കേരളത്തിന്റെ ഡിജിറ്റൽ സാക്ഷരതയ്ക്കും ഇ-ഗവേണൻസ് മുന്നേറ്റങ്ങൾക്കും അടിത്തറ പാകിയ അക്ഷയ പദ്ധതി 25-ാം വർഷത്തിലേക്ക് പ്രവേശിക്കുന്നു. വിവരസാങ്കേതികവിദ്യയുടെ പ്രയോജനങ്ങൾ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിക്കുക, ഡിജിറ്റൽ സാക്ഷരത വ്യാപിപ്പിക്കുക, സർക്കാർ സേവനങ്ങൾ കൂടുതൽ ലളിതമായും സുതാര്യമായും ജനങ്ങൾക്ക് ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെ ആരംഭിച്ച പദ്ധതി, ഇന്ന് സംസ്ഥാനത്തിന്റെ ഇ-ഗവേണൻസ് സംവിധാനത്തിലെ പ്രധാന സേവനശൃംഖലയായി വളർന്നിരിക്കുന്നു. ഡിജിറ്റൽ ഉൾക്കൊള്ളൽ ഉറപ്പാക്കുന്നതിലും പൗരകേന്ദ്രിത സേവനവിതരണം ശക്തിപ്പെടുത്തുന്നതിലും സാങ്കേതികവിദ്യാധിഷ്ഠിത ഭരണനിർവഹണത്തിന് പിന്തുണ നൽകുന്നതിലും അക്ഷയയുടെ 25 വർഷത്തെ പ്രവർത്തനം നിർണായക പങ്കുവഹിക്കുന്നു. 

അക്ഷയ ആരംഭം 

2002 നവംബർ 18-ന് മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൾ കലാം ഉദ്ഘാടനം ചെയ്ത അക്ഷയ പദ്ധതി, സംസ്ഥാനത്തെ സമ്പൂർണ ഇ-സാക്ഷരതയിലേക്ക് നയിക്കുകയെന്ന ലക്ഷ്യത്തോടെ മലപ്പുറം ജില്ലയിൽ പൈലറ്റ് അടിസ്ഥാനത്തിലാണ് ആരംഭിച്ചത്. വിവരസാങ്കേതികവിദ്യയുടെ പ്രയോജനങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിനും ഡിജിറ്റൽ സാക്ഷരത വ്യാപിപ്പിക്കുന്നതിനും തുടക്കമിട്ട ഈ പദ്ധതി പിന്നീട് വിപുലമായ പൗരസേവന ശൃംഖലയായി വളർന്നു. 2011–12 കാലയളവിൽ സംസ്ഥാനത്തെ മുഴുവൻ ജില്ലകളെയും ഇ-സാക്ഷരതാ പൂർത്തീകരണ ജില്ലകളായി പ്രഖ്യാപിച്ചതോടെ അക്ഷയയുടെ പ്രാരംഭഘട്ടം വിജയകരമായി പൂർത്തിയായി. തുടർന്ന്, ഇ-സാക്ഷരതയിൽനിന്ന് സർക്കാർ-സർക്കാരിതര സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്ന സമഗ്ര സേവന സംവിധാനമായി അക്ഷയ വികസിച്ചു.

ഇ-സാക്ഷരതയിൽ നിന്ന് ഇ-ഗവേണൻസിലേക്ക്

2012-13 കാലഘട്ടത്തിൽ, അക്ഷയ കേന്ദ്രങ്ങൾ സർക്കാരിൽ നിന്ന് പൗരന്മാരിലേക്കുള്ള സേവനങ്ങൾ (G2C) ലഭ്യമാക്കുന്ന സമഗ്ര കേന്ദ്രങ്ങളായി വിപുലീകരിച്ചു. ഇതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും 'ഇ-ഡിസ്ട്രിക്റ്റ്' (e-District) പദ്ധതി നടപ്പിലാക്കിയതിലൂടെ, സുതാര്യവും എളുപ്പത്തിൽ ലഭ്യമാകുന്നതും കൃത്യസമയത്ത് പൂർത്തിയാക്കാവുന്നതുമായ രീതിയിൽ 23 തരം റവന്യൂ സർട്ടിഫിക്കറ്റുകൾ നൽകാൻ അക്ഷയ കേന്ദ്രങ്ങൾ സജ്ജമായി.

കേന്ദ്ര-സംസ്ഥാന സർക്കാർ വകുപ്പുകളുമായും ഏജൻസികളുമായും സഹകരിച്ചുകൊണ്ട്, ആധാർ എൻറോൾമെന്റും അതുമായി ബന്ധപ്പെട്ട സേവനങ്ങളും, റേഷൻ കാർഡ് സേവനങ്ങൾ, മോട്ടോർ വാഹന വകുപ്പ് സേവനങ്ങൾ, ബാങ്കിംഗ്, ഇൻഷുറൻസ്, യൂട്ടിലിറ്റി ബിൽ പേയ്‌മെന്റുകൾ എന്നിങ്ങനെ അക്ഷയ കേന്ദ്ര സേവനങ്ങളുടെ വ്യാപ്തി വിപുലീകരിച്ചു.

രാജ്യത്തെ തന്നെ മാതൃകാപരമായ ജനസമ്പർക്ക പരിപാടികളിലൊന്നായി സംസ്ഥാനത്ത് 2013 ൽ സംഘടിപ്പിച്ച  'മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടി'യിലേക്ക് (Chief Minister's Mass Contact Programme) പൊതുജനങ്ങൾക്ക് ഓൺലൈനായി രജിസ്റ്റർ ചെയ്യാൻ സൗകര്യമൊരുക്കുന്നതിൽ അക്ഷയ നിർണായക പങ്ക് വഹിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി (CMDRF) സേവനങ്ങൾ അക്ഷയ കേന്ദ്രങ്ങൾ വഴി ലഭ്യമാക്കിയതോടെ, സർക്കാർ സഹായങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിൽ സർക്കാരും പൗരന്മാരും തമ്മിലുള്ള പ്രധാന സേവനകണ്ണിയായി അക്ഷയ  ശക്തിപ്പെട്ടു.

2014-16 കാലയളവിൽ 'ബേസിക് ടാക്സ് രജിസ്റ്റർ' (BTR) രേഖകൾ ഡിജിറ്റലൈസ് ചെയ്തതാണ് മറ്റൊരു പ്രധാന നേട്ടം. ഇത് 2015-ൽ സംസ്ഥാനത്ത് ഓൺലൈൻ ഭൂമി കൈമാറ്റ രജിസ്ട്രേഷൻ (പോക്കുവരവ്) വിജയകരമായി നടപ്പിലാക്കാൻ സഹായിച്ചു. ഇത്തരം പ്രവർത്തനങ്ങൾ, വിശ്വസനീയവും സർക്കാർ അംഗീകാരമുള്ളതുമായ സേവന കേന്ദ്രങ്ങളായി അക്ഷയയെ ഉറപ്പിച്ചുനിർത്താൻ സഹായിച്ചു.

പൗരകേന്ദ്രീകൃത സേവനങ്ങൾ

സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും പൊതുസേവനങ്ങൾ തുല്യമായും സുഗമമായും ലഭ്യമാക്കുന്നതിൽ അക്ഷയ കേന്ദ്രങ്ങൾ പ്രധാന പങ്കുവഹിക്കുന്നു. പ്രത്യേകിച്ച് പാർശ്വവൽക്കരിക്കപ്പെട്ടവരും സർക്കാർ സേവനങ്ങൾ പരിമിതമായി ലഭിക്കുന്നവരുമായ വിഭാഗങ്ങളെ ലക്ഷ്യമിട്ട് ജില്ലാ ഭരണകൂടങ്ങളുമായി സഹകരിച്ച് നടപ്പാക്കുന്ന 'അക്ഷയ ബിഗ് ക്യാമ്പയിൻ ഫോർ ഡോക്യുമെന്റേഷൻ' (ABCD) പദ്ധതി ശ്രദ്ധേയമാണ്. ഇതിലൂടെ അർഹരായ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്ക് റേഷൻ കാർഡ്, ആധാർ കാർഡ്, തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് (EPIC) തുടങ്ങിയ അടിസ്ഥാന രേഖകൾ ലഭ്യമാക്കുന്നതിനുള്ള സഹായം ഉറപ്പാക്കുന്നു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സേവനങ്ങൾ ഏകോപിപ്പിക്കുന്ന കെ-സ്മാർട്ട് (K-SMART) പ്ലാറ്റ്‌ഫോം നിലവിൽ വന്നതോടെ, നഗര-ഗ്രാമ മേഖലകളിലെ പൗരസേവന വിതരണത്തിൽ അക്ഷയ കേന്ദ്രങ്ങളുടെ പങ്ക് കൂടുതൽ വിപുലമായി. പുതിയ ഡിജിറ്റൽ സംവിധാനങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിനായി അക്ഷയ സംരംഭകർക്ക് തുടർച്ചയായ പരിശീലനവും ശേഷിവികസന പരിപാടികളും നൽകിവരുന്നു.

സർക്കാർ സേവനങ്ങളുടെ ഡിജിറ്റൽ ലഭ്യത വിപുലീകരിക്കുന്നതിന്റെ ഭാഗമായി, 'എന്റെ ഭൂമി' പോർട്ടൽ, ഇ-ഹെൽത്ത്, കൃഷി വകുപ്പിന്റെ അഗ്രിസ്റ്റാക്ക് (AgriStack), ലേബർ വെൽഫെയർ ഫണ്ട് പദ്ധതികളിലെ ആധാർ അധിഷ്ഠിത ഓൺലൈൻ രജിസ്‌ട്രേഷൻ, റേഷൻ കാർഡ് സേവനങ്ങൾ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി (CMDRF), പരാതി പരിഹാര പോർട്ടലുകൾ, കെ.എൻ.ആർ.എ.കെ (KNRAK), കെ.ഇ.എ.എം (KEAM) 2026 എന്നിവയുൾപ്പെടെ വിവിധ കേന്ദ്ര-സംസ്ഥാന സർക്കാർ സേവനങ്ങൾ അക്ഷയ കേന്ദ്രങ്ങളിലൂടെ ലഭ്യമാക്കുന്നുണ്ട്. ഇതിലൂടെ വിവിധ ആവശ്യങ്ങൾക്കായി ഒന്നിലധികം ഓഫീസുകൾ സന്ദർശിക്കാതെ തന്നെ ഡിജിറ്റൽ സേവനങ്ങൾ പ്രയോജനപ്പെടുത്താൻ പൊതുജനങ്ങൾക്ക് സാധിക്കുന്നു.

പൗരസൗഹൃദ സേവനവിതരണത്തിലെ മറ്റൊരു സൗകര്യമാണ് അക്ഷയ കേന്ദ്രങ്ങൾ വഴി കളർ പ്രിന്റ് ചെയ്ത റേഷൻ കാർഡുകൾ ലഭ്യമാക്കുന്നത്. താലൂക്ക് സപ്ലൈ ഓഫീസറുടെ (TSO) അംഗീകാരം ലഭിച്ച ഓൺലൈൻ അപേക്ഷകളിന്മേൽ തയ്യാറാക്കുന്ന റേഷൻ കാർഡുകൾ അക്ഷയ കേന്ദ്രങ്ങളിൽനിന്ന് നേരിട്ട് കൈപ്പറ്റാം. സേവനലഭ്യത ലളിതമാക്കുന്നതിനും നടപടിക്രമങ്ങൾ കൂടുതൽ സൗകര്യപ്രദമാക്കുന്നതിനും ഇത്തരം സംവിധാനങ്ങൾ സഹായിക്കുന്നു.

പൊതുസേവന വിതരണത്തിലെ നാഴികക്കല്ലുകൾ

2026–27 സാമ്പത്തിക വർഷത്തിൽ സാമൂഹ്യസുരക്ഷാ പെൻഷൻ, ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കളായ ഏകദേശം 60 ലക്ഷം പേരുടെ വാർഷിക മസ്റ്ററിംഗ് നടപടികൾ അക്ഷയ വിജയകരമായി പൂർത്തിയാക്കി. 2026 ജൂലൈ 17-ന് ആരംഭിച്ച നടപടികൾ ഒക്ടോബർ 31-നകം പൂർത്തിയാക്കി. കിടപ്പുരോഗികളായ ഏകദേശം 3.5 ലക്ഷം ഗുണഭോക്താക്കൾക്ക് വീടുകളിൽ നേരിട്ടെത്തി മസ്റ്ററിംഗ് സൗകര്യം ഒരുക്കാനും അക്ഷയയ്ക്ക് സാധിച്ചു. പ്രായമായവരും ശാരീരിക പരിമിതികളുള്ളവരുമായ ഗുണഭോക്താക്കൾക്ക് സേവനങ്ങൾ കൂടുതൽ പ്രാപ്യമാക്കുന്നതിലൂടെ ഉൾക്കൊള്ളുന്നതും പൗരകേന്ദ്രീകൃതവുമായ സേവനവിതരണ മാതൃകയാണ് അക്ഷയ മുന്നോട്ടുവയ്ക്കുന്നത്.

പൊതുസേവന വിതരണത്തിനപ്പുറം നൈപുണ്യ വികസന മേഖലയിലേക്കും അക്ഷയ പ്രവർത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് അക്ഷയ കേന്ദ്രങ്ങൾ വഴി വിദ്യാർഥികൾക്ക് ഓൺ-ദി-ജോബ് ട്രെയിനിംഗ് (OJT) അവസരങ്ങൾ ഒരുക്കുന്നത് തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും പ്രായോഗിക പരിശീലനവും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമാണ്.

3,009 അക്ഷയ കേന്ദ്രങ്ങളുടെ വിപുലമായ ശൃംഖല 

സംസ്ഥാനത്തുടനീളം വ്യാപിച്ചുകിടക്കുന്ന 3,009 അക്ഷയ കേന്ദ്രങ്ങളിലൂടെ പൊതുജനങ്ങൾക്ക് ഡിജിറ്റൽ സേവനങ്ങൾ പ്രാദേശികതലത്തിൽ ലഭ്യമാക്കുന്നു. ഇതിൽ 2,496 കേന്ദ്രങ്ങൾ ആധാർ, അനുബന്ധ സേവനങ്ങൾ നൽകുന്നതിനുള്ള സംവിധാനങ്ങളോടെ പ്രവർത്തിക്കുന്നു. സേവന നിലവാരം, അടിസ്ഥാന സൗകര്യങ്ങൾ, സ്ഥാപനപരമായ മാനദണ്ഡങ്ങൾ എന്നിവ ഉറപ്പാക്കുന്നതിന്റെ ഭാഗമായി 1,837 കേന്ദ്രങ്ങൾ ബ്രാൻഡിംഗ്, ISO സർട്ടിഫിക്കേഷൻ എന്നിവയിൽ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.

അക്ഷയ ശൃംഖലയ്ക്ക് കീഴിൽ 15,000-ത്തിലധികം ഡിജിറ്റൽ നൈപുണ്യമുള്ള ജീവനക്കാർ പ്രവർത്തിക്കുന്നു. ഇ-ഗവേണൻസ് സേവനങ്ങളുടെ കാര്യക്ഷമമായ നിർവഹണത്തിലും പൊതുജനങ്ങൾക്ക് സാങ്കേതികവിദ്യാധിഷ്ഠിത സേവനങ്ങൾ ലഭ്യമാക്കുന്നതിലും ഇവരുടെ പങ്ക് നിർണായകമാണ്. നിലവിലുള്ള ശൃംഖല കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഏകദേശം 1,000 പുതിയ അക്ഷയ കേന്ദ്രങ്ങൾ കൂടി ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

പ്രതിമാസം ശരാശരി 30 ലക്ഷം പേർ അക്ഷയ കേന്ദ്രങ്ങളിലൂടെ വിവിധ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നു. സംസ്ഥാനത്തെ ഡിജിറ്റൽ സേവന വിതരണത്തിന്റെ വ്യാപ്തിയും പൊതുജനങ്ങൾക്കിടയിലെ അക്ഷയയുടെ പ്രസക്തിയും വ്യക്തമാക്കുന്നതാണ് ഈ കണക്ക്. പ്രാദേശികതലത്തിൽ സേവനലഭ്യത ഉറപ്പാക്കുന്നതിനൊപ്പം ഡിജിറ്റൽ ഭരണസംവിധാനവും ജനങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിലും ഈ ശൃംഖല പ്രധാന പങ്കുവഹിക്കുന്നു. 

ഡിജിറ്റൽ സംരംഭകത്വത്തിന്റെയും ബിസിനസ്-ടു-കൺസ്യൂമർ (B2C) സേവനങ്ങളുടെയും ഒരു പുതിയ യുഗം

അക്ഷയ രജതജൂബിലി വർഷത്തിലേക്ക് കടക്കുമ്പോൾ, നിലവിലുള്ള സേവനശൃംഖലയുടെ കാര്യക്ഷമതയും പ്രവർത്തനക്ഷമതയും വർധിപ്പിച്ച് കൂടുതൽ പൗരസൗഹൃദവും സുസ്ഥിരവുമായ സേവനകേന്ദ്രങ്ങളാക്കി മാറ്റുന്നതിനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. ബിസിനസ് പ്രോസസ് മാനേജ്‌മെന്റ് (BPM), ഡിജിറ്റൽ സംരംഭകത്വം, നൈപുണ്യ വികസനം, സ്ഥാപനപരമായ ശാക്തീകരണം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നതിനൊപ്പം പരമ്പരാഗത ഗവൺമെന്റ്-ടു-സിറ്റിസൺ (G2C) സേവനങ്ങൾക്കപ്പുറം സേവനങ്ങളുടെ വൈവിധ്യവൽക്കരണവും ലക്ഷ്യമിടുന്നു.

ഇതിന്റെ ഭാഗമായി, 2026–27 കാലയളവിൽ കൂടുതൽ ബിസിനസ്-ടു-കൺസ്യൂമർ (B2C) സേവനങ്ങൾ അക്ഷയ കേന്ദ്രങ്ങളിലൂടെ ലഭ്യമാക്കുന്നതിനുള്ള നിർദ്ദേശങ്ങൾക്ക് തത്വത്തിൽ പ്രാഥമിക അനുമതി ലഭിച്ചിട്ടുണ്ട്. തുടർനടപടികൾക്കായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ സർക്കാരിന്റെ പരിഗണനയ്ക്കും അംഗീകാരത്തിനുമായി സമർപ്പിച്ചിരിക്കുകയാണ്.

പുതിയ സേവനങ്ങൾ ആരംഭിക്കുന്നതിലൂടെ അക്ഷയ സംരംഭകർക്ക് കൂടുതൽ തൊഴിൽ-സംരംഭകത്വ അവസരങ്ങൾ സൃഷ്ടിക്കാനും പൊതുജനങ്ങൾക്ക് പ്രാദേശിക കേന്ദ്രങ്ങളിലൂടെ കൂടുതൽ സേവനങ്ങൾ ലഭ്യമാക്കാനും സാധിക്കും. സാങ്കേതികവിദ്യയിലെ മാറ്റങ്ങൾക്കും പൊതുജനങ്ങളുടെ വർധിച്ചുവരുന്ന ആവശ്യങ്ങൾക്കും അനുസൃതമായി പുതിയ പദ്ധതികളും സേവനവിതരണ സംവിധാനങ്ങളും ആവിഷ്‌കരിച്ച് അക്ഷയ ശൃംഖലയുടെ പ്രവർത്തനം കൂടുതൽ വിപുലീകരിക്കാനുള്ള നടപടികളും സർക്കാർ മുന്നോട്ടുകൊണ്ടുപോകുന്നു.

അക്ഷയയുടെ രജതജൂബിലി 25 വർഷത്തെ പ്രവർത്തനമികവിന്റെ ആഘോഷം മാത്രമല്ല, ഡിജിറ്റൽ സാക്ഷരത, പൗരശാക്തീകരണം, സേവനലഭ്യത, ഭരണസംവിധാനങ്ങളുടെ വികേന്ദ്രീകരണം എന്നിവയിൽ പദ്ധതി നൽകിയ സംഭാവനകളുടെ അടയാളപ്പെടുത്തൽ കൂടിയാണ്. സാങ്കേതികവിദ്യയുടെ പ്രയോജനങ്ങൾ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിച്ച് ഡിജിറ്റൽ വിടവ് കുറയ്ക്കുന്നതിലും അടിസ്ഥാനതലത്തിൽ പൊതുസേവനങ്ങൾ കൂടുതൽ പ്രാപ്യമാക്കുന്നതിലും അക്ഷയ നിർണായക പങ്കുവഹിച്ചു.

വിപുലമായ സേവനശൃംഖലയും പരിശീലനം ലഭിച്ച മാനവവിഭവശേഷിയും നവീകരണാധിഷ്ഠിത പ്രവർത്തനരീതികളും കൈമുതലാക്കി അക്ഷയ വികസനത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്. സമഗ്രവും സാങ്കേതികവിദ്യാധിഷ്ഠിതവും പൗരകേന്ദ്രിതവുമായ സേവനവിതരണ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിലൂടെ ഡിജിറ്റൽ ശാക്തീകരിക്കപ്പെട്ട കേരളം എന്ന കാഴ്ചപ്പാട് യാഥാർഥ്യമാക്കുന്നതിൽ അക്ഷയയുടെ പങ്ക് കൂടുതൽ വിപുലമാകുന്നു.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-11-17 11:43:41

ലേഖനം നമ്പർ: 2141

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo