കോട്ടകൾ/കൊട്ടാരങ്ങൾ
പത്മനാഭപുരം കൊട്ടാരം
തിരുവിതാംകൂർ രാജാക്കന്മാരുടെ ഭരണകേന്ദ്രവും മഹാരാജാവിന്റെ വാസസ്ഥലവും ആയിരുന്നു പത്മനാഭപുരം കൊട്ടാരം. സംസ്ഥാന വിഭജനത്തിൽ തമിഴ്‌നാട്ടിൽ ആണ് ഇപ്പോഴിത്. തിരുവനന്തപുരത്തു നിന്ന് 65 കിലോമീറ്റർ അകലെ തക്കലയിൽ ആണ് ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. മരവും കല്ലും ഉപയോഗിച്ചുളള കേരളീയ വാസ്തുകലയുടെ മനോഹര നിർമ്മിതിയാണ് പത്മനാഭപുരം കൊട്ടാരം. കേരള സർക്കാരിന്റെ കീഴിലുള്ള കൊട്ടാരം പുരാവസ്തു വകുപ്പ് മികച്ച രീതിയിലാണ് സംരക്ഷിക്കുന്നത്. വാസ്തു നിർമ്മിതികളുടെ സവിശേഷത, ചുവർചിത്രങ്ങളുടെ രൂപ ലാവണ്യം, സരസ്വതീ ദേവിക്കായി സമർപ്പിച്ച സപ്തസ്വരം ഉതിർക്കുന്ന ശിലാസ്തംഭങ്ങളോടെയുള്ള സരസ്വതീ മണ്ഡപവും ക്ഷേത്രവും, അമ്മച്ചി കൊട്ടാരം, മഹാറാണിയുടെ ശയനമുറി തുടങ്ങി സന്ദർശകരെ വരവേൽക്കുന്ന അത്ഭുതങ്ങൾ ഏറെയാണ്. തിരുവിതാംകൂർ ചരിത്രത്തോടു ബന്ധപ്പെട്ട ഒരു മ്യൂസിയവും ഈ കൊട്ടാരത്തിൽ കേരള പുരാവസ്തു വകുപ്പ് ഒരുക്കിയിട്ടുണ്ട്.
കോയിക്കൽ കൊട്ടാരം, തിരുവനന്തപുരം
വേണാട് രാജവംശത്തിലെ ഉമയമ്മ റാണിക്കു വേണ്ടി 1677 - 1684 കാലത്ത് നിർമ്മിച്ചതാണ് നെടുമങ്ങാട്ടെ കോയിക്കൽ കൊട്ടാരം. ഇന്ന് നാടൻ കലാമ്യൂസിയം, പുരാതന നാണ്യശേഖര മ്യൂസിയം എന്നിവയ്ക്കു പ്രസിദ്ധമാണ്. കേരളത്തിന്റെ പൗരാണിക ചരിത്രത്തിലേക്കു വെളിച്ചം വീശുന്നതാണ് ഇവിടത്തെ പുരാവസ്തു ശേഖരം. വള്ളത്തിന്റെ ആകൃതിയിൽ വളഞ്ഞ മേൽക്കൂരയുള്ള രണ്ടു നിലകളുള്ള കെട്ടിടമാണ് ഈ കൊട്ടാരം. 1992-ലാണ് ഇവിടെ നാടൻകലാ മ്യൂസിയം ആരംഭിച്ചത്. കേരളത്തിൽ ഉപയോഗിച്ചിരുന്ന സംഗീതോപകരണങ്ങൾ, നിത്യോപയോഗ വസ്തുക്കൾ, നാടൻകലകളുടെ മാതൃകകൾ, അവയുടെ വേഷവിധാനങ്ങളും ആഭരണങ്ങളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ചന്ദ്രവളയം എന്ന സംഗീത ഉപകരണം കേരളത്തിൽ പ്രദർശിപ്പിച്ചിട്ടുള്ളത് ഇവിടെ മാത്രമാണ്. രാമകഥാപ്പാട്ട് അവതരിപ്പിക്കുമ്പോൾ താളമിടാൻ ഉപയോഗിക്കുന്നതാണ് ഈ ചന്ദ്രവളയം. ഭഗവാൻ ശ്രീരാമന്റെ കഥ നാടൻപാട്ടു രൂപത്തിൽ ചൊല്ലി അവതരിപ്പിക്കുന്ന വാമൊഴി കലാരൂപമാണ് രാമകഥാപ്പാട്ട്. തിരുവിതാംകൂർ രാജകുടുംബാംഗങ്ങൾ പണ്ടു കാലത്ത് ഉപയോഗിച്ചു വന്ന ആടയാഭരണങ്ങളും പട്ടുവസ്ത്രങ്ങളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. താളിയോലകളുടെ ശേഖരവും പ്രദർശനത്തിനുണ്ട്.
കുതിരമാളിക കൊട്ടാരം
തിരുവനന്തപുരത്ത് ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിനു അടുത്താണ് കേരളീയ വാസ്തു ശില്പകലക്ക് നിദർശനമായ കുതിരമാളിക കൊട്ടാരം. 1840-ൽ മഹാരാജാവായിരുന്ന സ്വാതി തിരുനാൾ ബാലരാമവർമ്മയാണ് ഈ കൊട്ടാരം നിർമ്മിച്ചത്. കർണ്ണാടക സംഗീതത്തിന് സ്വന്തം കൃതികളിലൂടെ സമൃദ്ധമായ സംഭാവന നൽകിയ സ്വാതി തിരുനാൾ നിർമ്മിച്ച ഈ കൊട്ടാരത്തിനോടു ചേർന്ന നവരാത്രി മണ്ഡപത്തിലാണ് എല്ലാവർഷവും അദ്ദേഹത്തെ ഓർമ്മിച്ച് നവരാത്രി സംഗീതോത്സവം നടത്തുന്നത്. നവരാത്രി മണ്ഡപം സ്ഥിതിചെയ്യുന്ന കെട്ടിടത്തിലൂടെയാണ് ഇന്ന് കുതിരമാളികയിലേക്കു പ്രവേശനം. നവരാത്രി സംഗീതോത്സവത്തിലൂടെ കീർത്തി കേട്ട ഈ കൊട്ടാരം ഇന്നൊരു മ്യൂസിയം കൂടിയാണ്. വീട്ടി, തേക്ക്, മാർബ്ൾ, കരിങ്കല്ല് എന്നിങ്ങനെ വ്യത്യസ്ത നിർമ്മാണവസ്തുക്കളുടെ മനോഹരമായ സങ്കലനത്തിലൂടെ നാലുകെട്ടിന്റെ ശൈലിയിൽ രണ്ടുനിലയിൽ തീർത്തതാണ് ഈ കൊട്ടാരം. മരത്തിൽ തീർത്ത 122 കുതിരമുഖമുള്ള ശില്പം ചാർത്തിയതാണ് ഇതിന്റെ കഴുക്കോലുകൾ. അതുകൊണ്ടു തന്നെ കുതിരമാളിക എന്നു പേരും കിട്ടി.
കിളിമാനൂർ കൊട്ടാരം
ലോക പ്രശസ്ത ചിത്രകാരനായിരുന്ന രവിവർമ്മയുടെ ജന്മഗൃഹമാണ് തിരുവനന്തപുരത്തെ കിളിമാനൂർ കൊട്ടാരം. അഞ്ചാം വയസ്സു മുതൽ ഈ ചുവരുകളിലാണ് കരിക്കഷണം കൊണ്ട് അദ്ദേഹം ചിത്രമെഴുത്ത് തുടങ്ങിയത്. മുതിർന്ന ശേഷം ചിത്രരചനയ്ക്കായി ഉപയോഗിച്ചിരുന്ന പുത്തൻ മാളികയും അദ്ദേഹത്തിന്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിരുന്ന ചിത്രശാലയും സംരക്ഷണത്തിന്റെ ഭാഗമായി നവീകരിച്ചു കൊണ്ടിരിക്കുന്നു. പതിനഞ്ച് ഏക്കറിൽ കേരളീയ ശൈലിയിലുളള നാലുകെട്ടും കുളങ്ങളും കാവുമെല്ലാം ചേർന്നതാണ് നാനൂറോളം വർഷം പഴക്കമുളള ഈ കൊട്ടാരം.
അഞ്ചുതെങ്ങ് കോട്ട
ഈസ്റ്റിന്ത്യാ കമ്പനി കേരളവുമായി നടത്തിയ ആദ്യ വ്യാപാര ഉടമ്പടിയുടെ പ്രതീകമായാണ് ചരിത്രത്തിൽ അഞ്ചുതെങ്ങ് കോട്ടയുടെ സ്ഥാനം. വ്യാപാര ആവശ്യത്തിനായി ഇംഗ്ലീഷുകാർക്ക് ആറ്റിങ്ങൽ റാണി നൽകിയ സ്ഥലമായിരുന്നു അഞ്ചുതെങ്ങ്. അഞ്ച് തെങ്ങ് നിന്നിരുന്ന കരപ്രദേശമായിരുന്നതിനാലാണ് ആ പേര് വന്നതെന്ന് കരുതുന്നു. അവിടെ പണിത കോട്ടയ്ക്കും അതേ പേര് തന്നെയായി. ഇംഗ്ലീഷുകാർ പണിത ഈ കോട്ട പിന്നീട് പലതവണ വിദേശീയ ആക്രമണത്തിനിരയായി.വർക്കലയിൽ നിന്നും ഏറെ അകലെയല്ല എന്നുളളതും ഇങ്ങോട്ട് സഞ്ചാരികളെ ആകർഷിക്കുന്നു.
കൃഷ്ണപുരം കൊട്ടാരം
ആലപ്പുഴ ജില്ലയിലെ കായംകുളത്ത് സ്ഥിതി ചെയ്യുന്ന ഈ കൊട്ടാരം കായംകുളം രാജവംശത്തിന്റേതായിരുന്നു. കേരളത്തിൽ ഇതുവരെ കണ്ടെത്തിയിട്ടുളളതിൽ വെച്ച് ഏറ്റവും വലിയ ചുവർച്ചിത്രമായ ഗജേന്ദ്രമോക്ഷം കൃഷ്ണപുരം കൊട്ടാരത്തിലാണുളളത്. 49 ചതുരശ്ര മീറ്ററാണ് ഈ ചുവർചിത്രത്തിന്റെ വലിപ്പം. മഹാവിഷ്ണുവിനെയും മറ്റു ദേവഗണങ്ങളെയും തൊഴുന്ന ഒരു ഗജവീരനാണ് ചിത്രത്തിൽ. കായംകുളം രാജവംശത്തിന്റെ കുലദേവതയായിരുന്നു മഹാവിഷ്ണു. കേരളീയവാസ്തുവിദ്യയുടെ ഉദാത്തമായ ശൈലിയാണ് കൃഷ്ണപ്പുരം കൊട്ടാരത്തിന്റെ നിർമ്മിതിയിൽ കാണാനാവുക. ഈ കൊട്ടാരത്തിന്റെ കാലപ്പഴക്കം കൃത്യമായി കണക്കാക്കിയിട്ടില്ല. 18ാം നൂറ്റാണ്ടിൽ പുതുക്കിപ്പണിത കൊട്ടാരം ഇപ്പോൾ പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകങ്ങളിൽ പെടുന്നു.
ടിപ്പുവിന്റെ കോട്ട
ടിപ്പുവിന്റെ കോട്ട എന്നും അറിയപ്പെടുന്ന പാലക്കാട് കോട്ട മനോഹരമായി സംരക്ഷിക്കപ്പെടുന്ന ഒരു ചരിത്രസ്മാരകമാണിത്. 18-ാം നൂറ്റാണ്ടിൽ ഹൈദരാലി പുനർനിർമ്മിച്ച ഈ കോട്ട ബ്രിട്ടീഷ് അധിനിവേശം വരെയും മൈസൂർ രാജാക്കന്മാരുടെ കൈയ്യിലായിരുന്നു. പട്ടാള കേന്ദ്രമായിരുന്ന കോട്ട ബ്രിട്ടീഷ് ഭരണകാലത്ത് സർക്കാർ ഭരണകേന്ദ്രമായി മാറി. തെക്കേ ഇന്ത്യയിൽത്തന്നെ നല്ലരീതിയിൽ സംരക്ഷിക്കപ്പെട്ടിട്ടുളള കോട്ടകളിൽ ഒന്നാണിത്. കോട്ടയോടു ചേർന്നു വിശാലമായ മൈതാനത്തിൽ വിശ്രമത്തിനും സായാഹ്ന നടത്തത്തിനും ധാരാളം പേർ എത്താറുണ്ട്. നിലവിൽ കേന്ദ്ര പുരാവസ്തു വകുപ്പിനാണ് കോട്ടയുടെ സംരക്ഷണച്ചുമതല.
മട്ടാഞ്ചേരി ഡച്ച് കൊട്ടാരം
ഡച്ച് പാലസ് എന്നിയപ്പെടുന്ന മട്ടാഞ്ചേരി കൊട്ടാരം കേരളീയ, കൊളോണിയൽ വാസ്തുശൈലിയിൽ തീർത്ത മനോഹരമായ ഒരു ചരിത്ര സ്മാരകമാണ്. എറണാകുളത്തു നിന്ന് 12 കി. മീ. അകലെ മട്ടാഞ്ചേരിയിലാണിത്. കൊച്ചി മഹാരാജാവായ വീര കേരളവർമ്മയ്ക്കു സമ്മാനമായി നൽകാൻ 1545-ൽ പോർട്ടുഗീസുകാരാണ് ഈ കൊട്ടാരം നിർമ്മിച്ചത്. പിൽക്കാലത്ത് കൊച്ചിയിൽ സ്വാധീനമുറപ്പിച്ച ഡച്ചുകാർ ശ്രദ്ധേയമായ അറ്റകുറ്റപ്പണികൾ നടത്തിയതിനാലാണ് ഇതിനെ ഡച്ചു കൊട്ടാരമെന്ന് വിളിക്കുന്നത്. മധ്യത്തിൽ പരമ്പരാഗത രീതിയിലുള്ള നാലുകെട്ടും, നീണ്ട അകത്തളങ്ങളും ഇരട്ട നിലകളുമുള്ള വലിയ നിർമ്മിതിയാണിത്. കൊച്ചി രാജകുടുംബത്തിന്റെ പരദേവതയായ പഴയന്നൂർ ഭഗവതിയെ ഈ കൊട്ടാരത്തിലെ പൂജാമുറിയിൽ കുടിയിരുത്തിയിട്ടുണ്ടെന്നാണ് വിശ്വാസം.
ചുവർ ചിത്രങ്ങളാൽ സമ്പന്നമാണ് ഈ കൊട്ടാരത്തിലെ വിശാലമായ മുറികൾ. രാമായണം, മഹാഭാരതം എന്നീ ഇതിഹാസങ്ങളിലെ കഥാസന്ദർഭങ്ങളും ഗുരുവായൂർ ക്ഷേത്രത്തിലെ ശ്രീകൃഷ്ണ വിഗ്രഹവും കേരളീയ ചുവർചിത്ര ശൈലിയിൽ ആവിഷ്ക്കരിച്ചിട്ടുണ്ട്. കാളിദാസ നാടകമായ കുമാരസംഭവത്തിലെ ദൃശ്യങ്ങളും ഇവിടെ ആലേഖനം ചെയ്തിട്ടുണ്ട്. ഏകദേശം 300 ചതുരശ്രമീറ്റർ വിസ്തൃതിയുണ്ട് ഈ ചുവർ ചിത്രങ്ങൾക്ക്. 1864 മുതൽ കൊച്ചി വാണ രാജാക്കന്മാരുടെ എണ്ണച്ചായ ചിത്രങ്ങൾ, വാളുകൾ, കൊത്തുപണി ചെയ്ത പിടികളോടു കൂടിയ കഠാരകൾ തുടങ്ങി കിരീടാരോഹണ ചടങ്ങുകൾക്കും മറ്റും ഉപയോഗിക്കുന്ന അലംകൃതമായ കുന്തങ്ങൾ, വെഞ്ചാമരങ്ങൾ എന്നിവയും പ്രദർശിപ്പിച്ചിട്ടുണ്ട്. രാജാവുപയോഗിച്ചിരുന്ന തലപ്പാവുകൾ, കിരീടങ്ങൾ, കൊച്ചി രാജവംശത്തിന്റെ കമ്മട്ടത്തിലടിച്ച നാണയങ്ങൾ, കൊച്ചിക്കായി ഡച്ചുകാർ തയ്യാറാക്കിയ വികസന പദ്ധതിയുടെ രേഖാചിത്രങ്ങൾ എന്നിവയും ഇവിടെ കാണാം.
ചന്ദ്രഗിരിക്കോട്ട
കാസർകോഡ് ജില്ലയിൽ ചന്ദ്രഗിരിപ്പുഴയുടെ തീരത്തായാണ് ചന്ദ്രഗിരിക്കോട്ട സ്ഥിതി ചെയ്യുന്നത്. പതിനേഴാം നൂറ്റാണ്ടിൽ ബേഡന്നൂരിലെ ശിവപ്പ നായിക്കാണ് ഈ കോട്ട പണി കഴിപ്പിച്ചത്. പലരുടെ ഉടമസ്ഥതകൾ കൈമറിഞ്ഞ് ഒടുവിൽ ഈസ്റ്റിന്ത്യാ കമ്പനിയുടെ കൈവശമായിരുന്നു ഈ കോട്ട. കടൽനിരപ്പിൽ നിന്ന് നൂറ്റമ്പത് അടിയോളം ഉയരത്തിൽ ഏഴ് ഏക്കറിലായാണ് കോട്ട വ്യാപിച്ചു കിടക്കുന്നത്. ഇപ്പോൾ പുരാവസ്തു വകുപ്പിനാണ് ഈ ചരിത്രസ്മാരകത്തിന്റെ സംരക്ഷണ ചുമതല.
ജില്ലയിലെ പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമായ ബേക്കലിനെ അപേക്ഷിച്ച് സഞ്ചാരികളുടെ തിരക്ക് കുറവാണിവിടെ. കോട്ടമുകളിൽ നിന്നുളള സൂര്യാസ്തമയ ദൃശ്യം മനോഹരമാണ്. കൂടാതെ ചന്ദ്രഗിരി പാലത്തിൽ നിന്നും തൊട്ടടുത്ത പ്രദേശങ്ങളിലേക്കുളള ബോട്ടിങ്ങ് ഹൃദ്യമായ ഒരനുഭവമാണ്.
പൂഞ്ഞാർ കൊട്ടാരം
മീനച്ചിൽ താലൂക്കിലുള്ള പൂഞ്ഞാർ കൊട്ടാരം പോയ കാലത്തെ രാജപ്രതാപങ്ങളുടെ മഹത്തായ അടയാളപ്പെടുത്തലാണ്. ഈ കൊട്ടാര ചുവരുകൾക്കുള്ളിൽ അനവധി അസാധാരണമായ പുരാവസ്തുക്കളുടെയും അതി സുന്ദര ഉപകരണങ്ങളുടെയും ശേഖരങ്ങളുണ്ട്. ഒറ്റത്തടിയിൽ തീർത്ത എണ്ണത്തോണി, കൂറ്റൻ ബഹുശാഖാദീപങ്ങൾ, ഓലയിൽ തീർത്ത കരകൗശല വസ്തുക്കൾ, ആഭരണപ്പെട്ടികൾ, പലതരത്തിലുള്ള ദീപങ്ങൾ, നിരവധി നടരാജവിഗ്രഹങ്ങൾ, ധാന്യങ്ങൾ അളക്കുന്ന പുരാതന അളവു പാത്രങ്ങൾ, പ്രതിമകൾ, ആയുധങ്ങൾ എന്നിവ ഇതിൽപ്പെടുന്നു . ഇവിടെ സൂക്ഷിച്ചിരിക്കുന്ന വിശിഷ്ടമായ ഒരു ചെറു ശയ്യ ആചാരപരമായ ആവശ്യങ്ങൾക്കു മാത്രം വർഷത്തിൽ ഒരു പ്രാവശ്യം വെളിയിലേക്കെടുക്കാറുണ്ട്. കൊട്ടാരത്തിനടുത്തുതന്നെ മധുര മീനാക്ഷി ക്ഷേത്രത്തിൻറെ അതേ പകർപ്പുള്ള ക്ഷേത്രം ആരെയും അത്ഭുതപ്പെടുത്തുന്നു. ക്ഷേത്രഭിത്തിയിൽ പുരാണങ്ങളിലെ യുദ്ധകഥകൾ കൊത്തി വച്ചിരിക്കുന്നു. തൊട്ടടുത്ത ശാസ്താക്ഷേത്രത്തിലെ കരിങ്കൽ ഭിത്തിയിൽ കൊത്തിയുണ്ടാക്കിയിട്ടുള്ള ചുറ്റുവിളക്കുകൾ അത്യാകർഷകവും രാജ്യത്ത് അപൂർവ്വവുമാണ്.
സെന്റ് ആഞ്ചലോസ് കോട്ട, കണ്ണൂർ
കണ്ണൂർ ജില്ലയിൽ അവശേഷിക്കുന്ന ചരിത്ര നിർമ്മിതികളിൽ പ്രധാനപ്പെട്ടതാണ് സെന്റ് ആഞ്ചലോസ് കോട്ട എന്ന കണ്ണൂർ കോട്ട. ഇന്ത്യയിലെ ആദ്യത്തെ പോർച്ചുഗീസ് വൈസ്രോയി ആയ ഫ്രാൻസിസ്കോ ദ് ആൽമീദ 1505-ൽ പണിതതാണിത്. വലിയ കിടങ്ങുകളോടെ വെട്ടുകല്ലിൽ പണിത ത്രികോണാകൃതിയിലുള്ള നിർമ്മിതിയാണിത്. പിന്നീട് ഡച്ചുകാരും അതിനു ശേഷം ബ്രിട്ടീഷുകാരും ഈ കോട്ട അവരുടെ സൈനിക ആസ്ഥാനവും അധികാര കേന്ദ്രവുമാക്കി.
മാപ്പിള ബേയും ധർമ്മടം തുരുത്തുമാണ് രണ്ട് പ്രധാന ആകർഷണങ്ങൾ. മാപ്പിള ബേ ഒരു സ്വാഭാവിക തുറമുഖമാണ്. കൂടാതെ പുറം കടലിനെ തുറമുഖവുമായി തിരിക്കുന്ന വലിയൊരു കടൽ ഭിത്തിയും കെട്ടിയിട്ടുണ്ട്. കണ്ണൂർ കോട്ടയിൽ നിന്നാണ് ഈ കടൽഭിത്തിയുടെ തുടക്കം. ഏകദേശം അഞ്ച് ഏക്കർ മാത്രമുള്ള ധർമ്മടം തുരുത്ത് കടൽ തീരത്തു നിന്ന് 100 മീറ്റർ ഉള്ളിൽ സമുദ്രത്തിൽ സ്ഥിതി ചെയ്യുന്നു. വേലിയിറക്ക സമയത്ത് തുരുത്തിലേക്ക് വെള്ളത്തിലൂടെ നടന്നു കയറാനും പറ്റും.
ബേക്കൽ കോട്ട
കാസർഗോഡ് ജില്ലയിൽ കാഞ്ഞങ്ങാട്ടു നിന്ന് ഏകദേശം എട്ടുകിലോമീറ്റർ അകലെയാണ് കേരളത്തിലെ ഏറ്റവും വലിയ ചരിത്ര വിസ്മയമായ ബേക്കൽ കോട്ട. അറബിക്കടലിന്റെ തീരത്ത് ഏതാണ്ട് 30-40 ഏക്കർ വിസ്തൃതിയിൽ വൃത്താകാരത്തിൽ പണിതുയർത്തിയിട്ടുള്ള കോട്ട ചരിത്രകുതുകികളെയും സഞ്ചാരികളെയും ആകർഷിച്ചു കൊണ്ട് തലഉയർത്തി നിൽക്കുന്നു. 1650 ഏ.ഡി.യിൽ ശിവപ്പ നായ്ക്കാണ് കോട്ട നിർമ്മിച്ചതെന്ന് പറയപ്പെടുന്നു. ഈ കോട്ട കേന്ദ്ര പുരാവസ്തു ഗവേഷണ വിഭാഗത്തിന്റെ സംരക്ഷിത സ്മാരകമാണ്. മലബാർ കീഴടക്കാനെത്തിയ ടിപ്പുവിന്റെ സൈന്യത്തിന് ബേക്കൽകോട്ട ഒരു പ്രധാന താവളമായിരുന്നു.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 08-07-2022
ലേഖനം നമ്പർ: 642