കേരളീയ ഭക്ഷണം

കേരളത്തിന്റെ സമ്പന്നമായ കാർഷിക പാരമ്പര്യം, തീരദേശ സംസ്കാരം, ഭൂമിശാസ്ത്ര സവിശേഷതകൾ, സാമൂഹിക ജീവിതരീതി എന്നിവയുടെ സമന്വയമാണ് കേരളീയ ഭക്ഷണ സംസ്കാരം. അരി, നാളികേരം, കുരുമുളക്, ഏലം, ഗ്രാമ്പൂ, ഇഞ്ചി തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളും കാർഷിക വിളകളും കേരളീയ ഭക്ഷണത്തിന്റെ പ്രധാന ഘടകങ്ങളാണ്. ഇവ കേരളത്തിന്റെ കാർഷിക സമ്പദ്‌വ്യവസ്ഥയിലും ഭക്ഷ്യപാരമ്പര്യത്തിലും നിർണായക സ്ഥാനമാണ് വഹിക്കുന്നത് (Kerala Economic Review, State Planning Board, 2024).

കേരളത്തിന്റെ ഭൗമശാസ്ത്രപരമായ വൈവിധ്യം വിവിധ ഭക്ഷണരീതികളുടെ വളർച്ചയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്. മലനിരകൾ, താഴ്വരകൾ, തീരപ്രദേശങ്ങൾ, കായലുകൾ എന്നിവയുടെ സ്വാധീനത്തിൽ വിവിധ പ്രദേശങ്ങളിൽ വ്യത്യസ്തമായ ഭക്ഷണരീതികൾ രൂപപ്പെട്ടിട്ടുണ്ട്. കിഴങ്ങുവിളകൾ, പച്ചക്കറികൾ, ധാന്യങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുടെ സമന്വയമാണ് കേരളത്തിലെ പരമ്പരാഗത ഭക്ഷണരീതി (Kerala Economic Review, 2024).

കേരളത്തിന്റെ നീണ്ട തീരപ്രദേശങ്ങൾ കടൽ വിഭവങ്ങളുടെ സമൃദ്ധി ഉറപ്പാക്കുന്നു. അറബിക്കടലും വ്യാപകമായ കായൽ വ്യവസ്ഥകളും സംസ്ഥാനത്തെ മത്സ്യബന്ധന മേഖലയെ ശക്തിപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് മത്സ്യബന്ധനം ഒരു പ്രധാന തൊഴിൽ മേഖലയാണ്. പുതിയ മത്സ്യങ്ങളുടെയും മറ്റ് സമുദ്രവിഭവങ്ങളുടെയും ലഭ്യത കേരളീയ പാചകരീതിയെയും ഭക്ഷണ സംസ്കാരത്തെയും ഗണ്യമായി സ്വാധീനിച്ചിട്ടുണ്ട്. 2023–24 കാലഘട്ടത്തിൽ കേരളത്തിലെ മത്സ്യ ഉൽപാദനം ഏകദേശം 7 ലക്ഷത്തിലധികം ടൺ ആയിരുന്നു (Economic Review, Kerala State Planning Board, 2024; Department of Fisheries, Government of Kerala, 2024).

കേരളത്തിലെ സുഗന്ധവ്യഞ്ജനങ്ങൾ ലോകപ്രശസ്തമാണ്. കുരുമുളക്, ഏലം, ഗ്രാമ്പൂ, ജാതിക്ക തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ കേരളീയ ഭക്ഷണത്തിന് പ്രത്യേക സവിശേഷത നൽകുന്നു. ഇന്ത്യയിലെ പ്രധാന സുഗന്ധവ്യഞ്ജന  ഉൽപാദന സംസ്ഥാനങ്ങളിൽ ഒന്നായ കേരളം രാജ്യത്തിന്റെ മസാല കയറ്റുമതിയിലും പ്രധാന പങ്ക് വഹിക്കുന്നു (Spices Board of India, 2024; Economic Review, 2024).

കേരളത്തിലെ മലനിരകളിൽ വളരുന്ന തേയിലയും കാപ്പിയും സംസ്ഥാനത്തിന്റെ ഭക്ഷ്യസംസ്കാരത്തിലും സമ്പദ്‌വ്യവസ്ഥയിലും വലിയ സ്വാധീനമുണ്ടാക്കിയിട്ടുണ്ട്. ഇടുക്കി, വയനാട് തുടങ്ങിയ ജില്ലകൾ തേയിലയും കാപ്പിയുമുള്ള പ്രധാന ഉൽപാദന കേന്ദ്രങ്ങളാണ് (Tea Board of India, 2024; Coffee Board of India, 2023; Economic Review, 2024).

സമീപകാലത്ത് ആരോഗ്യകരമായ ഭക്ഷണരീതികൾ പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സർക്കാർ വിവിധ പദ്ധതികളും നടപ്പിലാക്കി വരുന്നു. മില്ലറ്റ് കൃഷിയും ഉപയോഗവും പ്രോത്സാഹിപ്പിക്കുന്നതിനായി കേരള മില്ലറ്റ് മിഷൻ ആരംഭിച്ചിട്ടുണ്ട്, ഇത് പോഷകസമൃദ്ധമായ പരമ്പരാഗത ധാന്യങ്ങളുടെ ഉപയോഗം വർധിപ്പിക്കുന്നതിന് സഹായിക്കുന്നു (Government of Kerala, 2023; Economic Review, 2024).

അതുപോലെ, സുഭിക്ഷ കേരളം പദ്ധതി പ്രാദേശിക ഭക്ഷ്യോൽപാദനം വർധിപ്പിക്കുകയും പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുകയും ചെയ്ത് സംസ്ഥാനത്തിന്റെ ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുകയാണ് (Government of Kerala, 2022; Economic Review, 2024).

പാരമ്പര്യവും വൈവിധ്യവും ഒരുപോലെ ഇടകലർന്ന കേരളീയ ഭക്ഷണരീതി ഇന്നും സാമൂഹികജീവിതത്തിന്റെ പ്രധാന ഘടകമായി തുടരുന്നു. സസ്യാഹാരവും മാംസാഹാരവും ഉൾക്കൊള്ളുന്ന വിഭവങ്ങൾ, സുഗന്ധവ്യഞ്ജനങ്ങളുടെ വ്യാപകമായ ഉപയോഗം, കടൽവിഭവങ്ങളുടെ വൈവിധ്യം എന്നിവ കേരളീയ ഭക്ഷണത്തിന് പ്രത്യേകത നൽകുന്നു. ഭക്ഷണം മലയാളികളുടെ ജീവിതത്തിൽ രുചിയുടെ അനുഭവമാത്രമല്ല, സാമൂഹികവും സാംസ്കാരികവുമായ ഒരു അനുഭവം കൂടിയാണ് (Kerala Tourism Department, 2024; Economic Review, 2024).

കേരളത്തിന്റെ സസ്യ-മാംസ വിഭവ വൈവിധ്യങ്ങളും പാചകരീതികളും കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെ പ്രധാന ഭാഗമായാണ് കണക്കാക്കപ്പെടുന്നത്.

കേരളത്തിന്റെ സസ്യ-മാംസ ഭക്ഷണ വെെവിധ്യങ്ങളെക്കുറിച്ച് കൂടുതൽ അറിയാം:കേരളീയ ഭക്ഷണം

 

 

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 09-03-2026

ലേഖനം നമ്പർ: 1114

sitelisthead