മത്സ്യബന്ധന മേഖല

ഇന്ത്യയിലെ മത്സ്യബന്ധന-അക്വാകള്‍ച്ചര്‍ മേഖല ദേശീയ-സംസ്ഥാന സമ്പദ് വ്യവസ്ഥകളുടെ സാമ്പത്തിക വികസനത്തില്‍ പ്രധാനമായ ഒരു പങ്ക് വഹിക്കുന്നു. ഇത് ജി.ഡി.പി യിലും തൊഴില്‍ അവസരങ്ങളിലും മാത്രമല്ല, നിരവധി അനുബന്ധ വ്യവസായങ്ങളുടെ വളര്‍ച്ചയ്ക്കും ഉത്തേജനം നല്‍കുന്നു. ഒരു സമുദ്ര രാഷ്ട്രമെന്ന നിലയില്‍ കേരളം അതിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം കൊണ്ടു് സമ്പന്നവും വൈവിദ്ധ്യപൂര്‍ണ്ണവുമായ മത്സ്യബന്ധന വിഭവങ്ങളാല്‍ അനുഗ്രഹീതമാണ്. കൂടാതെ, കേരളത്തിന്റെ തീരദേശ സമ്പദ് വ്യവസ്ഥയില്‍ സമുദ്ര മത്സ്യബന്ധനം ഒരു പ്രധാന പങ്ക് വഹിക്കുന്നു. കേരളത്തിന്റെ സമുദ്ര അതിര്‍ത്തി പ്രധാനമായും 590 കീലോമീറ്റര്‍ നീളമുള്ള അറേബ്യന്‍ കടലിന്റെ തീരപ്രദേശമാണ്. കൂടാതെ, ഉയര്‍ന്ന ഉല്പാദനക്ഷമതയുള്ള കോണ്ടിനെന്റല്‍ ഷെല്‍ഫ് 39139 ചതുരശ്ര കിലോ മീറ്റര്‍ വിസ്തീര്‍ണ്ണവും ഉണ്ടു്. ഇതിനുപുറമേ പ്രത്യേക സാമ്പത്തിക മേഖല (ഇ.ഇ.ഇസഡ്) കോണ്ടിനെന്റല്‍ ഷെല്‍ഫിനപ്പുറം 200 നോട്ടിക്കല്‍ മൈല്‍ വരെ വ്യാപിക്കുകയും 218536 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ളതുമാണ്.

2018-19 ല്‍ ഇന്ത്യയില്‍ മൊത്തം മത്സ്യ ഉല്പാദനം 13.75 മില്യണ്‍ മെട്രിക് ടണ്‍ (എം.എം.ടി) ആയിരുന്നു. ഇതില്‍ ഉള്‍നാടന്‍ മേഖലയില്‍ നിന്ന് 9.58 എം.എം.ടി യും സമുദ്രമേഖലയില്‍ നിന്ന് 4.15 എം.എം.ടി യും സംഭാവന നല്‍കി. രാജ്യത്തെ മൊത്തം മത്സ്യ ഉല്പാദനത്തിന്റെ 70 ശതമാനവും ഉള്‍നാടന്‍ മത്സ്യ ഉല്പാദനമാണ്. ഉള്‍നാടന്‍ മത്സ്യ ഉല്പാദനത്തിന്റെ കാര്യത്തില്‍, ഇന്ത്യ ചൈനയ്ക്കു പുറകില്‍ രണ്ടാം സ്ഥാനത്താണ്. ഏറ്റവും വലിയ അക്വാകള്‍ച്ചര്‍ ഉല്പാദനമുള്ള ആദ്യ പത്ത് രാജ്യങ്ങളില്‍ ചൈനയ്ക്കു തൊട്ടു പിന്നില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ (വാര്‍ഷിക റിപ്പോര്‍ട്ട് 2019-20, ഫിഷറീസ് വകുപ്പ്, ഇന്ത്യാ ഗവണ്‍മെന്റ്). വിദേശ നാണ്യത്തിന്റെ പ്രധാന സംഭാവനകളിലൊന്നാണ് ഈ മേഖല, 2019-20 ല്‍ ഇന്ത്യയില്‍ നിന്നുള്ള സമുദ്ര ഉല്പന്നങ്ങളുടെ കയറ്റുമതി 12,89,651 മെട്രിക് ടണ്ണായിരുന്നു. ഇതിന്റെ മൂല്യം 46,662.85 കോടി രൂപയാണ്. ഫിഷറീസ് മേഖല അടുത്ത കാലത്ത് ദേശീയ തലത്തില്‍ ഭരണപരവും സ്ഥാപനപരവുമായി പ്രകടമായ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. അതില്‍ ഫിഷറീസ് വകുപ്പും, പുതിയ ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീര സംരക്ഷണ മന്ത്രാാലയ രൂപീകരണം എന്നിവയും ഉള്‍പ്പെടുന്നു.

സംസ്ഥാന സമ്പദ് വ്യവസ്ഥയില്‍ മത്സ്യബന്ധന മേഖലയ്ക്ക് ഒരു പ്രധാന പങ്കുണ്ടു്. 2019-20 ലെ മൊത്തം ജി.എസ്.വി.എ യില്‍ (സ്ഥിര വിലയില്‍) മത്സ്യബന്ധന മേഖലയുടെ പങ്കു് 0.82 ശതമാനവും ജി.എസ്.ഡി.പി യുടെ 0.72 ശതമാനവുമാണ്. പ്രാഥമിക മേഖലയില്‍ നിന്നുള്ള മൊത്തം സംസ്ഥാന മൂല്യവര്‍ദ്ധനവിന്റെ (ജി.എസ്.വി.എ) 2019-20 (ക്യു) സ്ഥിരവിലയില്‍ 9.7 ശതമാനം മത്സ്യബന്ധനവും അക്വകള്‍ച്ചറും മേഖല സംഭാവന ചെയ്യുന്നു. സംസ്ഥാനത്തിന്റെ ജി.എസ്.വി.എ വര്‍ഷങ്ങളായി വളരുകയാണെങ്കിലും ഇതില്‍ പ്രാഥമിക മേഖലയുടെ വിഹിതം കുറഞ്ഞു വരികയാണ്. പ്രാഥമിക മേഖലയിലെ വിളകള്‍, കന്നുകാലികള്‍, വനവല്‍ക്കരണം തുടങ്ങിയവയുടെ ജി.എസ്.വി.എ യിലെ വിഹിതം കുറഞ്ഞുവെങ്കിലും മത്സ്യബന്ധന മേഖലയുടെ പങ്കു് പ്രാഥമിക മേഖലയിലെ ജി.എസ്.വി.എ യുടെ 9.7 ശതമാനമായി തുടരുന്നു.

2019-20 കാലയളവില്‍ കേരളത്തിലെ മൊത്തം മത്സ്യ ഉല്പാദനം 6.8 ലക്ഷം മെട്രിക് ടണ്ണാണ്. ഇതില്‍ സമുദ്ര മേഖല 4.75 ലക്ഷം മെട്രിക് ടണ്ണും ഉള്‍നാടന്‍ മേഖല 2.05 ലക്ഷം മെട്രിക് ടണ്ണും സംഭാവന ചെയ്യുന്നു. 2015-16 മുതല്‍ കേരളത്തിലെ മൊത്തം മത്സ്യ ഉല്പാദനം കുറയുകയായിരുന്നെങ്കിലും 2018-19 -ല്‍ ഗണ്യമായ വര്‍ദ്ധനവിന് സാക്ഷ്യം വഹിച്ചു. 2018-19 -ല്‍ കേരളത്തില്‍ മൊത്തം മത്സ്യ ഉല്പാദനം കുതിച്ചുയരാന്‍ പ്രധാന കാരണം സമുദ്ര മത്സ്യ ഉല്പാദനത്തിലെ വര്‍ദ്ധനവാണ്. എന്നിരുന്നാലും, 2019-20 -ല്‍ മത്സ്യ ഉല്പദാനത്തില്‍ വീണ്ടും കുറവുണ്ടായിട്ടുണ്ടു്. പ്രധാനമായും സമുദ്ര മത്സ്യ ഉല്പാദനത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ടു്. 2015-16 മുതല്‍ 2017-18 വരെ ഇടിവ് കാണിച്ചിരുന്ന സമുദ്ര മത്സ്യ ഉല്പാദനം 2018-19 ല്‍ വര്‍ദ്ധിച്ചു. കേരളത്തിലെ ഉള്‍നാടന്‍ മത്സ്യ ഉല്പാദനം 2016-17 മുതല്‍ 2019-20 വരെ സ്ഥിരമായ വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. 2019-20 വര്‍ഷം 2.05 ലക്ഷം മെട്രിക് ടണ്‍ ഉള്‍നാടന്‍ മത്സ്യ ഉല്പാദനം കേരളത്തില്‍ രേഖപ്പെടുത്തി (ഫിഷറീസ് സ്റ്റാറ്റിസ്റ്റിക്സ് ഹാന്‍ഡ് ബുക്ക് 2019, ഫിഷറീസ് വകുപ്പു്, കേരള സര്‍ക്കാര്‍). 

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 23-09-2021

ലേഖനം നമ്പർ: 269

sitelisthead