ജീവിതശൈലീ രോഗങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലും ഹെൽത്തി വാക്ക് വേ ആരംഭിയ്ക്കും. കായിക വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പുമായി സഹകരിച്ച്  കേരള ഹാർട്ട് ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് ഹെൽത്തി വാക്ക് വേ നടപ്പിലാക്കുന്നത്. വാക്ക് വേയ്ക്ക് ആവശ്യമായ സ്ഥലം തദ്ദേശ സ്വയംഭരണ വകുപ്പ് കണ്ടെത്തും. അടിസ്ഥാന സൗകര്യങ്ങൾ കായികവകുപ്പ് നടപ്പിലാക്കും. ആധുനികവത്ക്കരണത്തിന്റെ ഭാഗമായി കേരളത്തിലെ സാമൂഹിക, സാമ്പത്തിക, സാംസ്ക്കാരിക, ഭക്ഷണ, ജീവിത രീതികളിൽ കാര്യമായ മാറ്റങ്ങൾ വന്നിട്ടുണ്ട്. ഈ മാറ്റങ്ങൾ മൂലം ജീവിതശൈലി രോഗങ്ങൾ വർധിച്ചുവരികയാണ്. ആരോഗ്യരംഗത്തെ വികസന മുന്നേറ്റങ്ങൾകൊണ്ട് കേരളത്തിൽ ആയുർദൈർഘ്യം കൂടുകയും മരണനിരക്ക് ക്രമാതീതമായി കുറയുകയും ചെയ്തു. തൽഫലമായി ജീവിതശൈലി രോഗങ്ങളുടെ വ്യാപ്തി പ്രായഭേദമന്യേ വർധിച്ചു വരികയാണ്.

സംസ്ഥാനത്ത് പൊതു ഇടങ്ങൾ കുറവാണെന്നതും മതിയായ വ്യായാമം പൊതുജങ്ങൾക്ക് ലഭ്യമാകുന്നില്ലെന്നും 25 ലക്ഷത്തിലധികം പേരെ വീട്ടിലെത്തി ജീവിതശൈലീ രോഗ നിർണയ സ്‌ക്രീനിംഗ് നടത്തിയത് വഴി ആരോഗ്യവകുപ്പിന് മനസ്സിലാക്കാൻ സാധിച്ചതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഹെൽത്തി വാക്ക് വേ പദ്ധതിയ്ക്ക് തുടക്കമാവുന്നത്. ജീവിതശൈലീ രോഗ നിർണയ സ്‌ക്രീനിംഗ് നടത്തിയത് വഴി സംസ്ഥാനത്തെ ആരോഗ്യ രംഗത്തെ മുൻകൂട്ടി മനസ്സിലാക്കുന്നതിനും ജീവതശൈലി രോഗങ്ങളെ പ്രതിരോധിയ്ക്കുന്നതിനും വേണ്ട നടപടികൾക്ക് കരുത്തേകും. 

2020 -2021 വർഷത്തിൽ നടത്തിയ ദേശീയ കുടുംബാരോഗ്യ സർവേയിലെ കണക്ക് പ്രകാരം സ്ത്രീ-പുരുഷ വിഭാഗങ്ങളിൽ അമിത ഭാരമുള്ളവരുടെ എണ്ണം കേരളത്തിൽ വർദ്ധിച്ചുവരികയാണ്. 15 നും 49 നും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ 38.1 ശതമാനമാണ് കേരളത്തിലെ അമിതഭാരമുള്ളവരുടെ നിരക്ക്. ഇതിൽ 40.4% സ്ത്രീകൾ നഗരപ്രദേശങ്ങളിൽ നിന്നും 36% ഗ്രാമീണ പശ്ചാത്തലത്തിൽ നിന്നുമുള്ളവരാണ്. അമിതഭാരമുള്ള പുരുഷന്മാരുടെ എണ്ണം 15-49 വയസ്സിനിടയിൽ 36.4% ആണ്, ദേശീയ ശരാശരി 24 % മാത്രമാണ്. ഇതിൽ 40.1% പുരുഷന്മാരും നഗരത്തിൽ നിന്നുള്ളവരും 33.2% ഗ്രാമങ്ങളിൽ നിന്നുള്ളവരുമാണ്.ബോഡി മാസ് ഇൻഡക്‌സ് (ഉയരം അനുസരിച്ച് ഭാരം) അടിസ്ഥാനമാക്കിയാണ് സർവേ നടത്തിയത്. അതേസമയം, നഗരപ്രദേശങ്ങളിൽ 9.7% സ്ത്രീകളും ഗ്രാമപ്രദേശങ്ങളിൽ 10.1% സ്ത്രീകളും ഭാരക്കുറവുള്ളവരാണ്. പുരുഷന്മാരിൽ, നഗരപ്രദേശങ്ങളിൽ നിന്നുള്ള 6.9% ഉം ഗ്രാമങ്ങളിൽ നിന്നുള്ള 12.7% ഉം ഭാരക്കുറവുള്ളവരാണ്.

രക്തസമ്മർദ്ദവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിടുന്ന ആളുകളുടെ കാര്യത്തിൽ കേരളം ദേശീയ ശരാശരിയേക്കാൾ മുകളിലാണ്. 15 വയസ്സിന് മുകളിലുള്ള 15.5% സ്ത്രീകൾക്കും 19.2 % പുരുഷന്മാർക്കും ഇക്കാര്യത്തിൽ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് സർവേ ചൂണ്ടിക്കാട്ടുന്നു. ദേശീയ ശരാശരിയെ അപേക്ഷിച്ച് കേരളത്തിൽ പ്രമേഹബാധിതരുടെ എണ്ണവും കൂടുതലാണ്. സാധാരണ മരുന്ന് കഴിക്കുന്ന പ്രമേഹ രോഗികളുടെ എണ്ണം പുരുഷന്മാരിൽ 27 ശതമാനവും സ്ത്രീകളിൽ 24.8 ശതമാനവുമാണ്. ദേശീയ ശരാശരി 15.6 % (പുരുഷന്മാർ) 13.5 % (സ്ത്രീകൾ) ആണ്. കുട്ടികൾക്കിടയിൽ ജങ്ക് ഫുഡിന്റെ ഉപയോഗം കേരളത്തിൽ കൂടിവരുകയാണ്. 5 വയസ്സിന് താഴെയുള്ള കുട്ടികളിലെ അമിതഭാരം അഖിലേന്ത്യ തലത്തിൽ തന്നെ വർദ്ധിച്ചുവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. സംസ്ഥാനത്ത് മാതാവും പിതാവും ജോലിയ്ക്ക് പോകുന്നതും പരസ്യങ്ങളുടെയും മറ്റും സ്വാധീനവും കുട്ടികൾക്കിടയിൽ ജങ്ക് ഫുഡ് ഉപയോഗം വർദ്ധിയ്ക്കുന്നതിനും തന്മൂലമുള്ള പ്രശ്നങ്ങൾക്കും ഇടയാകുന്നുണ്ട്. നഗരപ്രദേശങ്ങളിൽ പകുതിയിലധികം കുട്ടികളും ഒരുനേരമെങ്കിലും ജങ്ക് ഫുഡ് കഴിയ്ക്കുന്നുവെന്നാണ് വിവിധ പഠനങ്ങൾ സൂചിപ്പിയ്ക്കുന്നത്. മാറുന്ന ജീവിത സാഹചര്യങ്ങൾ മൂലം കുട്ടികൾക്കിടയിൽ ഉൾപ്പടെയുണ്ടാകുന്ന പ്രശ്നങ്ങൾക്ക് ഹെൽത്തി വാക്ക് വേ പദ്ധതി സഹായകരമാകുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്. 

ലഹരി പദാർത്ഥങ്ങളുടെ വ്യാപകമായ ഉപയോഗം വിദ്യാർത്ഥികളെ പോലും സ്വാധീനിയ്ക്കുന്നതിന് പിന്നിൽ മതിയായ കളിസ്ഥലങ്ങൾ,  വ്യായാമം തുടങ്ങിയ റീക്രീഷൻ സെന്ററുകൾ ഇല്ലാത്തതിന് വലിയ പങ്കുണ്ട്. ഈ സാഹചര്യവും കൂടെ കണക്കിലെടുത്താണ് എല്ലാ വിഭാഗം ജനങ്ങളെയും ആരോഗ്യമുള്ള ഒരു സമൂഹമാക്കി മാറ്റുന്നതിന് സംസ്ഥാന ആരോഗ്യവകുപ്പ് ഹെൽത്തി വാക്ക് വേ പദ്ധതി ആരംഭിയ്ക്കുന്നത്. തുടക്കത്തിൽ നിയോജകമണ്ഡല അടിസ്ഥാനത്തിൽ ആരംഭിയ്ക്കുന്ന പദ്ധതി പിന്നീട് പ്രധാന നഗരങ്ങൾ കൂടുതൽ ജനവാസമുള്ള മേഖലകൾ എന്നിവിടങ്ങളിൽ കൂടി വ്യാപിപ്പിയ്ക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2022-09-30 16:57:12

ലേഖനം നമ്പർ: 775

sitelisthead