തിരുവാതിരക്കളി

കേരളത്തിലെ സ്ത്രീകൾക്കിടയിൽ പ്രചാരമുള്ള ഒരു സംഘനൃത്തമാണ് തിരുവാതിരക്കളി. മതപരമായ ചില അനുഷ്ഠാനങ്ങളുടെ ഭാഗമായും അല്ലാതെയും അവതരിപ്പിക്കുന്ന ഒരു അവതരണകലയാണിത്. ധനുമാസത്തില്‍ ശുക്ലപക്ഷത്തില്‍ പൗര്‍ണമി ദിവസം കേരളത്തിലെ സ്ത്രീകൾ ആഘോഷമാക്കുന്ന തിരുവാതിരയുമായി ബന്ധമുള്ളത് കൊണ്ടാണ് 'തിരുവാതിരക്കളി' എന്ന് പേര് വന്നത്. ആടുന്നത് കാരണം തിരുവാതിരക്കളി എന്നും, കൈകൊട്ടി പാടിക്കളിക്കുന്നതു കൊണ്ട് കൈകൊട്ടിക്കളി എന്നും പേര് വന്നു.

പരമശിവനെ ഭർത്താവായി ലഭിക്കാനായിട്ട് പാർവതി ദേവി തപസ്സ് ചെയ്യുകയും, ഇതിനെ തുടർന്ന് പരമശിവൻ പ്രത്യക്ഷപ്പെട്ടതും ധനുമാസത്തിലെ തിരുവാതിരനാളിലാണ്. തിരുവാതിര നാളിൽ സ്ത്രീകൾ കൈകൊട്ടിക്കളിയുമായി ആഘോഷിക്കുന്നത് ഇതു കാരണമാണ്. അന്ന് വിവാഹിതരും, അവിവാഹിതരും ഒരു പോലെ ശുഭ്രവസ്ത്രം ധരിച്ച്‌ ആടുകയും പാടുകയും ചെയ്യുന്നു. കുമ്മികളിയെന്നും തിരുവാതിരക്കളിയെ വിശേഷിപ്പിക്കാറുണ്ട്. മംഗല്യത്തിനും, സന്തോഷകരമായ ദാമ്പത്യ ജീവിതത്തിനും വേണ്ടിയാണ് ഈ നൃത്ത രൂപം അവതരിപ്പിക്കാറുള്ളത്. കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണത്തിന്റെ സമയത്തും തിരുവാതിക്കളി അവതരിപ്പിക്കാറുണ്ട്. എന്നാൽ, ഇപ്പൊ പല പൊതു വേദികളിലും, യുവജനോത്സവ വേദികളിലും ഈ നൃത്തരൂപം അവതരിപ്പിച്ചു കാണുന്നു. 

അവതരണം 

നിലവിളക്കിനു ചുറ്റും സ്ത്രീകൾ അണിനിരന്ന് കളിക്കുന്ന ഒരു നൃത്തരൂപമാണ് തിരുവാതിരക്കളി. ഗുരുവിനെയും സദസ്സിനെയും വന്ദിച്ചതിനുശേഷം ഗണപതിസ്തുതിയോടെയാണ് കളി ആരംഭിക്കുക. തുടര്‍ന്ന് സരസ്വതിയെ വന്ദിക്കുന്ന ശ്ലോകം പാടി കളിക്കുന്നു. ശിവസ്തുതി, ശ്രീകൃഷ്ണസ്തുതി, ശ്രീരാമസ്തുതി എന്നിവയാണ് അടുത്തതായി ചൊല്ലുക. പ്രധാനപ്പെട്ട കഥകളിപ്പദങ്ങള്‍ പിന്നീടു പാടിക്കളിക്കും. നളചരിതം, ബാണയുദ്ധം എന്നിവയിലെ പദങ്ങളാവും കളിക്കുക. ശാകുന്തളം കഥയെ ആസ്പദമാക്കി മച്ചാട്ട് ഇളയത് രചിച്ച പദങ്ങള്‍, മറ്റു പദങ്ങൾ എന്നിവ പാടിയാണു പിന്നീടു കളിക്കുന്നത്. വഞ്ചിപ്പാട്ട്, കുമ്മി എന്നിവയിലൂടെ കടന്ന് ഭഗവാനെ വണങ്ങി മംഗളം പാടി കളി അവസാനിപ്പിക്കും.

സാധാരണ നൃത്തരൂപങ്ങളെ അപേക്ഷിച്ച്‌ തിരുവാതിരക്കളിയുടെ ചുവടുകള്‍ക്കും പ്രത്യേകതയുണ്ട്. ഒരുപാട് വേഗത്തിലുള്ള ചുവടുകള്‍ ഒന്നും തന്നെ ഉപയോഗിക്കാറില്ല. ലളിതമായ ചുവടുകളാണ് ഈ നൃത്തരൂപത്തിനുള്ളത്. കാലുകള്‍കൊണ്ട് ചുവടു വെയ്ക്കുമ്പോള്‍ കൈകളും പ്രത്യേക രീതിയില്‍ ചലിപ്പിക്കുന്നു. തിരുവാതിരക്കളിയില്‍ ഒരു നായികയുണ്ടാകും. അവര്‍ പാട്ടിന്റെ ആദ്യവരി പാടും മറ്റുള്ളവര്‍ അത് ഏറ്റുപാടും. കാലങ്ങളായി ഒരേ തരത്തിലുള്ള ചുവടുകളാണ് തിരുവാതിരക്കളിയിൽ ഉപയോഗിക്കാറുള്ളത്. ഭാവ പ്രകടനങ്ങൾക്കാളേറെ, ചലനങ്ങള്‍ക്കും ചുവടുകള്‍ക്കും, ശാരീരിക വഴക്കത്തിനും പ്രാധാന്യം നല്‍കുന്നതാണ് ഈ നൃത്തരീതി. തിരുവാതിരക്കളിക്കായ് മാത്രമുള്ള ഒരുപാട് ഗാനങ്ങളുണ്ട്. ആട്ടകഥയിലെ പദങ്ങള്‍ ഈ പാട്ടുകളില്‍ ഉപയോഗിക്കാറുണ്ട്. വാമൊഴിയായി കൈമാറി വന്ന പാട്ടുകള്‍ക്കു പുറമെ പുതിയതായി എഴുതപ്പെട്ട പാട്ടുകളും ഇപ്പോള്‍ ഉപയോഗിച്ചു വരുന്നു. 

വേഷവിധാനം 

നിറങ്ങളുള്ള കരയോടു കൂടിയ വെളുത്ത നേര്യതും മുണ്ടും(സെറ്റ് സാരി) ആണ് സ്ത്രീകള്‍ സാധാരണയായി ധരിക്കുക. ആദ്യകാലങ്ങളില്‍ പുളിയിലക്കരയില്‍ കസവുചുറ്റിയുള്ള ഒന്നരമുണ്ടും  നേര്യതുമായിരുന്നു ധരിച്ചിരുന്നത്. ഇപ്പോള്‍ വേഷത്തില്‍ വൈവിധ്യമുണ്ട്. കസവുമുണ്ടിന് ഇണങ്ങുന്ന ബ്ലൗസ് ധരിക്കുന്നു. മുലക്കച്ചയായി നേര്യതുകെട്ടിയും കളിക്കാറുണ്ട്. തലമുടി പുറകില്‍ സാധാരണ രീതിയില്‍ കെട്ടി ദശപുഷ്പങ്ങള്‍, മുല്ലപ്പൂവ് എന്നിവ ചൂടുന്നു. വട കൊണ്ട് മുടി മുഴുവന്‍ മുകളിലേക്കുയര്‍ത്തി ചരിച്ചുകെട്ടിയും വയ്ക്കാറുണ്ട്. കാതില്‍ തോടയും കഴുത്തില്‍ നാഗപടത്താലി, പാലയ്ക്കാമാല എന്നിവയിലേതെങ്കിലുമോ ധരിക്കും. പവന്‍മാല, ചുവന്ന കല്ലില്‍ ഗുരുവായൂരപ്പന്റെ രൂപം കൊത്തിയ ലോക്കറ്റുള്ള മണിമാല, ചുട്ടിയും പതക്കവും എന്നീ ആഭരണങ്ങളും അണിയും. ചുണ്ടുചുവപ്പിച്ചു വയ്ക്കുകയും, വാലിട്ടു കണ്ണെഴുത്തുകയും ചെയ്യും. 

തിരുവാതിരപ്പാട്ടുകൾ 

സംസ്കൃതഭാഷാപണ്ഡിതനും ജ്യോതിശാസ്ത്രവിദ്വാനുമായിരുന്ന മച്ചാട്ട് ഇളയത് രചിച്ച പാട്ടുകളാണ് തിരുവാതിരക്കളിയില്‍ കൂടുതലും ഉപയോ​ഗിക്കുന്നത്. ഗംഗയുണര്‍ത്തുപാട്ട്, കളംതുടിപ്പാട്ട്, സ്തുതികള്‍, ഊഞ്ഞാല്‍പ്പാട്ടുകള്‍, താലോലംപാട്ട്, പൂമൂടല്‍പാട്ട്, തുമ്പിതുള്ളല്‍പാട്ട്, കൈകൊട്ടിക്കളിപ്പാട്ട്, കുമ്മിപ്പാട്ട് എന്നിങ്ങനെ അനേകതരം തിരുവാതിരപ്പാട്ടു കളുണ്ട്. സീത, പാര്‍വതി, ശകുന്തള, രുഗ്മിണി, സത്യഭാമ, ശീലാവതി എന്നീ പുരാണ കഥാപാത്രങ്ങളുടെ ചരിതങ്ങളാണു പാട്ടിനുവിഷയം. കുഞ്ചന്‍നമ്പ്യാര്‍ മുതല്‍ വെണ്മണി നമ്പൂതിരിപ്പാടുവരെ തിരുവാതിരപ്പാട്ടുസാഹിത്യം രചിച്ചിട്ടുണ്ട്. രുഗ്മിണീസ്വയംവരം പത്തുവൃത്തം (കുഞ്ചന്‍നമ്പ്യാര്‍), നൈഷധം തിരുവാതിരപ്പാട്ട് (രാമപുരത്തുവാര്യര്‍) നളചരിതം തിരുവാതിരപ്പാട്ട് (ഇരട്ടക്കുളങ്ങര രാമവാര്യര്‍) എന്നിവ പ്രസിദ്ധങ്ങളാണ്. കോട്ടൂര്‍ നമ്പീശന്റെ സുഭദ്രാഹരണം, കുചേലവൃത്തം, അമ്പാടി കുഞ്ഞുകൃഷ്ണ പൊതുവാളിന്റെ പാത്രചരിതം, അരൂര്‍ മാധവനടിതിരിയുടെ സുഭദ്രാഹരണം, ഇരയിമ്മന്‍ തമ്പിയുടെ സുഭദ്രാഹരണം, പന്ത്രണ്ടുവൃത്തം, പട്ടത്തു കുഞ്ഞുണ്ണിനമ്പ്യാരുടെ അഷ്ടപദി, അരിപ്പാട്ടു കൊച്ചുഗോവിന്ദവാര്യരുടെ ശാകുന്തളം, കൊടുങ്ങല്ലൂര്‍ എളയതമ്പുരാന്റെ അഹല്യാമോക്ഷം, ഇന്ദുമതീസ്വയംവരം, നളചരിതം എന്നീ പാട്ടുകള്‍, കുട്ടിക്കുഞ്ഞുത്തങ്കച്ചിയുടെ ശിവരാത്രിമാഹാത്മ്യം, സീതാസ്വയംവരം, നാരദമോഹനം എന്നിവയും പ്രസിദ്ധങ്ങളായ തിരുവാതിരപ്പാട്ടുകളാണ്. വെണ്മണി നമ്പൂതിരിപ്പാടിന്റെ 'ഓമനക്കുട്ടന്‍ ഗോവിന്ദന്‍' എന്ന ഗാനവും ഈ ശാഖയിലെ  വലിയ ഗാനരചന തന്നെ.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 27-09-2022

ലേഖനം നമ്പർ: 700

sitelisthead