2026-2027 അധ്യയന വർഷത്തിലെ എസ്.എസ്.എൽ.സി. പരീക്ഷ 2027 മാർച്ച് ഒന്ന് മുതൽ 30 വരെ നടക്കും. മെയ് മാസം ആദ്യവാരം പരീക്ഷാഫലം പ്രസിദ്ധീകരിക്കും. ടി.എച്ച്.എസ്.എൽ.സി, എ.എച്ച്.എസ്.എൽ.സി, എസ്.എസ്.എൽ.സി (ഹിയറിംഗ് ഇംപയേർഡ്), ടി.എച്ച്.എസ്.എൽ.സി (ഹിയറിംഗ് ഇംപയേർഡ്) പരീക്ഷകളും മാർച്ച് ഒന്നിന് ആരംഭിച്ച് മാർച്ച് 30ന് അവസാനിക്കും. പരീക്ഷകൾ രാവിലെ 9.30-ന് ആരംഭിക്കും. മാർച്ച് എട്ടാം തീയതിയിലെ പരീക്ഷ മാത്രം ഉച്ചയ്ക്ക് രണ്ട് മണിയ്ക്കായിരിക്കും ആരംഭിക്കുന്നത്.
എസ്.എസ്.എൽ.സി പരീക്ഷയുടെ ഭാഗമായ എസ്.എസ്.എൽ.സി ഐ.ടി പ്രാക്ടിക്കൽ പരീക്ഷ 2027 ഫെബ്രുവരി ഒന്നിന് ആരംഭിച്ച് ഫെബ്രുവരി 15ന് അവസാനിക്കും. എസ്.എസ്.എൽ.സി മോഡൽ പരീക്ഷ ഫെബ്രുവരി 16ന് ആരംഭിച്ച് ഫെബ്രുവരി 20ന് അവസാനിക്കും.
ഗൾഫ്, ലക്ഷദ്വീപ് പരീക്ഷാകേന്ദ്രങ്ങൾ ഉൾപ്പെടെ ആകെ 3,049 പരീക്ഷാകേന്ദ്രങ്ങളുണ്ട്. ഗൾഫിലും ലക്ഷദ്വീപിലും 7 പരീക്ഷാ കേന്ദ്രങ്ങൾ വീതം അനുവദിച്ചിട്ടുണ്ട്. എല്ലാ വിഭാഗങ്ങളിൽ നിന്നുമായി ഏകദേശം 4,25,000 വിദ്യാർത്ഥികൾ പൊതുപരീക്ഷയിൽ പങ്കെടുക്കും. കാൻഡിഡേറ്റ് രജിസ്‌ട്രേഷൻ നവംബർ 18 മുതൽ ആരംഭിക്കും. UEMS (യൂണിഫൈഡ് എക്‌സാമിനേഷൻ മാനേജ്‌മെന്റ് സിസ്റ്റം) എന്ന പുതിയ പരീക്ഷാ സോഫ്റ്റ് വെയറിലായിരിക്കും പരീക്ഷാ രജിസ്‌ട്രേഷൻ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടക്കുക.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :13-11-2026