ചവിട്ടുനാടകം 

'ചവിട്ടുനാടകം' എന്നാൽ ചുവടിന് അല്ലെങ്കിൽ ചവിട്ടിന് പ്രാധാന്യം നൽകുന്ന നാടകം എന്നാണ്. കേരളത്തിലെ  കൊടുങ്ങല്ലൂരിനു വടക്കു ചാവക്കാട് മുതൽ തെക്കു കൊല്ലം വരെയുള്ള തീരപ്രദേശങ്ങളിലെ ലത്തീൻ ക്രൈസ്തവരുടെ ഇടയിൽ പ്രചാരത്തിലുണ്ടായിരുന്ന ഈ കലാരൂപത്തിൽ അഭിനയവും, പാട്ടും, കളരിച്ചുവടും ഒത്തുചേരുന്നു. ഉള്ളടക്കത്തിലും, അവതരണത്തിലും മദ്ധ്യകാല യൂറോപ്പിലെ നാടകരൂപങ്ങളെ അനുകരിച്ചുകൊണ്ടാണ് ചവിട്ടുനാടകം രൂപപ്പെടുത്തിയിരിക്കുന്നത്. എങ്കിലും ചവിട്ടുനാടകത്തിലെ ഭാഷ ചെന്തമിഴ് ആയിരുന്നു. പിന്നീട്,  ഉദയംപേരൂർ സൂനഹദോസിനു ശേഷം മാർത്തോമാ ക്രിസ്ത്യാനികൾ റോമൻ കാതോലിക്കരായതോടെ, ചവിട്ടു നാടകങ്ങൾ തീരദേശങ്ങളിൽ നിന്നും തുറമുഖങ്ങളിൽ നിന്നും ഉൾനാടുകളിലേക്കു  പ്രചരിച്ചു തുടങ്ങി. 

കേരളത്തിൽ, ക്രിസ്തുമത പ്രചാരണവും, ചവിട്ടുനാടകത്തിന്റെ വളർച്ചയും ബന്ധപെട്ടു കിടക്കുന്നു. പോര്‍ച്ചുഗീസ് ഭരണ കാലത്താണ് ചവിട്ടുനാടകം ആവിര്‍ഭവിച്ചത് എന്ന് പറയപ്പെടുന്നത്. ചിന്നതമ്പി പിള്ള, വേദനായകംപിള്ള എന്നിവരാണ് ചവിട്ടുനാടകത്തിന്റെ ഉപജ്ഞാതാക്കൾ. പാശ്ചാത്യ കലയായ 'ഒപേര'യുടെ സ്വാധീനം ചവിട്ടുനാടകത്തിലും കാണാൻ സാധിക്കും. മാത്രമല്ല, കേരളത്തിലെ കലകളായ കഥകളിയുടെയും, കളരിപ്പയറ്റിന്റെയും ഒരു സ്വാധീനം ചവിട്ടുനാടകത്തിന് ഉണ്ടായിട്ടുണ്ട്. 

ആദ്യത്തെ ചവിട്ടുനാടകം’ കാറൽമാൻ ചരിതം’ ആണെന്നു കരുതപ്പെടുന്നു.  വീരകുമാരൻ ചരിത്രം, നെപ്പോളിയൻ ചരിത്രം, ഗീവർഗ്ഗീസ് ചരിത്രം, ദാവീദ് വിജയം, ബൃശീനാ ചരിത്രം , അല്ലേശു നാടകം,കത്രീനാ നാടകം, ഇസ്ഹാക്കു വിജയം, ഔസേപ്പു നാടകം, ജനോവാ നാടകം, യാക്കോബ് നാടകം, മാർട്ടിൻ കഥ ,സന്നിക്ലോസ് ചരിതം, ലൂസീന ചരിത്രം, ധർമ്മിഷ്ഠൻ, സത്യപാലൻ , പ്ലമേന ചരിത്രം, ജ്ഞാനസുന്ദരി, കോമളചന്ദ്രിക, ജാനകി എന്നിവയാണ് പ്രധാനപ്പെട്ട ചവിട്ടുനാടകങ്ങൾ.

അവതരണം 

കഥകളിയില്‍ ഹസ്തമുദ്രക്കുള്ള സമാനമായി ചവിട്ടുനാടകത്തില്‍ ചുവടിനുണ്ട്. ചവിട്ടുനാടകത്തിലെ അടിസ്ഥാന ചുവടുകളെ ഇരട്ടിപ്പുകള്‍, കലാശങ്ങള്‍, ഇടക്കലാശങ്ങള്‍, കവിത്തങ്ങള്‍ എന്നിങ്ങനെയാണ് വിഭജിച്ചിരിക്കുന്നതു. സല്‍ക്കഥാപാത്രങ്ങള്‍ക്കും, നീചകഥാപാത്രങ്ങള്‍ക്കും വ്യത്യസ്ത ചുവടുകളാണ് ഉള്ളത്. സ്ത്രീവേഷക്കാര്‍ക്ക് ലാസ്യ മട്ടിലുള്ള ചുവടുകളും ഉണ്ട്. ചവിട്ടുനാടകം അവതരിപ്പിക്കുന്ന അരങ്ങിനെ 'തട്ട്' എന്നാണ് പറയാറുള്ളത്. ചവിട്ടിയാല്‍ ശബ്ദം ഉണ്ടാക്കുന്ന രീതിയില്‍ പലക നിരത്തിയാണ് തട്ടുണ്ടാക്കുന്നത്. തട്ടിന്റെ വീതി 16 കോലും, നീളം 50-60 കോലും ആണ്. തറയില്‍ നിന്നും ഒന്നര കോല്‍ ഉയരം ഉണ്ടാവുകയും, അരങ്ങത്ത് വിളക്ക് തൂക്കിയിടുകയും വേണം. നിലവിളക്കും ഉപയോഗിച്ചിരുന്നു. സമീപത്ത് ഒരു വലിയ കുരിശും സ്ഥാപിക്കുകയും, അതിന്റെ അടുത്തായി സദസിനെ അഭിമുഖീകരിച്ച് ആശാനും വാദ്യക്കാരും നിൽക്കുകയും ചെയ്യും. 

വേഷം 

കഥാപാത്രങ്ങൾക്ക് ആകര്‍ഷകങ്ങളായ വേഷങ്ങളാണ് ചവിട്ടുനാടകത്തിൽ പ്രതിപാദിച്ചിരിക്കുന്നത്. ഓരോ കഥാപാത്രത്തിന്റേയും സ്വഭാവത്തിനനുസരിച്ച് കൂടിയാണ് വേഷവിധാനം. പൊതുവേ പുരാതന ഗ്രീക്ക്-റോമന്‍ ഭടന്മാരേയും യൂറോപ്യന്‍ രാജാക്കന്മാരേയും അനുസ്മരിപ്പിക്കുന്ന വേഷങ്ങളാണ് കഥാപാത്രങ്ങളുടേത്. വര്‍ണ്ണക്കടലാസുകളും സില്‍ക്ക് കസവ് വെല്‍വെറ്റ് തുണികളും വേഷങ്ങളുണ്ടാക്കാന്‍ ഉപയോഗിക്കും. പോര്‍ച്ചട്ട, പടത്തൊപ്പി, കാലുറ, കിരീടം, ചെങ്കോല്‍, കയ്യുറ എന്നിവയും ഉണ്ട്. 

കട്ടിയക്കാരൻ

കട്ടിയക്കാരൻ അഥവാ വിദൂഷകൻ ചവിട്ടുനാടകത്തിൽ പ്രധാന പങ്ക്‌ വഹിക്കുന്നു. സരസമായ വ്യാഖാനത്തിലൂടെ സദസ്സിനെ രസിപ്പിയ്ക്കുകയാണ് ഇവരുടെ പ്രധാനധർമ്മം. തൊങ്ങലുകൾ അണിഞ്ഞകൂർമ്പൻ തൊപ്പിയും വെൺചാമരത്താടിയും മീശയും കൂടാതെ രണ്ടുനിര കവടിപ്പല്ലുകൾ നിരത്തിവെച്ചുകെട്ടിയുള്ള വേഷവും അണിഞ്ഞാണ് കട്ടിയക്കാരൻ വേദിയിലെത്തുക.

സ്തുതിയോഗർ

ചവിട്ടുനാടകത്തിലെ മറ്റൊരു വേഷക്കാരാണ് സ്തുതിയോഗർ അഥവാ ബാലാപ്പാർട്ടുകാർ. സൂത്രധാരന്മാർ എന്നപേരിലും ഇവർ അറിയപ്പെടുന്നു. 10-12 വയസ്സുള്ള ബാലന്മാർ ആണ് ഈ വേഷം അഭിനയിക്കുക. 

തോടയപ്പെൺകൾ

സ്ത്രീവേഷം ആടുന്ന ആട്ടക്കാരാണ് തോടയപ്പെൺകൾ. ദേവമാതൃസ്തുതികളാണ് ഇവർ ആലപിയ്ക്കുക. സാവധാനത്തിലുള്ള ചുവടുകളാണ് ഇവരുടെ പ്രത്യേകത. പുരുഷന്മാർ തന്നെയാണ് തോടയാട്ടക്കാരായി രംഗത്തെത്തുക

രാജാവ്(രാജാപ്പാർട്ട്)

ചവിട്ട് നാടകത്തിൽ രാജാവിന്റെ ദർബാർ രംഗമാണ് ആദ്യം പ്രദർശിപ്പിക്കുക. മിന്നുന്ന വേഷവും, തിളക്കമറ്റ അലങ്കാരപ്പണികളുമാണ് രാജാവിന് നൽകാറുള്ളത്. 

മന്ത്രി

ചവിട്ടു നാടകത്തിൽ പ്രധാനവേഷമാണ് മന്ത്രിയ്ക്ക്. രാജാവിനെ നായാട്ടിലോ യുദ്ധത്തിലോ അകമ്പടി സേവിയ്ക്കുന്നത് മന്ത്രിയാണ്. മന്ത്രിപ്പാർട്ടുകാരുടെ വേഷവും അലങ്കാരങ്ങളും ഗരിമയുള്ളതായിരിക്കും . 

വാദ്യങ്ങൾ 

ചവിട്ടുനാടകത്തിൽ ചെണ്ട, പടത്തമ്പേറ്, മദ്ദളം, ഇലത്താളം തുടങ്ങിയ വാദ്യങ്ങളാണ് ഉപയോഗിക്കാറുള്ളത്.  അടുത്ത കാലത്തായി തബല, ഫിഡില്‍, ഫ്ളുട്ട്, ബുള്‍ബുള്‍ തുടങ്ങിയ വാദ്യോപകരണങ്ങളും ഉപയോഗിച്ചു വരുന്നു.    

പ്രധാന ചവിട്ടുനാടകകർത്താക്കൾ

അന്തോണിക്കുട്ടി അണ്ണാവി, വറിയത് അണ്ണാവി, പോഞ്ഞിക്കര ഗൗരിയാർ അണ്ണാവി, ജോൺ അണ്ണാവി, പള്ളിപ്പുറം മീങ്കു(മൈക്കൾ) അണ്ണാവി, അഗസ്തീഞ്ഞ് അണ്ണാവി, ഇടവനക്കാട് കൊച്ചവുസേപ്പ് ആശാൻ, ഗോത്തുരുത്ത് ഔസേപ്പ് ആശാൻ, കോര(കോരത്) ആശാൻ, വാറു (വർഗ്ഗീസ്) ആശാൻ, ജോൺ അണ്ണാവി, കോട്ടയിൽ അന്തോണി അണ്ണാവി എന്നിവരാണ് പ്രധാനപ്പെട്ട ചവിട്ടുനാടക കർത്താക്കൾ. 


 

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 30-07-2022

ലേഖനം നമ്പർ: 694

sitelisthead