്നില്ല. പച്ച, കത്തി, മിനുക്ക്, പഴുക്ക എന്നിവയാണ് വേഷങ്ങൾ. അരയ്ക്കുമേലെ കറുപ്പുകുപ്പായവും താഴെ ചുവന്ന പട്ടിന്റെ പാവടപോലുള്ള ഉടുപ്പുമാണ് കൃഷ്ണന്റെ വേഷം. ബലരാമന്ന് ചുവന്നകുപ്പായവും ജാംബവാനു വെള്ളനിറത്തിലുള്ള വേഷവുമാണ്.

പൊയ്മുഖം വച്ചവയാണ് കരി, താടി എന്നീ വിഭാഗത്തില്‍പ്പെട്ട കൃഷ്ണനാട്ടത്തിലെ വേഷങ്ങള്‍. പൂതന, യമന്‍, ജാംബവാന്‍, നരകാസുരന്‍, മുരാസുരന്‍, ഘണ്ടാകര്‍ണന്മാര്‍, ശിവഭൂതങ്ങള്‍, വിവിദന്‍ തുടങ്ങിയവരെല്ലാം ഈ വര്‍ഗത്തില്‍പ്പെടും. ബ്രഹ്മാവിനു നാലുമുഖമുള്ള പൊയ്മുഖവും മുരാസുരന് അഞ്ചു മുഖമുള്ള പൊയ്മുഖവും ഉപയോഗിക്കുന്നു.

സംഗീതം 

കൃഷ്ണനാട്ടത്തിലെ സംഗീതം സാമവേദാലാപനത്തിനോടും കൂടിയാട്ടത്തിൽ ചാക്യാരുടെ സ്വരിക്കലിനോടും നേരിയ സാദൃശ്യമുണ്ട്. പക്ഷേ ഗുരുവായൂർ മതിൽക്കകത്ത് കേൾക്കാൻ കഴിയുന്നത് കഥകളിസംഗീതമാണ്. കേരളത്തിലെ സോപാനസംഗീതമാർഗ്ഗമാണ് കൃഷ്ണനാട്ടത്തിൻറേതെന്ന് അഭിപ്രായപെടുന്നവരുമുണ്ട്. ശുദ്ധമദ്ദളവും തൊപ്പിമദ്ദളവും ഇലത്താളവും ചേങ്ങലയും ചേർന്നുള്ളതാണ് കൃഷ്ണനാട്ടത്തിലെ താളപ്രയോഗം. എന്നാൽ, കഥകളിയിലെപ്പോലെ കൃഷ്ണനാട്ടത്തിൽ പാട്ട് ആവർത്തിച്ച് പാടാറില്ല. 


 

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 15-09-2022

ലേഖനം നമ്പർ: 753

sitelisthead