കൂടിയാട്ടം

രണ്ടായിരം വർഷത്തിൽ ഏറെ പഴക്കം ഉണ്ട് എന്ന് കരുതപ്പെടുന്ന സംസ്കൃതനാടക നൃത്തരൂപമാണ് കൂടിയാട്ടം. ലോകപൈതൃകമായി യുനെസ്കോ അംഗീകരിച്ച ആദ്യത്തെ ഭാരതീയ നൃത്തരൂപം കൂടിയാണ് കൂടിയാട്ടം. കൂടിയാട്ടത്തിൽ, നൃത്തതിനെക്കാളും പ്രാധാന്യം നൽകിയിരിക്കുന്നത് അഭിനയകലയ്ക്കാണ്. അതുകൊണ്ടുതന്നെ ഈ അവതരണകലയെ, 'അഭിനയത്തിന്റെ അമ്മ' എന്നാണ് വിശേഷിപ്പിക്കുന്നത്.

കൂടിയാട്ടം എന്ന പദത്തിനർത്ഥം 'കൂടിചേർന്നുള്ള അഭിനയം' എന്നാണ്. ചാക്യാര്‍, നമ്പ്യാർ സമുദായങ്ങൾ അവതരിപ്പിക്കുന്ന ഈ ക്ഷേത്രകല സാധാരണ അരങ്ങേറുന്നത് കൂത്തമ്പലങ്ങളിലാണ്. പൂർണരൂപത്തിൽ ഒരു കൂടിയാട്ടം അവതരിപ്പിക്കാൻ 41 ദിവസം വേണ്ടിവരും.  കൂടിയാട്ടത്തിലെ പുരുഷ വേഷം ചാക്യാരും ,സ്ത്രീ വേഷം നങ്ങ്യാരുമാണ് കൈകാര്യം ചെയ്യുന്നത്. ആംഗികം, വാചികം, ആഹാര്യം, സാത്വികം എന്നിങ്ങനെ നാല്‌ വിധം അഭിനയങ്ങളെ കൂട്ടി ഇണക്കി നൃത്തവാദ്യങ്ങളോടുകൂടിയാണ് കൂടിയാട്ടം അവതരിപ്പിക്കാറുള്ളത്.

ആംഗികം

അംഗങ്ങളെ കൊണ്ട് സാധിക്കുന്നതാണ് ആംഗികം. ശിരസ്സ് തൊട്ട്‌ പാദം വരെയുള്ള അംഗോപാംഗ പ്രത്യേംഗങ്ങള്‍ എല്ലാം തന്നെ പങ്കുചേരുന്ന സര്‍വാംഗ അഭിനയമാണിത്. നിരന്തര അഭ്യാസം കൊണ്ടുമാത്രമേ ഈ അഭിനയത്തില്‍ പ്രാഗല്‌ഭ്യം നേടാന്‍ സാധിക്കു. വിദൂഷകന്റെ അഭിനയം ഒഴിച്ചുള്ള മിക്ക കഥാപാത്രങ്ങളുടെയും അഭിനയം ആംഗികപ്രധാനമാണ്‌.

വാചികം

ഗദ്യപദ്യഭാഗങ്ങളാണ് കൂടിയാട്ടത്തിലെ വാചികാഭിനയത്തിന്റെ  ഭാഗമായിരിക്കുന്നത്. സംസ്കൃത നാടകങ്ങളിൽ പൊതുവെ  പുരുഷകഥാപാത്രങ്ങള്ക്ക് സംസ്കൃതവും സ്ത്രീകഥാപാത്രങ്ങൾക്കും, വിദൂഷകനും പ്രാകൃതഭാഷയുമാണ് നിർദേശിച്ചിരിക്കുന്നത്. കൂടിയാട്ടവും ഇതു തന്നെയാണ് പിന്തുടരുന്നത്.

ആഹാര്യം

കൂടിയാട്ടത്തിലെ ആഹാര്യത്തെ (വേഷം) പച്ച, പഴുക്ക, കത്തി, കരി, താടി തുടങ്ങിയ വേഷങ്ങളിൽ തരം തിരിക്കാം. നായകകഥാപാത്രങ്ങള്ക്ക്  ‘പച്ച’യും ‘പഴുക്ക’യുമാണ്, രാക്ഷസകഥാപാത്രങ്ങള്ക്ക്  ‘കത്തി’ വേഷവും ഉപയോഗിക്കുന്നു. സ്ത്രീവേഷങ്ങള്‍ എല്ലാം ഏതാണ്ട് ഒരുപോലെയാണ്. വാനര കഥാപാത്രങ്ങള്ക്ക്  ‘താടി’ വേഷമാണ്. ബാലിക്ക് ചുവന്ന താടിയും, സുഗ്രീവന് കറുപ്പും, ഹനുമാന് വെള്ള താടിയുമാണ് കല്പിച്ചിരിക്കുന്നത്. തമോഗുണപ്രധാനികളായ കഥാപാത്രങ്ങള്ക്ക് ‘കരി’ വേഷമാണ്.

സാത്വികം

സാത്വികം, സത്വത്തെ വെളിവാക്കുന്നു. അവ, ഒരു കഥാപാത്രത്തിന്റെ’ സ്വഭാവം, അവസ്ഥ എന്നിവ കുറിക്കുന്ന മുഖാഭിനയമാണ്. കവിൾത്തടം, പുരികങ്ങള്‍, താടി എന്നിവയെല്ലാം സാത്വികാഭിനയത്തില്‍ പ്രധാനപങ്ക് വഹിക്കുന്നു. കൂടിയാട്ടത്തിന്റെന ആത്മാവ് രസാഭിനയമാണ് എന്ന് പറയപ്പെടുന്നു. അത് തന്നെയാണ് കൂടിയാട്ടത്തിന്റെ സവിശേഷതയും. കൂടിയാട്ടത്തില്‍ സാത്വികാഭിനയത്തിന്‌ എട്ടു രസങ്ങളാണ്‌ അംഗീകരിച്ചിട്ടുള്ളത്‌. എല്ലാ രസങ്ങളും ഉത്ഭവിക്കുന്നതും അവസാനിക്കുന്നതും ശാന്തരസത്തിലാണ്‌.

ചടങ്ങുകൾ

അരങ്ങുവിതാനം

കൂടിയാട്ടം അവതരിപ്പിക്കുന്ന കൂത്തമ്പലത്തില്‍ കുലവാഴ, കുരുത്തോല, വെള്ളവസ്ത്രം, പട്ട് എന്നിവ കൊണ്ട് തൂണുകളും മേൽഭാഗവും അലങ്കരിക്കുന്നു.

മിഴാവ് ഒച്ചപ്പെടുത്തൽ

കൂടിയാട്ടം തുടങ്ങുന്നു എന്ന് അറിയിക്കുന്ന ഒരു ചടങ്ങാണിത്. കഥകളിയിലെ കേളികൊട്ടിനോട് സമാനതകളുണ്ടിതിന്.

ഗോഷ്ഠി കോട്ടുക

നമ്പ്യാര്‍ മിഴാവ്‌ കൊട്ടുന്ന ചടങ്ങ്‌.

അക്കിത്ത ചൊല്ലല്‍

നമ്പ്യാര്‍ മിഴാവ്‌ കൊട്ടുന്നതിനനുസരിച്ച്‌ നങ്ങ്യാര്‍ പാടുന്ന ചടങ്ങ്‌.

നാന്ദി നിർവഹണം 

ദേവന്മാരെ സന്തോഷിപ്പിക്കുന്നതിനായി സൂത്രധാരന്‍ രംഗപ്രവേശം ചെയ്യുന്ന ചടങ്ങ്‌. ചാക്യാര്‍ അരങ്ങത്തു വരുന്നതിനെ ക്രിയാനാന്ദി എന്നും  ഈശ്വരനെ സ്‌തുതിക്കുന്നതിനെ ശ്ലോകനാന്ദി എന്നും തരം തിരിക്കുന്നു.

അരങ്ങുതളിക്കല്‍

മിഴാവ് കൊട്ടിക്കഴിഞ്ഞ് നങ്ങ്യാർ അണിയറയിൽ നിന്ന് തീർത്ഥജലം കൊണ്ടുവന്ന് അരങ്ങത്ത് തളിക്കുന്ന ചടങ്ങ്‌.

നിര്വ്വഹണം

ഒന്നാം രംഗത്തില്‍ നടന്‍ ആദ്യമായി പ്രവേശിക്കുന്ന ചടങ്ങ്‌.

മംഗളശ്ലോകം

കഥാവതരണത്തിനുശേഷം മംഗളശ്ലോകം ചൊല്ലുന്നത് നായകനടനാണ്‌.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 26-07-2022

ലേഖനം നമ്പർ: 688

sitelisthead