സമ്പദ്‌വ്യവസ്ഥ


ചെറുകിട കുടിൽ വ്യവസായങ്ങൾ, വൻകിട സംരംഭങ്ങൾ,കൃഷി, സേവനം, ടൂറിസം തുടങ്ങിയ  വൈവിധ്യങ്ങളായ മേഖലകളുടെ സമഗ്ര സമന്വയമാണ് കേരള സമ്പദ് വ്യവസ്ഥ. പ്രകൃതി      വിഭവങ്ങളുടെ ലഭ്യത,സുസ്ഥിര വ്യവസായ നയങ്ങൾ, സാമൂഹ്യ വികസനം, വികസനദൗത്യങ്ങൾ ,      അടിസ്ഥാനസൗകര്യ വികസനങ്ങൾ തുടങ്ങിയ ഘടകങ്ങളിലൂടെ കേരള സമ്പദ് വ്യവസ്ഥ മികവിന്റെ  പാതയിലാണ്. പരമ്പരാഗത വ്യവസായങ്ങളായ കയർ, കശുവണ്ടി, കരകൗശലം, കൈത്തറി തുടങ്ങിയവയായിരുന്നു ഒരു കാലത്ത് കേരള സമ്പദ് വ്യവസ്ഥയുടെ ഗതിയെ നിയന്ത്രിച്ചിരുന്നത്. എന്നാൽ ഇന്ന് പരമ്പരാഗത വ്യവസായങ്ങൾക്കൊപ്പം ആധുനിക വ്യവസായങ്ങളും നൂതന ബിസ്നസ് സംരംഭങ്ങളും കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തു പകരുന്നു. ധാരാളമായ വിദേശ നിക്ഷേപം കേരളത്തിലേക്ക് ആകർഷിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് കേരളത്തിന്റെ ഉയർന്ന സാക്ഷരത നിരക്കും, മികവാർന്ന ആരോഗ്യ സുരക്ഷ സംവിധാനങ്ങളോടൊപ്പം വ്യവസായങ്ങളെ സ്വാഗതം ചെയ്യുന്ന നയങ്ങളുമാണ്. വിശാലമായ കടൽ തീരവും 4 എയർ പോർട്ടുകളും എല്ലാ പ്രദേശങ്ങളെയും കണക്ട് ചെയ്യുന്ന മികവാർന്ന റോഡുകളും കേരള സമ്പദ് വ്യവസ്ഥയെ പുറം ലോകവുമായി ബന്ധിപ്പിക്കുന്നു. ഗ്രാമ നഗര വ്യതാസങ്ങളില്ലാത്ത ഉയർന്ന ഇന്റർനെറ്റ് കണക്ടിവിറ്റി, ഐടി സാക്ഷരരായ സമൂഹം എന്നിവയെല്ലാം കേരള സമ്പദ് വ്യവസ്ഥയുടെ പ്രധാനഘടകമായി പ്രവർത്തിക്കുന്നു.

പൊതുജനപ്രതിബദ്ധതയോടെ ആസൂത്രണപ്രക്രിയ തുടരുന്ന ഏക സംസ്ഥാനമാണ് കേരളം. സംസ്ഥാന സമ്പദ് വ്യവസ്ഥ വീണ്ടെടുക്കലിന്റെ പാതയിലാണ്. സംസ്ഥാന സർക്കാരിന്റെ കോവിഡ്-19 ദുരിതാശ്വാസ നയങ്ങളും അതോടൊപ്പം തുടർന്നുള്ള പിന്തുണ നയങ്ങളുമാണ് ഇതിനുള്ള പ്രധാന കാരണം. മുൻകാലയളവിൽ മികച്ച പ്രകടനം കേരളം കാഴ്ചവെച്ചെങ്കിലും, സമീപകാലത്തായി സംസ്ഥാനം പല തിരിച്ചടികളും നേരിടേണ്ടതായി വന്നിട്ടുണ്ട്. പ്രകൃതി ദുരന്തങ്ങളായ 2017 ലെ ഓഖി ചുഴലിക്കാറ്റ്, 2018 ലേയും 2019 ലേയും വെള്ളപ്പൊക്കം, സമീപകാലത്തെ കോവിഡ്-19 മഹാമാരി തുടങ്ങിയവയാണിത്. ഇത് മൂലമുണ്ടായ മാന്ദ്യത്തിന്റെ അനന്തരഫലങ്ങൾ സാമ്പത്തിക തന്ത്രത്തെ പുനഃക്രമീകരിക്കാൻ സംസ്ഥാനത്തെ നിർബന്ധിതമാക്കി. ഗൾഫ് രാജ്യങ്ങളിലെ സാമ്പത്തിക പ്രതിസന്ധിയും തന്മൂലം വിദേശത്ത് നിന്നുള്ള പണം അയയ്ക്കലിന്റെ കുറവും സംസ്ഥാന സമ്പദ് വ്യവസ്ഥയെ ബാധിച്ചു.

കൂടുതൽ വിവരങ്ങൾക്ക് https://spb.kerala.gov.in/economic-review/ER2022/


 

 

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 10-05-2024

ലേഖനം നമ്പർ: 107

sitelisthead