ഭാഷ 

സംസ്ഥാനത്തിന്റെ  ഭരണഭാഷയാണ്‌ മലയാളം. കേരളത്തിന്റെ സാമൂഹിക വളർച്ചയിൽ ഒരു പ്രധാനപ്പെട്ട ഘടകമാണ് ഔദ്യോഗിക ഭാഷയായ മലയാളം. ദ്രാവിഡഭാഷാ ഗോത്രത്തിൽ ഉൾപ്പെടുന്ന ഒരു ആധുനിക ഭാഷയായ മലയാളം  ലക്ഷദ്വീപിലും പുതുച്ചേരിയുടെ ഭാഗമായ മാഹിയിലും  ഉപയോഗിക്കുന്നു.മലയാള ഭാഷ കൈരളി, മലനാട്ട് ഭാഷ എന്നും അറിയപ്പെടുന്നു. . ഇന്ത്യയിലെ ഇരുപത്തിരണ്ട് ഔദ്യോഗിക ഭാഷകളിൽ ഒന്നായ മലയാളത്തിനു 2013 ൽ ശ്രേഷ്ഠഭാഷാ പദവി ലഭിച്ചു. ഇന്ത്യയിൽ ശ്രേഷ്ഠഭാഷാ പദവി ലഭിക്കുന്ന അഞ്ചാമത്തെ ഭാഷയാണ് മലയാളം. 

മലയാള ഭാഷയിൽ എഴുതപ്പെട്ട ആദ്യത്തെ കണ്ടെടുക്കപ്പെട്ട രേഖ, ചേര ചക്രവർത്തിയായിരുന്ന രാജശേഖരന്റെ പേരിലുള്ള വാഴപ്പള്ളി ശാസനം ആണ്‌ . എ.ഡി. 829 ൽ ആണ്‌ ഈ ശാസനം എഴുതപ്പെട്ടത്.അതേ നൂറ്റാണ്ടിൽ തന്നെ എഴുതപ്പെട്ട തരിസാപ്പള്ളി ശാസനം മലയാളത്തിൻറെ ആദ്യകാല സ്വഭാവം വ്യക്തമാക്കുന്ന മറ്റൊരു രേഖയാണ്. 12ം ശതകത്തിൽ ചീരാമൻ എഴുതിയ  രാമചരിതം ആണ് മലയാള ഭാഷയിലെ ആദ്യത്തെ സാഹിത്യ കൃതിയായി കരുതപ്പെടുന്നത്.കണ്ടെടുക്കപ്പെട്ടിട്ടുള്ളവയിൽ ഏറ്റവും പുരാതനമായ  കൃതി ഇതാണെങ്കിലും 11-ാം ശതകത്തിൽ തോലൻ രചിച്ചതായി വിശ്വസിക്കാവുന്ന മന്ത്രാങ്കം ആട്ടപ്രകാരത്തിൽ അക്കാലത്തെ മലയാളത്തിലും തമിഴിലുമുള്ള പദ്യങ്ങൾ കാണാവുന്നതാണ്. അതിനു മുൻപ് തന്നെ തമിഴ്-മലയാളങ്ങൾ വ്യത്യസ്ത ഭാഷകളായി മാറിക്കഴിഞ്ഞിരുന്നു എന്ന അഭിപ്രായം ഭാഷാപണ്ഡിതന്മാർക്കിടയിലുണ്ട്.

മല + ആളം (സമുദ്രം) എന്നീ ദ്രാവിഡവാക്കുകൾ ചേർന്ന് ഉണ്ടായതാണ് മലയാളമെന്നും മല എന്ന പദവും ആൾ, ആളുക എന്ന നപുംസകപദവും ചേർന്നും സന്ധിനിയമമനുസരിച്ച് വിടവടക്കാൻ 'യ'കാരം ചേർന്നുമാണ് മലയാളമുണ്ടായതെന്നും വാദമുണ്ട്.മലയാൺമ, മലയായ്മ എന്നീ പദങ്ങളും ഇങ്ങനെ ആൺമൈ എന്നതിൽ നിന്നാണെന്ന് മലയാളത്തെ കുറിച്ച് പഠിച്ച വിദേശീയനായ റോബർട്ട് കാൽഡ്വൽ പറയുന്നു.  മലയാളം എന്ന പദം (malayalam) ഇംഗ്ലീഷിൽ എഴുതിയാൽ അനുലോമവിലോമപദം കൂടിയാണ്; അതായത് ഇരുവശത്ത് നിന്നും വായിച്ചെടുക്കാൻ സാധിക്കുന്ന പദമാണ്.

വട്ടെഴുത്ത്

മലയാളഭാഷയിൽ പ്രചാരത്തിലുണ്ടായിരുന്ന ഒരു ലിപിസമ്പ്രദായമാണ് വട്ടെഴുത്ത്. ലഭ്യമായിട്ടുള്ളതിൽ വച്ച് ഏറ്റവും പ്രാചീനമായ മലയാള ലിപിയാണ് വട്ടെഴുത്ത്. തെക്കൻ മലയാണ്മ, തെക്കൻ മലയാളം, നാനംമോനം, മലയാണ്മ, മലയാം തമിഴ്, ചേര-പാണ്ഡ്യ എഴുത്ത്, രായസവടിവ്, ഗജവടിവ് എന്നെല്ലാം ഈ ലിപിക്ക് പേരുണ്ട്. തമിഴ്‌നാട്ടിലും മലനാട്ടിലും വട്ടെഴുത്തു ശാസനങ്ങൾ ധാരാളമുണ്ട് . വർഗാക്ഷരങ്ങൾ ഇല്ലായിരുന്ന വട്ടെഴുത്തുലിപി ഇന്ത്യയിലെ ഏറ്റവും പ്രാചീന ലിപിയായ ബ്രാഹ്മിയുടെ രൂപഭേദമായി കണക്കാക്കുന്നു. 18ആം നൂറ്റാണ്ടിന്റെ അവസാനം വരെ കേരളത്തിൽ വട്ടെഴുത്ത്‌ പ്രചരിച്ചു. എഴുത്തച്ഛന്റെ കാലം വരെ മലയാളികൾ വട്ടെഴുത്താണ് ഉപയോഗിച്ചിരുന്നതെന്നും അത് തമിഴരുടെ അക്ഷരമാലയായതിനാൽ സംസ്കൃതാക്ഷരങ്ങൾക്ക് ലിപികൾ ഉണ്ടായില്ലെന്നും 'കേരളപാണിനീയ'ത്തിൽ എ. ആർ. രാജരാജവർമ പറയുന്നു.

വട്ടെഴുത്തിൽ 12 സ്വരാക്ഷരങ്ങളും (അ, ആ, ഇ, ഈ, ഉ, ഊ, എ, ഏ, ഐ, ഒ, ഓ, ഔ -എന്നിവ) 18 വ്യഞ്ജനാക്ഷരങ്ങളും (ക, ങ, ച, ഞ, ട, ണ,ത, ന, പ, മ, യ, ര, ല, വ, റ, ഴ, ള, ഩ -എന്നിവ) ചേർന്ന് 30 അക്ഷരങ്ങളാണുള്ളത്. ആംഗലേയ ഭാഷയുടേതിനു തത്തുല്യമായി കൂട്ടിയെഴുതുന്ന രീതിയിലായിരുന്നു ഈ അക്ഷരങ്ങൾ എഴുതിയിരുന്നത്. ഒരേ അക്ഷരം രണ്ടുതവണ തുടർച്ചയായി എഴുതിയാണ് കൂട്ടക്ഷരങ്ങൾ രൂപപ്പെടുത്തുക. കക എന്നെഴുതിയാൽ ക്ക എന്നും തത എന്നെഴുതിയാൽ ത്ത എന്നും വായിക്കണം. കൂടിച്ചേർന്ന അക്ഷരങ്ങൾക്ക് പ്രത്യേക ലിപിയിലില്ലായിരുന്നു. കൂട്ടക്ഷരങ്ങളും ഇരട്ടിപ്പികളും മനോധർമ്മം പോലെ വട്ടെഴുത്തിൽ വായിക്കണമായിരുന്നു.പിൽക്കാലത്തു വട്ടെഴുത്തു ലിപിക്ക് രൂപപരിണാമം വന്നിട്ടുണ്ട്. എ.ഡി. എട്ടു മുതൽ പതിനഞ്ച് വരെ നൂറ്റാണ്ടുകളിൽ വട്ടെഴുത്തിനു പ്രചാരമുണ്ടായിരുന്നതായി കരുതുന്നു. ഈ ലിപിയുടെ യഥാർത്ഥ പേര് 'വെട്ടെഴുത്ത്' എന്നാണെന്നും കല്ലിലും, ചെമ്പുതകിടിലും മറ്റും ഉളികൊണ്ട് അക്ഷരങ്ങൾ വെട്ടി അടയാളപ്പെടുത്തിയിരുന്നതിനാലാണ് അങ്ങനെ വിളിക്കപ്പെട്ടതെന്നും എൽ. എ. രവിവർമ അഭിപ്രായപ്പെടുന്നു.

കല്ലിലും ഓടിലും ചെമ്പിലുമോക്കെ വെട്ടി എഴുതുന്നത്‌ എന്ന അർത്ഥത്തിൽ വെട്ടെഴുത്ത്‌ എന്നും അക്ഷരങ്ങളുടെ ഉരുണ്ട വടിവിന്റെ അടിസ്ഥാനത്തിൽ വട്ടെഴുത്ത്‌ എന്നും പറയപ്പെടുന്നു. ചേരപാണ്ഡ്യ ദേശത്ത്‌ പ്രചരിച്ചിരുന്നതിനാൽ ചേരപാണ്ഡ്യ എഴുത്ത്‌ എന്നും കേരളത്തിന്റെ തെക്കൻ പ്രദേശത്ത്‌ ഉപയോഗിച്ചിരുന്നതിനാൽ തെക്കൻ മലയാളം എന്നും വട്ടെഴുത്ത്‌ അറിയപ്പെട്ടു. 18ആം നൂറ്റാണ്ടിന്റെ അവസാനം വരെ കേരളത്തിൽ വട്ടെഴുത്ത്‌ പ്രചരിച്ചു. 

കോലെഴുത്ത്

കോലെഴുത്ത് എന്ന ലിപിയും മലയാളം എഴുതാൻ ഉപയോഗിച്ചിരുന്നു. വട്ടെഴുത്ത് എന്ന ലിപി സമ്പ്രദായത്തിൽ നിന്നുമാണ് ഇത് ഉരുത്തിരിഞ്ഞു വന്നത്. താളിയോലയിൽ നാരായം അഥവാ കോൽ കൊണ്ട് എഴുതിയിരുന്നതിൽ നിന്നുമാണ് ഇതിന് കോലെഴുത്ത് എന്ന പേര് ലഭിച്ചതെന്ന് കരുതുന്നു.വട്ടെഴുത്തിലും കോലെഴുത്തിലും വളരെയധികം അടുപ്പമുള്ള ലിപിസമ്പ്രദായങ്ങളാണ്. കേരളമൊട്ടാകെ ഈ ലിപി ഉപയോഗിക്കുകയും ഇതിലുള്ള അനേകം ശാസനങ്ങൾ കണ്ടുകിട്ടുകയും ചെയ്തിട്ടുണ്ട്. കോലെഴുത്തിന് കൊച്ചിയിലും, മലബാറിലുമാണ് കൂടുതൽ പ്രചാരം സിദ്ധിച്ചിരുന്നതെന്ന് ഡോ. കെ. ഗോദവർമ അഭിപ്രായപ്പെടുന്നു.

ഉ', 'എ', 'ഒ' എന്നീ അക്ഷരങ്ങളെ സൂചിപ്പിക്കുന്ന പ്രതീകങ്ങളുടെ അഭാവമൊഴിച്ചാൽ അടിസ്ഥാനപരമായ മറ്റു വ്യത്യാസങ്ങളൊന്നും കോലെഴുത്തിന് വട്ടെഴുത്തുമായി ഇല്ലായിരുന്നു. അതേസമയം പ്രാദേശിക വകഭേദങ്ങൾ ഉണ്ടായിരുന്നുതാനും. ബ്രാഹ്മി, ഖരോഷ്ഠി, ഗ്രന്ഥാക്ഷരം, വട്ടെഴുത്ത്, കോലെഴുത്ത് എന്നീ ലിപിമാലകളെപ്പോലെ കോലെഴുത്തും ആരംഭിക്കുന്നത് 'അ'യിൽ നിന്ന് ആണ്. പത്മനാഭ സ്വാമി ക്ഷേത്രത്തോടനുബന്ധിച്ച മതിലകം രേഖകൾ, ആനക്കരയിലെ പന്നിയൂർ വരാഹമൂർത്തിക്ഷേത്രം, ആർത്താറ്റ് പള്ളി തുടങ്ങിയ അനവധി സ്ഥലങ്ങളിൽ കോലെഴുത്തിലുള്ള രേഖകളും ലിഖിതങ്ങളും ഇപ്പോഴും കാണാം. കോലെഴുത്തിൽ നിന്നാണ് മലയാണ്മ എന്ന ലിപി വികസിച്ചത്.

മലയാണ്മ 

മലയാളലിപിയുടെ വളർച്ചയിൽ ഇന്നു കാണുന്ന ആധുനിക ലിപിയുടെ തൊട്ടു മുന്നിലുള്ള രൂപങ്ങളിലൊന്നാണ്‌‍ മലയാണ്മ. പ്രാചീനകാലത്ത് മലയാളം എഴുതാൻ ഉപയോഗിച്ചിരുന്ന ഒരു ലിപിയാണ് മലയാൺമ. എൽ. എ. രവിവർമയാണ് ഈ ലിപിയെപ്പറ്റി വിശദമായ സൂചന നൽകിയത്. വട്ടെഴുത്തിന്റയും കോലെഴുത്തിന്റെയും സമ്മിശ്രരൂപങ്ങളിൽ നിന്നു വികസിച്ചതാണ് മലയാൺമയെന്നു കരുതുന്നു.  വട്ടെഴുത്ത്, കോലെഴുത്ത് എന്നിവയ്‌ക്കെന്നപോലെ മലയാൺമയ്ക്കും വർഗാക്ഷരങ്ങൾ ഇല്ല എന്നു മാത്രമല്ല ദ്രാവിഡ ഭാഷകൾക്കുമാത്രം ചേരുന്ന മറ്റു ചില അക്ഷരങ്ങൾ ഉണ്ടുതാനും. ആധുനിക മലയാളലിപിയുമായി വളരെയേറെ വ്യത്യസ്തമാണ് മലയാൺമ. വട്ടെഴുത്ത്, കോലെഴുത്ത്, മലയാൺമ എന്നിവ മൂന്നും ഒരേ കുടുംബത്തിൽ നിന്നു വികസിച്ച ലിപികളാണ് എന്നു കരുതുകയാണ് അഭികാമ്യം. 

മലയാണ്മ എന്നറിയപ്പെടുന്നതിന്റെ പൂർണമായ പേര് തെക്കൻ - മലയാണ്മ എന്നാകുന്നു. ഈ പേര്, അതു പ്രചാരത്തിലുണ്ടായിരുന്ന ദേശവിഭാ​ഗത്തെ സൂചിപ്പിക്കുന്നു. കോലെഴുത്തിന്റെ വകഭേദമാണ് മലയാണ്മ എന്നു വിളിക്കുന്ന ലിപികൾ .1819 വരെ സർക്കാർവക എഴുത്തുകൾക്കു മലയാണ്മ (മലയാം തമിഴ് ) ഉപയോ​ഗിച്ചിരുന്നു( എരുമേലി, മലയാളസാഹിത്യം കാലഘട്ടങ്ങളിലൂടെ , കറന്റ് ബുക്സ്,സെപ്റ്റംബർ 2013 പുറം 48.)എ ഡി 1819 വരെ തിരുവിതാംകൂർ സർക്കാർ രേഖകൾ എഴുതിയിരുന്നത്‌ മലയാണ്മയിലായിരുന്നു. 19ആം നൂറ്റണ്ടിനു ശേഷം പ്രചാരം തീരെ കുറഞ്ഞു. മലയാളനാട്ടിലെ ഭാഷ എന്ന അർത്ഥത്തിൽ ഒരു കാലത്ത് മലയാൺമ എന്ന പദം ഉപയോഗിച്ചിരുന്നുവെന്ന് 'കേരളപാണിനീയ'ത്തിൽ എ.ആർ.രാജരാജവർമ അഭിപ്രായപ്പെടുന്നു. മലയാളഭാഷയുടെ വികാസത്തിലെ മധ്യമഘട്ടമായ എ. ഡി. 1325 - 1625 കാലത്തെ 'മലയാൺമക്കാലം' എന്നാണ് രാജരാജവർമ വിളിക്കുന്നത്.

​ഗ്രന്ഥലിപി

ദക്ഷിണ ഭാരതത്തിൽ ഉപയോഗത്തിലുണ്ടായിരുന്ന ഒരു പ്രാചീന എഴുത്തുരീതിയാണു ഗ്രന്ഥലിപി.മലയാളലിപിയുടെ ഉത്ഭവം ഗ്രന്ഥലിപിയിൽ നിന്നാണെന്നു കരുതപ്പെടുന്നു.ഗ്രന്ഥാക്ഷരം, ആര്യ എഴുത്ത് എന്നീ പേരുകളും ഈ ലിപിക്കുണ്ട്. ബ്രാഹ്മിലിപിയിൽ നിന്നാണ് ഗ്രന്ഥലിപിയുടെയും ഉദ്ഭവം. ഗ്രന്ഥലിപിക്ക് രണ്ടു വകഭേദങ്ങളുണ്ട് - പശ്ചിമ ഗ്രന്ഥലിപിയും പൂർവഗ്രന്ഥലിപിയും. ചോളപാണ്ഡ്യകാലത്ത് ഗ്രന്ഥലി പശ്ചിമഭാഗമായ കേരളത്തിലേക്കു വ്യാപിക്കുകയും കാലക്രമത്തിൽ അത് രൂപഭേദം വന്ന് പശ്ചിമഗ്രന്ഥലിപിയായി മാറുകയും ചെയ്തു. തുളുവും മലയാളവും എഴുതുവാൻ ഉപയോഗിക്കുന്നതുകൊണ്ട് അതിനെ തുള മലയാളമെന്നും ആര്യഭാഷയായ സംസ്കൃതം എഴുതുവാൻ ഉപയോഗിക്കുന്നതു കൊണ്ട് ആര്യഎഴുത്ത് എന്നും ഗ്രന്ഥലിപിക്ക് പേരുകൾ ഉണ്ടായിരുന്നു.  ഗ്രന്ഥലിപിയിൽ നിന്നാണ് ആധുനിക മലയാള ലിപി രൂപം കൊണ്ടത്.

ഇന്നത്തെ മലയാളലിപി, ബ്രാഹ്മി ലിപിയിൽനിന്ന് രൂപപ്പെട്ട ഗ്രന്ഥ ലിപി പരിണമിച്ചുണ്ടായതാണ്. ആദ്യകാല മലയാളം, സംസ്കൃതം, തമിഴ് എന്നിവയാൽ ഏറെ സ്വാധീനിക്കപ്പെട്ടിരുന്നു. തുഞ്ചത്ത് എഴുത്തച്ഛൻ മലയാളഭാഷ എഴുതുന്നതിന് ആര്യ എഴുത്തുപയോഗിക്കുകയും അന്നുമുതൽ ക്രമേണ ഈ ലിപിയിൽ തന്നെ മലയാളം പ്രചരിക്കുകയും ചെയ്തു. ഈ എഴുത്തുശൈലി പൊതുവെ മലയാളം എഴുതുവാൻ സ്വീകാര്യമവുകയും ചെയ്തു.19-ാം ശതകത്തിൻറെ മധ്യഘട്ടത്തിൽ അച്ചടി ഇന്ത്യയിലൊട്ടാകെ വ്യാപിച്ചതോടെ അന്ന് നിലവിലിരുന്ന എല്ലാ ഭാരതീയലിപികൾക്കും ഘടനയിലും,രൂപത്തിലും വ്യത്യാസംവരാതെ അച്ചടി രൂപം കൈവന്നു. ഗ്രന്ഥലിപിയിൽനിന്നും വട്ടെഴുത്തിൽ നിന്നും സ്വീകരിച്ച അക്ഷരങ്ങളുള്ള മലയാളം അച്ചടിക്കുവാൻ തുടങ്ങിയപ്പോൾ നിലവിലിരുന്ന ആ അക്ഷരരൂപങ്ങൾക്ക് അച്ചുണ്ടാക്കുകയും അത് ഇന്നും തുടർന്ന് പോരുകയും ചെയ്യുന്നു. 1971-ൽ കേരളസർക്കാർ ഒരു ചെറിയ ലിപി പരിഷ്കാരം നടത്തി. ആദ്യകാല ലിപിയെക്കാൾ കുറെക്കൂടി രേഖീകൃതരീതിയിലുള്ളതായിരുന്നു ഇത്. മലയാളഭാഷയിൽ ഏകീകൃത ലിപിവിന്യാസം രൂപപ്പെടുത്തുന്നതിനും 1971-ലെ ലിപിപരിഷ്കരണ ഉത്തരവ് പുനഃപരിശോധിക്കുന്നതിനും സംസ്ഥാനസർക്കാർ തീരുമാനിച്ചിരിക്കുകയാണ്.  27.8.2021-ൽ ചേർന്ന ഔദ്യോഗികഭാഷ സംബന്ധിച്ച് സംസ്ഥാനതലസമിതിയുടെ ശിപാർശയുടെ അസ്ഥാനത്തിലാണ് സർക്കാർ ഈ തീരുമാനത്തിലെത്തിയത്.

 ഉള്ളൂർ എസ്. പരമേശ്വരയ്യർ: കേരളസാഹിത്യചരിത്രം.
എ.ആർ. രാജാരാജവർമ്മ: കേരള പാണിനീയം
ഡോ. കെ. ഗോദവർമ്മ: കേരള ഭാഷാവിജ്ഞാനീയം

റേഡിയോമലയാളം, മലയാളനിഘണ്ടുമലയാളം ശ്രേഷ്ഠഭാഷാപദവിയിൽ,മലയാളലിപി, വട്ടെഴുത്ത് , കോലെഴുത്ത്മലയാൺമ,മലയാളം അക്ഷരമാല,മലയാള ലിപികളുടെ രൂപകല്പന, കേരളത്തിലെ അച്ചടി ചരിത്രംആദ്യകാല അച്ചടിശാലകൾ,19-ാം നൂറ്റാണ്ടിലെ അച്ചടിശാലകൾ

സാഹിത്യം  

നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള മേഖലയാണ് മലയാള സാഹിത്യം. കേരളത്തിന്റെ മാതൃഭാഷയായ മലയാളത്തിൽ രചിക്കപ്പെട്ട കൃതികൾ വിശ്വസാഹിത്യലോകത്തിന് നൽകിയിരിക്കുന്ന സംഭാവനകൾ അനവധിയാണ്.  മലയാള സാഹിത്യത്തിൽ  കവിത, ഗദ്യം,നാടകം തുടങ്ങിയവ ഉൾക്കൊള്ളുന്നു. ചെറുശ്ശേരി,എഴുത്തച്ഛൻ, കുഞ്ചൻ നമ്പ്യാർ എന്നി പ്രാചീന കവിത്രയത്തിൽ ആരംഭിക്കുന്ന മലയാള സാഹിത്യത്തിന്റെ യാത്ര ആധുനികവും കടന്ന് ഉത്തരാധുനികത്തിലെത്തി നിൽക്കുമ്പോൾ സാഹിത്യലോകത്തിൽ മുഖമുദ്ര പതിപ്പിച്ചുകഴിഞ്ഞു മലയാള സാഹിത്യം. 

മലയാള സാഹിത്യത്തെക്കുറിച്ചു അറിയാൻ

മലയാള സാഹിത്യം,കവിത,പാട്ട്,മണിപ്രവാളം,വടക്കൻ-തെക്കൻ പാട്ടുകൾ,ആട്ടക്കഥ- തുള്ളൽ സാഹിത്യം,കൊടുങ്ങല്ലൂർക്കളരി,മലയാള കാവ്യശില്പികൾ,മലയാളകാവ്യരംഗം സുവർണ്ണകാലത്തിലേക്ക്,മലയാള നോവൽ സാഹിത്യം,മലയാളചെറുകഥ,ചെറുകഥ: ഒന്നാംഘട്ടം,ചെറുകഥ: രണ്ടാംഘട്ടം,ചെറുകഥയുടെ സുവർണ്ണകാലം,മലയാള നാടകസാഹിത്യം,മലയാള സാഹിത്യവിമർശനം,സഞ്ചാരസാഹിത്യം, ജീവചരിത്രം/ആത്മകഥ സാഹിത്യം, ബാലസാഹിത്യം , വൈജ്ഞാനികസാഹിത്യം

മലയാള സാഹിത്യ പുരസ്‌കാരങ്ങൾ

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 15-07-2023

ലേഖനം നമ്പർ: 1122

sitelisthead