ചെറിയ കുട്ടികളെ ബാധിക്കുന്ന വൈറസ് രോഗമാണ് അഞ്ചാംപനി. 6 മാസം മുതൽ 3 വയസ് വരെയുള്ള കുട്ടികളിലാണ് ഈ രോഗം കൂടുതലായും കണ്ടു വരുന്നത്. കൗമാര പ്രായത്തിലും മുതിർന്നവരിലും അഞ്ചാംപനി ഉണ്ടാവാറുണ്ട്. വൈറസ് ശരീരത്തിലെത്തിയാൽ 10 മുതല് 14 ദിവസത്തിനുള്ളിലാണ് സാധാരണയായി ലക്ഷണങ്ങൾ കണ്ടുതുടുങ്ങുന്നത്. സാധാരണഗതിയിൽ 5-ാം ദിവസമാകുമ്പോഴേക്കും ശരീരത്തിൽ ചുവന്നുതടിച്ച പാടുകൾ കാണപ്പെടുന്നതുകൊണ്ടാണ് പനിക്ക് അഞ്ചാം പനി എന്ന പേരു വന്നത്. 

രോഗ ലക്ഷണങ്ങൾ

പനി, പനിയോടൊപ്പം ചുമ, കണ്ണ് ചുവക്കൽ, ജലദോഷം എന്നിവയും ഉണ്ടാകും. മൂന്നുനാലു ദിവസം കഴിയുമ്പോൾ ദേഹമാസകലം ചുവന്ന തിണർപ്പുകൾ പ്രത്യക്ഷപ്പെടും. കൂടാതെ വയറിളക്കം, ഛർദി, ശക്തമായ വയറുവേദന ഇവയുണ്ടാകും.

രോഗം പകരുന്നവിധം 

വൈറസുകൾ വായുവിലൂടെയാണ് പകരുന്നത്. വളരെ വേഗം പകരാൻ സാധ്യതയുള്ള രോഗമാണിത്. രോഗം ബാധിച്ചയാളുടെ ചുമ, തുമ്മൽ എന്നിവയിലൂടെയാണ് പ്രധാനമായും പകരുന്നത്. അസുഖമുള്ളവർ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും സംസാരിക്കുമ്പോഴുമെല്ലാം പുറത്തേക്ക് തെറിക്കുന്ന ചെറിയ കണികകളിൽ  വൈറസുകളും ഉണ്ടാകും. ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് ഇന്ത്യയിൽ ഒരു വർഷം 25 ലക്ഷം കുട്ടികളെ ഈ രോഗം ബാധിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. 

അഞ്ചാം പനി കാരണം ഉണ്ടാകാവുന്ന സങ്കീർണതകൾ

അഞ്ചാം പനി കാരണം എറ്റവും കൂടുതൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ വയറിളക്കത്തിന്റെ ഭാഗമായുള്ള നിർജലീകരണം, ന്യൂമോണിയ, ചെവിയിൽ പഴുപ്പ് എന്നിവയാണ്. ഈ പഴുപ്പ് യഥാവിധം ചികിത്സിച്ചില്ലെങ്കിൽ മെനിഞ്ചിറ്റീസ് പോലുള്ള പ്രശ്നങ്ങളും ഉണ്ടാകാം. വിറ്റാമിൻ A-യുടെ കുറവും ഇത്തരം സങ്കീർണതകൾ വർധിപ്പിക്കും.

മീസൽസ റുബല്ല അഥവാ MR വാക്സിൻ കൃത്യമായി എടുക്കുന്നത് വഴി രോഗത്തെ തടഞ്ഞു നിർത്താൻ സാധിക്കും. വാക്സിനേഷൻ സംബന്ധിച്ച പ്രതെയ്ക ക്യാമ്പയിൻ ഇതിനായി ആരോഗ്യവകുപ്പ് ഒരുക്കും.

MR വാക്സിൻ നൽകുന്നതിലൂടെ ഈ രോഗത്തിനെ പ്രതിരോധിക്കാൻ കഴിയുന്നതാണ്. 5 വയസിന് താഴെയുള്ള കുട്ടികൾക്കാണ് വാക്സിൻ നൽകുന്നത്. കുട്ടിയുടെ 9-ാം മാസം കഴിഞ്ഞാലുടൻ ആദ്യ ഡോസ് MR വാക്സിനും 16-ാം മാസം കഴിഞ്ഞാലുടൻ 2-ാം ഡോസും നൽകണം. എന്തെങ്കിലും കാരണത്താൽ ഏതെങ്കിലും ഒരു ഡോസ് എടുക്കാത്ത കുട്ടികൾക്ക് 5 വയസുവരെ വാക്സിൻ എടുക്കാവുന്നതാണ്. എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും വാക്സിൻ സൗജന്യമായി ലഭ്യമാണ്.

മാസ്ക് ഉപയോഗം ശീലമാക്കി അഞ്ചാംപനിയെ പ്രതിരോധിക്കാം. 

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2022-11-25 19:27:46

ലേഖനം നമ്പർ: 847

sitelisthead