സംസ്ഥാന സർക്കാരിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് പ്രവർത്തിച്ചിരുന്ന എട്ട് ഏകാധ്യാപക വിദ്യാലയങ്ങളെ എൽ.പി. സ്കൂളുകളായി ഉയർത്തി സർക്കാർ ഉത്തരവിറക്കി. മലപ്പുറം, കാസർകോട്, ഇടുക്കി, കണ്ണൂർ ജില്ലകളിലെ എട്ട് ഏകാധ്യാപക വിദ്യാലയങ്ങളാണ് എൽ.പി. സ്കൂളുകളായി ഉയർത്തിയത്. മലപ്പുറം കിഴിശ്ശേരി ഉപജില്ലയിലെ മേൽമുറി എം.ജി.എൽ.സി, അരീക്കോട് ഉപജില്ലയിലെ അരിമംഗലം എം.ജി.എൽ.സി, താനൂർ ഉപജില്ലയിലെ കാളംതുരുത്തി എം.ജി.എൽ.സി, വണ്ടൂർ ഉപജില്ലയിലെ അരിമണൽ എം.ജി.എൽ.സി, മഞ്ചേരി ഉപജില്ലയിലെ തരികുളം എം.ജി.എൽ.സി, കാസർഗോഡ് ഉപജില്ലയിലെ ആലൂർ എം.ജി.എൽ.സി, ഇടുക്കി അടിമാലി ഉപജില്ലയിലെ കുറത്തിക്കുടി എം.ജി.എൽ.സി, കണ്ണൂർ ഇരിക്കൂർ ഉപജില്ലയിലെ കാലാങ്കി എം.ജി.എൽ.സി എന്നീ ഏകാധ്യാപക വിദ്യാലയങ്ങളാണ് എൽ പി സ്കൂളുകളായി ഉയർത്തിയത്.
ആദിവാസി-ഗോത്ര വിഭാഗങ്ങൾ, തീരദേശ മേഖലകൾ എന്നിവിടങ്ങളിലെ സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന ഒറ്റപ്പെട്ട വിദ്യാർഥികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായി 1997ലാണ് ഏകാധ്യാപക വിദ്യാലയങ്ങൾ ആരംഭിച്ചത്. ഈ വിദ്യാലയങ്ങളിൽ മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും മറ്റ് വിദ്യാലയങ്ങൾക്ക് സമാനമായി കാലാനുസൃതമായ വികസനം ഉറപ്പാക്കുന്നതിനുമായിയാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഈ നടപടി.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-09-19 09:55:34
ലേഖനം നമ്പർ: 2093