പൊതുവിദ്യാഭ്യാസ സംരക്ഷണം
സാർവത്രിക വിദ്യാഭ്യാസം, പൊതുവിദ്യാഭ്യാസ പങ്കാളിത്തം എന്നീ നേട്ടങ്ങളുടെ പേരിൽ അറിയപ്പെടുന്ന സംസ്ഥാനമാണ് നമ്മുടേത്. ഈ പദ്ധതിയിലൂടെ, ആദ്യഘട്ടത്തിൽ 1000 സർക്കാർ സ്കൂളുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക ഉൾപ്പെടെയുള്ള സമഗ്ര വിദ്യാഭ്യാസ പരിഷ്കാരങ്ങൾ സർക്കാർ നടപ്പിലാക്കുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങളുടെ മെച്ചപ്പെടുത്തൽ മാത്രമല്ല, ഇന്നത്തെ ആവശ്യങ്ങൾക്ക് അധ്യാപനവും പഠന പ്രക്രിയയും പരിഷ്കരിക്കാനും ഐസിടി സജ്ജമായ സ്മാർട്ട് ക്ലാസ്മുറികൾ കൂടുതൽ ഉൾപ്പെടുത്താനും പദ്ധതി ലക്ഷ്യമിടുന്നു. വൈകല്യമുള്ള വിദ്യാർത്ഥികൾക്ക് സഹായകമാകുന്ന വിദ്യാഭ്യാസ പരിപാടികൾ സൃഷ്ടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ആധുനിക ടെക്നോളജി ഉപകരണങ്ങൾ ഉപയോഗിച്ച് സ്വന്തം കഴിവ് വിപുലപ്പെടുത്താൻ ഓരോ വിദ്യാർത്ഥിക്കും മതിയായ അവസരങ്ങൾ നൽകിക്കൊണ്ട് അധ്യാപന-പഠന പ്രക്രിയയെ ശക്തിപ്പെടുത്താനും ഇത് ഉപകരിക്കുന്നു. നിലവിലെ ക്ലാസ്റൂം പഠന പ്രക്രിയയെ പുന: സ്ഥാപിക്കുക, വിഭവ സമാഹരണം നടത്താനുള്ള പരിശ്രമങ്ങൾ ഏകോപിപ്പിക്കുകയും 'ജനകീയ വിദ്യാഭ്യാസ മാതൃക' വികസിപ്പിക്കുകയും ചെയ്യും. നൂറ് വർഷത്തിലേറെയായി നിലനിൽക്കുന്ന സ്കൂളുകൾക്ക് പ്രത്യേക പാക്കേജുകളും നൽകപ്പെടും. അധ്യാപക രക്ഷാകർതൃ സമിതിയുടെ പൂർണ്ണ പങ്കാളിത്തവും പദ്ധതി നടത്തിപ്പിന് ഉറപ്പാക്കും.
ഏകദേശം മൂന്ന് ദശാബ്ദങ്ങൾക്കുമുമ്പ് നൂറ് ശതമാനം സാക്ഷരത കൈവരിച്ച രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറി. അന്നുമുതൽ കേരളം വിദ്യാഭ്യാസമേഖയിൽ കൈവരിച്ച നേട്ടങ്ങൾ മറ്റൊരു സംസ്ഥാനത്തിനും നേടാനാകാത്ത വിധത്തിൽ മുന്നോട്ടു നീങ്ങിയിരിക്കുന്നു. ഇപ്പോൾ കേരള ഗവൺമെന്റ് സമഗ്ര വിദ്യാഭ്യാസ പരിഷ്കാരങ്ങളുടെ ഒരു പുതിയ ലക്ഷ്യം കൈവരിക്കുകയാണ്.
ശ്രദ്ധ ചെലുത്തുന്ന മറ്റ് ഘടകങ്ങൾ:
• വിദ്യാഭ്യാസ പരിതസ്ഥിതികൾ മെച്ചപ്പെടുത്തുക
• വിദ്യാഭ്യാസത്തിന് സാങ്കേതികവിദ്യയുടെ ഉപയോഗം
• പഠനരീതി പുതുക്കൽ
• 1000 സ്കൂളുകൾ സ്മാർട്ട് സ്കൂളുകളുടെ നിലവാരത്തിലേക്ക് ഉയർത്തും
1000 സ്കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയും ഹൈസ്കൂൾ തലത്തിൽ 9 മുതൽ 12 ക്ലാസ് വരെയുള്ള ക്ലാസ്സുകളും ഹയർ സെക്കന്ററി സ്കൂളുകളും ഹൈ ടെക് ആക്കുകയും 50, 100 വർഷം പൂർത്തിയാക്കിയ സ്കൂളുകളുടെ നവീകരണത്തിനുവേണ്ടി പ്രത്യേക പാക്കേജ് ആവശ്യമാണ്.
അദ്ധ്യാപകർ, രക്ഷകർത്താക്കൾ, പൂർവകാല വിദ്യാർത്ഥികൾ എന്നിവരുടെ കൂട്ടായ പ്രവർത്തനത്തിലൂടെ പൊതു വിദ്യാലയങ്ങളുടെ പ്രാധാന്യം തിരിച്ചുപിടിക്കുക എന്ന ഉദ്ദേശ്യലക്ഷ്യത്തോടെ ഒന്ന് മുതൽ എട്ടാം ക്ലാസ് വരെയുള്ള ക്ലാസ്സുകളുടെ നിലവാരം ഉയർത്താൻ സർക്കാർ ലക്ഷ്യമിടുന്നു. സ്കൂളുകളിൽ ഇംഗ്ലീഷ് പഠനത്തെ പ്രോത്സാഹിപ്പിക്കും. അടിസ്ഥാന സൗകര്യ വികസനം മെച്ചപ്പെടുത്തുന്നതിന് മാത്രമല്ല, ആധുനിക നിലവാരത്തിലേക്ക് പാഠ്യപദ്ധതി പരിഷ്കരിക്കാനും ലക്ഷ്യമിടുന്നു.
വിദ്യാർത്ഥികൾക്ക് ഉപയോഗപ്രദമാകുന്ന ഭിന്നശേഷി സൗഹൃദ സമീപനത്തോടെയുള്ള വിദ്യാഭ്യാസ പരിപാടിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് മറ്റൊരു ലക്‌ഷ്യം. അത്തരം സ്കൂളുകൾ നേരിടുന്ന അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതി പരിഹരിക്കുന്നതിനുള്ള പദ്ധതിയും ഇതിൽ പെടുന്നു. ഐടി സൗഹാർദ്ദപരമായ ഉന്നമനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ഇന്റർനെറ്റ് കണക്ടിവിറ്റി ഉറപ്പാക്കുന്നതിൽ പ്രത്യേക ഊന്നൽ ഉണ്ടായിരിക്കും.
പദ്ധതി നിർവഹണ ചുമതലയുള്ള ഒരു ടാസ്ക് ഫോഴ്സും ഒരു മുഴുവൻ സമയ ചീഫ് എക്സിക്യുട്ടീവും ദൈനം ദിന പ്രവർത്തനങ്ങളുടെ നടത്തിപ്പിനുണ്ടാവും. പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി പദ്ധതിയുടെ ചുമതലയുള്ള സെക്രട്ടറിയായും ടാസ്ക് ഫോഴ്സ് ചെയർപേഴ്സണായും പ്രവർത്തിക്കും. അധ്യാപക പരിശീലനത്തിലും വിവര സാങ്കേതിക വിദ്യയുടെ ഉപയോഗപ്പെടുത്തുന്നതിനും ആവശ്യമായ പ്രവർത്തനങ്ങൾ ടാസ്ക് ഫോഴ്സ് ന്റെ പ്രവർത്തനമേഖല ആകുമ്പോൾ, എസ് സി ഇ ആർ ടി , ഐടി സ്കൂൾ, എസ്എസ്എ, ആർഎംഎസ്എ ഡയറക്ടർമാറം മറ്റു വിദഗ്ദ്ധരും വേണ്ട പിന്തുണ നൽകും.
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക: missions.kerala.gov.in
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 12-08-2021
ലേഖനം നമ്പർ: 101