കൗമാരക്കാരിലെ ജീവിതശൈലീരോഗങ്ങൾ തുടക്കത്തിലേ കണ്ടെത്തി പരിഹരിക്കാൻ ഹയർ സെക്കന്ററി സ്‌കൂളുകളിൽ 'സശ്രദ്ധം' ആരോഗ്യ സർവേയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. വനിത–ശിശുക്ഷേമ വകുപ്പും തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ചൈൽഡ് ഡവലപ്മെന്റ് സെന്ററും സർവേയുടെ ഭാഗമാണ്. കൗമാരക്കാർക്കിടയിൽ രക്തസമ്മർദ തോത് കൂടുതലാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് വിശദ സർവേ നടത്തുന്നത്.

820 സർക്കാർ ഹയർ സെക്കന്ററി സ്കൂളുകളിലെ 1.75 ലക്ഷം പ്ലസ് വൺ വിദ്യാർഥികളെയാണ് തുടക്കത്തിൽ സർവേയിൽ ഉൾപ്പെടുത്തുന്നത്. രക്തസമ്മർദം, ഭാരം, ഉയരം, ഭക്ഷണരീതി, ശാരീരിക അധ്വാനം, വ്യായാമം, മാനസിക സമ്മർദം എന്നിവയ്ക്കൊപ്പം ലഹരി ഉപയോഗമുണ്ടോ എന്നതും പരിശോധിച്ചു രേഖപ്പെടുത്തും. രക്ഷിതാക്കളുടെ സമ്മതപത്രം വാങ്ങി അധ്യാപകരും സ്കൂൾ കൗൺസിലർമാരും ചേർന്ന് സർവേ നടത്തും. നവംബർ 30നു മുൻപ് സർവേ പൂർത്തിയാക്കും.

ജീവിതശൈലീ രോഗങ്ങൾ കണ്ടെത്തുന്നവരെ NHM-ന് കീഴിലുള്ള നഴ്സുമാരുടെ നേതൃത്വത്തിൽ വീണ്ടും പരിശോധിച്ചു സ്ഥിരീകരിക്കും. തുടർന്നു പൊതുജനാരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ നൽകും. 3 മാസം ഇവരുടെ ചികിത്സ–ആരോഗ്യ പുരോഗതി വിലയിരുത്തും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-11-10 13:45:14

ലേഖനം നമ്പർ: 1206

sitelisthead