
ഭൂസേവനങ്ങൾ വേഗത്തിലും സുതാര്യവുമാക്കാൻ റവന്യൂ വകുപ്പ് നടപ്പാക്കുന്ന ഡിജിറ്റൽ റീസർവേയുടെ 2-ാം ഘട്ടത്തിന് തൃശൂർ തുടക്കമായി. ജില്ലയിലെ 23 വില്ലേജുകളിൽ ഡിജിറ്റൽ റീ സർവേ നടത്തിയാണ് 2-ാം ഘട്ടം തുടങ്ങുന്നത്. സംസ്ഥാനത്ത് 200 വില്ലേജുകളിലായി 1.69 ലക്ഷം ഹെക്ടർ ഭൂമി 11 മാസത്തിനുള്ളിൽ ഡിജിറ്റൽ റീസർവേയുടെ 1-ാം ഘട്ടത്തിൽ പൂർത്തിയാക്കി. 1995 മുതൽ 2022 വരെ ആകെ 72,000 ഹെക്ടർ ഭൂമിയിൽ മാത്രം റീസർവേ നടപടി പൂർത്തിയാക്കിയ സ്ഥാനത്താണ് 2022 നവംബർ 1-ന് ആരംഭിച്ച ഡിജിറ്റൽ റീസർവേയിലൂടെ ഇത്രയേറെ ഭൂമി അളക്കാനായത്. 4 വർഷത്തിനുള്ളിൽ സംസ്ഥാനത്തെ മുഴുവൻ ഭൂമിയും റീ സർവേ നടത്തുകയാണ് ലക്ഷ്യം.
ഡിജിറ്റൽ സർവേയിലൂടെ ലഭ്യമാക്കുന്ന ഭൂമി സംബന്ധമായ വിവരങ്ങൾ എൻറെ ഭൂമി പോർട്ടൽ വഴി പരിശോധിക്കാം. സർവേ, റവന്യൂ, രജിസ്ട്രേഷൻ വകുപ്പുകളുടെ വിവരങ്ങൾ സമന്വയിപ്പിച്ച് എൻറെ ഭൂമി ഇൻറഗ്രേറ്റഡ് പോർട്ടൽ നവംബറോടെ നിലവിൽവരും. ആദ്യഘട്ടത്തിൽ തൃശൂർ ജില്ലയിലെ ആലപ്പാട് ഉൾപ്പെടെ കേരളത്തിലെ 15 വില്ലേജുകളിലെ ഭൂവിവരങ്ങൾ പോർട്ടലിൽ ലഭ്യമാകും. ഇതോടെ ഭൂമി കൈമാറ്റ വേളയിലെ തട്ടിപ്പുകൾ ഒഴിവാക്കാനും പോക്കുവരവ് ഉൾപ്പെടെയുള്ള നടപടികൾ കൂടുതൽ എളുപ്പവും സുതാര്യവുമാകും. കൈയേറ്റ ഭൂമി ഉൾപ്പെടെ കണ്ടെത്തി ഭൂരഹിതർക്ക് വിതരണം ചെയ്യാനുള്ള നടപടികളും റീസർവേയുടെ ഭാഗമായി നടക്കും.
നൂതന സർവേ സാങ്കേതിക വിദ്യകളായ Continuously Operating Reference Stations (CORS), Real Time Kinematic (RTK) Rover, Robotic ETS, Drone എന്നിവ ഉപയോഗിച്ചാണ് ഡിജിറ്റല്‍ സർവേ നടത്തുന്നത്. പ്രായോഗികമാകുന്ന മേഖലകളില്‍ ഡ്രോണ്‍ സാങ്കേതിക വിദ്യയും പ്രയോജനപ്പെടുത്തുന്നുണ്ട്. ഡിജിറ്റൽ സർവേ പൂർത്തിയാക്കി ഡിജിറ്റൽ ഭൂ രേഖകൾ തയാറാക്കുന്നതോടെ വിവിധ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും സമയബന്ധിതമായി ഇവ നേരിടുന്നതിനും സഹായകമാകും.
ഡിജിറ്റൽ ഭൂസർവേ കൊണ്ടുള്ള നേട്ടങ്ങൾ
- ഭൂമിസംബന്ധമായ വിവരങ്ങൾക്ക് വളരെ കൃത്യതയും സുതാര്യതയും ഉറപ്പു വരുന്നു.
- ഭൂമി സംബന്ധമായ വിവരങ്ങൾ കൈകാര്യം ചെയ്തു വരുന്ന റവന്യൂ, രജിസ്ട്രേഷൻ, സർവേ വകുപ്പുകളുടെ സേവനം എന്നിവ ഒറ്റ പോർട്ടൽ വഴി ലഭ്യമാക്കും.
- ഭൂമി സംബന്ധിച്ച വിവരങ്ങളുടെ അപ്ഡേഷൻ എളുപ്പത്തിൽ സാധ്യമാകുന്നു.
- അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാനും അതുവഴി ഉപഭോക്തൃ സേവനം ജനപ്രിയമാകാനും സാധിക്കുന്നു. ഒരു ആവശ്യത്തിനായി പല ഓഫീസുകളിൽ കയറിയിറങ്ങുന്നത് ഒഴിവാക്കാനാവും.
- അപേക്ഷകൾ ഓൺലൈനായി കൊടുക്കുവാനും ഓൺലൈനായി പരിഹരിക്കപ്പെടാനും സാധിക്കുന്നു.വസ്തുക്കളുടെ പോക്കുവരവ് വളരെ വേഗത്തിലാകുന്നു.
- സർക്കാർ ഉപഭോക്തൃ വിശ്വാസ്യത കൂടുതൽ ദൃഢപ്പെടുന്നു. വികസന പ്രവർത്തനങ്ങളുടെ വേഗത വർധിക്കുന്നു
- ഡോക്യുമെന്റേഷൻ ജോലികൾ വളരെ വേഗത്തിൽ നടക്കുന്നു.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-10-21 14:55:41
ലേഖനം നമ്പർ: 1199