കേരളത്തിന്റെ തനത് കന്നുകാലി ജനിതകസമ്പത്തിന്റെ സംരക്ഷണത്തിനും പരിപാലനത്തിനുമുള്ള സംസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾക്ക് ദേശീയ അംഗീകാരം. കേരളത്തിൽ നിന്നുള്ള തനത് ഇനമായ പെരിയാർ കന്നുകാലിയെ ദേശീയ ബ്രീഡായി ഔദ്യോഗികമായി അംഗീകരിച്ചു. വെച്ചൂർ കന്നുകാലിക്ക് ദേശീയ അംഗീകാരം ലഭിച്ച് 30 വർഷത്തിന് ശേഷമാണ് കേരളത്തിൽ നിന്നുള്ള മറ്റൊരു തനത് കന്നുകാലി ഇനം ദേശീയ ബ്രീഡ് രജിസ്ട്രേഷനിൽ ഇടം നേടുന്നത്.
ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന് (ICAR) കീഴിലുള്ള നാഷണൽ ബ്യൂറോ ഓഫ് അനിമൽ ജനറ്റിക് റിസോഴ്സസിന്റെ (NBAGR) ബ്രീഡ് രജിസ്ട്രേഷൻ കമ്മിറ്റിയുടെ 14-ാം യോഗത്തിലാണ് പെരിയാർ കന്നുകാലിയെ ഔദ്യോഗികമായി അംഗീകരിച്ചത്. ഇതോടെ വെച്ചൂർ കന്നുകാലിക്ക് ശേഷം ദേശീയതലത്തിൽ രജിസ്റ്റർ ചെയ്യപ്പെടുന്ന കേരളത്തിലെ രണ്ടാമത്തെ തനത് കന്നുകാലി ഇനമായി പെരിയാർ കന്നുകാലി മാറി. പെരിയാർ നദീതട പ്രദേശങ്ങളായ കോടനാട്, കുട്ടമ്പുഴ, അതിരപ്പള്ളി മേഖലകളിലും എറണാകുളം-തൃശൂർ ജില്ലകളിലെ കൂവപ്പടി, അങ്കമാലി, കോതമംഗലം തുടങ്ങിയ പ്രദേശങ്ങളിലും കാണപ്പെടുന്ന ഈ പശുവിനത്തെ സംരക്ഷിക്കാൻ സർക്കാർ തലത്തിൽ കൃത്യമായ പദ്ധതികൾ നടപ്പിലാക്കിയിരുന്നു. കുട്ടമ്പുഴ കന്നുകാലി, ആണ്ടുകണ്ണി എന്നീ പേരുകളിലും ഈ പശു അറിയപ്പെടുന്നു.
കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാല (KVASU)യും കർണാലിലെ ICAR-NBAGRയും സംയുക്തമായി നടത്തിയ ശാസ്ത്രീയ പഠനങ്ങളുടെയും ജനിതക വിലയിരുത്തലുകളുടെയും അടിസ്ഥാനത്തിലാണ് പെരിയാർ കന്നുകാലിയുടെ സവിശേഷതകൾ രേഖപ്പെടുത്തി ദേശീയ ബ്രീഡ് അംഗീകാരത്തിന് പരിഗണിച്ചത്. തലമുറകളായി പെരിയാർ കന്നുകാലികളെ സംരക്ഷിച്ചുവരുന്ന കർഷകരുടെ പങ്കാളിത്തവും ഈ നേട്ടത്തിൽ നിർണായകമാണ്.
പെരിയാർ കന്നുകാലി
പ്രാദേശിക പരിസ്ഥിതിയുമായി എളുപ്പത്തിൽ ഇണങ്ങിച്ചേരാനുള്ള കഴിവാണ് പെരിയാർ കന്നുകാലികളുടെ പ്രധാന സവിശേഷതകളിലൊന്ന്. കുറഞ്ഞ മനുഷ്യപരിചരണം മാത്രം ആവശ്യമായ അർധ-വന്യ പരിപാലന സാഹചര്യങ്ങളിൽ, വനമേഖലകളിലും മേച്ചിൽ പ്രദേശങ്ങളിലും ലഭ്യമാകുന്ന സ്വാഭാവിക സസ്യവിഭവങ്ങളെ ആശ്രയിച്ചാണ് ഇവ പ്രധാനമായും ജീവിക്കുന്നത്. പ്രാദേശിക കാലാവസ്ഥയോടും ആവാസവ്യവസ്ഥയോടും സ്വാഭാവികമായി പൊരുത്തപ്പെട്ട ഈ ജീവിതരീതി, ഇനത്തിന്റെ കരുത്തിനെയും കുറഞ്ഞ പരിപാലനത്തിൽ നിലനിൽക്കാനുള്ള ശേഷിയെയും വ്യക്തമാക്കുന്നു.
പെരിയാർ കന്നുകാലികളെ പൊതുവെ ചെറുതും മിതമായ വലുപ്പമുള്ളതുമായ ശരീരഘടനയുള്ളവയായാണ് കണക്കാക്കുന്നത്. പ്രായപൂർത്തിയായ കന്നുകാലികൾക്ക് ശരാശരി 150 മുതൽ 200 കിലോഗ്രാം വരെ ശരീരഭാരവും 105 മുതൽ 110 സെന്റിമീറ്റർ വരെ ഉയരവും രേഖപ്പെടുത്തുന്നു. ചുവപ്പ് നിറത്തിലാണ് കുടുതലും കാണപ്പെടുന്നത്, എന്നാൽ തവിട്ട്, കറുപ്പ്, പാരനിറം തുടങ്ങിയ നിറഭേദങ്ങളും കാണപ്പെടുന്നു. തിരശ്ചീനമായി വിന്യസിച്ചിരിക്കുന്ന ചെവികൾ, മുകളിലേക്കോ പാർശ്വങ്ങളിലേക്കോ വളരുന്ന കൊമ്പുകൾ, ആൺ കന്നുകാലികളിൽ പ്രകടമായും പെൺ കന്നുകാലികളിൽ താരതമ്യേന ചെറുതായും കാണപ്പെടുന്ന കൂമ്പാരം എന്നിവ ഈ ഇനത്തിന്റെ സവിശേഷ ശരീരലക്ഷണങ്ങളാണ്. ഒതുക്കമുള്ളതും കരുത്തുറ്റതുമായ ശരീരഘടന പ്രാദേശികമായ സാഹചര്യങ്ങളോട് പൊരുത്തപ്പെടുന്നതിനും കുറഞ്ഞ പരിപാലനത്തിൽ നിലനിൽക്കുന്നതിനും സഹായിക്കും.
പാൽ ഉൽപാദനത്തിന്റെ കാര്യത്തിൽ, ഒരു കറവക്കാലയളവിൽ സാധാരണയായി 160 മുതൽ 200 ദിവസം വരെ കറവ ലഭിക്കുന്നു. പ്രതിദിന പാൽ ഉൽപാദനം ശരാശരി 2.5 മുതൽ 4 ലിറ്റർ വരെയാണ്. പാലിൽ ഏകദേശം 4.5 ശതമാനം കൊഴുപ്പും 9.1 ശതമാനം കൊഴുപ്പിതര ഘടകങ്ങളും (SNF) അടങ്ങിയിരിക്കുന്നു. പ്രജനനപരമായി ഏകദേശം 26 മാസം പ്രായത്തിൽ ആദ്യ പ്രജനനവും 35 മാസം പ്രായത്തിൽ ആദ്യ പ്രസവവും നടക്കുന്നു. പ്രസവങ്ങൾക്കിടയിലെ ശരാശരി ഇടവേള 352 ദിവസമാണ്. ഇവയുടെ ശരാശരി ഗർഭകാലം 279 ദിവസമായി കണക്കാക്കപ്പെടുന്നു.
കേരളത്തിന്റെ തനത് കന്നുകാലി ഇനങ്ങളുടെ സംരക്ഷണത്തിനും അവയുടെ ജനിതക സവിശേഷതകൾ നിലനിർത്തുന്നതിനുമുള്ള സംസ്ഥാനത്തിന്റെ ഇടപെടലുകൾക്ക് കൂടുതൽ കരുത്തേകുന്നതാണ് പെരിയാർ കന്നുകാലിക്ക് ലഭിച്ച ദേശീയ അംഗീകാരം. പ്രാദേശിക കാലാവസ്ഥയോടും ആവാസവ്യവസ്ഥയോടും സ്വാഭാവികമായി പൊരുത്തപ്പെട്ട ഇത്തരം കന്നുകാലി ഇനങ്ങളുടെ ശാസ്ത്രീയ സംരക്ഷണത്തിനും പരിപാലനത്തിനും ഈ അംഗീകാരം പുതിയ സാധ്യതകൾ തുറക്കും. കേരളത്തിന്റെ തനത് ജനിതക പൈതൃകം ഭാവിതലമുറകൾക്കായി സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ദേശീയതലത്തിലുള്ള ഈ അംഗീകാരം കൂടുതൽ പ്രോത്സാഹനവും പ്രാധാന്യവും നൽകും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-09-01 05:19:38
ലേഖനം നമ്പർ: 2068