അടിയന്‍

പ്രധാനമായും വയനാട് ജില്ലയിലാണ് അടിയന്‍ കുടുംബങ്ങള്‍ ജീവിക്കുന്നത്. അതായത് അടിയന്‍ ജനസംഖ്യയുടെ ഏകദേശം 99.80 ശതമാനം വയനാട് ജില്ലയില്‍ മാത്രമാണ്. കുറച്ച് കുടുംബങ്ങള്‍ കോട്ടയം, ഇടുക്കി, കോഴിക്കോട്, എറണാകുളം ജില്ലകളിലേക്ക് നീങ്ങിയിട്ടുണ്ട്.

വയനാട് ജില്ലയില്‍ 9 ഗ്രാമപഞ്ചായത്തുകളിലായാണ് അടിയന്‍മാര്‍ ഉള്ളത്. തിരുനെല്ലി (5089), മാനന്തവാടി (3113), പനമരം (1871), പുല്‍പ്പള്ളി (860) എന്നീ നാല് ഗ്രാമപഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതലായി അടിയന്‍മാര്‍ ജീവിക്കുന്നത്. അടിയന്‍ സമുദായത്തിലെ ഏകദേശം 45.35 ശതമാനം തിരുനെല്ലി ഗ്രാമപഞ്ചായത്തില്‍ കാണപ്പെടുന്നു. എറണാകുളം ജില്ലയിലെ ഏലൂര്‍ മുനിസിപ്പാലിറ്റിയാണ് 5 അടിയന്‍ കുടുംബങ്ങള്‍ താമസിക്കുന്ന ഏക നഗരപ്രദേശം.

സംസ്ഥാനത്ത് 2576 അടിയന്‍ കുടുംബങ്ങളുണ്ട്. അതില്‍ 2570 എണ്ണവും വയനാട് ജില്ലയിലാണ്. 5389 പുരുഷന്മാരും 5822 സ്ത്രീകളും അടങ്ങുന്ന അടിയന്‍ ജനസംഖ്യ 11,221 ആണ്. സമുദായത്തിന്റെ ലിംഗാനുപാതം 1000 : 1082 ആണ്. അടിയന്‍ സമുദായത്തിന്റെ കുടുംബ വലുപ്പം 4.35, ഇത് സംസ്ഥാന ശരാശരിയേക്കാള്‍ കൂടുതലാണ്.

1976-ലെ ബോണ്ടഡ് ലേബര്‍ ആക്റ്റ് നിര്‍ത്തലാക്കുന്നതുവരെ അടിയന്മാര്‍ അവരുടെ ഭൂപ്രഭുക്കളുമായി ബന്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ അവര്‍ ഭൂരിപക്ഷവും കര്‍ഷകത്തൊഴിലാളികളാണ്. ചിലര്‍ കാര്‍ഷിക ഫാമുകളില്‍ ജോലിക്കായി കര്‍ണാടകയിലേക്ക് കുടിയേറുന്നു. അടിയന്‍ സമുദായത്തിന്റെ പ്രസിദ്ധമായ ഒരു കലാരൂപമാണ് ഗദ്ദിക. അടിയന്മാര്‍ ദ്വിഭാഷക്കാരാണ്. അവര്‍ കന്നഡയോട് സാദൃശ്യമുള്ള അടിയഭാഷ സംസാരിക്കുന്നു.

അടിയന്‍ എന്ന വാക്കിന്റെ മലയാള അര്‍ത്ഥം 'അടിമ' എന്നാണ്. എന്നാല്‍ അവര്‍ അവരെ 'രാവുലവര്‍' എന്നാണ് വിളിക്കുന്നത്. 'മന്തു' അല്ലെങ്കില്‍ 'ചെമ്മം' എന്ന രീതിയില്‍ ഈ സമുദായം നിരവധി വംശങ്ങളായി തിരിച്ചിരിക്കുന്നു. കുലത്തലവന്‍ 'ചെമ്മക്കാരന്‍'എന്നാണ് അറിയപ്പെടുന്നത്. കുട്ടികള്‍ അമ്മയുടെ വംശം സ്വീകരിക്കുന്നു. 'ചെമ്മക്കാരന്‍' കുലത്തിന്റെ ജീവിതചക്രം ക്രമപ്പെടുത്തുന്നു. അതേപോലെ അംഗങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ തീര്‍ക്കുന്ന തലവന്‍ അറിയപ്പെടുന്നത് 'കുണ്ടുമൂപ്പന്‍'എന്നാണ്. മതവിശ്വാസ ചടങ്ങുകള്‍ നടത്തുന്നത് 'കണ്ണലാടി'ക്കാരുമാണ്. 'നടുമൂപ്പന്‍' അഥവാ 'പെരുമാന്‍' സമുദായത്തിന്റെ പ്രാദേശിക കാര്യങ്ങള്‍ നിയന്ത്രിക്കുന്നു. 

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-04-11 12:56:48

ലേഖനം നമ്പർ: 1351

sitelisthead