പ്രാചീന കായിക വിനോദങ്ങൾ

ഗോലി കളി

പ്രാചീന ഇന്ത്യയിൽ നിലനിന്നിരുന്ന കളിയാണ് ​ഗോലികളി. ഹാരപ്പൻ നാ​ഗരികതയിലാണ് ​ഗോലികളി രൂപം പ്രാപിച്ചതെന്നാണ് വിവരം.  പല സൈന്യങ്ങളും യുദ്ധതന്ത്രം പഠിപ്പിക്കുന്നതിന് ഗോലികളി ഉപയോഗിച്ചിരുന്നുവെന്നുള്ളത് ചരിത്രം.ഇന്ത്യയിലുടനീളം കളിക്കുന്ന ഗോലികളിക്ക് വിവിധ സ്ഥലങ്ങളിൽ വിവിധ തരത്തിലുള്ള നിയമങ്ങളാണ് ഉണ്ടായിരുന്നത്. ഗോലി കളിക്കുന്നതിലൂടെ ഏകാഗ്രത, ഉന്നം, മെയ്വഴക്കം എന്നീ കഴിവുകൾ വർദ്ധിക്കുന്നു. പുരുഷൻമാർക്കും, വനിതകൾക്കും കളിക്കാം. ഈ കളിയുടെ പരിണാമം ഗോൾഫും ബില്ല്യാഡ്സുമായി സാമ്യപ്പെട്ടിരിക്കുന്നു. ഇന്നും ചിലയിടങ്ങളിൽ ​ഗോലി കളി നിലനിൽക്കുന്നുണ്ട്. 

അക്ക് കളി

ഒരു കാലത്ത് കുട്ടികൾക്കിടയിൽ സജീവമായിരുന്ന കളിയാണ് അക്ക് കളി.  ഹൃദയത്തിനും രക്തധമനികൾക്കും (കാർഡിയോ വാസ്‌കുലർ) യോജിച്ച ഒരു വ്യായാമമാണിത്. ഈ കളിക്ക് ഏകീകൃതമായ ഒരു നിയമാവലിയില്ല. ആദ്യ കളിക്കാരൻ അക്ക് / നാണയം ആദ്യത്തെ ചതുരത്തിലുള്ള കളത്തിൽ ഇടുന്നു. ഇപ്രകാരം അക്കിടുമ്പോൾ ചതുരത്തിനുള്ളിൽ പൂർണ്ണമായും വീഴേണ്ടതാണ്. അതിർവരമ്പുകളിൽ തൊടുകയോ ചതുരത്തിൽ നിന്ന് തെറിച്ചു പോകുകയോ ചെയ്യരുത്. ഒരു ലൈനിലും ചവിട്ടാതെ ഹോപ്പ് ചെയ്ത് എല്ലാ കോളത്തിലൂടെ പുറത്തേക്ക് വരുമ്പോൾ ആ ടീമിന് പോയിന്റ് ലഭിക്കുന്നു. കൂടുതൽ പോയിന്റ് ലഭിക്കുന്ന ടീം വിജയിക്കുന്നു.  ശാരീരിക നിയന്ത്രണം, ശാരീരിക സന്തുലിതാവസ്ഥ, കായിക പേശീബലം, സമതുലനാവസ്ഥ, സ്ഥലം സംബന്ധിച്ച് അറിവ്, കണ്ണും കൈയും തമ്മിലുള്ള ഏകീകരണം എന്നിവ ഈ കളിയിലൂടെ ലഭ്യമാകുന്നു.

കുട്ടിയും കോലും

ക്രിക്കറ്റിനോട് സാമ്യമുള്ള കളിയാണ് കുട്ടിയും കോലും. ഇരുവശത്തും രണ്ടിലേറെ കളിക്കാർ കളിക്കാവുന്ന കളിയാണിത്. ഒരു വശത്ത് അഞ്ച് കളിക്കാരാണ് ഏറ്റവും ഉചിതം. നിശ്ചിതസമയപരിധിയ്ക്കുള്ളിൽ ഏറ്റവുമധികം പോയിന്റ് നേടുകയെന്നതാണ് കളിയുടെ നിയമം. കേരളത്തിൽ ഇതിനെ കുട്ടിയും കോലും എന്ന് പറയുമ്പോൾ മറ്റ് സംസ്ഥാനങ്ങളിൽ വിവിധ പേരുകളിൽ അറിയപ്പെടുന്നു.  ഒരു കളിക്കാരൻ നീളമുള്ള കോൽ ഉപയോഗിച്ച് ചെറിയ വടിയെ (കുട്ടി) എതിർടീമിലെ ഫീൽഡർമാരുടെ നേർക്ക് അടിച്ച് തെറിപ്പിക്കുന്നു. ഇങ്ങനെ തെറിപ്പിക്കുന്ന കുട്ടി നിലംതൊടും മുൻപേ ഫീൽഡർമാർ പിടിച്ചാൽ കളിക്കാരൻ പുറത്താവുന്നു. അടിച്ചു തെറിപ്പിക്കുന്ന കുട്ടി, നിലത്ത് തൊട്ടാൽ, ഫീൽഡർമാർ ആ കുട്ടി എടുത്ത് കളിക്കാരനു നേരെ എറിയുന്നു. കളിക്കാരൻ കുട്ടിയെ അടിച്ചു തെറിപ്പിക്കുന്നു. ഫീൽഡർമാർ കുട്ടിയെ പിടിച്ചെടുത്താൽ കളിക്കാരൻ പുറത്താവുന്നു. അതല്ല കുട്ടി മൈതാനത്ത് വീഴുന്നുവെങ്കിൽ, നീളമുള്ള വടി (കോൽ) ഉപയോഗിച്ച് കുട്ടി വീണ സ്ഥലം മുതൽ കുഴി വരെ അളക്കുന്നു. അളവുകളുടെ ദൈർഘ്യവ്യത്യാസം മൽസരവിജയികളെ നിശ്ചയിക്കുന്നു.

സെവന്റീസ്‌

ഏറ്റവും എളുപ്പത്തിൽ പഠിക്കാവുന്നതും ഏറ്റവും ആവേശകരവുമായ ഇന്ത്യൻ പാരമ്പര്യ തെരുവുകളികളിൽ കളിച്ചിരുന്ന ഒരു കായിക വിനോദമാണ് സെവന്റീസ്.  ആറ് അല്ലെങ്കിൽ ഏഴ് കളിക്കാർ ഒരു സൈഡിൽ എന്ന കണക്കാണ് ഉചിതം. എറിയുന്ന ടീം കൂനയായി അടുക്കി വച്ചിരിക്കുന്ന ഓടുകളെ പന്തുകൊണ്ടെറിയുന്നു. ഒരു ടീമിന് മൂന്ന് ചാൻസ് ലഭിക്കും. ഇപ്രകാരം അടുക്കി വച്ചിരിക്കുന്ന ഓടിന്റെ കൂന എറിഞ്ഞിളക്കിയാൽ, എറിയുന്ന ടീം ഓടുകൾ വീണ്ടും അടുക്കി വയ്ക്കണം. അടുക്കുമ്പോൾ എതിർ ടീമിന്റെ ഫീൽഡർമാർ എറിയുന്ന പന്ത് ഏതെങ്കിലും കളിക്കാരന്റെ ശരീരത്തിൽ പതിച്ചാൽ ടീം പുറത്താവുന്നു. പന്തെറിയുമ്പോൾ എതിരാളിയുടെ തലയിലോ മുട്ടിനു താഴെയോ കൊള്ളുന്നത് വിലക്കിയിട്ടുണ്ട്.


കിളിത്തട്ട് 

ഏറ്റവുമധികം വെല്ലുവിളിയുള്ള ഇന്ത്യൻ പാരമ്പര്യ കളിയാണിത്. സാധാരണ ജനങ്ങൾക്കുള്ള സൈനിക വ്യായാമം എന്ന രീതിയിൽ പ്രാചീന കേരളത്തിലാണ് കിളിത്തട്ട് കളി ആരംഭിക്കുന്നത്. ആയോധനകലയായ കളരിപ്പയറ്റിന്റെ സ്വഭാവമുള്ള കളിയാണിത്. പ്രത്യേകം തയ്യാറാക്കിയ കളിക്കളം, ചതുരാകൃതിയിലുള്ള കോളങ്ങളും, മാർക്കിംനുമായി വേർതിരിക്കപ്പെട്ടിരിക്കുന്നു. എല്ലായിടത്തും ഒരേ നിയമം തന്നെ. ഒരു ടീമോ അല്ലെങ്കിൽ ഏതെങ്കിലും ഒരു ടീം മെമ്പറോ എതിരാളികളാൽ സംരക്ഷിക്കപ്പെടുന്നു. അങ്കണം ക്രോസ് ചെയ്യണം. ഇപ്രകാരം ചെയ്യുമ്പോൾ എതിരാളികളാൽ തടയപ്പെടുകയോ / അടികിട്ടുകയോ അരുത്. കൂടുതൽ പോയിന്റ് ലഭിക്കുന്ന ടീം വീജയിക്കുന്നു. ഇപ്പോൾ കിളിതട്ടിന് ഫെഡറേഷനും, അസോസിയേഷനും നിലവിലുണ്ട്. നിയമങ്ങളും, അളവുകളുമായി പ്രത്യേക കായിക ഇനമായി കളിക്കുന്നു. 

ഏറുപന്ത്‌

ഡോട്ജ് ബാൾ, സെവൻ മാർബിൾസ് എന്നീ കളികളോട് സാമ്യമുള്ള സ്വഭാവമാണ് ഈ കളി. എന്നാൽ അവയെക്കാളും ആക്രമസ്വഭാവമുള്ളതും കളിക്കാൻ കൂടുതൽ ചുറുചുറുക്കോടു കൂടിയവരും ആയിരിക്കും. ഏറ് പന്ത് കളിക്ക് അത്ലറ്റിക്സ് ശരീര ഘടനയുള്ളവർക്കാണ് കൂടുതൽ ആഭികാമ്യം. തുടക്കത്തിൽ രണ്ട് ടീമും രണ്ട് വരികളായി അഭിമുഖമായി നിൽക്കുന്നു. റഫറി പന്ത് ആകാശത്തേക്ക് എറിയുന്നു. പന്ത് ലഭ്യമാക്കുന്ന ടീം എതിർ ടീമിലെ കളിക്കാരെ പന്തു കൊണ്ടെറിയുന്നു. എറിയുമ്പോൾ എതിരാളിയുടെ തലയിലോ മുട്ടിനു താഴെയോ എറിയുവാൻ പാടില്ല. എതിർ ടീമിലെ കളിക്കാരെ എറു കൊള്ളിക്കുന്ന ടീമിന് പോയിന്റ് ലഭിക്കുന്നു. നിശ്ചിത സമയ പരിധിയ്ക്കുള്ളിൽ കൂടുതൽ പോയിന്റ് ലഭിക്കുന്ന ടീമിനെ വിജയായി പ്രഖ്യാപിക്കുന്നു.

നാടൻ പന്തുകളി / തലപന്തുകളി

ക്രിക്കറ്റ്, ഫുട്ബോൾ, വോളിബോൾ എന്നിവയുടെ ചില ഗുണങ്ങൾ ഒത്തു ചേർന്ന കളിയാണ് നാടൻ പന്തുകളി. ആദ്യം കളിക്കുന്ന കളിക്കാരൻ പന്ത് ഫീൽഡിൽ ടീമിനു നേരെ എറിയുന്നു. ഫീൽഡർ പന്തു പിടിക്കുകയോ മൈതാനത്തിനു വെളിയിലേക്ക് തൊഴിച്ചു കളയുകയോ ചെയ്താൽ കളിക്കാരൻ പുറത്താവുന്നു. ഇപ്രകാരമാണ് കളിക്കാരന് സ്‌കോർ ലഭിക്കുന്നത്. (ഉപ്പ് എന്ന് ടോട്ടൽ സ്‌കോറിനെ പറയും.)

ഡോട്ജ് ബാൾ

രണ്ട് ടീമുകളായി തിരിക്കും. ഓരോ ടീമിലും തുല്യ നമ്പരുകൾ ഉള്ള ഗ്രൂപ്പുകളാണ്. ഒരു ഗ്രൂപ്പ് കളിക്കാർ വട്ടത്തിന് പുറത്ത് നിലയുറപ്പിക്കും. അടുത്ത ഗ്രൂപ്പ് വട്ടത്തിന് ഉള്ളിൽ നിലയുറപ്പിക്കും. വട്ടത്തിന് പുറത്തുള്ള കളിക്കാർ ബോൾ മുട്ടിന് താഴെ കൊള്ളിക്കുക. അകത്തുള്ള കളിക്കാർ ബോളിന്റെ ഏറ് കൊള്ളാതെ തെന്നിമാറുകയോ, ചാടുകയോ, ഓടുകയോ ചെയ്യാം. നേരിട്ട് കാൽമുട്ടിന് താഴെ എറിഞ്ഞത് കൊണ്ടാൽ ആ കളിക്കാരൻ പുറത്താകും. അവസാനത്തെ കളിക്കാരൻ സർക്കിൾ ഉള്ളത് വരെ കളിക്കാം. അടുത്ത ഭാഗം പുറത്തുള്ള കളിക്കാർ അകത്ത് കയറുകയും വട്ടത്തിന് അകത്തുള്ള കളിക്കാർ പുറത്ത് നിന്ന് എറിയുകയും ചെയ്യുന്നതാണ് രീതി.നിശ്ചയിച്ച സമയത്തിന് മുമ്പ് കൂടുതൽ അംഗങ്ങളെ എറിഞ്ഞ് പുറത്താക്കുക. അതിൽ കൂടുതൽ പോയിന്റ് ലഭിക്കുന്ന ടീം വിജയിച്ചതായി പ്രഖ്യാപിക്കും.ഈ കായിക ഇനം ഇപ്പോൾ ദേശീയ സ്‌കൂൾ തലത്തിൽ കളിക്കുന്നു. ഇതിനായി പ്രത്യേക നിയമങ്ങളും അളവുകളും നിലവിലുണ്ട്.
 

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 18-07-2022

ലേഖനം നമ്പർ: 665

sitelisthead