കുടുംബശ്രീ ഉത്പ്പന്നങ്ങൾക്ക് കൂടുതൽ വിപണി കണ്ടെത്തുന്നതിന്റെ ഭാഗമായി, രാജ്യത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകർക്കും ചെറുകിട വ്യാപാരികൾക്കും തങ്ങളുടെ ഉത്പന്നങ്ങൾ വിറ്റഴിക്കുന്നതിനും ഉത്പന്ന വിപണനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള യൂണിയൻ സർക്കാരിന്റെ പദ്ധതിയായ ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് (ഒ.എൻ.ഡി.സി.) വഴി കുടുംബശ്രീ സംരംഭകർ ഉത്പാദിപ്പിക്കുന്ന വൈവിധ്യമാർന്ന ഉത്പന്നങ്ങളും ലഭ്യമാകും. 

ഉപഭോക്താക്കൾക്ക് ഒ.എൻ.ഡി.സി. പ്‌ളാറ്റ്‌ഫോമിൽ ലഭ്യമാകുന്ന ബയർ (buyer) ആപ്‌ളിക്കേഷനുകൾ വഴി ഉത്പന്നങ്ങൾ വാങ്ങാനാകും. ഓർഡർ നൽകുന്നതോടൊപ്പം  രാജ്യത്തെവിടെയും ഡെലിവറി ചെയ്യാനുള്ള സേവന ദാതാവിനെ തിരഞ്ഞെടുക്കാനുള്ള സൗകര്യവും ഉപഭോക്താവിനു ലഭിക്കും. ഇതോടെ കുടുംബശ്രീ ഉത്പ്പന്നങ്ങൾ കൂടുതൽ സ്ഥലങ്ങളിൽ കൂടുതൽ പേരിലേക്ക് എത്തിപ്പെടുകയും അത് വഴി കൂടുതൽ തൊഴിലവസരങ്ങളും സാമ്പത്തിക നേട്ടവും കൈവരിക്കാനാകുമെന്നാണ് വിലയിരുത്തുന്നത്. 

ആമസോൺ വഴി 635 ഉം ഫ്‌ളിപ്കാർട്ട് വഴി 40 ഉം കുടുംബശ്രീ ഉത്പന്നങ്ങൾ നിലവിൽ വിറ്റഴിക്കുന്നുണ്ട്. ഇത് കൂടാതെയാണ് ഇപ്പോൾ ഒ.എൻ.ഡി.സി. പ്ലാറ്റ്ഫോമിൽ കുടുംബശ്രീ സംരംഭകർ ഉത്പാദിപ്പിക്കുന്ന ഭക്ഷ്യോത്പന്നങ്ങൾ ഉൾപ്പെടെ 140 വ്യത്യസ്ത ഉത്പന്നങ്ങളും അട്ടപ്പാടിയിലെ പട്ടികവർഗ മേഖലയിൽ നിന്നുള്ള കുടുംബശ്രീ സംരംഭകർ തയ്യാറാക്കുന്ന ബ്രാൻഡഡ് ഉത്പന്നങ്ങളും ലഭ്യമാക്കുന്നത്. 

നാഷണൽ റൂറൽ ലൈവ്‌ലിഹുഡ്‌ മിഷൻ (എൻആർഎൽഎം) യൂണിയൻ സർക്കാരിന്റെ പിന്തുണയോടെയാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. 150 കുടുംബശ്രീ യൂണിറ്റുകൾ നിർമിക്കുന്ന ഭക്ഷ്യ–-ആയുർവേദ ഉത്പ്പന്നങ്ങൾ, കറി പൗഡർ, അട്ടപ്പാടിയിൽനിന്നുള്ള കാപ്പിപ്പൊടി തുടങ്ങിയ ഉത്പ്പന്നങ്ങളാണ് വിറ്റഴിക്കുന്നത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-03-10 11:24:32

ലേഖനം നമ്പർ: 980

sitelisthead