യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം (YIP)

കേരള ഡെവലപ്മെൻറ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്ക്)ന്റെ കീഴിൽ പ്രവർത്തിക്കുന്ന പദ്ധതിയാണ് യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം (YIP). സംസ്ഥാനത്തെ യുവജനങ്ങളിൽ നവീന ചിന്തകൾ പ്രോത്സാഹിപ്പിക്കുകയും, അവരുടെ സാങ്കേതിക കഴിവുകൾ വികസിപ്പിക്കുകയും, സാമൂഹ്യ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിവുള്ള പുതുമയുള്ള ആശയങ്ങൾക്ക് പിന്തുണ നൽകുകയുമാണ് ഇതിന്റെ ലക്ഷ്യം. വിദ്യാർത്ഥികളും യുവജനങ്ങളും ഗവേഷണ മേഖലകളിൽ സജീവമായി ഏർപ്പെടുന്നതിനും, ജീവിതത്തിന്റെ വിവിധ മേഖലകളിലെ ചിന്താഗതിയിൽ മാറ്റം കൊണ്ടുവരുന്നതിനും സഹായിക്കുന്ന ഒരു വേദിയാണ്. കേരളത്തിന്റെ ശാസ്ത്ര-സാങ്കേതിക രംഗത്തെ മുന്നേറ്റങ്ങൾക്ക് വലിയ സംഭാവന നൽകാൻ കെൽപ്പുള്ള പദ്ധതിയാണിത്. 

പ്രധാന സവിശേഷതകൾ:

  • ഇന്നൊവേഷൻ ക്ലബ്ബുകൾ: സർഗ്ഗാത്മകത വളർത്തുന്നതിനായി സ്കൂളുകളിലും കോളേജുകളിലും ഇന്നൊവേഷൻ ക്ലബ്ബുകൾ സ്ഥാപിക്കുന്നു.
  • മെൻ്റർഷിപ്പ്: വിവിധ മേഖലകളിലെ വിദഗ്ധരിൽ നിന്ന് യുവാക്കൾക്ക് മാർഗനിർദേശം ലഭ്യമാക്കുന്നു.
  • ധനസഹായം: നൂതന പദ്ധതികളുടെയും പ്രോട്ടോടൈപ്പുകളുടെയും വികസനത്തിനുള്ള സാമ്പത്തിക സഹായം.

ശാസ്ത്രപോഷിണി

കേരളത്തിലെ സ്കൂളുകളിൽ ശാസ്ത്ര വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിനായി കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ് എൻവയോൺമെൻ്റ് (കെഎസ്‌സിഎസ്ടിഇ) വിഭാവനം ചെയ്യുന്ന പരിപാടിയാണ് ശാസ്ത്രപോഷിണി. ഇതിനോടനുബന്ധിച്ച് സംസ്ഥാനത്തെ തിരഞ്ഞെടുത്ത സർക്കാർ ഹൈസ്‌കൂളുകളിൽ മികച്ച പഠനാന്തരീക്ഷം പ്രദാനം ചെയ്യുന്നതിനായി മാതൃകാ സയൻസ് ലബോറട്ടറികൾ സ്ഥാപിക്കുന്നു. 2003-ൽ കേരള സർക്കാരിൻ്റെ വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് കെഎസ്‌സിഎസ്ടിഇ ഈ പരിപാടി ആരംഭിച്ചു. ഇതുവരെ കേരളത്തിലുടനീളം 200ലധികം സയൻസ് ലബോറട്ടറികൾ വിജയകരമായി സ്ഥാപിച്ചു. ഇത് സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ശാസ്ത്രബോധവും ശാസ്ത്രീയ ചിന്തയുമുള്ള ഒരു തലമുറയെ വളർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.

പ്രധാന സവിശേഷതകൾ:

  • ശാസ്ത്ര പ്രദർശനങ്ങൾ: ജില്ലാ-സംസ്ഥാനതല ശാസ്ത്ര പ്രദർശനങ്ങളും മത്സരങ്ങളും സംഘടിപ്പിക്കുന്നു.
  • സയൻസ് ക്ലബ്ബുകൾ: കുട്ടികളെ ശാസ്ത്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെടുത്തുന്നതിനായി വിദ്യാലയങ്ങളിൽ സയൻസ് ക്ലബ്ബുകൾ രൂപീകരിക്കുന്നു.
  • ശാസ്ത്ര പ്രസിദ്ധീകരണങ്ങൾ: വിദ്യാർത്ഥികളുടെ അറിവ് വർധിപ്പിക്കുന്നതിനായി സ്കൂളുകളിൽ ശാസ്ത്ര മാസികകളുടെയും പ്രസിദ്ധീകരണങ്ങളുടെയും വിതരണം പ്രോത്സാഹിപ്പിക്കുന്നു.

കേരള നോളജ് ഇക്കണോമി മിഷൻ 

2012ലാണ് കേരള നോളജ് ഇക്കണോമി മിഷൻ സ്ഥാപിതമാകുന്നത്. പേര് സൂചിപ്പിക്കുന്ന പോലെ കേരളത്തെ ഒരു വിജ്ഞാന സമ്പദ് വ്യവസ്ഥയാക്കി മാറ്റുകയാണ് ഇതിന്റെ ലക്ഷ്യം. ശാസ്ത്രം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം എന്നിവയുടെ സംയോജിതമായ വിനിയോ​ഗത്തിലൂടെ സംസ്ഥാനത്തിൻ്റെ മാനവ വിഭവശേഷി പ്രയോജനപ്പെടുത്തി നൈപുണ്യ വികസനം പ്രോത്സാഹിപ്പിച്ച് വിജ്ഞാനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥ എന്ന ലക്ഷ്യം നേടുന്നതിനുള്ള പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, ഇന്നോവേഷൻ പ്രോത്സാഹനം, പുസ്തകശാലകൾ, ഗവേഷണ കേന്ദ്രങ്ങൾ, സാമൂഹ്യ-സാംസ്കാരിക സംരംഭങ്ങൾ ഇങ്ങനെ നിരവധി പദ്ധതികൾ‍ കേരള നോളജ് ഇക്കണോമി മിഷന്റെ നേതൃത്വത്തിൽ  നടപ്പിലാക്കുന്നു.    

പ്രധാന സവിശേഷതകൾ:

  • നൈപുണ്യ വികസന പരിപാടികൾ: വളർന്നുവരുന്ന സാങ്കേതികവിദ്യകളിൽ പരിശീലനവും സർട്ടിഫിക്കേഷൻ പ്രോഗ്രാമുകളും നൽകുന്നു.
  • തൊഴിൽ പിന്തുണ: വ്യവസായ പങ്കാളിത്തത്തിലൂടെ സാങ്കേതികവിദ്യയിലധിഷ്‌ഠിതമായ മേഖലകളിൽ തൊഴിൽ നിയമനം സുഗമമാക്കുന്നു.
  • ഡിജിറ്റൽ തൊഴിൽ ശക്തി: ആഗോള വിജ്ഞാന സമ്പദ്‌വ്യവസ്ഥയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഒരു ഡിജിറ്റൽ തൊഴിൽ ശക്തി സൃഷ്ടിക്കുന്നു.

ഇ-ഹെൽത്ത് കേരള

ഇ-ഹെൽത്ത് കേരള‌ത്തിന്റെ ആരോഗ്യപരിപാലന രംഗത്തെ മികച്ച ഒരു പദ്ധതിയാണ്. ഇത് ആരോഗ്യ സേവനങ്ങൾ കൂടുതൽ സുതാര്യമാക്കുന്നതിനും, ഓരോ വ്യക്തിയുടെയും ആരോഗ്യ വിവരങ്ങൾ ഒരു ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ സൂക്ഷിക്കുന്നതിനും വേണ്ട പ്രവർത്തനങ്ങൾ നടത്തുന്നു.  ഇതിലൂടെ, രോഗികളുടെ മെഡിക്കൽ ചരിത്രം, ചികിത്സാ വിവരങ്ങൾ, ലബോറട്ടറി ഫലങ്ങൾ തുടങ്ങിയവ ഡിജിറ്റൽ ഫോർമാറ്റിൽ സൂക്ഷിക്കാൻ സാധിക്കുന്നു. 

ആരോഗ്യ രം​ഗത്തെ ഭൗതിക സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനൊപ്പം, ആരോഗ്യ പ്രവർത്തകരുടെ പരിശീലനം, സാങ്കേതിക വിദ്യയുടെ പ്രയോജനപ്പെടുത്തൽ തുടങ്ങിയവയും ഇ-ഹെൽത്ത് കേരള നടപ്പിലാക്കി വരുന്നു. ആരോഗ്യ സേവനങ്ങളിലെ കാര്യക്ഷമതയും, രോഗികളെ സംബന്ധിച്ചുള്ള ഡാറ്റയുടെ സുരക്ഷയും ഉറപ്പാക്കുന്നതിൽ ഇ-ഹെൽത്ത് കേരള ഒരു സുപ്രധാന പങ്ക് വഹിക്കുന്നു.

പ്രധാന സവിശേഷതകൾ:

  • ഇലക്ട്രോണിക് ഹെൽത്ത് റെക്കോർഡുകൾ (EHR): സംസ്ഥാനത്തുടനീളമുള്ള ആരോഗ്യ സേവന ദാതാക്കൾക്ക് പ്രാപ്യമായ ആരോഗ്യ റെക്കോർഡുകൾ പരിപാലിക്കുന്നു.
  • ടെലിമെഡിസിൻ സേവനങ്ങൾ: ഗ്രാമീണ, വിദൂര പ്രദേശങ്ങളിലെ ജനങ്ങൾക്കായി ടെലിമെഡിസിൻ കൺസൾട്ടേഷൻ സേവനങ്ങൾ പ്രദാനം ചെയ്യുന്നു.
  • ആരോഗ്യ വിവര പോർട്ടൽ: ആരോഗ്യ സംബന്ധിയായ വിവരങ്ങൾ, സേവനങ്ങൾ, വിഭവങ്ങൾ എന്നിവ ലഭ്യമാക്കുന്നതിനുള്ള ഒരു കേന്ദ്രീകൃത പോർട്ടൽ പ്രവർത്തിപ്പിക്കുന്നു.

ടെക്നോളജി ഇന്നൊവേഷൻ സോൺ 

കേരളത്തിൽ സാങ്കേതിക വിദ്യകളുടെ വികസനവും സ്റ്റാർട്ടപ്പ് സംരംഭങ്ങളുടെ വളർച്ചയും പ്രോത്സാഹിപ്പിക്കുന്നതിനായി സ്ഥാപിതമായ പ്രധാന പദ്ധതി ആണ് ടെക്നോളജി ഇന്നൊവേഷൻ സോൺ. സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾക്കും നൂതന സംരംഭങ്ങൾക്കും ആവശ്യമായ എല്ലാ സഹായവും ലഭ്യമാക്കുന്ന സംവിധാനമാണിത്. സ്റ്റാർട്ടപ്പുകൾക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ, പ്രത്യേക പരിചരണം, ഉപദേശം, സാമ്പത്തിക മാർഗങ്ങൾ, നോളജ് ഷെയറിംഗ് പ്ലാറ്റ്ഫോമുകൾ തുടങ്ങിയവ ഇവിടെ ലഭ്യമാണ്. ഒപ്പം ഐടി, ഇലക്ട്രോണിക്സ്, ബയോടെക്നോളജി, നാനോ ടെക്നോളജി, റോബോട്ടിക്സ് തുടങ്ങിയ വിവിധ അത്യാധുനിക സാങ്കേതിക മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് പ്രോത്സാഹനവും പിന്തുണയും ലഭ്യമാക്കുന്നു. ടെക്നോളജി ഇന്നൊവേഷൻ സോണിന്റെ പ്രധാന ലക്ഷ്യം സ്റ്റാർട്ടപ്പുകൾക്ക് മികച്ച തുടക്കം നൽകുകയും അവരെ ആഗോളതലത്തിൽ മികവ് കൈവരിക്കാൻ സഹായിക്കുകയും ചെയ്യുന്നതാണ്. 

പ്രധാന സവിശേഷതകൾ:

  • ഇൻകുബേഷൻ സെൻ്ററുകൾ: ബയോടെക്‌നോളജി, ഇലക്‌ട്രോണിക്‌സ്, ഐടി എന്നിവയുൾപ്പെടെ വിവിധ സാങ്കേതിക മേഖലകളിലെ സ്റ്റാർട്ടപ്പുകൾക്കായി ഇൻകുബേഷൻ സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നു.
  • ഗവേഷണ ലാബുകൾ: ഉൽപ്പന്ന വികസനത്തിനും പരിശോധനയ്ക്കുമായി വിപുലമായ ഗവേഷണ ലാബുകളും ഉപകരണങ്ങളും പ്രദാനം ചെയ്യുന്നു.
  • ബിസിനസ് പിന്തുണാ സേവനങ്ങൾ: സ്റ്റാർട്ടപ്പുകൾക്ക് നിയമപരവും സാമ്പത്തികവും വിപണനപരവുമായ പിന്തുണ വാഗ്ദാനം ചെയ്യുന്നു.

വിമൻ സയൻ്റിസ്റ്റ് സ്കീം

വിമൻ സയൻ്റിസ്റ്റ് സ്കീം സർക്കാർ നടപ്പിലാക്കിയ ഒരു പ്രത്യേക പദ്ധതി ആണ്. പ്രധാനമായും ശാസ്ത്ര, സാങ്കേതിക വിദ്യ, അനുബന്ധ മേഖലകളിൽ വനിതകളുടെ പങ്കാളിത്തം വർധിപ്പിക്കാനും അവരെ ശാസ്ത്ര ഗവേഷണത്തിലേക്കും സംരംഭങ്ങളിലേക്കും ആകർഷിക്കാനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. ഇതിലൂടെ ഈ മേഖലകളിലെ ലിംഗ വ്യത്യാസം പരിഹരിക്കാനും പദ്ധതി വിഭാവനം ചെയ്യുന്നു. കുടുംബപരമായ ഉത്തരവാദിത്തങ്ങൾ, കരിയർ ഇടവേളകൾ, ആധുനിക സാങ്കേതിക വിദ്യയിലുള്ള പരിചയക്കുറവ് എന്നിവ കാരണം ശാസ്ത്രരംഗത്ത് നിന്നും വിട്ടു നിൽക്കുന്ന വനിതകൾക്ക്, അവരുടെ പ്രൊഫഷണൽ യാത്രയിൽ പൂർവസ്ഥിതി കൈവരിക്കാനുള്ള അവസരമാണ് ഈ പദ്ധതി നൽകുന്നത്.

പ്രധാന സവിശേഷതകൾ:

  • ഗവേഷണ ഗ്രാൻ്റുകൾ: ഗവേഷണ പദ്ധതികൾ ഏറ്റെടുക്കുന്നതിന് വനിതാ ശാസ്ത്രജ്ഞർക്ക് സാമ്പത്തിക സഹായം നൽകുന്നു.
  • ഫെലോഷിപ്പുകൾ: ശാസ്ത്ര സാങ്കേതിക മേഖലകളിൽ ഉന്നത വിദ്യാഭ്യാസവും ഗവേഷണവും നടത്തുന്ന സ്ത്രീകൾക്ക് ഫെലോഷിപ്പുകളും സ്കോളർഷിപ്പുകളും പ്രദാനം ചെയ്യുന്നു.
  • നൈപുണ്യ വികസനം: ഗവേഷണ വൈദഗ്ധ്യം വർദ്ധിപ്പിക്കുന്നതിന് വർക്ക് ഷോപ്പുകളും പരിശീലന പരിപാടികളും നടത്തുന്നു.

പുനരുപയോഗ ഊർജ വികസന പദ്ധതികൾ

പുനരുപയോഗ ഊർജ വികസന പദ്ധതികൾ പ്രകൃതി സൗഹൃദവും നവീകരണയോഗ്യവുമായ ഊർജ സ്രോതസുകളെ പ്രോത്സാഹിപ്പിക്കുന്നതിനും പരിസ്ഥിതി ആഘാതം കുറയ്ക്കുന്നതിനും ലക്ഷ്യമിടുന്നവയാണ്. കേരളത്തിൽ പുനരുപയോഗ ഊർജ സ്രോതസ്സുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക, സുസ്ഥിര ഊർജ ഉൽപ്പാദനവും ഉപഭോഗവും ഉറപ്പാക്കുക എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷ്യങ്ങൾ. സൗരോർജ പദ്ധതികൾ, കാറ്റാടി വൈദ്യുതി പദ്ധതികൾ, ജലവൈദ്യുത പദ്ധതികൾ, ബയോമാസ് ഊർജ  പദ്ധതികൾ എന്നിവ ഇവയിൽ ചെലതാണ്. ഇത് സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യം നിറവേറ്റുന്നതിനും പരിസ്ഥിതിയിൽ കാർബൺ പാദമുദ്ര കുറയ്ക്കുന്നതിനും സഹായകരമാണ്.      

പ്രധാന സവിശേഷതകൾ:

  • സൗരോർജ പദ്ധതി : വീടുകളിലും ഓഫീസുകളിലും പൊതു ഇടങ്ങളിലും സോളാർ പാനലുകൾ സ്ഥാപിക്കുന്നതിന് സബ്‌സിഡിയും പ്രോത്സാഹനവും നൽകുന്നു.
  • ജലവൈദ്യുത പദ്ധതികൾ : ജലാശയങ്ങളിലെ ജലം ഉപയോ​ഗിച്ച് ഊർജോൽപ്പാദനം നടത്തി വൈദ്യുതി ആവശ്യം നിറവേറ്റാൻ സഹായിക്കുന്നു. 
  • കാറ്റാടി ഊർജ പദ്ധതികൾ: കാറ്റാടിപ്പാടങ്ങളുടെ വികസനവും ചെറുകിട കാറ്റാടി ഊർജ പദ്ധതികൾക്കുള്ള പിന്തുണയും.
  • ബയോ എനർജി പ്രോഗ്രാമുകൾ: ബയോഗ്യാസ് പ്ലാൻ്റുകളിലൂടെ മാലിന്യത്തിൽ നിന്ന് ഊർജ്ജോൽപ്പാദനം, ബയോ എനർജിയുടെ ഉപയോഗം എന്നിവ പ്രോത്സാഹിപ്പിക്കുന്നു.

കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംരംഭങ്ങൾ

കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് സാങ്കേതിക വിദ്യയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള വിവിധ പദ്ധതികളാണ് കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്റെ നേതൃത്വത്തിൽ നടക്കുന്നത്. കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആധുനിക സാങ്കേതിക വിദ്യയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും എല്ലാ കുട്ടികൾക്കും ഡിജിറ്റൽ പഠന സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ കൈറ്റ് വഴിയാണ് നടപ്പാക്കുന്നത്. സൈബർ സുരക്ഷാ പദ്ധതിയായ ഇ-സുരക്ഷ, കൈറ്റ് വിക്ടേഴ്സ് ചാനൽ, സമഗ്ര ശിക്ഷ പദ്ധതിയുടെ ഭാഗമായുള്ള "സമഗ്ര" എന്ന പോർട്ടൽ, കൈറ്റ്@സ്കൂൾ പദ്ധതി, ലിറ്റിൽ കൈറ്റ്സ് എന്നിങ്ങനെയുള്ള നിരവധി സംരംഭങ്ങൾ കൈറ്റിന്റെ ഭാ​ഗമാണ്. 

പ്രധാന സവിശേഷതകൾ:

  • ഹൈടെക് സ്കൂൾ പ്രോഗ്രാം: സ്മാർട്ട് ക്ലാസ്റൂമുകൾ, പ്രൊജക്ടറുകൾ, ലാപ്ടോപ്പുകൾ തുടങ്ങിയ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ ഉപയോഗിച്ച് സ്കൂളുകളെ സജ്ജമാക്കുന്നു.
  • കൈറ്റ് ​ഗ്നൂ/ലിനക്സ് ഒഎസ്: സ്വതന്ത്രവും സോഫ്‌റ്റ്‌വെയറിൻ്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി സ്‌കൂളുകൾക്കായുള്ള പ്രത്യേക ഓപ്പറേറ്റിംഗ് സിസ്റ്റം.
  • അധ്യാപക പരിശീലനം: ക്ലാസ് മുറികളിൽ ഡിജിറ്റൽ ടൂളുകൾ ഫലപ്രദമായി ഉപയോഗിക്കുന്നതിന് അധ്യാപകർക്ക് കമ്പ്യൂട്ടറധിഷ്ഠിത പരിശീലനം നൽകുന്നു.

ഇൻ്റഗ്രേറ്റഡ് റൂറൽ ടെക്നോളജി സെൻ്റർ (ഐആർടിസി) സ്കീമുകൾ

കേരളത്തിൽ ഗ്രാമീണ വികസനത്തിനും സാങ്കേതിക വിദ്യയുടെ പ്രചാരണത്തിനും വേണ്ടിയുള്ള ഒരു ഗവേഷണ സ്ഥാപനമാണ് ഇൻറ്റഗ്രേറ്റഡ് റൂറൽ ടെക്നോളജി സെന്റർ. 1987-ൽ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ (KSCSTE)യുടെ കീഴിൽ പ്രവർത്തനം ആരംഭിച്ച ഐആർടിസി, സുസ്ഥിര വികസനം ലക്ഷ്യമാക്കി വിവിധ പദ്ധതികൾ നടപ്പിലാക്കുന്നു. ഗ്രാമീണ സാങ്കേതിക വിദ്യാ പരിഷ്കാരം, ജലസംരക്ഷണ പദ്ധതി, കാർഷിക വികസനം, ആരോഗ്യ സംരക്ഷണ പദ്ധതികൾ, പാർപ്പിട വികസനം, മഹിളാ ശാക്തീകരണം എന്നിങ്ങനെയുള്ള വിവിധ പദ്ധതികളിലൂടെ ഗ്രാമപ്രദേശങ്ങളിലെ മനുഷ്യരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ ഐആർടിസി പ്രവർത്തിക്കുന്നു.       

പ്രധാന സവിശേഷതകൾ:

  • ഗ്രാമീണ സാങ്കേതിക വിദ്യാ കൈമാറ്റം: ചെലവ് കുറഞ്ഞ ഭവന നിർമ്മാണം, ജല പരിപാലനം, പുനരുപയോഗ ഊർജ മാർ​ഗങ്ങൾ എന്നിവയുൾപ്പെടെ ഗ്രാമീണ സമൂഹങ്ങളിലേക്ക് സാങ്കേതികവിദ്യ കൈമാറുന്നതിന് സൗകര്യമൊരുക്കുന്നു.
  • നൈപുണ്യ വികസനം: കാർഷിക-കരകൗശല മേഖലയിൽ ഉൾപ്പെടെ വിവിധ മേഖലകളിൽ ഗ്രാമീണ സാങ്കേതികവിദ്യകളിൽ പരിശീലന പരിപാടികൾ പ്രദാനം ചെയ്യുന്നു.
  • ഗവേഷണവും വികസനവും: സുസ്ഥിര ഗ്രാമീണ വികസന രീതികളെയും സാങ്കേതികവിദ്യകളെയും കുറിച്ച് ഗവേഷണം നടത്തുന്നു.

ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള സംരംഭങ്ങൾ

സംസ്ഥാനത്തെ ഡിജിറ്റൽ പഠനവും സാങ്കേതികവിദ്യാ പരിശീലനവും പ്രോത്സാഹിപ്പിക്കുന്നതിനായി നിലകൊള്ളുന്ന സ്ഥാപനമാണ് ഡിജിറ്റൽ യൂണിവേഴ്സിറ്റി.  2020-ൽ ആരംഭിച്ച ഈ യൂണിവേഴ്സിറ്റി, കേരളത്തിൽ സാങ്കേതിക വിദ്യയുടെ പ്രാധാന്യം വർദ്ധിപ്പിക്കുക, പ്രായോഗിക പഠന മാർഗ്ഗങ്ങൾ വികസിപ്പിക്കുക, ഗവേഷണവും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പ്രവർത്തിക്കുന്നത്. എഐ, ബ്ലോക്ക്ചെയിൻ, ഡാറ്റാ സയൻസ് തുടങ്ങിയ വളർന്നുവരുന്ന സാങ്കേതികവിദ്യകളിൽ ഡിജിറ്റൽ വിദ്യാഭ്യാസവും ഗവേഷണവും മുന്നോട്ട് കൊണ്ടുപോകാനും യൂണിവേഴ്സിറ്റി പദ്ധതികൾ ലക്ഷ്യമിടുന്നു. ഇ-ലേണിംഗ് പ്ലാറ്റ്‌ഫോം, ഗവേഷണ പദ്ധതികൾ, സ്റ്റാർട്ടപ്പ് ഇൻക്യൂബേഷൻ, ഡിജിറ്റൽ ലൈബ്രറി എന്നിവ അത്തരം പദ്ധതികളിൽ ഉൾപ്പെടുന്നു. 

പ്രധാന സവിശേഷതകൾ:

  • ഓൺലൈൻ കോഴ്‌സുകൾ: ഡിജിറ്റൽ സാങ്കേതികവിദ്യകളിൽ വിപുലമായ ഓൺലൈൻ കോഴ്‌സുകളും സർട്ടിഫിക്കേഷൻ പ്രോഗ്രാമുകളും നൽകുന്നു.
  • ഗവേഷണ സഹകരണം: നൂതന ഡിജിറ്റൽ സാങ്കേതികവിദ്യകളിലെ ഗവേഷണത്തിനായി അന്താരാഷ്ട്ര സ്ഥാപനങ്ങളുമായി പങ്കാളിത്തം.
  • ഇന്നൊവേഷൻ ഹബുകൾ: അത്യാധുനിക സാങ്കേതികവിദ്യകളിൽ ഗവേഷണവും വികസനവും പ്രോത്സാഹിപ്പിക്കുന്നതിന് ഇന്നൊവേഷൻ ഹബുകൾ സ്ഥാപിക്കുന്നു.

ബയോടെക് ഇന്നൊവേഷൻ ഹബ്

ബയോടെക് ഇന്നൊവേഷൻ ഹബ് കേരളത്തിലെ ബയോടെക്നോളജി മേഖലയിലെ ഗവേഷണവും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്നതിനായുള്ള കേന്ദ്രമാണ്. കേരളത്തെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താനും, ശാസ്ത്രസാങ്കേതിക ഗവേഷണ മേഖലയിൽ വൈദ​ഗ്ധ്യം ആർജിക്കാനും ലക്ഷ്യമിടുന്ന ഒരു പദ്ധതിയാണ് ബയോടെക് ഇന്നൊവേഷൻ ഹബ്. സ്റ്റാർട്ടപ്പ് ഇൻക്യൂബേഷൻ, ഗവേഷണം, ശാസ്ത്ര-വ്യവസായ സഹകരണങ്ങൾ, പരിശീലന പ്രോഗ്രാമുകൾ എന്നിങ്ങനെയുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നു.

പ്രധാന സവിശേഷതകൾ:

  • ബയോടെക് പാർക്കുകൾ: ബയോടെക് സ്റ്റാർട്ടപ്പുകൾക്കും ഗവേഷണ സ്ഥാപനങ്ങൾക്കും പിന്തുണ നൽകുന്നതിനായി ബയോടെക് പാർക്കുകൾ സ്ഥാപിക്കുന്നു.
  • ഗവേഷണ ഗ്രാൻ്റുകൾ: പ്രാദേശിക ആഗോള വെല്ലുവിളികൾ പരിഹരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ബയോടെക്നോളജി ഗവേഷണത്തിന് ധനസഹായം നൽകുന്നു.
  • വ്യവസായ-അക്കാദമിയ സഹകരണം: ബയോടെക് നവീകരണങ്ങളുടെ വാണിജ്യവൽക്കരണത്തിനായി അക്കാദമിക് സ്ഥാപനങ്ങളും വ്യവസായങ്ങളും തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുന്നു.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 06-09-2024

ലേഖനം നമ്പർ: 1507

sitelisthead