റോഡപകട സ്ഥിതിയെക്കുറിച്ചും മോട്ടോർ വാഹനങ്ങളുടെ അപകട സാധ്യതകളെക്കുറിച്ചും  യുവതലമുറയെ ബോധവത്ക്കരിക്കുന്നതിനായി ഹയർ സെക്കന്ററിയിൽ റോഡ് സുരക്ഷ അവബോധം പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി. വിദ്യാർത്ഥികളിൽ റോഡ് നിയമങ്ങളെക്കുറിച്ചും റോഡ് മര്യാദകളെക്കുറിച്ചും അവബോധം വളർത്തേണ്ടതും അതോടൊപ്പം സംസ്കാര പൂർണ്ണമായി നിരത്തിൽ പെരുമാറുന്നതിനെക്കുറിച്ച് പഠിപ്പിക്കേണ്ടതും കാലഘട്ടത്തിന്റെ അനിവാര്യതയായ സാഹചര്യത്തിൽ സംസ്ഥാന മോട്ടോർ വാഹന വകുപ്പ്  ഇതിനു സഹായകമായി ഒരു പാഠ്യപദ്ധതി തയ്യാറാക്കി വിദ്യാഭ്യാസ വകുപ്പിന് നൽകുകയാണ്.
    
റോഡ് മര്യാദകൾ, അപകടങ്ങൾ, ദുരന്ത സാധ്യതകൾ, വാഹനങ്ങൾ, റോഡുകൾ, റോഡ് ഉപയോക്താക്കളുടെ സ്വഭാവ സവിശേഷതകൾ, റോഡ് മാർക്കിംഗുകൾ, റോഡ് സൈനുകൾ, വിവിധ സുരക്ഷ സംവിധാനങ്ങളും അവയുടെ ശരിയായ ഉപയോഗവും, അപകടകരവും അശ്രദ്ധവുമായ ഡ്രൈവിംഗ് രീതികൾ, കുട്ടികൾ വാഹനം ഓടിക്കുമ്പോൾ ഉണ്ടായേക്കാവുന്ന വിവിധ ദുരന്ത സാധ്യതകളും നിയമപ്രശ്നങ്ങളും, അന്തരീക്ഷ മലിനീകരണവും അതുമൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളും മോട്ടോർ വാഹന രംഗത്തും ഗതാഗതരംഗത്തും ഉണ്ടായിക്കൊണ്ടിരിക്കുന്ന നിരന്തര മാറ്റങ്ങളും സമഗ്രമായി പ്രതിപാദിക്കുന്നതാണ്  പാഠ്യപദ്ധതി.

ഒന്നരക്കോടിയിലധികം വരുന്ന വാഹനങ്ങളും 3 കോടിയിലധികം വരുന്ന റോഡ് ഉപയോക്താക്കളുമുള്ള നമ്മുടെ സംസ്ഥാനത്ത് റോഡ് നിയമങ്ങളെക്കുറിച്ച് പഠിപ്പിക്കുക എന്നത് അത്യാവശ്യമായ ഒന്നാണെങ്കിലും അത്യന്തം ശ്രമകരമായ ദൗത്യമാണ്. അതുകൊണ്ട് സ്കൂൾ വിദ്യാഭ്യാസകാലം മുതൽ ഈ കാര്യങ്ങൾ വരും തലമുറയ്ക്ക് മനസ്സിലാക്കി കൊടുക്കുകയും സുരക്ഷിതമായും നിയമാനുസരണമായും നിരത്തുകളിൽ പെരുമാറുന്ന ഒരു തലമുറയെ സൃഷ്ടിക്കുകയും ചെയ്യുക എന്നുള്ളത് അത്യന്താപേക്ഷിതമാണ്. രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്തരത്തിലുള്ള സമഗ്രമായ ഒരു പാഠപുസ്തകം തയ്യാറാക്കുന്നതും അത് കുട്ടികളിലേക്ക് നൽകുന്നതിനുള്ള നടപടികളിലേക്ക് കടക്കുകയും ചെയ്യുന്നത്. ഈ പുസ്തകം മലയാളത്തിലും ഇംഗ്ലീഷിലും തയ്യാറാക്കുന്നതോടൊപ്പം കാലാകാലങ്ങളിൽ പുതിയ വിവരങ്ങൾ കൂട്ടിച്ചേർത്തുകൊണ്ട് ലൈസൻസ് കരസ്ഥമാക്കാൻ ആഗ്രഹിക്കുന്നവർക്കും ഡ്രൈവിംഗ് സ്കൂളുകൾക്കും അധ്യാപകർക്കും മറ്റ് കോളേജ് യൂണിവേഴ്സിറ്റിതല വിദ്യാർത്ഥികളിലേക്കും എത്തിക്കുക എന്ന സമഗ്രമായ പ്രവർത്തനമാണ് മോട്ടോർ വാഹന വകുപ്പ് ലക്ഷ്യമാക്കുന്നത്. പാഠ്യപദ്ധതിയിൽ റോഡ് സുരക്ഷ നിയമങ്ങൾ ഉൾപ്പെടുത്തി ഹയർ സെക്കന്ററി പാസാകുന്ന വിദ്യാർത്ഥികൾക്ക് ലേണേഴ്സ് ലൈസൻസ് എടുക്കാതെ ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കുവാൻ കഴിയുന്ന വിധത്തിൽ കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ ആവശ്യമായ മാറ്റം വരുത്തുന്നതിനുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പ് കൈക്കൊള്ളുന്നതാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2022-09-29 17:14:13

ലേഖനം നമ്പർ: 771

sitelisthead