നയം (പോളിസി)
a. വ്യവസായ നയം
കേരള സംസ്ഥാനം അതിന്റെ വ്യാവസായിക വളർച്ച ത്വരിതപ്പെടുത്തുന്നതിനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി ഒരു പുതിയ നയം രൂപീകരിച്ചിട്ടുണ്ട്. 2018-ലെ മുൻ നയത്തെ അടിസ്ഥാനമാക്കി നിലവിലെ കാലഘട്ടത്തിന് അനുസൃതമായ മാറ്റങ്ങൾ ഉൾക്കൊള്ളുന്ന രീതിയിലാണ് വ്യവസായ നയം രൂപീകരിച്ചിട്ടുള്ളത്. 'സൺറൈസ്' വിഭാഗത്തിലുള്ള ഉയർന്ന മുൻഗണനാ വ്യവസായങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, അവയുടെ വികസനം പ്രോത്സാഹിപ്പിക്കുന്നതിന് സാമ്പത്തിക ആനുകൂല്യങ്ങളും പിന്തുണയും നൽകാൻ നയം ലക്ഷ്യമിടുന്നു. വിദ്യാഭ്യാസം, ആരോഗ്യം, ജീവിതനിലവാരം എന്നിവയിൽ കേരളം കൈവരിച്ച അസാധാരണമായ നേട്ടങ്ങൾ സാമ്പത്തിക സമൃദ്ധിക്ക് കാരണമായിട്ടുണ്ട്.
രാസവസ്തുക്കൾ, ശുദ്ധീകരിച്ച പെട്രോളിയം ഉൽപന്നങ്ങൾ, പ്രകൃതിദത്ത റബ്ബർ, ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്, സുഗന്ധവ്യഞ്ജനങ്ങൾ, ഭക്ഷ്യ സംസ്‌കരണം തുടങ്ങിയ മൂല്യവർദ്ധിത വ്യവസായങ്ങളിൽ സംസ്ഥാനം നിക്ഷേപം നടത്തിയിട്ടുണ്ട്, ഈ മേഖലകളിൽ അതിന്റെ വിപണി വിഹിതം വർദ്ധിപ്പിച്ചു. 2023-ലെ പുതിയ വ്യവസായ നയം 22 മുൻഗണനാ മേഖലകളിൽ നിന്നുള്ള നിക്ഷേപം സുഗമമാക്കുന്നതിനുള്ള നടപടികൾ വ്യവസ്ഥ ചെയ്യുന്നു. കൂടാതെ, ഈ നയം നിക്ഷേപകർക്ക് പ്രത്യേക ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.
b. പരിസ്ഥിതി, സാമൂഹിക, ഭരണ (ESG) നയം
പ്രകൃതി, അവിടുത്തെ ആളുകൾ, ഗ്രഹം എന്നിവയ്ക്കെല്ലാം ലഭ്യമായ ഏറ്റവും മികച്ച രീതികൾ നടപ്പിലാക്കാൻ കേരള സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഉത്തരവാദിത്തമുള്ള വ്യവസായം, ഉത്തരവാദിത്തമുള്ള നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നതാണ് സർക്കാരിന്റെ പ്രധാന മുദ്രാവാക്യം.
സംസ്ഥാനത്തിന്റെ നിക്ഷേപ പ്രോത്സാഹന അജണ്ട, കേരളത്തെ ലോകത്തിലെ ESG നിക്ഷേപങ്ങളുടെ പ്രധാന ലക്ഷ്യസ്ഥാനങ്ങളിലൊന്നായി പ്രദർശിപ്പിക്കാൻ ലക്ഷ്യമിടുന്നു. 2023-ലെ പുതിയ വ്യവസായ വാണിജ്യ നയം, കേരളത്തിലെ നിലവിലുള്ളതും വരാനിരിക്കുന്നതുമായ വ്യവസായങ്ങളിൽ ESG പാലിക്കൽ നടപ്പിലാക്കാനും കേരളത്തെ ലോകമെമ്പാടും ഒരു ESG ബ്രാൻഡായി പ്രദർശിപ്പിക്കാനും ലക്ഷ്യമിടുന്നു.
കൂടുതൽ വിവരങ്ങൾ: KSIDC ESG (Environmental, Social and Governance) - KSIDC
c. കേരള കയറ്റുമതി പ്രോത്സാഹന നയം
കേരളത്തിന്റെ കയറ്റുമതി പ്രോത്സാഹന തന്ത്രം, സംസ്ഥാനത്തിന്റെ കയറ്റുമതി സാധ്യത വർദ്ധിപ്പിക്കുന്നതിനുള്ള സർക്കാരിന്റെ അർപ്പണബോധത്തെ അടിവരയിടുന്നു. ആധുനികതയെ പ്രോത്സാഹിപ്പിക്കുന്നതിനും ഉൽപാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും സുസ്ഥിരവും, എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും വ്യവസായം, സർക്കാർ, വിജ്ഞാനധിഷ്ഠിതമായ കണ്ടെത്തലുകൾ എന്നിവയുടെ സംയുക്തമായ ഇടപെടൽ നിർണായകമാണെന്ന് കയറ്റുമതി പ്രോത്സാഹന സ്ട്രാറ്റജി എടുത്തു പറയുന്നു. ശ്രദ്ധാപൂർവം രൂപകൽപ്പന ചെയ്ത സ്ട്രാറ്റജികളിലൂടെയും സംരംഭങ്ങളിലൂടെയും, കയറ്റുമതിക്കാരെ ശാക്തീകരിക്കാനും പുതിയ വ്യാപാര അവസരങ്ങൾ പര്യവേക്ഷണം ചെയ്യാനും ആഗോള ബിസിനസ് പങ്കാളിത്തത്തിന്റെ പ്രധാന കേന്ദ്രമായി കേരളത്തെ സ്ഥാപിക്കാനും നയം ലക്ഷ്യമിടുന്നു.
* ടൂറിസം, ആരോഗ്യ സംരക്ഷണം, ഐടി, ഭക്ഷ്യ സംസ്‌കരണം, സുഗന്ധവ്യഞ്ജനങ്ങൾ, റബ്ബർ, ആയുർവേദം, ഇലക്ട്രോണിക്‌സ്, കൈത്തറികൾ, വസ്ത്രങ്ങൾ, കയർ, കടൽ വിഭവങ്ങൾ, മരത്തിൽ കൊത്തിയുണ്ടാക്കുന്നതടക്കമുള്ള പരമ്പരാഗത കരകൗശല വസ്തുക്കൾ, ഡിസൈനർ ആഭരണങ്ങൾ തുടങ്ങിയ വിവിധ മേഖലകളിൽ നിന്നാണ് കേരളത്തിന്റെ സാമ്പത്തിക വളർച്ച. രാജ്യം ഉത്പാദിപ്പിക്കുന്ന പ്രകൃതിദത്ത റബ്ബറിന്റെ 70% ലധികം കേരളത്തിലാണ് ഉത്പാദിപ്പിക്കുന്നത്. അതുപോലെ കശുവണ്ടി, സുഗന്ധവ്യഞ്ജനങ്ങൾ, തേയില, കടൽ ഉൽപ്പന്നങ്ങൾ, കാപ്പി, കയർ എന്നിവയുടെ ദേശീയ കയറ്റുമതിയിൽ സംസ്ഥാനം ഗണ്യമായ സംഭാവന നൽകുന്നു.
* താരതമ്യേന അനുകൂല്യം എന്ന തത്വത്തെ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്ര വ്യാപാരം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു, വലിയ തോതിലുള്ള ഉത്പാദനത്തിന് സൗകര്യമൊരുക്കുന്നു, ആവശ്യമായ വിദേശ വിനിമയം സാധ്യമാക്കുന്നു. അതേസമയം ഉപഭോക്താക്കൾക്ക് വൈവിധ്യമാർന്ന ചരക്കുകൾ വാഗ്ദാനം ചെയ്യുന്നു. കേന്ദ്ര സർക്കാർ പ്രധാന വ്യാപാര പ്രശ്‌നങ്ങൾ പരിഹരിക്കുന്നുണ്ടെങ്കിലും, കയറ്റുമതി വർദ്ധിപ്പിക്കുന്നതിനും കേരളത്തിന്റെ വ്യാവസായിക രംഗത്തെയും സമ്പദ്വ്യവസ്ഥയെയും ഉത്തേജിപ്പിക്കുന്നതിനും സംസ്ഥാന സർക്കാരിന്റെ സംരംഭങ്ങൾ ഒരുപോലെ നിർണായകമാണ്.
* ഈ സാഹചര്യത്തിൽ, കയറ്റുമതിയുടെ വളർച്ചയെ സുഗമമാക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി സമഗ്രമായ ഒരു റോഡ്മാപ്പ് വികസിപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇത് കേരളത്തിന്റെ നിലവിലെ സാമ്പത്തിക പുരോഗതിക്ക് അനുസൃതമാണ്.
d. പ്ലാന്റേഷൻ നയം
കേരളത്തിന്റെ പ്ലാന്റേഷൻ നയം സുസ്ഥിര വികസനത്തെയും സാമ്പത്തിക വളർച്ചയെയും കേന്ദ്രീകരിച്ചുള്ളതാണ്. തേയില, കാപ്പി, റബ്ബർ, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയ തോട്ടം വിളകളുടെ ദീർഘകാല സുസ്ഥിരത ഉറപ്പാക്കുന്നതിനായി പരിസ്ഥിതി സൗഹൃദ രീതികളെ നയം പ്രോത്സാഹിപ്പിക്കുന്നു. ഉൽപാദനക്ഷമതയും ലാഭവും വർദ്ധിപ്പിക്കുന്നതിലൂടെ, സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് ഗണ്യമായ സംഭാവന നൽകാൻ നയം ലക്ഷ്യമിടുന്നു. മികച്ച വേതനം, പാർപ്പിടം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം എന്നിവയിലൂടെ തോട്ടം തൊഴിലാളികളുടെ ജീവിതവും തൊഴിൽ സാഹചര്യങ്ങളും മെച്ചപ്പെടുത്തുന്നതിനും നയം ഊന്നൽ നൽകുന്നു.
കൂടാതെ, വിളവ് വർദ്ധിപ്പിക്കുന്നതിനും മൊത്തത്തിലുള്ള തോട്ടം മാനേജ്‌മെന്റ് മെച്ചപ്പെടുത്തുന്നതിനുമായി ഗവേഷണത്തെയും നവീകരണത്തെയും നയം പ്രോത്സാഹിപ്പിക്കുന്നു. ചെറുതും ഇടത്തരവുമായ കർഷകരെ പിന്തുണച്ച്, ആഭ്യന്തരമായും അന്തർദേശീയമായും തോട്ടം ഉൽപ്പന്നങ്ങൾക്ക് വിപണി പ്രവേശനം വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നു. ഈ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ, തൊഴിലാളികളുടെയും പരിസ്ഥിതിയുടെയും ക്ഷേമം ഉറപ്പാക്കിക്കൊണ്ട് തോട്ടവിളകളുടെ മുൻനിര ഉത്പാദകരായി കേരളം സ്ഥാനം നിലനിർത്താൻ ലക്ഷ്യമിടുന്നു. നിലവിൽ, ഈ നയം പൂർണമായി സംസ്ഥാനത്ത് നടപ്പാക്കിയിട്ടില്ല.
കേരളത്തിലെ തോട്ടം മേഖലയുടെ വൈവിധ്യവൽക്കരണത്തെയും നവീകരണത്തെയും കുറിച്ചുള്ള ഒരു സമഗ്ര പഠനം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോടുമായി (IIMK) സഹകരിച്ച് പ്ലാന്റേഷൻ ഡയറക്ടറേറ്റ് നടത്തിയിരുന്നു. ഈ പഠനം ഈ മേഖലയുടെ സുസ്ഥിരതയും ലാഭവും വർദ്ധിപ്പിക്കുന്നതിനുള്ള വിലപ്പെട്ട നിർദ്ദേശങ്ങളും ശുപാർശകളും നൽകി. തോട്ടം കർഷകരിൽ നിന്നും പൊതുജനങ്ങളിൽ നിന്നുമുള്ള അനുബന്ധ പ്രതികരണങ്ങളുടെ അടിസ്ഥാനമാക്കി തയാറാക്കിയ പോളിസി നിലവിൽ കേരള സർക്കാർ അംഗീകാരത്തിനായി പരിഗണനയിലാണ്.
കൂടുതൽ വിവരങ്ങൾ: Kerala mulls policy initiatives to tap potential of plantation sector fully: Minister P Rajeeve
e. ഗ്രീൻ എന്റർപ്രൈസ് പോളിസി
കേരള സർക്കാരിന്റെ ഗ്രീൻ എന്റർപ്രൈസ് പോളിസി, സംസ്ഥാനത്തുടനീളം സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ബിസിനസ് രീതികൾ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിടുന്നു. മാലിന്യം കുറയ്ക്കുന്നതിലും വിഭവങ്ങൾ സംരക്ഷിക്കുന്നതിലും പരിസ്ഥിതി ആഘാതം കുറയ്ക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ച്, സംരംഭങ്ങൾ അവയുടെ പ്രവർത്തനങ്ങളിൽ പരിസ്ഥിതി ഉത്തരവാദിത്തമുള്ള രീതികൾ സ്വീകരിക്കാൻ നയം പ്രോത്സാഹനം നൽകുന്നു.ഹരിത രീതികൾ സംയോജിപ്പിക്കുന്നതിലൂടെ, സാമ്പത്തിക വളർച്ചയും പരിസ്ഥിതി സുസ്ഥിരതയും തമ്മിൽ ഒരു സന്തുലിതാവസ്ഥ സൃഷ്ടിക്കാൻ നയം ലക്ഷ്യമിടുന്നു.
ഹരിത സാങ്കേതികവിദ്യകൾ നടപ്പിലാക്കുന്ന ബിസിനസുകൾക്കുള്ള ആനുകൂല്യങ്ങൾ, സുസ്ഥിര രീതികളിലെ ഗവേഷണത്തിനും വികസനത്തിനുമുള്ള പിന്തുണ, പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനുള്ള സംരംഭങ്ങൾ എന്നിവ നയത്തിന്റെ പ്രധാന ഘടകങ്ങളിൽ ഉൾപ്പെടുന്നു. പോളിസിയുടെ നിർദ്ദിഷ്ഠ ലക്ഷ്യങ്ങൾ നേടുന്നതിന് സർക്കാർ, സ്വകാര്യ മേഖല, പ്രാദേശിക സമൂഹങ്ങൾ എന്നിവ തമ്മിലുള്ള സഹകരണത്തിന്റെ ആവശ്യകതയും നയം ഊന്നിപ്പറയുന്നു. സുസ്ഥിരതയുടെ സംസ്‌കാരം വളർത്തുന്നതിലൂടെ, ഹരിത സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലും ഭാവി തലമുറകൾക്ക് ആരോഗ്യകരമായ അന്തരീക്ഷം ഉറപ്പാക്കുന്നതിലും കേരളം മാതൃകയായിരിക്കാൻ ലക്ഷ്യമിടുന്നു.
നിലവിൽ പോളിസി പൂർണമായും സംസ്ഥാനത്ത് നടപ്പിലാക്കിയിട്ടില്ല.
f. ലോജിസ്റ്റിക് നയം
കേരള ലോജിസ്റ്റിക് നയം, സംസ്ഥാനത്തിന്റെ ലോജിസ്റ്റിക് മേഖലയെ കൂടുതൽ കാര്യക്ഷമവും വിശ്വസനീയവും സുസ്ഥിരവുമായ ഒരു സംവിധാനമാക്കി മാറ്റാൻ ലക്ഷ്യമിടുന്നു. ലോജിസ്റ്റിക് പാർക്കുകൾ വികസിപ്പിക്കുക, അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുക, സ്വകാര്യ മേഖലയുടെ നിക്ഷേപം പ്രോത്സാഹിപ്പിക്കുക എന്നിവയിൽ നയം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സബ്സിഡികൾ, അംഗീകാരങ്ങൾ എന്നിവയ്ക്കായി സിംഗിൾ-വിൻഡോ ക്ലിയറൻസ്, വ്യാവസായിക മേഖലകളായി ലോജിസ്റ്റിക് പാർക്കുകൾ സ്ഥാപിക്കൽ എന്നിവയ്ക്കുള്ള വ്യവസ്ഥകളും ഇതിൽ ഉൾപ്പെടുന്നു.
കൂടാതെ, നൈപുണ്യ വികസനം, മെച്ചപ്പെട്ട ഏകോപനം, കേരളത്തിന്റെ വിപുലമായ റോഡ്, റെയിൽ, തുറമുഖ ശൃംഖലകളുൾപ്പെട്ട തന്ത്രപരമായ ലൊക്കേഷൻ പ്രയോജനപ്പെടുത്തൽ എന്നിവയ്ക്ക് നയം ഊന്നൽ നൽകുന്നു. ശക്തമായ ലോജിസ്റ്റിക് ഇക്കോസിസ്റ്റം വളർത്തുന്നതിലൂടെ, സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കാനും നിക്ഷേപങ്ങൾ ആകർഷിക്കാനും സംസ്ഥാനത്ത് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും നയം ലക്ഷ്യമിടുന്നു.
കൂടുതൽ വിവരങ്ങൾ: Kerala State Logistics Park Policy
g. ഗ്രാഫീൻ നയം
കേരളത്തിന്റെ ഗ്രാഫീൻ നയം, സംസ്ഥാനത്തെ ഗ്രാഫീൻ നവീനതയുടെയും ഉൽപാദനത്തിന്റെയും മുൻനിരയിൽ എത്തിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. ഗ്രാഫീൻ സാങ്കേതികവിദ്യകളുടെ ഗവേഷണം, വികസനം, വാണിജ്യവൽക്കരണം എന്നിവയ്ക്കായി ശക്തമായ ഒരു ഇക്കോസിസ്റ്റം സൃഷ്ടിക്കുന്നതിൽ നയം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ആദ്യഘട്ടപ്രവർത്തനങ്ങളിലുൾപ്പെട്ട ഗ്രാഫീൻ ഇന്നൊവേഷൻ സെന്ററും ഗ്രാഫീൻ പ്രൊഡക്ഷൻ പാർക്കും സ്ഥാപിക്കുന്നതിലൂടെ സ്റ്റാർട്ടപ്പുകൾക്കും വ്യവസായ രംഗത്തെിനും അടിസ്ഥാന സൗകര്യങ്ങളും പിന്തുണയും ലഭ്യമാക്കുന്നു.
കൂടാതെ, 2023 ലെ കേരള വ്യവസായ നയത്തിന് കീഴിൽ ഈ നയം ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു, ഇത് വിജ്ഞാനം, വ്യവസായം, ഭരണകൂടം എന്നിവയെ യോജിപ്പിച്ചുകൊണ്ടുള്ള നിക്ഷേപവും സഹകരണവും പ്രോത്സാഹിപ്പിക്കുന്നു. പ്രകൃതിവിഭവങ്ങളും നൈപുണ്യവും ഉള്ള തൊഴിലാളികളെ പ്രയോജനപ്പെടുത്തി, കേരളം ഗ്രാഫീൻ ആപ്ലിക്കേഷനുകളിൽ മുന്നേറ്റം നടത്താൻ ലക്ഷ്യമിടുന്നു, ഇത് സുസ്ഥിര വ്യാവസായിക വളർച്ചയ്ക്കും സാമ്പത്തിക വികസനത്തിനും വഴിയൊരുക്കും.
h. സ്റ്റാർട്ടപ്പ് പോളിസി
കേരളത്തിന്റെ സ്റ്റാർട്ടപ്പ് നയം, സംസ്ഥാനത്തുടനീളം സംരംഭകത്വം വളർത്താനും ഉത്തേജിപ്പിക്കാനും രൂപകൽപ്പന ചെയ്ത ഒരു ഡൈനാമിക് ബ്ലൂപ്രിന്റാണ്. കേരള സ്റ്റാർട്ടപ്പ് മിഷന്റെ (KSUM) നേതൃത്വത്തിൽ, ഈ നയം വളർന്നുവരുന്ന സംരംഭകർക്ക് സമഗ്രമായ പിന്തുണാ സംവിധാനം വാഗ്ദാനം ചെയ്യുന്നു. ഇന്നൊവേഷൻ ഗ്രാന്റുകൾ, സീഡ് ഫണ്ടിംഗ്, പേറ്റന്റ് റീഇംബേഴ്സ്മെന്റുകൾ എന്നിവ മുതൽ, സ്റ്റാർട്ടപ്പുകൾക്ക് അഭിവൃദ്ധി പ്രാപിക്കാൻ ആവശ്യമായ സാമ്പത്തിക പിന്തുണയുണ്ടെന്ന് നയം ഉറപ്പാക്കുന്നു.
അടിസ്ഥാന സൗകര്യങ്ങൾ നയം ശ്രദ്ധകേന്ദ്രീകരിക്കുന്ന പ്രധാന മേഖലയാണ്. ഇതിനോട് അനുബന്ധമായി നിരവധി ഇൻകുബേറ്ററുകളും കോ-വർക്കിംഗ് സ്പേസുകളും സ്റ്റാർട്ടപ്പുകളെ പരിപോഷിപ്പിക്കുന്നതിനായി സ്ഥാപിച്ചിട്ടുണ്ട്. വൈജ്ഞാനിക മേഖല, വ്യവസായം, സർക്കാർ തമ്മിലുള്ള സഹകരണം നയം പ്രോത്സാഹിപ്പിക്കുന്നു, ഇത് വാണിജ്യവൽക്കരണവും വർദ്ധിപ്പിക്കുന്നു. സിംഗിൾ വിൻഡോ ക്ലിയറൻസ് സംവിധാനവും വിവിധ സാമ്പത്തിക ആനുകൂല്യങ്ങളും ഉള്ളതിനാൽ, കേരളം സ്റ്റാർട്ടപ്പുകളുടെ ഒരു പ്രധാന കേന്ദ്രമായി സ്വയം സ്ഥാനപ്പെടുത്തുന്നു, സംരംഭകത്വ സംസ്‌കാരം പ്രോത്സാഹിപ്പിക്കുകയും സാമ്പത്തിക വളർച്ചയിലേക്ക് നയിക്കുകയും ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്കായി: Startup Policy | Kerala Startup Mission
i. സൗരോർജ്ജ നയം
ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനും സംസ്ഥാനത്ത് കാർബൺ ഉദ്വമനം കുറയ്ക്കാനും കുറയ്ക്കുന്നതിനും സൗരോർജ്ജം പ്രോത്സാഹിപ്പിക്കുന്നതിനായി ലക്ഷ്യമിട്ട് രൂപീകരിച്ച പോളിസിയാണ് കേരള സൗരോർജ്ജ നയം. സൗരോർജ്ജ ശേഷി 2017 ഓടെ 500 MW ഉം 2030 ഓടെ 2500 MW ഉം പൂർത്തിയാക്കുകയെന്ന വ്യക്തമായ ലക്ഷ്യം നയം മുന്നോട്ട് വെക്കുന്നു. ഈ ലക്ഷ്യങ്ങൾ, പുനരുപയോഗ ഊർജ്ജത്തെ അതിന്റെ പവർ ഗ്രിഡിലേക്ക് സംയോജിപ്പിക്കാനും പരമ്പരാഗത ഊർജ്ജ സ്രോതസ്സുകളെ ആശ്രയിക്കുന്നത് കുറയ്ക്കാനുമുള്ള കേരളത്തിന്റെ പ്രതിബദ്ധതയുടെ പ്രതിഫലനമാണ്.
സൗരോർജ്ജം സ്വീകരിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി, നയത്തിൽ നിരവധി ആനുകൂല്യങ്ങളും നിയന്ത്രണ നടപടികളും ഉൾപ്പെടുത്തിയിട്ടുണ്ട്. നെറ്റ് മീറ്ററിംഗ് ഉപഭോക്താക്കളെ അധിക സൗരോർജ്ജം ഗ്രിഡിലേക്ക് നൽകാനും അവരുടെ വൈദ്യുതി ബില്ലുകളിൽ ക്രെഡിറ്റുകൾ സ്വീകരിക്കാനും അനുവദിക്കുന്നു. ഫീഡ്-ഇൻ താരിഫുകൾ ഉത്പാദിപ്പിക്കുന്ന സൗരോർജ്ജത്തിന് ഉറപ്പായ പേയ്മെന്റുകൾ നൽകുന്നു, ഇത് വ്യക്തികൾക്കും ബിസിനസുകൾക്കും സൗരോർജ്ജ സ്ഥാപനങ്ങളിൽ നിക്ഷേപം നടത്താൻ സാമ്പത്തികമായി പ്രേത്സാഹനമേകുന്നു. റിന്യൂവബിൾ എനർജി സർട്ടിഫിക്കറ്റുകൾ (REC-കൾ) പുനരുപയോഗ ഊർജ്ജം പ്രോത്സാഹിപ്പിക്കുന്നതിനും സൗരോർജ്ജ ഉത്പാദകർക്ക് അധിക വരുമാന സ്രോതസ്സ് നൽകുന്നതിനുമുള്ള ഒരു വിപണി അടിസ്ഥാനമാക്കിയുള്ള ഉപകരണമാണ്.
ഇവയ്ക്ക് പുറമേ, സൗരോർജ്ജ മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും നൈപുണ്യശേഷിയുള്ള മാനവ വിഭവം വികസിപ്പിക്കുന്നതിനും നയം ഊന്നൽ നൽകുന്നു. സൗരോർജ്ജ സാങ്കേതികവിദ്യകളിൽ പരിശീലനം ലഭിച്ച ഒരു തൊഴിൽ ശക്തിയെ വളർത്തുന്നതിലൂടെ, സൗരോർജ്ജ വ്യവസായത്തിന്റെ വളർച്ചയെ പിന്തുണയ്ക്കാനും അതിന്റെ സംരംഭങ്ങളുടെ സുസ്ഥിരത ഉറപ്പാക്കാനും കേരളം ലക്ഷ്യമിടുന്നു.
കൂടാതെ, നയം റെസിഡൻഷ്യൽ, കൊമേർഷ്യൽ, ഇൻഡസ്ട്രിയൽ ആപ്ലിക്കേഷനുകൾ ഉൾപ്പെടെ വിവിധ മേഖലകളിൽ സൗരോർജ്ജം ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നു. ഈ വൈവിധ്യമാർന്ന സമീപനം, സൗരോർജ്ജത്തിന്റെ ആനുകൂല്യങ്ങൾ വിശാലമായ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നു, ഇത് സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള ഊർജ്ജ സുരക്ഷയ്ക്ക് സഹായിക്കുന്നു.
കൂടുതൽ വിവരങ്ങൾ: KSEB | Policy and Regulations
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 21-02-2025
ലേഖനം നമ്പർ: 1697