ലിംഗ സമത്വം ഉറപ്പുവരുത്തുന്നതിനും ലിംഗാവബോധമുള്ള സമൂഹമാക്കി കേരളത്തെ മാറ്റുന്നതിനുമുള്ള നവീനാശയങ്ങളും നിർമ്മിതികളും രൂപീകരിയ്ക്കുകയെന്ന ഉദ്ദേശ ലക്ഷ്യങ്ങളോടെ വനിത ശിശുവികസന വകുപ്പിന് കീഴിൽ ജൻഡർ കൗൺസിൽ രൂപികരിച്ചു. വിവിധ വകുപ്പുകളിലെ ജൻഡർ പ്രവർത്തനങ്ങളെ ഏകോപിപ്പിയ്ക്കുകയും ആശയവിനിമയം നടത്തുകയും ചെയ്യുന്നത് ജൻഡർ കൗൺസിലായിരിയ്ക്കും. സ്ത്രീകൾക്കും ട്രാൻസ്ജൻഡേഴ്‌സിനും വേണ്ടിയുള്ള നിയമങ്ങൾ, ചട്ടങ്ങൾ എന്നിവയിൽ കാലാനുസൃത മാറ്റങ്ങൾ വരുത്തുക, സ്ത്രീകളുമായി ബന്ധപ്പെട്ട പദ്ധതികളിലെ പോരായ്മകൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുക, ജൻഡർ ഓഡിറ്റിങ്ങിന് പിന്തുണ നൽകുക, ലിംഗ അസമത്വം നിലനിൽക്കുന്ന മേഖലകൾ കണ്ടെത്തുക, സ്ത്രീകളുടെ പ്രശ്‌നങ്ങളിൽ പരിഹാരം കാണുക തുടങ്ങിയ വിവിധ ചുമതലകൾ കൗൺസിൽ വഹിക്കും.

വനിത ശിശുവികസന വകുപ്പ് മന്ത്രി അദ്ധ്യക്ഷയും വകുപ്പ് പ്രിൽസിപ്പൽ സെക്രട്ടറി കൺവീനറും, വകുപ്പ് ഡയറക്ടർ ജോയിന്റ് കൺവീനറുമായ കൗൺസിലിൽ സ്ത്രീശാക്തീകരണ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ പങ്ക് വഹിക്കുന്ന വിവിധ മേഖലകളിലുള്ള 11 അനൗദ്യോഗിക അംഗങ്ങളും പ്ലാനിംഗ് ബോർഡ്, ഫിനാൻസ് ഡിപ്പാർട്ട്‌മെന്റ് ഉൾപ്പെടെയുള്ള മറ്റ് വകുപ്പുകളുടെ പ്രതിനിധികൾ ഔദ്യോഗിക അംഗങ്ങളുമായിരിയ്ക്കും. 

അന്തർദേശീയ തലത്തിൽ സ്ത്രീ ശാക്തീകരണ രംഗത്ത് ഉണ്ടായിട്ടുള്ള നവീനാശയങ്ങൾ ഉൾക്കൊണ്ടുകൊണ്ട് പുതിയ പദ്ധതികൾ ആവിഷ്‌കരിച്ച് സർക്കാരിന് സമർപ്പിക്കുക. വനിത ശിശുവികസന വകുപ്പിന്റെ സ്ത്രീശാക്തീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഇതര വകുപ്പുകളുമായുള്ള ഏകോപനം സാധ്യമാക്കുക. ജൻഡർ ഇക്വാളിറ്റി ആൻഡ് വിമൻ എംപവർമെന്റ് പോളിസിയെ ജനകീയവത്ക്കരിയ്ക്കുന്നതിനും, എല്ലാ വകുപ്പുകളിലും ജൻഡർ ബജറ്റിങ്, കർമ പദ്ധതികൾ, ജൻഡർ ഓഡിറ്റിങ് എന്നിവ സാധ്യമാക്കുക. ഈ പ്രവർത്തനങ്ങൾ അവലേകനം ചെയ്ത് വാർഷിക റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കുക എന്നിവയാണ് കൗൺസിലിന്റെ മറ്റ് പ്രധാന ചുമതലകൾ.  സംസ്ഥാനത്ത് വിവിധ വകുപ്പുകൾ മുഖാന്തിരം നടത്തുന്ന ജൻഡർ  ശാക്തീകരണ പ്രവർത്തനങ്ങൾക്ക് വേഗം പകരാൻ ജൻഡർ കൗൺസിൽ സഹായിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2022-09-30 16:04:53

ലേഖനം നമ്പർ: 773

sitelisthead