വി. ഡി. സതീശൻ ന്റെ നേതൃത്വത്തിലുള്ള സംസ്ഥാന മന്ത്രിസഭയുടെ ആദ്യ യോഗത്തിൽ കൈക്കൊണ്ട സുപ്രധാന തീരുമാനങ്ങൾ .
- കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ജൂൺ 15 മുതൽ നടപ്പാക്കും. പദ്ധതിയുമായി ബന്ധപ്പെട്ട വിശദമായ മാർഗനിർദേശങ്ങൾ പിന്നീട് പുറത്തിറക്കും. സ്ത്രീകളുടെ യാത്രാസൗകര്യവും സാമൂഹിക പങ്കാളിത്തവും വർധിപ്പിക്കുന്നതിനായാണ് പദ്ധതി നടപ്പാക്കുന്നത്.
- വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കാനും മന്ത്രിസഭ തീരുമാനിച്ചു. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്ത് വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് നിലവിൽ വരുന്നത്. ജപ്പാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ മാതൃകകൾ പഠിച്ച് മുതിർന്ന പൗരന്മാരുടെ ജീവിതനിലവാരം ഉയർത്തുന്നതിനുള്ള സമഗ്ര പദ്ധതികൾ സർക്കാർ തയ്യാറാക്കും. വയോജനങ്ങളെ കൂടുതൽ കരുതലോടെ സംരക്ഷിക്കുന്ന ഒരു സാമൂഹിക മാതൃക സൃഷ്ടിക്കുകയാണ് ലക്ഷ്യം.
- ആശാ വർക്കർമാരുടെ ആവശ്യങ്ങൾ പരിഗണിച്ച് ആദ്യഘട്ടമായി ഓണറേറിയത്തിൽ ₹3000 വർധനവ് അനുവദിച്ചു. ഇതോടെ പ്രതിമാസ വേതനം ₹9000ൽ നിന്ന് ₹12000 ആയി ഉയരും. വിരമിക്കൽ ആനുകൂല്യങ്ങളെ സംബന്ധിച്ച അന്തിമ തീരുമാനം അടുത്ത ഒരു മാസത്തിനകം കൈക്കൊള്ളും.
- അങ്കണവാടി വർക്കർമാർ, ഹെൽപ്പർമാർ, പാചക തൊഴിലാളികൾ എന്നിവർക്ക് ₹1000 വീതം വേതന വർധനവും അനുവദിച്ചു. പ്രീ-പ്രൈമറി അധ്യാപകരുടെയും ആയമാരുടെയും വേതനവും ₹1000 വർധിപ്പിക്കും.
- സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനായി സാമ്പത്തിക വിദഗ്ധരുടെ പിന്തുണയോടെ ധവളപത്രം പ്രസിദ്ധീകരിക്കാനും മന്ത്രിസഭ തീരുമാനിച്ചു.
- മഴക്കാല മുന്നൊരുക്കങ്ങൾ വേഗത്തിലാക്കുന്നതിനുള്ള നടപടികളും മന്ത്രിസഭ വിലയിരുത്തി. ഇന്ധനവില വർധനയുടെ സാമ്പത്തിക ആഘാതത്തെക്കുറിച്ചുള്ള വിശദമായ പഠന റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ തീരുമാനിക്കുമെന്നും അറിയിച്ചു.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :18-05-2026