അപൂര്‍വ രോഗ ചികിത്സയില്‍ മാതൃകാപരമായ  ഇടപെടലുകൾ നടത്തി കേരളം.  സംസ്ഥാനത്ത് ആദ്യമായി ലൈസോസോമല്‍ സ്റ്റോറേജ് രോഗങ്ങള്‍ക്ക് മരുന്ന് നല്‍കുന്ന പദ്ധതി ആരംഭിച്ചു.   ശരീര കോശങ്ങളിലെ ലൈസോസോമുകള്‍ പ്രവര്‍ത്തിക്കുന്നതിന് വേണ്ടിയുള്ള എന്‍സൈമുകളുടെ അഭാവം കാരണം അവയവങ്ങള്‍ക്ക് നാശം സംഭവിക്കുന്ന അപൂര്‍വ രോഗാവസ്ഥയാണ് ലൈസോസോമല്‍ സ്റ്റോറേജ് ഡിസോഡര്‍ (lysosomal storage disorder).ഇതിൽ  പോംപെ, ഗോഷെ എന്നീ രോഗങ്ങള്‍ക്ക് സൗജന്യ മരുന്ന് നല്‍കുന്ന പദ്ധതിയാണ് തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ ആരംഭിച്ചത്. 5 കുട്ടികള്‍ക്കാണ് മരുന്ന് നല്‍കിയത്. പ്രതിമാസം 20 ലക്ഷം രൂപ വില വരുന്ന മരുന്നുകളാണ് സൗജന്യമായി വിതരണം ചെയ്തത്. കെ.എം.എസ്.സി.എല്‍. മുഖേന 53 ലക്ഷം രൂപയുടെ മരുന്നുകളാണ് ആദ്യ ഘട്ടമായി എത്തിച്ചത്.

അപൂര്‍വ രോഗ ചികിത്സയ്ക്ക് സംസ്ഥാനം പ്രത്യേക  പ്രാധാന്യം നൽകി എസ്.എ.ടി. ആശുപത്രിയെ സെന്റര്‍ ഓഫ് എക്‌സലന്‍സായി  ഉയര്‍ത്തിയിരുന്നു. അപൂര്‍വ രോഗങ്ങളുടെ ചികിത്സയ്ക്കായി ആദ്യമായി എസ്.എ.ടി. ആശുപത്രിയില്‍ എസ്.എം.എ. ക്ലിനിക് ആരംഭിച്ചു. അതിന് പിന്നാലെ അപൂര്‍വ രോഗങ്ങള്‍ക്ക് വിലപിടിപ്പുള്ള മരുന്നുകള്‍ നല്‍കാനുള്ള പദ്ധതി ആവിഷ്‌ക്കരിച്ചു. എസ്.എം.എ. ബാധിച്ച 56 കുട്ടികള്‍ക്ക് സൗജന്യമായി മരുന്ന് വിതരണം ചെയ്തു. ഇതുകൂടാതെ എസ്.എം.എ. ബാധിച്ച കുട്ടികളില്‍ ഉണ്ടാകുന്ന നട്ടെല്ലിലെ വളവ് പരിഹരിക്കുന്ന അതിനൂതനമായ ശസ്ത്രക്രിയ സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആരംഭിച്ചു. ഇതിനോടനുബന്ധമായി മെഡിക്കല്‍ കോളേജുകളില്‍ ആദ്യമായി എസ്.എ.ടി. ആശുപത്രിയില്‍ ജനിറ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ആരംഭിക്കാന്‍ അനുമതി നല്‍കി. അപൂര്‍വ രോഗങ്ങളുടെ നിര്‍ണയത്തിനായി തെരഞ്ഞെടുത്ത തിരുവനന്തപുരം സി.ഡി.സി.യിലെ ജെനറ്റിക് ആന്റ് മെറ്റബോളിക് ലാബിന് എന്‍.എ.ബി.എല്‍ അംഗീകാരം ലഭിച്ചു.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-05-18 12:24:11

ലേഖനം നമ്പർ: 1275

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo