ആധുനിക സാങ്കേതികവിദ്യയുടെ അനന്ത സാധ്യതകൾ പ്രയോജനപ്പെടുത്തി വികസനത്തിന്റെയും കരുതലിന്റെയും പുതുയുഗ കേരളം സൃഷ്ടിക്കുകയെന്നത് ഈ സർക്കാരിന്റെ ലക്ഷ്യമാണ്. സാമ്പത്തിക വളർച്ചയുടെ നേട്ടങ്ങൾ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിക്കുന്ന സമഗ്ര വികസന മാതൃകയും, സാങ്കേതികവിദ്യയുടെ കരുത്തിൽ കൂടുതൽ കാര്യക്ഷമവും സുതാര്യവും ഉത്തരവാദിത്തപൂർണവുമായ ഭരണസംവിധാനവും യാഥാർഥ്യമാക്കുകയെന്നതാണ് സർക്കാരിന്റെ നയപരമായ പ്രതിബദ്ധത. ഇതിനായി 100 ദിന സമ​ഗ്ര കർമ്മ പദ്ധതിയുമായി സർക്കാർ കർമ്മനിരതമാണ്. 
 
സാമൂഹിക നീതിയും അവസരസമത്വവും ഉറപ്പാക്കുന്നതിനൊപ്പം നിക്ഷേപം, തൊഴിൽ, സംരംഭകത്വം, വിജ്ഞാനാധിഷ്ഠിത സമ്പദ്വ്യവസ്ഥ എന്നിവയ്ക്ക് ശക്തമായ അടിത്തറ പാകി, വികസനത്തിന്റെ ഫലങ്ങൾ ഓരോ പൗരന്റെയും ജീവിതനിലവാരത്തിൽ പ്രതിഫലിക്കുന്ന തരത്തിലായിരിക്കും പദ്ധതികളുടെ ആസൂത്രണവും നിർവഹണവും. ആ നയദർശനത്തിന്റെ കർമ്മരേഖയാണ് ഇന്ദിര ഗാരന്റിയും 100 ദിന കർമ്മ പദ്ധതിയും. 

ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ യാഥാർഥ്യമാക്കുക മാത്രമല്ല, ഫലാധിഷ്ഠിതവും സമയബന്ധിതവും സാങ്കേതിക വിദ്യാധിഷ്ഠിതവുമായ ഭരണസംസ്‌കാരത്തിന് പുതിയ മാനദണ്ഡങ്ങൾ സൃഷ്ടിക്കുക കൂടിയാണ് 100 ദിന പദ്ധതികളിലൂടെ ലക്ഷ്യമിടുന്നത്.


ഇന്ദിര ​ഗ്യാരന്റി

സൗജന്യ യാത്ര: സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യ യാത്ര.
 
വിദ്യാർഥിനികൾക്ക് ധനസഹായം: കോളേജിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം.
 
ക്ഷേമ പെൻഷൻ: എല്ലാ സാമൂഹിക സുരക്ഷാ ക്ഷേമ പെൻഷനുകളും പ്രതിമാസം 3000 രൂപയായി വർധിപ്പിക്കും.
 
ആരോഗ്യ ഇൻഷുറൻസ്: എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപ വരെ സൗജന്യമായി 'ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ്' പരിരക്ഷ.
 
യുവജനങ്ങൾക്ക് വായ്പ: സ്വന്തമായി ബിസിനസ്സ് ആരംഭിക്കാൻ ആഗ്രഹിക്കുന്ന യുവജനങ്ങൾക്കായി 5 ലക്ഷം രൂപ വരെ പലിശരഹിത വായ്പ.
 
വയോജന വകുപ്പ് :  മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ്  


100 ദിന കർമ്മ പദ്ധതി

ഇന്ദിര ഗാരന്റിയിൽ ഉൾപ്പെടുത്തിയ സ്ത്രീകൾക്കുള്ള സൗജന്യ യാത്ര, മുതിർന്ന പൗരന്മാർക്ക് പ്രത്യേക വകുപ്പ് എന്നിവ ഇതിനോടകം നടപ്പിലാക്കി. ഇതിനു പുറമെയാണ് ക്ലിപ്ത സമയത്തിനുള്ളിൽ വിവിധ മേഖകളിൽ വിവിധ പദ്ധതികൾ നടപ്പാക്കുന്നതിനുവേണ്ടി 100 ദിന കർമ്മ പദ്ധതി പ്രഖ്യാപിച്ചത്. കൃഷി അനുബന്ധ മേഖല, സഹകരണ മേഖല, ജലവിഭവ ജലസേചന മേഖല, ഊർജ്ജ മേഖല, വ്യവസായ സംരംഭക മേഖല, ഗതാഗതം - പൊതുമേഖല, ശാസ്ത്ര സാങ്കേതിക ഗവേഷണ മേഖല, സാമൂഹിക സേവന മേഖല, സാമ്പത്തിക സേവന മേഖല, പൊതുസേവന മേഖല, തദ്ദേശ സ്വയംഭരണം എന്നിങ്ങനെ 11 മേഖലകളായി തിരിച്ച് 43 വകുപ്പുകൾ ചേർന്നാണ് 100 ദിവസം കൊണ്ട്  പദ്ധതികൾ നടപ്പിലാക്കുന്നത്.

100days.kerala.gov.in എന്ന പോർട്ടൽ വഴി  ഈ പദ്ധതികളുടെ പുരോഗതി പൊതുജനങ്ങൾക്ക് യഥാസമയം മനസിലാക്കുവാനും വിലയിരുത്തുവാനും സാധിക്കും. 100 ദിന കർമ്മ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും അവ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനുമായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വകുപ്പ് മന്ത്രിമാർ, സെക്രട്ടറിമാർ, വകുപ്പ് തലവന്മാർ എന്നിവരുടെ യോഗങ്ങൾ പൂർത്തിയാക്കി. എല്ലാ 20 ദിവസങ്ങൾ കൂടുമ്പോഴും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ പദ്ധതികളുടെ നിർവഹണ പുരോഗതി പ്രത്യേകം വിലയിരുത്തും.


100 ദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തിയ പദ്ധതികളുടെ എണ്ണം
 
കൃഷി – 22, മൃഗസംരക്ഷണം – 3, ആയുഷ് – 11, പിന്നാക്കവിഭാഗ വികസനം – 5, തീരദേശം – 1, സഹകരണം – 8, സാംസ്‌കാരികം – 10, ക്ഷീരവികസനം – 2, ദുരന്തനിവാരണം – 7, ഇലക്ട്രോണിക്‌സ്, ഐടി – 42, പരിസ്ഥിതി – 10, ധനകാര്യം – 10, മത്സ്യബന്ധനം, തുറമുഖം – 58, ഭക്ഷ്യം, പൊതുവിതരണം – 5, വനം, വന്യജീവി – 15, പൊതുവിദ്യാഭ്യാസം – 16, ആരോഗ്യം – 41, ഉന്നതവിദ്യാഭ്യാസം – 19, ആഭ്യന്തരം – 35, ഭവനം – 1, വ്യവസായം – 23, വിവര-പൊതുജനസമ്പർക്കം – 5, തൊഴിൽ – 5, നിയമം – 1, തദ്ദേശസ്വയംഭരണം – 17, ന്യൂനപക്ഷക്ഷേമം – 2, നോർക്ക – 1, പാർലമെന്ററികാര്യം – 1, ആസൂത്രണം – 5, വൈദ്യുതി – 6, പൊതുമരാമത്ത് – 30, റവന്യൂ – 10, ശാസ്ത്രസാങ്കേതികം – 2, പട്ടികജാതി-പട്ടികവർഗവികസനം – 26, വയോജനക്ഷേമം – 17, സാമൂഹ്യനീതി – 6, കായികം, യുവജനകാര്യം – 23, നികുതി – 22, ടൂറിസം – 5, ഗതാഗതം, വ്യോമയാനം – 46 , വിജിലൻസ് -1 , ജലവിഭവം - 22 , വനിതാ ശിശുവികസനം -7.  


 
100 ദിവസം കൊണ്ട് നടപ്പിലാക്കുന്ന പദ്ധതികളിൽ പ്രധാനപ്പെട്ടവ:
 
1. നിർമ്മിതബുദ്ധിയുടെ സഹായത്തോടെ ഡാറ്റാ അധിഷ്ഠിത ഭരണ നിർവ്വഹണം സാക്ഷാത്കരിക്കുകയും പൗരന്മാർക്ക് കൂടുതൽ കാര്യക്ഷമവും സുതാര്യവുമായ സേവനങ്ങൾ ഉറപ്പുവരുത്തുകയും ചെയ്യും.
2. റബ്ബറിന്റെ താങ്ങുവില 250 രൂപയായി ഉയർത്തും.
3. കേരളത്തിന്റെ മനുഷ്യ-വന്യജീവി സംഘർഷം ഫലപ്രദമായി നേരിടാൻ നിയമ ഭേദഗതി.
4. ഡിജിറ്റൽ ജനസേവന പദ്ധതികൾ നടപ്പിലാക്കും-മനുഷ്യ വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട നഷ്ടപരിഹാരം നൽകുന്നതിനുള്ള ഏകീകൃത ഓൺലൈൻ പോർട്ടൽ സ്ഥാപിക്കും.
5. No to Drugs - വിദ്യാലയങ്ങളും സമീപ പ്രദേശങ്ങളും 100% ലഹരി വിൽപന വിരുദ്ധ മേഖലകളാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കും. ഇതോടനുബന്ധിച്ച് മാസാന്ത്യ സ്‌കൂൾ ലഹരിവിരുദ്ധ സഭകൾ സംഘടിപ്പിക്കും.
6. പ്രാദേശിക ആവശ്യകത പരിഗണിച്ച് ആവശ്യമായ പഠനം നടത്തി ഹയർ സെക്കൻഡറി ബാച്ചുകൾ അനുവദിക്കും.
7. ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി- നിലവിലുള്ള എല്ലാ ചികിത്സാ സഹായ പദ്ധതികളും ആരോഗ്യ ഇൻഷുറൻസ് പദ്ധതികളും സംയോജിപ്പിച്ചുകൊണ്ട് സമഗ്രമായ ആരോഗ്യ ഇൻഷുറൻസ് ചികിത്സ പദ്ധതിയായ ഉമ്മൻചാണ്ടി കാരുണ്യ ചികിത്സ പദ്ധതി നടപ്പാക്കുന്നതിന് വേണ്ടിയുള്ള സമഗ്ര രൂപരേഖ തയ്യാറാക്കും.
8. ബെഡ് രോഗിയുടെ അവകാശം- സർക്കാർ ആശുപ്രതികളിൽ എത്തുന്ന രോഗികൾക്ക് ബെഡ് അവരുടെ അവകാശമാക്കി മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കും.
9. അന്താരാഷ്ട്ര തൊഴിൽ മാർക്കറ്റിൽ ജോലിയുടെ സ്വഭാവം മാറിക്കൊണ്ടിരിക്കുകയാണ്. മാറുന്ന ജോലിയുടെ സ്വഭാവം പഠിക്കാനും, അതിന്റെ അടിസ്ഥാനത്തിൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ മാറ്റങ്ങൾ വരുത്താനും വിദഗ്ധർ അടങ്ങുന്ന 'ജോബ് വാച്ച് ടവർ' രൂപീകരിക്കും.
10. എല്ലാ പോലീസ് സ്റ്റേഷനുകളെയും ശുചിത്വവും ഹരിതാഭവുമായ (Clean & Green) പോലീസ് സ്റ്റേഷനുകളാക്കി മാറ്റും.
11. വാർഷിക ശരാശരി 100 കോടി രൂപ വിറ്റുവരവുള്ള 10,000 എം.എസ്.എം.ഇ. സംരംഭങ്ങളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ 'മിഷൻ 10000' ആരംഭിക്കും. ഇതുവഴി നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കും.
12. മോശം റോഡുകൾ, ചോർന്നൊലിക്കുന്ന പൈപ്പുകൾ, അപകടകരമായ കേബിളുകൾ, തുറന്ന മാൻഹോളുകൾ എന്നിവ റിപ്പോർട്ടു ചെയ്യുന്നതിന് പൊതുജനങ്ങൾക്കായുള്ള സ്മാർട്ട് ഫോൺ ആപ്ലിക്കേഷൻ നിർമ്മിക്കും.
13. സീറോ വേസ്റ്റ് & മലിനീകരണ നിയന്ത്രണ പദ്ധതി ആരംഭിക്കും.
14. എ.സി, ഇലക്ട്രിക്ക് വാഹനങ്ങൾ എന്നിവയുടെ ഉപയോഗം കൂടുന്നതനുസരിച്ച് 250 KVA യ്ക്ക് മുകളിലുള്ള ട്രാൻസ്ഫോർമറുകൾ കൂടുതലായി സ്ഥാപിക്കാൻ നടപടി സ്വീകരിക്കും.
15. റവന്യൂ വകുപ്പിലെ എല്ലാ റവന്യൂ പോർട്ടലുകളുടെയും സംയോജനത്തിലൂടെ ഒരു സിംഗിൾ സൈൻ-ഓൺ സംവിധാനം നടപ്പിലാക്കും.
16. പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വനിതകൾക്ക് പലിശരഹിത സൂക്ഷ്മ, ചെറുകിട സംരംഭ വായ്പ ലഭ്യമാക്കുന്ന പദ്ധതി ആരംഭിക്കും.
17. വനിതകളുടെ രാത്രികാല സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കെ.എസ്.ആർ.ടി.സി പിങ്ക് ബസ് സർവീസ് പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കും.
18. കെ.എസ്.ആർ.ടി.സി അപകടങ്ങളിൽ മരണപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് 10,000 ധനസഹായം.
19. ഐ.ആർ.സി.ടി.സി മാതൃകയിൽ കെ.എസ്.ആർ.ടി.സിയിൽ വെയിറ്റിങ് ലിസ്റ്റും തത്കാൽ ബുക്കിങ് സൗകര്യവും ആരംഭിക്കും.
20. കേരള സ്റ്റേറ്റ് ബാക്ക്‌വേർഡ് ക്ലാസ്സസ് ഡെവലപ്മെന്റ് കോർപറേഷൻ വഴി 100 ദിവസത്തിനുള്ളിൽ 16000 ഗുണഭോക്താക്കൾക്ക് 200 കോടി രൂപയുടെ വായ്പാ ധനസഹായം ലഭ്യമാക്കും.
21. വിശ്വാസ്- സഹകരണ മേഖലയിൽ നിലനിൽക്കുന്ന നിക്ഷേപം മടക്കി നൽകാനാകാത്ത അവസ്ഥയ്ക്ക് പരിഹാരമായും നിക്ഷേപകരുടെ വിശ്വാസം സംരക്ഷിക്കുന്നതിനുമായി 'വിശ്വാസ്' എന്ന പേരിൽ ഒരു പദ്ധതി നടപ്പിലാക്കും.
22. 25000 തരംമാറ്റ അപേക്ഷകളിൽ തീർപ്പു കൽപ്പിക്കും.
23. ഭൂവിനിയോഗത്തിനായി ഒരു സമഗ്ര മാസ്റ്റർ പ്ലാൻ തയ്യാറക്കുന്നതിന്റെ ആദ്യഘട്ടമായി തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട്, ഇടുക്കി എന്നീ ജില്ലകളുടെ ഭൂവിനിയോഗ ഭൂപടം തയ്യാറാക്കും.

ജനക്ഷേമ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുന്നതിനൊപ്പം, ഭരണനിർവഹണത്തിൽ സുതാര്യത, ഉത്തരവാദിത്തം, കാര്യക്ഷമത, ഫലപ്രാപ്തി എന്നിവ ഉറപ്പാക്കുക എന്നതാണ് 100 ദിന കർമ്മ പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യം. വകുപ്പുകൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തിയും സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തിയും പദ്ധതികളുടെ പുരോഗതി നിരന്തരം വിലയിരുത്തിയും പ്രഖ്യാപനങ്ങളിൽ നിന്ന് നിർവഹണത്തിലേക്കും നിർവഹണത്തിൽ നിന്ന് ജനക്ഷേമത്തിലേക്കും ഭരണത്തെ നയിക്കുകയാണ് സർക്കാർ. ഓരോ പദ്ധതിയുടെയും പുരോഗതിയും ഫലപ്രാപ്തിയും കൃത്യമായി നിരീക്ഷിച്ച്, നിശ്ചിത സമയപരിധിക്കുള്ളിൽ ലക്ഷ്യങ്ങൾ കൈവരിക്കുന്ന ഉത്തരവാദിത്ത ഭരണസംസ്‌കാരത്തിന് 100 ദിന കർമ്മ പദ്ധതി ഊന്നൽ നൽകുന്നു.

വികസനത്തിന്റെ ഗുണഫലങ്ങൾ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിക്കുകയും ജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ നേരിട്ടുള്ള മാറ്റം സൃഷ്ടിക്കുകയും ചെയ്യുന്ന തരത്തിൽ നയങ്ങളെ ഫലങ്ങളാക്കി മാറ്റുന്ന ഭരണത്തിന്റെ കർമ്മരേഖയായി 100 ദിന കർമ്മ പദ്ധതി മാറുകയാണ്. ജനപങ്കാളിത്തം, സാങ്കേതികവിദ്യ, സുതാര്യത, ഉത്തരവാദിത്തം എന്നിവ സമന്വയിപ്പിച്ച് കൂടുതൽ കാര്യക്ഷമവും ജനകീയവുമായ ഭരണസംവിധാനത്തിലൂടെ വികസിതവും ക്ഷേമാധിഷ്ഠിതവുമായ കേരളം സാക്ഷാത്കരിക്കുന്നതിനുള്ള നിർണായക ചുവടുവയ്പ്പാണിത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-09-02 10:27:22

ലേഖനം നമ്പർ: 2073

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo