സംസ്ഥാനത്തെ വാഹന ഫിറ്റ്‌നസ് പരിശോധനാ സംവിധാനം കൂടുതൽ സുതാര്യവും ശാസ്ത്രീയവും കാര്യക്ഷമവുമാക്കുന്നതിനായുള്ള നൂതന ചുവടുവയ്പ്പിന് കേരളം. വാഹന പരിശോധനാ സംവിധാനത്തിന്റെ സമഗ്ര ആധുനികവൽക്കരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് 28 ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിംഗ് സ്റ്റേഷനുകൾ (എടിഎസ്) സ്ഥാപിക്കുന്നു. ഓരോ ജില്ലയിലും രണ്ട് എടിഎസ് കേന്ദ്രങ്ങൾ വീതം സ്ഥാപിക്കുന്നതിലൂടെ വാഹന പരിശോധനാ സേവനങ്ങൾ പുതിയ തലത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യം. പരമ്പരാഗത പരിശോധനാ രീതികളിൽ നിന്ന് മെഷീൻ അധിഷ്ഠിതവും സാങ്കേതിക വിദ്യ കേന്ദ്രീകൃതവുമായ സംവിധാനങ്ങളിലേക്കുള്ള മാറ്റം റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനും സേവനങ്ങളുടെ വിശ്വാസ്യത വർധിപ്പിക്കുന്നതിനും സഹായകമാകും. വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധനയിൽ മനുഷ്യ ഇടപെടൽ കുറയ്ക്കുന്നതിലൂടെ കൂടുതൽ കൃത്യതയും സുതാര്യതയും ഉറപ്പാക്കാനാകും. ഗഗതാഗത വകുപ്പിന്റെ പ്രവർത്തനങ്ങളിൽ ആധുനിക സാങ്കേതിക വിദ്യകളുടെ ഉപയോഗം വ്യാപിപ്പിക്കുന്നതിനാണ് പുതിയ പദ്ധതികൾ ലക്ഷ്യമിടുന്നത്.
സ്മാർട്ട് എൻഫോഴ്‌സ്‌മെന്റും ഡാറ്റാ അധിഷ്ഠിത സേവനങ്ങളും
മോട്ടോർ വാഹന വകുപ്പിന്റെ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ഐസിടി ഉപകരണങ്ങൾ, എൻഫോഴ്‌സ്‌മെന്റ് ടാബുകൾ, ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (ANPR) ക്യാമറകൾ എന്നിവ വ്യാപകമായി വിന്യസിക്കും. നിയമലംഘനങ്ങൾ കണ്ടെത്തുന്നതിലും റോഡ് സുരക്ഷ ഉറപ്പാക്കുന്നതിലും ഈ സാങ്കേതിക സംവിധാനങ്ങൾ നിർണായക പങ്കുവഹിക്കും.
സംസ്ഥാനത്തെ റോഡുകളിൽ സർവീസ് നടത്തുന്ന വാഹനങ്ങളുടെ കൃത്യമായ കണക്ക് ലഭ്യമാക്കുന്നതിനായി വാഹന സെൻസസും നടപ്പിലാക്കും. ഇതിലൂടെ വാഹൻ ഡാറ്റാബേസ് കൂടുതൽ കൃത്യമാകുകയും പൊതുസേവനങ്ങൾ വേഗത്തിലും കാര്യക്ഷമമായും ലഭ്യമാക്കാൻ സാധിക്കുകയും ചെയ്യും.
പൊതുഗതാഗതത്തിന് സാങ്കേതിക കരുത്ത്
സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനത്തിന്റെ ഗുണമേന്മ മെച്ചപ്പെടുത്തുന്നതിനായി എല്ലാ സ്റ്റേജ് കാരിയേജുകൾക്കും ഓട്ടോമേറ്റഡ് റൂട്ട് മാനേജ്‌മെന്റ് സംവിധാനം നടപ്പിലാക്കും. തത്സമയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബസ് സർവീസുകൾ നിരീക്ഷിക്കാനും സമയക്രമം കൂടുതൽ ഫലപ്രദമായി നിയന്ത്രിക്കാനും ഇതിലൂടെ സാധിക്കും. യാത്രക്കാർക്ക് പൊതുഗതാഗതവുമായി ബന്ധപ്പെട്ട വിവരങ്ങൾ മൊബൈൽ ആപ്പിലൂടെ ലഭ്യമാക്കുന്നതിനുള്ള സംവിധാനവും വികസിപ്പിക്കും. ബസുകളുടെ സമയക്രമം, റൂട്ട് വിവരങ്ങൾ, സർവീസ് നില തുടങ്ങിയ വിവരങ്ങൾ തത്സമയം ലഭ്യമാകുന്നതിലൂടെ യാത്രാനുഭവം കൂടുതൽ സൗകര്യപ്രദമാകും.
ഹരിത ഗതാഗതത്തിനും ഗ്രാമീണ കണക്റ്റിവിറ്റിക്കും ഊന്നൽ
ഷെയർ ട്രാൻസ്‌പോർട്ട് സംവിധാനങ്ങളും വൈദ്യുത വാഹനങ്ങളുടെ ഉപയോഗവും പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഗ്രാമപ്രദേശങ്ങളിലെ ഗതാഗത സൗകര്യങ്ങൾ ശക്തിപ്പെടുത്താനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമാണ് ലക്ഷ്യമിടുന്നത്. പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങളുടെ വ്യാപനം കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനും സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും സഹായകമാകും.
സുരക്ഷിതവും സ്മാർട്ടുമായ ഭാവിയിലേക്ക്
വാഹന പരിശോധന, ലൈസൻസിംഗ്, എൻഫോഴ്‌സ്‌മെന്റ്, പൊതുഗതാഗതം, ഡാറ്റാ മാനേജ്‌മെന്റ് എന്നിവയെ ഒരുമിച്ച് ആധുനികവൽക്കരിക്കുന്ന ഈ സംരംഭം കേരളത്തിന്റെ ഗതാഗത മേഖലയെ കൂടുതൽ സുരക്ഷിതവും സുതാര്യവും ജനസൗഹൃദവുമാക്കും. സാങ്കേതിക വിദ്യയുടെ സഹായത്തോടെ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുകയും റോഡ് സുരക്ഷ ശക്തിപ്പെടുത്തുകയും ചെയ്യുന്ന ഈ നീക്കം സംസ്ഥാനത്തിന്റെ ഡിജിറ്റൽ ഭരണപരിഷ്‌കാര യാത്രയിലെ സുപ്രധാന നാഴികക്കല്ലായി മാറും
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-06-03 16:27:32
ലേഖനം നമ്പർ: 2024