കന്നുകാലി വികസനം
രാജ്യത്തെ കാര്‍ഷിക രംഗത്ത് സുസ്ഥിര വികസനം ഉറപ്പുവരുത്തുന്നതില്‍ മൃഗസംരക്ഷണ മേഖല നിര്‍ണ്ണായക പങ്കുവഹിക്കുന്നതോടൊപ്പം കര്‍ഷകരുടെ വരുമാന വര്‍ദ്ധനവിനും സുപ്രധാന പങ്കുവഹിക്കുന്നു. ഗ്രാമീണ മേഖലയില്‍ പ്രത്യേകിച്ച്, ഭൂരഹിത കര്‍ഷകര്‍, ചെറുകിട, പ്രാന്തവല്‍ക്കരിച്ച ദുര്‍ബല വിഭാഗങ്ങള്‍, സ്ത്രീ കര്‍ഷകര്‍ എന്നീ വിഭാഗങ്ങള്‍ക്കു് ലാഭകരമായ തൊഴില്‍ പ്രദാനം ചെയ്യുന്നു. കൂടാതെ, ഒരു അനുബന്ധ പൂരക വാണിജ്യ വ്യവസ്ഥയായി ഇത് പ്രവര്‍ത്തിക്കുന്നു.
ഗ്രാമീണ കുടുംബങ്ങളുടെ സാമൂഹിക സാമ്പത്തിക വികസനത്തിന് കന്നുകാലി മേഖലയുടെ സംഭാവന വിവിധ തലങ്ങളിലാണ്. കന്നുകാലികളുടെ വിതരണം ഭൂവിതരണത്തേക്കാള്‍ തുല്യമായതിനാല്‍, കന്നുകാലി മേഖലയിലെ ഉല്‍പ്പാദനം കാര്‍ഷിക വരുമാനത്തിലും ഗ്രാമീണ മേഖലയിലെ ദാരിദ്ര്യ നിര്‍മാര്‍ജനത്തിലും ഗുണപരമായ സ്വാധീനം ചെലുത്തുന്നു. മിക്ക കര്‍ഷകരുടെയും പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് കന്നുകാലികള്‍. ഇത് കാര്‍ഷികമേഖലയ്ക്കാവശ്യമായ ഉല്‍പ്പാദനോപാധികള്‍ നല്‍കുകയും ആരോഗ്യവും പോഷകാഹാരവും പ്രദാനം ചെയ്യുകയും, ഗ്രാമീണ സമ്പദ്‍വ്യവസ്ഥയുടെ ക്ഷേമം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. കാര്‍ഷിക-അനുബന്ധ മേഖലകളില്‍ ഏറ്റവും പ്രതീക്ഷ നല്‍കുന്ന മേഖലയാണ് കന്നുകാലി മേഖല. ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കല്‍, രോഗനിയന്ത്രണം, കാലിത്തീറ്റ ഉല്‍പ്പാദനം, മൂല്യവര്‍ധന, ശാസ്ത്രീയമായ പ്രജനനരീതികള്‍ സ്വീകരിക്കല്‍ എന്നിവയില്‍ ഈ മേഖലയുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിന് സര്‍ക്കാര്‍ ഗണ്യമായ വിഹിതം വകയിരുത്തുന്നുണ്ട്.
കൂടുതൽ വായനക്ക് : സാമ്പത്തിക അവലോകനം 2022
കേരളം സംസ്ഥാന മൃഗ സംരക്ഷണ വകുപ്പ്
വെറ്ററിനറി സേവനങ്ങള്‍, മൃഗസംരക്ഷണം, രോഗ നിര്‍മാര്‍ജനം, കന്നുകാലി, ആട്, പന്നി, കോഴി എന്നിവയുടെ വികസനം, ജന്തുജന്യ രോഗങ്ങളുടെ നിയന്ത്രണം, കര്‍ഷകര്‍ക്കും വെറ്ററിനറി ഉദ്യോഗസ്ഥര്‍ക്കുമുള്ള പരിശീലന പരിപാടികള്‍ സംഘ ടിപ്പിക്കലും അവയുടെ ഏകോപനവും, വാക്സിനുകളുടെ ഉല്‍പ്പാദനം എന്നിവയാണ് വകുപ്പിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍.
സംസ്ഥാനത്തെ കന്നുകാലികളുടെ എണ്ണവും ഗുണനില വാരവും വര്‍ധിപ്പിക്കുക എന്നതാണ് വകുപ്പിന്റെ പ്രാഥമിക ലക്ഷ്യം. പാലിന്റെയും മാംസത്തിന്റെയും ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനായി സംസ്ഥാനം കന്നുകാലി വികസന പദ്ധതികൾ നടപ്പിലാക്കി വരുന്നു. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് സങ്കരയിനങ്ങളുടെ പ്രജനന പ്രവര്‍ത്തനങ്ങളാണ്. കൂടാതെ മൃഗസംരക്ഷണ വകുപ്പ് ആടുവളര്‍ത്തല്‍, എരുമ വളര്‍ത്തല്‍, പന്നി, മുയല്‍, കോഴി എന്നിവയുടെ പ്രജനന പ്രവര്‍ത്തനങ്ങളും നടത്തിവരുന്നു. ഉല്‍പ്പാദന വര്‍ധനയ്ക്കു് കര്‍ഷകര്‍ക്ക് ഉല്‍പ്പാദന യൂണിറ്റുകളുടെ ശാസ്ത്രീയ മാനേജ്മെന്റിന് ആവശ്യമായ പരിശീലനം നല്‍കുന്നുണ്ട്. സ്ത്രീകള്‍ക്ക് അവരുടെ കുടുംബവരുമാനം വര്‍ധിപ്പിക്കുന്നതിന് കന്നുകാലികളെയും വളര്‍ത്തുപക്ഷികളേയും വളര്‍ത്താന്‍ പരിശീലനം നല്‍കുന്നു. ഡയറി ഫാമിങ്ങ്, ആട് വളര്‍ത്തല്‍, താറാവ് വളര്‍ത്തല്‍, പന്നി വളര്‍ത്തല്‍, ഇറച്ചിക്കോഴി ഉല്‍പ്പാദനം, മുട്ടക്കോഴി പരിപാലനം, വീട്ടുമുറ്റത്തെ കോഴി വളര്‍ത്തല്‍, കാടക്കോഴി വളര്‍ത്തല്‍, കോഴിക്കുഞ്ഞുങ്ങളിലെ പൂവനും പിടയും നിര്‍ണയിക്കല്‍ തുടങ്ങിയ വിവിധ പരിശീലനങ്ങളാണ് വകുപ്പ് നല്‍കുന്നത്. പ്രധാന കന്നുകാലി ഉല്‍പ്പന്നങ്ങളായ പാല്‍, മുട്ട, മാംസം എന്നിവയുടെ ഉല്‍പ്പാദനം വര്‍ഷം തോറും കണക്കാക്കുന്നതിനായി വകുപ്പ് മൃഗ സെന്‍സസും സംയോജിത സാമ്പിള്‍ സര്‍വേയും നടത്തുന്നു.
മൃസംരക്ഷണ വകുപ്പിന്റെ കീഴില്‍ 14 ജില്ലാ വെറ്ററിനറി കേന്ദ്രങ്ങള്‍, 50 വെറ്ററിനറി പോളിക്ലിനിക്കുകള്‍, 214 വെറ്ററിനറി ഹോസ്പിറ്റലുകള്‍, 868 വെറ്ററിനറി ഡിസ്പെൻസറികൾ, 38 പ്രാദേശിക മൃഗസംരക്ഷണ കേന്ദ്രങ്ങള്‍, 1,330 വെറ്ററിനറി സബ്‍ സെന്ററുകള്‍, 9 മൊബൈല്‍ വെറ്ററിനറി ആശുപത്രികള്‍, 7 മൊബൈല്‍ ഫാം എയ്ഡ് യൂണിറ്റുകള്‍, ഒരു മോട്ടോര്‍ ബോട്ട് വെറ്ററിനറി ആശുപത്രി എന്നിവ മുഖേന കന്നുകാലികള്‍ക്ക് മെച്ചപ്പെട്ട ആരോഗ്യസുരക്ഷ നല്‍കിവരുന്നു. സാംക്രമിക രോഗങ്ങള്‍ പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് മൃഗസംരക്ഷണ വകുപ്പ് കാര്യക്ഷമവും സമയബന്ധിതവുമായ നടപടികള്‍ സ്വീകരിച്ചുവരുന്നു. കുളമ്പുരോഗ നിര്‍മാര്‍ജന പരിപാടി, പേവിഷ രഹിത കേരള വാക്സിനേഷന്‍ പ്രോഗ്രാം, മൃഗരോഗ നിയന്ത്രണത്തിനു സംസ്ഥാനങ്ങള്‍ക്കുള്ള സഹായം (എ.എസ്.സി.എ.ഡി) പൗള്‍ട്രി വാക്സിനേഷന്‍ തുടങ്ങിയ വാക്സിനേഷന്‍ പരിപാടികള്‍ വ്യവസ്ഥാപിതമായി നടത്തിവരുന്നു.
അനുബന്ധ സ്ഥാപനങ്ങൾ
കേരള ഫീഡ്‍സ് ലിമിറ്റഡ് (കെ.എഫ്.എല്‍)
കേരള ലൈവ്‍സ്റ്റോക്ക് ഡെവലപ്മെന്റ് ബോര്‍ഡ് (കെ.എല്‍.ഡി.ബി)
മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ ലിമിറ്റഡ് (എം.പി.ഐ)
കേരള സ്റ്റേറ്റ് പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ (കെ.എസ്.പി.ഡി.സി)
കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ്ങ് ഫെഡറേഷന്‍ ലിമിറ്റഡ് (മില്‍മ)
കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് യൂണിവേഴ്‍സിറ്റി (കെ.വി.എ.എസ്.യു)
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 24-06-2023
ലേഖനം നമ്പർ: 267