വന്യജീവി സങ്കേതങ്ങൾ

നെയ്യാർ വന്യജീവി സങ്കേതം

തിരുവനന്തപുരത്ത് നിന്നും 32 കിലോമീറ്റർ അകലെ 12,000 ഹെക്ടറോളം വരുന്ന വനസമ്പത്താണ് നെയ്യാർ വന്യജീവി സങ്കേതം. വന്യജീവി കേന്ദ്രത്തിനകത്തെ നെയ്യാർ അണക്കെട്ട് കുടുംബമായി യാത്ര ചെയ്യുന്നവർക്കും കുട്ടികൾക്കും ഒറ്റപ്പെട്ട സഞ്ചാരികൾക്കും നല്ലൊരു കേന്ദ്രമാണ്. നിരീക്ഷണഗോപുരം, മാൻ പാർക്ക്, സിംഹ സഫാരി പാർക്ക്, ചീങ്കണ്ണി ഗവേഷണകേന്ദ്രം എന്നിവ സഞ്ചാരികൾക്ക് കാഴ്ചകളൊരുക്കും. ജലസംഭരണിയുമുൾപ്പെടുന്ന നെയ്യാർ വന്യജീവി സങ്കേതം ആന, കടുവ, പുള്ളിപ്പുലി, കുട്ടിതേവാങ്ക് , രാജവെമ്പാല, കാട്ടാമ എന്നിങ്ങനെ നിരവധിതരം മൃഗങ്ങളുടെയും, ഉരഗങ്ങളുടെയും, ഉഭയജീവികളുടെയും ആവാസകേന്ദ്രമാണ്. നെയ്യാർ ജലസംഭരണിയിൽ ബോട്ടിംഗിനും സൗകര്യമുണ്ട്.തെക്കൻ കേരളത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ 1868 മീറ്റർ ഉയരമുള്ള അഗസ്ത്യകൂടം സാഹസിക പ്രേമികളുടെ ഇഷ്ടകേന്ദ്രമാണ്. വനംവകുപ്പാണ് ഇങ്ങോട്ടുള്ള യാത്രകൾ ഒരുക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത്. 

വിശദ വിവരങ്ങൾക്ക്
ഫോൺ : +91 471 2360762
ഇ-മെയ്ൽ: www-tvm.for@kerala.gov.in

അടുത്തുളള റെയിൽവേ സ്‌റ്റേഷൻ : തിരുവനന്തപുരം സെൻട്രൽ, 32 കി. മീ. 
അടുത്തുളള വിമാനത്താവളം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, 38 കി. മീ.

പേപ്പാറ വന്യജീവി സങ്കേതം

തിരുവനന്തപുരം ജില്ലയിലെ പേപ്പാറ ഡാമിനോട് ചേർന്നുള്ള മേഖലയാണ് പേപ്പാറ വന്യജീവി സംരക്ഷണകേന്ദ്രം. ദക്ഷിണകേരളത്തിലെ തേക്കടിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന പേപ്പാറ വിതുര പഞ്ചായത്തിലാണ് സ്ഥിതിചെയ്യുന്നത്. 1983 ലാണ് പേപ്പാറ ഡാം നിലവിൽ വരുന്നത്. ഇതിനോടനുബന്ധിച്ച് ഇവിടുത്തെ വന്യമേഖലയുടെ പാരിസ്ഥിതിക പ്രാധാന്യം കണക്കിലെടുത്ത് ഇതിനെ സംരക്ഷണ മേഖലയായി 1983 ൽ തന്നെ പ്രഖ്യാപിച്ചു.ഈ സംരക്ഷണമേഖലയിൽ പ്രധാനമായും കാണപ്പെടുന്നത് സസ്തനികളാണ്. ഇതിൽ 43 തരം സസ്തനികളും, 233 തരം പക്ഷികളും, 46 തരം ഉരഗങ്ങളും, 13 തരം ഉഭയജീവികളും 27 തരം മത്സ്യങ്ങളും ഉള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട് . പ്രധാന സസ്തനികൾ കടുവ, ആന, മാൻ, വരയാട് എന്നിവയാണ്.

അടുത്തുളള റെയിൽവേ സ്‌റ്റേഷൻ : തിരുവനന്തപുരം സെൻട്രൽ, 44 കി. മീ. 
അടുത്തുളള വിമാനത്താവളം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, 52 കി. മീ.


ശെന്തുരുണി വന്യജീവി സങ്കേതം

കൊല്ലം ജില്ലയിൽ സ്ഥിതി ചെയ്യുന്ന വന്യജീവി സങ്കേതമാണ് ശെന്തുരുണി വന്യജീവി സങ്കേതം. 171 ചതുരശ്ര കിലോമീറ്ററിൽ പരന്നു കിടക്കുന്ന പ്രകൃതി രമണീയമായ വനമേഖലയാണിത്.  കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ജലസേചനത്തിനു ഉപകരിക്കുന്ന പരപ്പാർ അണക്കെട്ട്‌ ഈ വനമേഖലയിലാണ്. ഗ്ലൂട്ടാ ട്രാവൻകോറിക എന്ന ശാസ്ത്രനാമമുള്ള ചെങ്കുറിഞ്ഞി ഈ സംരക്ഷിത വനമേഖലയിൽ കാണപ്പെടുന്ന അപൂർവ്വ സസ്യ ഇനമാണ്. മാൻ, കാട്ടുപോത്ത്, കരിങ്കുരങ്ങ്, ഹനുമാൻ കുരങ്ങ് ഒട്ടേറെ വന്യജീവികളേയും കാണാം. 

വിശദ വിവരങ്ങൾക്ക്
ഫോൺ : +91 475 2344600
മൊബൈൽ : +91 9447979081
ഇ-മെയ്ൽ : ww-shendurney@forest.kerala.gov.in
വെബ്‌സൈറ്റ് : www.shendurney.com

അടുത്തുളള റെയിൽവേ സ്‌റ്റേഷൻ : ചെങ്കോട്ട (തമിഴ്‌നാട്), 15 കി.മീ. 
വിമാനത്താവളം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, 53 കി. മീ.

ഇടുക്കി വന്യജീവി സങ്കേതം

ചെറുതോണി,പെരിയാർ നദികളുടെ കരയിൽ  സ്ഥിതി ചെയ്യുന്ന ഇടുക്കി വന്യജീവി സങ്കേതം  സമുദ്രനിരപ്പിൽ നിന്നും  450 മുതൽ 750 മീറ്റർ വരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. ഇടുക്കി ആർച്ച് ഡാം അതിരിടുന്നതാണ് ഈ വന്യജീവി സങ്കേതം. നല്ല കാലാവസ്ഥയിൽ ജലാശയത്തിലൂടെയുള്ള ബോട്ടുയാത്ര വനഭംഗി ആസ്വദിക്കാനും വന്യജീവികളെ കാണാനും സൗകര്യമൊരുക്കും. ഉഷ്ണമേഖലാ മഴക്കാടുകളും  ഇലപൊഴിയും കാടുകളുമാണ് തടാകതീരത്ത്. 

വിശദ വിവരങ്ങൾക്ക്
ഫോൺ : + 91 486 2232271
മൊബൈൽ : + 91 8547603182, 9496821481
ഇ-മെയ്ൽ : ww-idukki@forest.gov.in,
ro-idukki@forest.kerala.gov.in

അടുത്ത റെയിൽവേ സ്‌റ്റേഷൻ : കോട്ടയം, 114 കി. മീ.
അടുത്ത വിമാനത്താവളം : മധുര, തമിഴ്‌നാട്,140 കി. മീ.
 കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, ഏകദേശം 190 കി. മീ.


ചിന്നാർ വന്യജീവി സങ്കേതം

പശ്ചിമഘട്ടത്തിലെ മഴനിഴൽ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏക വന്യജീവി സങ്കേതമാണ് ചിന്നാർ. പുൽമേടുകളും മുൾക്കാടുകളും ചോലവനങ്ങളും ചതുപ്പും നിറഞ്ഞ ചിന്നാർ  വംശനാശ ഭീഷണി നേരിടുന്ന ചാമ്പൽ മലയണ്ണാന്റെയും നക്ഷത്ര ആമകളുടെയും വാസസ്ഥലം കൂടിയാണ്.  പക്ഷിനിരീക്ഷകരുടെ ഇഷ്ടസ്ഥലം കൂടിയാണ് ചിന്നാർ. നവംബർ- ഡിസംബർ മാസങ്ങളാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം.

വിശദ വിവരങ്ങൾക്ക്
ഫോൺ : +91 4865 231587
മൊബൈൽ :+ 91 9447979093
ഇ-മെയിൽ :   munnar@forest.kerala.gov. in 
വെബ്‌സൈറ്റ്‌: www.chinnar.org

അടുത്തുളള  റെയിൽവേ സ്റ്റേഷൻ: എറണാകുളം റെയിൽവേ സ്റ്റേഷൻ, 230 കീ. മീ. 
അടുത്തുളള വിമാനത്താവളം: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം,  204 കീ. മീ.


ഇരവികുളം ദേശീയോദ്യാനം

കേരളത്തിലെ പ്രധാനവിനോദ സഞ്ചാരകേന്ദ്രങ്ങളിലൊന്നായ മൂന്നാറിന്റെ ഭാ​ഗമാണ് ഇരവികുളം ദേശീയോദ്യാനം.  ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലാണിത് സ്ഥിതിചെയ്യുന്നത്.വംശനാശ ഭീഷണി നേരിടുന്ന വരയാടുകളുടെ ആവാസകേന്ദ്രമാണിവിടം. ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലാണ് ഇരവികുളം ദേശീയ ഉദ്യാനം. വംശനാശ ഭീഷണി നേരിടുന്ന വരയാടുകളുടെ ആവാസകേന്ദ്രമാണിവിടം.അപൂർവ​ഗണത്തിലുളള സസ്യജാലങ്ങളാണ് ഇരവികുളത്തിന്റെ സവിശേഷത.  പന്ത്രണ്ടു വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി കാണാനും സഞ്ചാരികൾ എവിടെ എത്താറുണ്ട്. 

ദക്ഷിണ ഭാരതത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടി ഇരവികുളം ഉദ്യാനത്തിലാണ്.  ഇരവികുളത്തെ എക്കോ പോയിന്റ്, രാജമല എന്നിവിടങ്ങളിലാണ് സഞ്ചാരികൾ കൂട്ടമായി എത്താറുളളത്. രാജമല വരെ മാത്രമേ സന്ദർശനത്തിന് അനുവാദമുള്ളൂ. വരയാടുകളെ കൂടുതലായി കാണാനാകുന്ന സ്ഥലമാണ് രാജമല. വരയാടുകളുടെ പ്രജനനകാലമായ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഇരവികുളം ദേശീയോദ്യാനത്തിലേക്ക് സന്ദർശകർക്ക് പ്രവേശനമുണ്ടായിരിക്കില്ല.


വിശദ വിവരങ്ങൾക്ക്
മൊബൈൽ: 94479 79093
ഇ-മെയിൽ: ww-munnar@forest.kerala.gov.in
വെബ്‌സൈറ്റ്: www.eravikulam.org 

എങ്ങനെ എത്താം
അടുത്തുളള റെയിൽവേ സ്റ്റേഷൻ : ആലുവ   109 കി.മീ, അങ്കമാലി  108 കി.മീ.. |  അടുത്തുളള
വിമാനത്താവളം : മധുര അന്താരാഷ്ട്ര വിമാനത്താവളം (തമിഴ് നാട് )  142  കി.മീ,  കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 150 കി.മീ.

ചിമ്മിനി വന്യജീവി സങ്കേതം

തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിലാണ് ചിമ്മിനി വന്യജീവി സങ്കേതമുള്ളത്. വൈവിധ്യമാർന്ന സസ്യജാലങ്ങൾ നിറഞ്ഞ വനപ്രദേശമാണിത്. 1984ലാണ് ചിമ്മിനി വന്യജീവി സങ്കേതമായി പ്രഖ്യാപിക്കുന്നത്. പീച്ചി - വാഴാനി വന്യജീവി സങ്കേതത്തോടു ചേർന്നാണ് ചിമ്മിനിയും. ആന, മ്ലാവ്, കാട്ടുപോത്ത്, കരടി തുടങ്ങിയ വന്യമൃഗങ്ങൾ ഇവിടെ പതിവു കാഴ്ച്ചയാണ്. സഞ്ചാരികൾക്കായി വനം വകുപ്പ്  ബോട്ടിങ്ങ്, റാഫ്റ്റിങ്ങ്, വനയാത്ര എന്നിവ സംഘടിപ്പിക്കുന്നുണ്ട്.

വിശദ വിവരങ്ങൾക്ക്
ഫോൺ:  + 91 487 2699017
മൊബൈൽ: + 91 94479 79103
ഇ മെയിൽ :  ww-peechi @forest.kerala.gov.in 

എങ്ങനെ എത്താം
അടുത്തുള്ള റെയിൽവേ സ്‌റ്റേഷൻ : തൃശ്ശൂർ, 30 കി. മീ.  
അടുത്തുള്ള വിമാനത്താവളം : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, 58 കി. മീ.

ആറളം വന്യജീവി സങ്കേതം   

കണ്ണൂർ ജില്ലയിലാണ് 5500 ഹെക്ടറിൽ വ്യാപിച്ചു കിടക്കുന്ന ആറളം വന്യജീവി സങ്കേതമുള്ളത്. ചിത്രശലഭങ്ങളുടെ ദേശാടനത്തിനും പേരുകേട്ട സ്ഥലമാണ് ആറളം. ജൈവവൈവിദ്ധ്യം കൊണ്ടും സമ്പന്നമാണ് ആറളം. ആന, കാട്ടു പോത്ത്, വിവിധയിനം മാനുകൾ, മലയണ്ണാൻ, വ്യത്യസ്ത ജനുസ്സിൽ പെട്ട കുരങ്ങുകൾ, വേഴാമ്പൽ എന്നിവയെ ആറളത്തു കാണാം. ആറളത്തെ പ്രധാന സ്ഥാപനമാണ് സെൻട്രൽ സ്റ്റേറ്റ് ഫാം. 1971 -ൽ ആരംഭിച്ച ഈ സ്ഥാപനം സങ്കര ഇനം നാളികേര വിത്ത് ഉൽപാദനത്തിലൂടെ ശ്രദ്ധ നേടി. രാജ്യത്തെ പ്രധാന സങ്കര ഇനം വിത്തുൽപ്പാദന കേന്ദ്രമാണ് സെൻട്രൽ സ്റ്റേറ്റ് ഫാം. വന്യജീവി സങ്കേതത്തിലേക്കുള്ള യാത്ര പൂർണ്ണമാകണമെങ്കിൽ കട്ടി ബെട്ട കൊടുമുടിയും സന്ദർശിക്കണം. 1145 അടി ഉയരമുള്ള കട്ടി ബെട്ട, ഈ പ്രദേശത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ്.

വിശദ വിവരങ്ങൾക്ക്
ഫോൺ : 91 490 2493160, 9447979101
ഇ-മെയിൽ : ww-aralam@forest.kerala.gov.in
വെബ്‌സൈറ്റ് : www.aralam.com

എങ്ങനെ എത്താം
അടുത്തുള്ള റെയിൽവേ സ്‌റ്റേഷൻ : തലശ്ശേരി 55 കി. മീ.  
അടുത്തുള്ള വിമാനത്താവളം : കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം  96 കി. മീ.

പീച്ചി വാഴാനി വന്യജീവി സങ്കേതം

തൃശ്ശൂർ നഗരത്തിന്  20 കിലോമീറ്റർ കിഴക്കു ഭാഗത്തായി പാൽപ്പള്ളി നെല്ലിയാമ്പതി മലനിരകളുടെ പടിഞ്ഞാറൻ മേഖലയാണ് പീച്ചി വാഴാനി വന്യജീവി സങ്കേതം. 125 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ അഭയാരണ്യം പീച്ചി, വാഴാനി എന്നീ അണകളുടെ വൃഷ്ടി പ്രദേശമാണ്. കുറുമാലി, വടക്കഞ്ചേരി, മണലി നദികൾ ഈ വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്നു. പീച്ചി അണക്കെട്ടിലും വാഴാനി അണക്കെട്ടിലും ബോട്ടിംഗിന് സൗകര്യങ്ങളുണ്ട്. 923 മീറ്റർ ഉയരത്തിലുള്ള പൊന്മുടിയാണ് ഏറ്റവും ഉയരത്തിലുള്ള കുന്ന്. 50-ലേറെ ഇനം ഓർക്കിഡുകളും, ഔഷധ സസ്യങ്ങളും മഴക്കാടുകളും നിറഞ്ഞ ഇടത്തരം കുന്നുകൾ മുതൽ പശ്ചിമഘട്ടങ്ങൾ വരെ ഉയർന്ന കിടക്കുന്ന ഭൂമികയാണിത്. പുള്ളിപ്പുലി, കടുവ, ആന, കാട്ടുപോത്ത്, മാൻ തുടങ്ങി 25-ഓളം സസ്തനികളും, നൂറിലേറെ ഇനം പക്ഷികളും അരണ വർഗ്ഗത്തിലും, പാമ്പുകളുടെ വർഗ്ഗത്തിലും പെട്ട ഉരഗ ജീവികളും ഇവിടെ ഉണ്ട്. പീച്ചിയിലെ വിശ്രമ കേന്ദ്രത്തിൽ താമസ സൗകര്യം ഉണ്ട്, വാഴാനിയിലും താമസസൗകര്യങ്ങൾ ലഭ്യമാണ്. 


വിശദ വിവരങ്ങൾക്ക്
ഫോൺ : + 91 487 2699017.
 +91 9447979103

എങ്ങനെ എത്താം
അടുത്തുളള റെയിൽവേ സ്‌റ്റേഷൻ : തൃശ്ശൂർ, 20 കി. മീ
വിമാനത്താവളം : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, 98 കി. മീ.

തോൽപ്പെട്ടി വന്യജീവി സങ്കേതം

മാനന്തവാടിയിൽ നിന്ന്  20 കിലോമീറ്റർ കിഴക്ക് മാനന്തവാടി - കുടക് റോഡിലാണ് തോൽപ്പെട്ടി വന്യജീവി സങ്കേതം. വന്യജീവി സങ്കേതത്തോടു ചേർന്നാണ് പ്രസിദ്ധമായ തിരുനെല്ലി ക്ഷേത്രം. നാ​ഗർഹോള വന്യജീവി സങ്കേതവും തോൽപ്പെട്ടിയോടു ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. തോൽപ്പെട്ടി സന്ദർശിക്കാൻ ജീപ്പ് സഫാരിയാണ് ഏറ്റവും യോജിച്ചത്. 

സന്ദർശന സമയം
രാവിലെ 07:00 മുതൽ 10:00 വരെ, ഉച്ചക്ക് 14:00 മുതൽ 17:00 വരെ

വിശദ വിവരങ്ങൾക്ക്
ഫോൺ : +91 4935 250853
എങ്ങനെ എത്താം
അടുത്തുളള റെയിൽവേ സ്‌റ്റേഷൻ : തലശ്ശേരി,  60 കി. മീ. 

പെരിയാർ കടുവ സങ്കേതം

കേരളത്തിലെ രണ്ട് കടുവ സംരക്ഷണ കേന്ദ്രങ്ങളിൽ ഒന്നാണിത്. 977 ചതുരശ്ര കിലോമീറ്ററാണ് പെരിയാർ സംരക്ഷിത മേഖലയുടെ വ്യാപ്തി.സാഹസിക നടത്തം, ക്യാമ്പിംഗ്, തമ്പടിക്കൽ, ഉൾവനത്തിൽ കയാക്കിംഗ് എന്നിങ്ങനെ വനംവകുപ്പ് ഒരുക്കുന്ന നിയന്ത്രിത വിനോദസഞ്ചാരം ലോകോത്തര നിലവാരത്തിലുള്ളതാണ്. 

പുൽമേടുകളും കുറ്റിക്കാടുകളും തുടങ്ങി മഴക്കാടുകൾ വരെ ഉൾക്കൊള്ളുന്ന പെരിയാർ വനമേഖല സസ്യ വൃക്ഷാദികളുടെ വലിയൊരു ജൈവശേഖരമാണ്. 1965 പുഷ്പിത സസ്യങ്ങൾ ഇവിടുണ്ട്, 171 ഇനം പുൽവർഗ്ഗങ്ങളും 143 ഇനം ഓർക്കിഡുകളും. തെക്കേ ഇന്ത്യയിൽ കാണപ്പെടുന്ന ഏക സൂചിതാഗ്ര വൃക്ഷമായ Podocarpus Wallichianus ഉം പെരിയാർ കാടുകളിലുണ്ട്. ആന, കടുവ, കാട്ടുപോത്ത്, മ്ലാവ്, കാട്ടു പട്ടി, പുള്ളിപ്പുലി, കരടി, നീർനായ് തുടങ്ങി 60-ഓളം സസ്തനികൾ പെരിയാർ വനമേഖലയിലുണ്ട്. മംഗളാദേവി തുടങ്ങി ഉയർന്ന കുന്നിൻ ചരുവുകളിൽ വരയാടുകളെ കാണാം. ഹനുമാൻ കുരങ്ങിനെയും കരിങ്കുരങ്ങിനെയും ബോട്ട് അടുക്കുന്നതിന് അടുത്ത് തന്നെ കാണാം. ഉൾവനങ്ങളിൽ സിംഹവാലൻ കുരങ്ങുകളും ഉണ്ട്. 

265 ഇനം പക്ഷികൾ പെരിയാർ മേഖലയിൽ ഉണ്ട്. വേഴാമ്പലുകൾ, ഓലഞ്ഞാലികൾ, തേൻ കുരുവികൾ, മരംകൊത്തികൾ, പ്രാണി പിടിയന്മാർ, ചിലു ചിലുപ്പന്മാർ, എന്നു തുടങ്ങി തീക്കാക്ക വരെ നീളുന്ന പക്ഷി സമൃദ്ധി.മൂർഖൻ, അണലി, ശംഖുവരയൻ എന്നിങ്ങനെ വിഷമുള്ളതും മലമ്പാമ്പ്, കുഴിമണലി തുടങ്ങി വിഷമില്ലാത്തതുമായ 30 ഇനം പാമ്പുകളും, പറയോന്ത്, ഉടുമ്പ് എന്നിവ ഉൾപ്പെടെ 13 ഇനം അരണ വർഗ്ഗങ്ങളും ഇവിടെയുണ്ട്. ഉരഗ വർഗ്ഗങ്ങളിൽപ്പെട്ട 45 ഇനം ജീവികൾ കാണാം.തവളകളും, ആമയും ഉൾപ്പെടെ 27 ഇനം ഉഭയജീവികൾ പെരിയാറിൽ കാണാം. പച്ചിലപ്പാറാൻ തവള, മണവാട്ടിത്തവള, കാട്ടുമണവാട്ടി തവള തുടങ്ങി വിവിധ ഇനം തവളകൾ സീസിലിയൻസ് വിഭാഗത്തിൽ പെട്ട കൈകാലുകൾ ഇല്ലാത്ത ജീവി വർഗ്ഗങ്ങളും ഉഭയ ജീവികളിൽപ്പെടുന്നു. ശുദ്ധജലത്തിൽ വളരുന്ന മഹ്ഷീർ ഉൾപ്പെടെ നിരവധി മത്സ്യ ഇനങ്ങൾ പെരിയാർ തടാകത്തിൽ ഉണ്ട്. രാജ്യത്ത് ഉയർന്ന മലനിരകളിൽ മാത്രം കാണപ്പെടുന്ന തനി നാടനായ 'ഗെയിം ഫിഷ്' ആണ് മഹ്ഷീർ.

വിശദ വിവരങ്ങൾക്ക്
ഫോൺ : + 91 481 2311740
ഇ-മെയ്ൽ : fd@periyartigerreserve.org
വെബ്‌സൈറ്റ് : www.periyartigerreserve.org
ഡെപ്യൂട്ടി ഡയറക്ടർ (പെരിയാർ ഈസ്റ്റ്)
പെരിയാർ ടൈഗർ റിസർച്ച്
ഫോൺ : + 91 4869 222027
ഇ-മെയ്ൽ : dd@periyartigerreserve.org

എങ്ങനെ എത്താം
അടുത്തുളള റെയിൽവേസ്‌റ്റേഷൻ : കോട്ടയം,  110 കി. മീ.   
വിമാനത്താവളം : മധുര, (തമിഴ്നാട്) 140 കി. മീ., കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം,  190 കി. മീ.

സൈലന്റ് വാലി ദേശീയോദ്യാനം

പാലക്കാട് ജില്ലയുടെ വടക്കു കിഴക്കൻ മൂലയിലാണ് സൈലന്റ് വാലി ദേശീയോദ്യാനം. 1984-ലാണ് സൈലന്റ് വാലിയെ കേന്ദ്ര സർക്കാർ ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്. അതുവരെ സൈരന്ധ്രിവനം എന്നാണ് അറിയപ്പെട്ടിരുന്നത്. ഭാരതപ്പുഴയുടെ പ്രധാന കൈവഴിയായ കുന്തിപ്പുഴയുടെ ഉദ്ഭവം ഇവിടെയാണ്. പശ്ചിമഘട്ടങ്ങളുടെ പ്രധാന മേഖലയായ നീലഗിരി ബയോസ്ഫിയറിൽ ഉൾപ്പെടുന്ന വനപ്രദേശമാണ് സൈലന്റ് വാലി. സാധാരണ കാടുകളെ ശബ്ദമുഖരിതമാക്കുന്ന ചീവീടുകളുടെ സാന്നിദ്ധ്യം ഇവിടെയില്ലാത്തതു കൊണ്ടാണ് നിശബ്ദ താഴ്‌വര എന്നർത്ഥം വരുന്ന സൈലന്റ് വാലി എന്ന പേര് ലഭിച്ചത്.
2012-ൽ യുനെസ്‌കോ ആണ് ഈ വനമേഖലക്ക് ലോകപൈതൃക പദവി നൽകിയത്. കടുവ, പുള്ളിപ്പുലി, ആന, വിവിധ ഇനം പാമ്പുകൾ, സിംഹവാലൻ കുരങ്ങ്, മലബാർ ജയന്റ് സ്ക്വിറൽ എന്ന മലയണ്ണാൻ, മ്ലാവ്, കാട്ടുപോത്ത് തുടങ്ങി ഉഷ്ണ മേഖലയിലെ ജീവജന്തു സമൂഹത്തിൽ കാണുന്ന എല്ലാ ജീവികളെയും ഇവിടെ കാണാം. പക്ഷികളുടെയും ചിത്രശലഭങ്ങളുടെയും നിശാശലഭങ്ങളുടെയും തുമ്പികളുടെയും മറ്റു ചെറു പ്രാണികളുടെയും മറ്റൊരു നിരയും വൈവിധ്യമേറിയതാണ്. ആയിരത്തിലേറെ ഇനം പുഷ്പിത സസ്യങ്ങൾ സൈലന്റ് വാലിയിൽ നിന്നു രേഖപ്പെടുത്തിയിട്ടുണ്ട്, 110 ലേറെ ഇനം ഓർക്കിഡുകളും. നിശാശലഭങ്ങളുടെ 400 ഇനങ്ങളും 200 ലേറെ ഇനം ചിത്രശലഭങ്ങളും ഇതുവരെ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. ആദ്യമായി രേഖപ്പെടുത്തപ്പെട്ട 10 ഇനങ്ങൾ ഉൾപ്പെടെ ഷഡ്പദങ്ങളുടെ പട്ടിക 128-ലേറെ വരും. സന്ദർശകർക്ക് ജൈവ സമ്പത്തിന്റെയും അചുംബിതമായ ജൈവ പ്രകൃതിയുടെയും പ്രാധാന്യം മനസ്സിലാക്കി കൊടുക്കുന്ന ഒരു പാഠശാല കൂടിയാണ് സൈലന്റ് വാലി.

വിശദ വിവരങ്ങൾക്ക്
ഫോൺ :- + 91 4924 222056 
ഇ-മെയ്ൽ - ww-svnp@forest.kerala.gov.in
വിവരാന്വേഷണ കേന്ദ്രം : - + 91 8589895652 
വെബ്‌സൈറ്റ് - www.silentvalley.gov.in


എങ്ങനെ എത്താം
അടുത്തുളള റെയിൽവേ സ്‌റ്റേഷൻ : പാലക്കാട്, 69 കി. മീ.
വിമാനത്താവളം : കോയമ്പത്തൂർ അന്താരാഷ്ട്ര വിമാനത്താവളം (തമിഴ്‌നാട്),  91 കി. മീ.


മുത്തങ്ങ വന്യജീവി സങ്കേതം

കർണ്ണാടകയും തമിഴ്‌നാടുമായി ചേരുന്ന വയനാടിന്റെ അതിർത്തിയിൽ രണ്ടു ഭാഗങ്ങളിലായി ചിതറികിടക്കുന്ന വന്യജീവി സങ്കേതമാണ് മുത്തങ്ങ. വടക്കു കിഴക്കായി തോൽപ്പെട്ടി, കുറിച്യാട് റേഞ്ചുകളിലും, തെക്കു കിഴക്കായി സുൽത്താൻ ബത്തേരി, മുത്തങ്ങ റേഞ്ചുകളിലുമായി 345 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട് ഈ സംരക്ഷിത വനപ്രദേശത്തിന്. കർണ്ണാടകയിലെ നാഗർഹോളെ, ബന്ദിപ്പൂർ വനമേഖലയുമായും, തമിഴ്‌നാട്ടിലെ മുതുമലൈ വനമേഖലയുമായും ബന്ധപ്പെട്ടു കിടക്കുന്ന ഈ വന്യജീവി സംരക്ഷിതപ്രദേശം നീലഗിരി ബയോസ്ഫിയറിന്റെ ഭാഗമാണ്. വനമേഖലക്കകത്തും പുറത്തുമായി താമസിക്കുന്ന ഗിരിവർഗ്ഗക്കാരുടെയും മറ്റു കർഷകരുടെയും ജീവിത ശൈലിയും, വനസംരക്ഷണവും യോജിപ്പിച്ച ഒരു ഭരണ സംവിധാനത്തിനാണ് ഈ സംരക്ഷിത മേഖലാ അധികൃതർ ഊന്നൽ നൽകുന്നത്. മൂന്നു സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചുകിടക്കുന്ന ആനത്താര ഉളളതിനാൽ ഈ പ്രദേശം 'പ്രോജക്ട് എലിഫന്റി'ന്റെ ഭാഗമാണ്.

കടുവകളുടെയും പുള്ളിപ്പുലികളുടെയും ആവാസ കേന്ദ്രമാണ് ഇവിടം. കാട്ടുപോത്ത്, പുള്ളിമാൻ, മ്ലാവ് എന്നിവയും കാണാം. ആർദ്ര ഇലപൊഴിയും കാടുകളും നിത്യഹരിത വിഭാഗങ്ങളിലും പെട്ട കാടുകൾ ഉള്ളതിനാൽ പക്ഷികൾ, ചിത്രശലഭങ്ങൾ, മറ്റു ഉരഗങ്ങൾ, സസ്തനികൾ എന്നിവയും ധാരാളമായുണ്ട്. മുത്തങ്ങയിലേക്കുള്ള യാത്രയിൽ തന്നെ വഴിയരികിൽ വന്യജീവികളെ കാണാം. വനമേഖലയുടെ സംരക്ഷണത്തിനായി മുത്തങ്ങ വഴി കർണ്ണാടകയിലേക്കു രാത്രി വാഹനയാത്രയ്ക്കു വിലക്കു ഏർപ്പെടുത്തിയിട്ടുണ്ട്.

വിശദ വിവരങ്ങൾക്ക്
ഫോൺ : +91 4936 271010

എങ്ങനെ എത്താം
അടുത്തുളള റെയിൽവേ സ്‌റ്റേഷൻ : കോഴിക്കോട്,  97 കി. മീ. 
അടുത്തുളള വിമാനത്താവളം : കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം, 120 കി. മീ.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 08-07-2022

ലേഖനം നമ്പർ: 639

sitelisthead