ഒപ്പന

കേരളത്തിലെ മുസ്ലിം സമൂഹത്തിൽ നിലനിൽക്കുന്ന ഒരു കലാരൂപമാണ് ഒപ്പന. അബ്ബന എന്ന അറബി വാക്കിൽ നിന്നാണ് ഒപ്പന എന്ന പേരുണ്ടായത്. 'ഒപ്പന' എന്നത് ഒരുമിച്ചു എന്നും 'പ്പൻ' എന്നത് പാടുക എന്നും വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. വിവാഹാഘോഷങ്ങളുടെ ഭാഗമായിട്ടും മാർഗ കല്യാണം, കാത് കുത്ത്, മുടി കളച്ചിൽ, നാല്പത് കുളി, വയസ്സറിയിക്കൽ തുടങ്ങിയ ആഘോഷങ്ങൾക്ക് വേണ്ടിയും ഒപ്പന അവതരിപ്പിക്കാറുണ്ട്.

മാപ്പിളപ്പാട്ട് ശാഖയിലെ സഫീന പാട്ടുകളിലെ ഒരു ഇശൽ ആണ് ഒപ്പന. അത് താളനിബദ്ധമാണ്. ഒപ്പന പാട്ടുകൾക്ക് പൊതുവെ ശൃംഗാരരസമാണെങ്കിലും, പടപ്പാട്ടുകളും അവതരിപ്പിക്കാറുണ്ട്. ഒപ്പന പാട്ടുകൾക്ക് ചായൽ, മുറുക്കൽ എന്നിങ്ങനെ രണ്ടു ഗതിഭേദങ്ങളുണ്ട്. പതിഞ്ഞ താളക്രമമാണ് ചായലിനു. എന്നാൽ മുറുക്കത്തിലെത്തുമ്പോഴേക്കും താളം ദ്രുതഗതിയിലാകും. സാധാരണ ഒപ്പന അവതരിപ്പിക്കുന്നത് സ്ത്രീകളാണെങ്കിലും, പുരുഷന്മാരും ഈ കലാരൂപം അവതരിപ്പിച്ചു കാണാറുണ്ട്. 

അവതരണം 

വീടുകളിൽ, വിവാഹത്തലേന്നാണ് ഒപ്പന സാധാരണ അരങ്ങേറാറുള്ളത്. പത്തോ പതിനഞ്ചോ പേരുൾപ്പെടുന്ന സംഘമാണ് ഇതവതരിപ്പിക്കുന്നത്. സ്വർണ്ണാഭരണ വിഭൂഷിതയാ‍യി മധ്യത്തിലിരിക്കുന്ന വധുവിനു ചുറ്റും സഖിമാർ നൃത്തച്ചുവടുകൾ വച്ച് ഒപ്പന കളിക്കുന്നു. വിവിധ താളത്തിൽ പര‍സ്പരം കൈകൾക്കൊട്ടി ലളിതമായ പദചലനങ്ങളോടെയാണ് ഈ നൃത്തരൂപം അരങ്ങേറുന്നത്. ഹാർമോണിയം, തബല, ഗഞ്ചിറ, ഇലത്താളം എന്നിവയുടെ അകമ്പടിയോടെ പിന്നണി പാടാനും ഏതാനും പേർ അണിനിരക്കും. അറബി നാടോടി ഗാനങ്ങളുടെ താളം പിൻപറ്റി മലബാറിൽ ഉടലെടുത്ത മാപ്പിളപ്പാട്ടുകളാണ് സാധാരണ ഗതിയിൽ ഒപ്പനയ്ക്കിടയിൽ ആലപിക്കുന്നത്. സ്ത്രീകളുടെ ഒപ്പനയില്‍ നിന്ന് വ്യത്യസ്തമാണ് പുരുഷന്മാരുടെ ഒപ്പന. പുരുഷന്മാര്‍ പുതുമാരനെ വലയം ചെയ്തുകൊണ്ടാണ് ഒപ്പന പാടുന്നത്. പണ്ഡിതരുടെ അഭിപ്രായത്തിൽ, ഒപ്പന വെറും നൃത്തകല അല്ലെന്നും, ഒന്നിച്ചുനിന്നും ഇരുന്നും സ്ഥാനം മാറിയും ചുററിനടന്നും ഉള്ള കളിയാണെന്നുമാണ്.  ഇശലുകളുടെ മാത്രകള്‍ക്കൊത്ത് കളിക്കാര്‍ കൈമുട്ടുകയും വേണം. 

വേഷം 

മുൻപൊക്കെ, അതാതു സ്ഥലങ്ങളിലെ പരമ്പരാഗതവേഷങ്ങളും ആഭരണങ്ങളുമായിരുന്നു ഒപ്പനപ്പാട്ടുകാര്‍ ധരിച്ചിരുന്നത്. പുള്ളികളുള്ള കളര്‍തുണിയും തട്ടവുമണിഞ്ഞ വേഷമായിരുന്നു പൊതുവിൽ. അരയില്‍ പടിവെച്ച വെള്ളി അരഞ്ഞാണവും കൈകളില്‍ കുപ്പിവളയും, പല തരം കാതില (കര്‍ണാഭരണം), തോട, മണിക്കാതില, ചിററ്, മിന്നി, വൈരക്കാതില, പൂക്കാതില, അന്തോടിക്കാതില, കഴുത്തില്‍ അണിയാന്‍ കൊരലാരം, ഇളക്കക്കൊരലാരം, ചങ്കേല്, പരന്നേല്, കല്ലുമണി, പതക്കം, ചക്രമാല, ദസ്വി, മുല്ലമാല തുടങ്ങിയവയാണ് ഒപ്പനയിൽ ഉപയോഗിക്കാറുള്ളത്. പുരുഷന്മാരുടെ വേഷം വെള്ള മുണ്ടും ഷര്‍ട്ടും ആണ്. തൊപ്പിയോ തലയില്‍ കെട്ടോ ഉണ്ടാകും.

 

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 05-08-2022

ലേഖനം നമ്പർ: 697

sitelisthead