സുഗന്ധവ്യഞ്ജനങ്ങളുടെ സംഭരണവും മൂല്യവര്‍ധിത ഉത്പന്ന നിര്‍മാണവും വിപണനവും ലക്ഷ്യമിട്ട് സംസ്ഥാന സർക്കാരിന് കീഴിലുള്ള ആദ്യ സ്‌പൈസസ് പാർക്ക് ഇടുക്കി തുടങ്ങനാട്ടിൽ പ്രവർത്തനമാരംഭിച്ചു. കിന്‍ഫ്രയുടെ നേതൃത്വത്തില്‍ ₹ 20 കോടി ചെലവിൽ 15.29 ഏക്കറിലാണ്    ആധുനിക സൗകര്യങ്ങളോട് കൂടിയ പാർക്കിന്റെ ആദ്യഘട്ട നിർമാണം പൂർത്തിയാക്കിയത്. പാർക്കിന്റെ 80 % സ്ഥലവും 8 വ്യവസായ യൂണിറ്റുകൾക്കായി നൽകി. സുഗന്ധവ്യഞ്ജന തൈലങ്ങള്‍, കൂട്ടുകള്‍, ചേരുവകള്‍, കറിപ്പൊടികള്‍, കറിമസാലകള്‍, നിര്‍ജലീകരണം ചെയ്ത സുഗന്ധവ്യഞ്ജനങ്ങള്‍, സുഗന്ധവ്യഞ്ജന പൊടികള്‍ തുടങ്ങിയ സംരംഭങ്ങള്‍ക്കാണ് സ്ഥലം അനുവദിച്ചിരിക്കുന്നത്. 

സംരംഭകര്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളായ ജലലഭ്യത, വൈദ്യുതി, റോഡ്, ഡ്രെയിനേജ്, മാലിന്യ നിര്‍മാര്‍ജന പ്ലാന്റ്, മഴവെള്ള സംഭരണികള്‍ തുടങ്ങിയവ പാര്‍ക്കില്‍ ഉറപ്പുവരുത്തിയിട്ടുണ്ട്. മികച്ച റോഡ്, ശുദ്ധജല ലഭ്യത, പ്രത്യേക വൈദ്യുതി ഫീഡർ ലൈൻ, സംഭരണ സംവിധാനം, സൈബർ കേന്ദ്രം, വിപണന കേന്ദ്രം, കാന്റീൻ, പ്രാഥമിക ശുശ്രൂഷ കേന്ദ്രം, ശിശുപരിപാലന കേന്ദ്രം തുടങ്ങിയവയും പാർക്കിനോടനുബന്ധിച്ചു ഒരുക്കിയിട്ടുണ്ട്.

ആകെ 37 ഏക്കറാണ് പ്ലാന്റിനായി വിഭാവനം ചെയ്തിരിക്കുന്നത്‌. ബാക്കിയുള്ള 21 ഏക്കറില്‍ 2-ാംഘട്ട നിര്‍മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. യൂണിയൻ സർക്കാരിന്റെ എംഎസ്എംഇ ക്ലസ്റ്റർ വികസനപദ്ധതിയുടെ ഭാഗമായാണ് പാർക്ക് വികസിപ്പിച്ചത്‌.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-10-16 14:36:14

ലേഖനം നമ്പർ: 1196

sitelisthead