കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, കേരളത്തിലെ എസ് ആൻ്റ് ടി മന്ത്രാലയത്തിന് കീഴിലുള്ള ഒരു സ്വയംഭരണ സ്ഥാപനമാണ്. ഇത് ശാസ്ത്ര-സാങ്കേതിക വിദ്യയിലൂടെയുള്ള മാറ്റത്തിനും വികസനത്തിനുമായി പ്രവർത്തിക്കുന്നു. 2002 നവംബറിലാണ് ഈ സ്ഥാപനം രൂപീകൃതമായത്. ഇത് ശാസ്ത്രീയ ഗവേഷണം, വികസനം, സുസ്ഥിര വികസനത്തിന് സാങ്കേതികവിദ്യയുടെ പ്രയോഗം എന്നിവ പ്രോത്സാഹിപ്പിക്കുന്നു. ശാസ്ത്ര അറിവിൻ്റെ ശേഖരം വർധിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള പരിപാടികൾ കൗൺസിൽ പ്രോത്സാഹിപ്പിക്കുന്നുണ്ട്.

പ്രധാന പ്രവർത്തനങ്ങൾ:

  • വിവിധ ശാസ്ത്രശാഖകളിലുടനീളം ഗവേഷണ പദ്ധതികൾ ഏകോപിപ്പിക്കുകയും ധനസഹായം നൽകുകയും ചെയ്യുന്നു.
  • ജനകീയ ശാസ്ത്ര പരിപാടികളും അവാർഡുകളും സംഘടിപ്പിക്കുന്നു.
  • വിവിധ സംരംഭങ്ങളിലൂടെ പരിസ്ഥിതി സംരക്ഷണവും പരിപാലനവും പ്രോത്സാഹിപ്പിക്കുന്നു.

കേരള സ്റ്റാർട്ടപ്പ് മിഷൻ 

കേരളത്തിൽ നൂതന സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനും സ്റ്റാർട്ടപ്പുകൾക്ക് അനുയോജ്യമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാനും ലക്ഷ്യമിടുന്ന പ്രധാന സ്ഥാപനമാണ് കേരള സ്റ്റാർട്ടപ്പ് മിഷൻ. 2006-ൽ ആരംഭിച്ച ഈ മിഷൻ, സംരംഭകർക്ക് ശക്തമായ പിന്തുണയും മാർ​ഗദർശനവും നൽകുന്നു. ഒപ്പം സ്റ്റാർട്ടപ്പുകൾക്ക് ധനസഹായം, പരിശീലനം,  ഇൻക്യൂബേഷൻ, ആക്സിലറേഷൻ, എന്നിങ്ങനെയുള്ള മേഖലകളിൽ സഹായവും നൽകുന്നു. 

കേരളത്തിലെ നൂതന സാങ്കേതികവിദ്യകളും ഐ.ടി. മേഖലകളും മുന്നോട്ടു കൊണ്ടുപോകുന്നതിനായി മിഷൻ പുതിയ ആശയങ്ങൾ പ്രോത്സാഹിപ്പിക്കുകയും, നൂതന സംരംഭങ്ങൾക്ക് പുത്തൻ സാധ്യതകൾ ഉണ്ടാക്കുകയും ചെയ്യുന്നു. കേരള സ്റ്റാർട്ടപ്പ് മിഷന്റെ സഹായത്തോടെ നിരവധി മലയാളി സംരംഭങ്ങൾക്ക് ആഗോള തലത്തിൽ ശ്രദ്ധിക്കപ്പെടാൻ കഴിഞ്ഞിട്ടുണ്ട്. കേരളത്തെ സാങ്കേതികവിദ്യാ മുന്നേറ്റങ്ങൾക്കൊപ്പം സംരംഭകത്വ അന്തരീക്ഷത്തിലേക്കും നയിക്കുന്നതിൽ കേരള സ്റ്റാർട്ടപ്പ് മിഷന്റെ പങ്ക് ചെറുതല്ല. 

പ്രധാന പ്രവർത്തനങ്ങൾ:

  • സ്റ്റാർട്ടപ്പുകൾക്ക് ഇൻകുബേഷൻ, ആക്സിലറേഷൻ സേവനങ്ങൾ നൽകുന്നു.
  • സീഡ് ഫണ്ടിംഗ്, ഇന്നൊവേഷൻ ഗ്രാൻ്റുകൾ, വെഞ്ച്വർ ക്യാപിറ്റൽ എന്നിവയിലൂടെ സാമ്പത്തിക സഹായം നൽകുന്നു.
  • സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി 'ഹഡിൽ കേരള', 'സീഡിംഗ് കേരള' എന്നിങ്ങനെയുള്ള പരിപാടികൾ സംഘടിപ്പിക്കുന്നു. 

കേരള സ്റ്റേറ്റ് ഐടി മിഷൻ 

കേരളത്തിലെ ഡിജിറ്റൽ വികസനത്തിനും ഐ.ടി. അധിഷ്ഠിത അടിസ്ഥാന സൗകര്യങ്ങളുടെ മെച്ചപ്പെടുത്തലിനുമായി പ്രവർത്തിക്കുന്ന മിഷനാണ് കേരള സ്റ്റേറ്റ് ഐടി മിഷൻ. 1999-ൽ ആരംഭിച്ച ഈ മിഷൻ, കേരളത്തെ ഡിജിറ്റൽ സംസ്ഥാനം ആക്കുക എന്ന ലക്ഷ്യം മുൻനിർത്തി വിവിധ പദ്ധതികൾ നടപ്പാക്കുന്നു.  

കേരള സ്റ്റേറ്റ് ഐടി മിഷൻ പ്രധാനമായും സർക്കാർ സേവനങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നതിനും, ഇ-ഗവേണൻസ് സംവിധാനങ്ങൾ സൃഷ്ടിക്കുന്നതിനുമായി പ്രവർത്തിക്കുന്നു. ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ മെച്ചപ്പെടുത്തുന്നതിനും ഭരണത്തിൽ സാങ്കേതികവിദ്യയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും നിലകൊള്ളുന്നതിലൂടെ സുതാര്യത ഉറപ്പാക്കാൻ കഴിയുന്നു.

പ്രധാന പ്രവർത്തനങ്ങൾ:

  • ഇ-ഡിസ്ട്രിക്റ്റ്, ഇ-ഓഫീസ് തുടങ്ങിയ പ്രധാന ഇ-ഗവേണൻസ് പദ്ധതികൾ നടപ്പിലാക്കുന്നു.
  • ഡാറ്റാ സെൻ്ററുകളും നെറ്റ്‌വർക്ക് കണക്റ്റിവിറ്റിയും ഉൾപ്പെടെയുള്ള സംസ്ഥാനത്തിൻ്റെ ഐടി ഇൻഫ്രാസ്ട്രക്ചർ കൈകാര്യം ചെയ്യുന്നു.
  • പൊതുജനങ്ങൾക്കിടയിൽ ഡിജിറ്റൽ സാക്ഷരതയും സൈബർ സുരക്ഷാ അവബോധവും പ്രോത്സാഹിപ്പിക്കുന്നു.

കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് 

സംസ്ഥാനത്തെ ഐ.ടി. അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനായി 2008-ൽ നിലവിൽ വന്നതാണ് കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്. കേരളത്തിലെ ഐ.ടി. പാർക്കുകൾ, ഇലക്ട്രോണിക് ഹാർഡ്‌വെയർ പാർക്കുകൾ, ഐ.ടി. സെറാമിക് ഹബ്‌സ് എന്നിവയുടെ പരിപാലനവും, വികസനവും നിയന്ത്രിക്കുന്ന പ്രധാന ഏജൻസിയാണ്. ഇതിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇൻഫോ പാർക്ക്, സൈബർ പാർക്ക്, ടെക്നോ പാർക്ക് തുടങ്ങിയ ഐ.ടി. ഹബ്ബുകൾ, കേരളം ഒരു ഗ്ലോബൽ ഐ.ടി. ഹബ്ബായി മാറുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. 

ഇത് കേരളത്തിലെ ഐ.ടി. വ്യവസായങ്ങൾക്ക് വിശ്വസ്തമായ പങ്കാളിയായി മാറുകയും, ഉയർന്ന നിലവാരത്തിലുള്ള ആധുനിക സൗകര്യങ്ങളിലൂടെ വ്യവസായ പരിഷ്കാരങ്ങളുടെ കേന്ദ്രമായി മാറുന്നതിന് സംസ്ഥാനത്തെ സഹായിക്കുകയും ചെയ്യുന്നു. സർക്കാർ പോളിസികളെ അനുസരിച്ചും, സ്വകാര്യ പങ്കാളികളുമായി സഹകരിച്ചും, ഒരു കൃത്യമായ പദ്ധതിയിലൂടെ കേരളത്തിലെ ഐ.ടി. മേഖലയുടെ വളർച്ചക്ക് ശക്തമായ പിന്തുണ നൽകുന്നു.

പ്രധാന പ്രവർത്തനങ്ങൾ:

  • ടെക്നോപാർക്ക് (തിരുവനന്തപുരം), ഇൻഫോപാർക്ക് (കൊച്ചി), സൈബർപാർക്ക് (കോഴിക്കോട്) തുടങ്ങിയ ഐടി പാർക്കുകൾ വികസിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു.
  • ലോകോത്തര അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും ഒരുക്കി ആഗോള ഐടി ഡെസ്റ്റിനേഷനായി കേരളത്തെ മാറ്റാൻ പ്രയത്നിക്കുന്നു.
  • സംസ്ഥാനത്തെ ഐടി, ഐടിഇഎസ് കമ്പനികളുടെ വളർച്ചയെ പിന്തുണയ്ക്കുന്നു.

കേരള സ്റ്റേറ്റ് ഇലക്‌ട്രോണിക്‌സ് ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡ് (കെൽട്രോൺ)

കേരളത്തിന്റെ സാങ്കേതിക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന പ്രമുഖ സ്ഥാപനമാണ് 1973-ൽ സ്ഥാപിതമായ കേരള സ്റ്റേറ്റ് ഇലക്‌ട്രോണിക്‌സ് ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡ്. കേരളത്തിലെ ആദ്യത്തെ പൊതുമേഖലാ ഇലക്‌ട്രോണിക്‌സ് സ്ഥാപനമാണിത്. ഇലക്‌ട്രോണിക് ഉപകരണങ്ങൾ, സോഫ്റ്റ്‌വെയർ ഡെവലപ്‌മെൻറ്, സിസ്റ്റം ഇന്റഗ്രേഷൻ, സുരക്ഷാ സംവിധാനങ്ങൾ, പവർ ഇലക്‌ട്രോണിക്‌സ് എന്നിവയുടെ നിർമ്മാണത്തിലും വികസനത്തിലും കെൽട്രോൺ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സാങ്കേതിക നവീകരണം, മൂല്യാധിഷ്ഠിത ഉൽപ്പന്നങ്ങൾ, സാമൂഹിക ഉത്തരവാദിത്തം, പരിസ്ഥിതി സംരക്ഷണം എന്നിവ കെൽട്രോണിന്റെ വികസന മാർഗ്ഗരേഖകളിൽ ഉൾപ്പെടുന്നു. കെൽട്രോണിന്റെ ഉൽപ്പന്നങ്ങളും സേവനങ്ങളും നിലവിൽ അന്താരാഷ്ട്ര നിലവാരത്തോട് നീതി പുലർത്തുന്നതാണ്. കേരളത്തിന്റെ സാങ്കേതിക മുന്നേറ്റത്തിനും വ്യവസായത്തിന്റെ വളർച്ചയ്ക്കും ഇത് വലിയ സംഭാവന നൽകുന്നു. 

പ്രധാന പ്രവർത്തനങ്ങൾ:

  • വ്യാവസായിക ഇലക്ട്രോണിക്‌സ്, കമ്മ്യൂണിക്കേഷൻ സിസ്റ്റങ്ങൾ, ഐടി സൊല്യൂഷനുകൾ എന്നിവയുൾപ്പെടെ വിപുലമായ ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ വികസിപ്പിക്കുകയും നിർമ്മിക്കുകയും ചെയ്യുന്നു.
  • സാങ്കേതിക മുന്നേറ്റത്തിനായി സർക്കാർ ഏജൻസികളുമായും സ്വകാര്യമേഖലാ കമ്പനികളുമായും സഹകരിക്കുന്നു.
  • നവീകരണത്തിനും പുതിയ ഉൽപ്പന്നങ്ങൾ സൃഷ്ടിക്കുന്നതിനുമായി ഗവേഷണ-വികസന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു.
  • ഇലക്‌ട്രോണിക് മേഖലയിൽ തൊഴിൽ പരിശീലനം നൽകുന്നു. 

കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്)

കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലെ സാങ്കേതിക നവീകരണത്തിനായി പ്രവർത്തിക്കുന്ന സർക്കാർ ഏജൻസിയാണ്. ആദ്യകാലത്ത് ഇത് ഐ.ടി.@സ്കൂൾ പദ്ധതിയുടെ ഭാഗമായിരുന്നു. 2001-ൽ ആരംഭിച്ച ഐ.ടി.@സ്കൂൾ പദ്ധതി, കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ഐ.ടി. വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രധാനപ്പെട്ട ഒരു ശ്രമമായിരുന്നു.

സ്കൂൾ വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ പഠനമേഖലയിലെ പരിചയസമ്പത്ത് പ്രദാനം ചെയ്യുന്നതിനും, വിദ്യാലയങ്ങളുടെ സാങ്കേതികമായ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും കെെറ്റ് പ്രവർത്തിക്കുന്നു. സംസ്ഥാനത്തെ എല്ലാ സർക്കാർ വിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ് റൂമുകൾ പ്രവർത്തിപ്പിക്കുന്നത് കെെറ്റിന്റെ ലക്ഷ്യങ്ങളിലൊന്നാണ്. ഒപ്പം ഇന്റർനെറ്റ് കണക്റ്റിവിറ്റി, ലാപ്ടോപ്പുകൾ, പ്രൊജക്ടറുകൾ, വെർച്വൽ ക്ലാസ് റൂമുകൾ, ഡിജിറ്റൽ പാഠപുസ്തകങ്ങൾ എന്നിവയിലൂടെ വിദ്യാർത്ഥികൾക്ക് അനുഭവജന്യമായ വിദ്യാഭ്യാസം നൽകാനും കെെറ്റ് ശ്രദ്ധ പുലർത്തുന്നു.

പ്രധാന പ്രവർത്തനങ്ങൾ:

  • സ്‌മാർട്ട് ക്ലാസ് മുറികൾ സജ്ജീകരിക്കുന്നതും ഡിജിറ്റൽ ഉള്ളടക്കം നൽകുന്നതും ഉൾപ്പെടുന്ന ഹൈടെക് സ്‌കൂൾ പ്രോഗ്രാം നടപ്പിലാക്കുന്നു.
  • സ്കൂളുകൾക്കായുള്ള ഒരു ഓപ്പറേറ്റിംഗ് സിസ്റ്റമായ KITE GNU/Linux വികസിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു.
  • ഐസിടി ടൂളുകളിലും ഡിജിറ്റൽ വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമുകളിലും അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പരിശീലനം നൽകുന്നു.
  • വിദ്യാർത്ഥികളുടെ ബൗദ്ധികവികാസത്തിനായി ലിറ്റിൽ കൈറ്റ്സ് ക്ലബ്ബുകൾ രൂപീകരിച്ച് പദ്ധതികൾ നടപ്പിലാക്കുന്നു. 

കേരള ബ്ലോക്ക്‌ചെയിൻ അക്കാദമി (കെബിഎ)

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്‌മെന്റ് കേരള(IIITM-K) യുടെ കീഴിൽ പ്രവർത്തിക്കുന്ന പ്രമുഖ വിദ്യാഭ്യാസ- ഗവേഷണ പ്ലാറ്റ്‌ഫോമാണ് കേരള ബ്ലോക്ക്‌ചെയിൻ അക്കാദമി.  2017-ൽ ആരംഭിച്ച അക്കാദമി, ബ്ലോക്ക്ചെയിൻ ടെക്നോളജിയിൽ വിദ്യാഭ്യാസം പ്രദാനം ചെയ്യുന്നതിനും ഗവേഷണ പരിപാടികൾ നടപ്പിലാക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ്.  

ബ്ലോക്ക്ചെയിൻ ടെക്നോളജിയുടെ ആഗോള ഹബ്ബാക്കി കേരളത്തെ മാറ്റുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി നിരവധി ദേശീയ, അന്താരാഷ്ട്ര കമ്പനികളുമായും ഗവേഷണ സ്ഥാപനങ്ങളുമായും കെബിഎ സഹകരിക്കുന്നു. കേരളത്തെ സാങ്കേതിക വിദ്യയുടെ മുന്നേറ്റത്തിന് സഹായിക്കുന്നതോടൊപ്പം ഇന്ത്യയുടെ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ യാത്രയിലും ഒരു നിർണായക ഘടകമായി കേരള ബ്ലോക്ക്‌ചെയിൻ അക്കാദമി മാറിയിട്ടുണ്ട്.   

പ്രധാന പ്രവർത്തനങ്ങൾ:

  • ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയിൽ സർട്ടിഫിക്കേഷൻ പ്രോഗ്രാമുകളും പരിശീലനവും നൽകുന്നു.
  • വിവിധ മേഖലകളിലുടനീളം ബ്ലോക്ക്ചെയിൻ ആപ്ലിക്കേഷനുകളിൽ ഗവേഷണവും വികസനവും നടത്തുന്നു.
  • ഭരണത്തിലും വ്യവസായത്തിലും ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യ സ്വീകരിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നു.

കേരള ബയോടെക്‌നോളജി കമ്മീഷൻ

കേരളത്തിലെ ബയോടെക്‌നോളജി രംഗത്തെ ഗവേഷണം, വികസനം, നയ നിർമ്മാണം എന്നിവയ്ക്ക് നേതൃത്വം നൽകുന്ന സ്ഥാപനമാണ് കേരള ബയോടെക്‌നോളജി കമ്മീഷൻ. കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ് എൻവൈറൺമെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന കേരള ബയോടെക്‌നോളജി കമ്മീഷൻ, സംസ്ഥാനത്തെ ബയോടെക്‌നോളജി മേഖലയുടെ സമഗ്രമായ വളർച്ചയ്ക്കായി നയങ്ങൾ രൂപപ്പെടുത്തുന്നു.

ബയോടെക്‌നോളജി വിഷയത്തിൽ പഠനവും ഗവേഷണവും ആഗോള നിലവാരത്തിലാക്കാനായി നിരവധി പരിശീലന പരിപാടികൾ, ഗവേഷണ ഗ്രാന്റുകൾ, സ്കോളർഷിപ്പുകൾ എന്നിവ നൽകുന്നു. ഈ കമ്മീഷൻ വിവിധ സർവകലാശാലകൾ, ഗവേഷണ സ്ഥാപനങ്ങൾ, ഗവൺമെന്റ് ഏജൻസികൾ, ഇൻഡസ്ട്രികൾ എന്നിവയുമായി ചേർന്ന് പ്രവർത്തിക്കുന്നു. കേരള ബയോടെക്‌നോളജി കമ്മീഷൻ, ബയോടെക്‌നോളജി രംഗത്തെ മുന്നേറ്റങ്ങളിലൂടെ കേരളത്തെ ദേശീയ, അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമാക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. 

പ്രധാന പ്രവർത്തനങ്ങൾ:

  • കൃഷി, ആരോഗ്യ സംരക്ഷണം, പരിസ്ഥിതി സുസ്ഥിരത തുടങ്ങിയ മേഖലകളിൽ ബയോടെക്‌നോളജി ഗവേഷണത്തെ പിന്തുണയ്ക്കുന്നു.
  • ബയോടെക്‌നോളജി നവീകരണത്തിനായി ബയോടെക് പാർക്കുകളും ഗവേഷണ കേന്ദ്രങ്ങളും സ്ഥാപിക്കുക.
  • ബയോടെക്നോളജി സ്റ്റാർട്ടപ്പുകൾക്കും ഗവേഷണ പ്രോജക്ടുകൾക്കും ഫണ്ടിംഗും വിഭവങ്ങളും നൽകുന്നു.

സെൻ്റർ ഫോർ ഡെവലപ്മെൻ്റ് ഓഫ് ഇമേജിംഗ് ടെക്നോളജി (സി-ഡിറ്റ്)

കേരള സർക്കാർ രൂപീകരിച്ച ഓട്ടോണമസ് സ്ഥാപനമാണ് സെൻ്റർ ഫോർ ഡെവലപ്മെൻ്റ് ഓഫ് ഇമേജിംഗ് ടെക്നോളജി. 1988-ൽ സ്ഥാപിതമായ സി-ഡിറ്റ്, ആഗോള നിലവാരത്തിലുള്ള സാങ്കേതിക വിദ്യയുടെ വികസനത്തിനും നവീകരണത്തിനും മാർഗ്ഗദർശനമൊരുക്കുന്നു. ഇ-​ഗവേൺണൻസ്  മേഖലയിലെ പദ്ധതികളിൽ പ്രധാന പങ്ക് വഹിച്ച്, സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകൾക്ക് ഡിജിറ്റൽ സൊല്യൂഷനുകൾ ഒരുക്കുന്നതിൽ സി-ഡിറ്റ് മുഖ്യമായ പങ്ക് വഹിക്കുന്നു.  മൊബൈൽ ആപ്ലിക്കേഷനുകളും വെബ് ഡെവലപ്‌മെന്റും ഉൾപ്പെടെ നിരവധി ഐടി-സർവീസുകളും വിവിധ വകുപ്പുകൾക്ക് നൽകുന്നു. 

സി-ഡിറ്റ് കേരളത്തിലെ സാങ്കേതിക വിദ്യയുടെയും ഡിജിറ്റൽ നവീകരണത്തിന്റെയും പ്രധാന ഉറവിടം മാത്രമല്ല, ഇത് ഒരു വിദ്യാഭ്യാസ കേന്ദ്രവും കൂടിായണ്. സാങ്കേതിക വിദ്യയുടെ പ്രായോഗിക ഉപയോഗങ്ങൾ വികസിപ്പിക്കുന്നതിനുള്ള ഒരു ഇടമായും മാറിയിട്ടുണ്ട്. സമൂഹത്തിന്റെ വിവിധ തലങ്ങളിൽ സാങ്കേതിക വിദ്യയുടെ പ്രയോജനങ്ങൾ എത്തിക്കുന്നതിന് നിരന്തരം യത്നിക്കുകയും കേരളത്തെ ഒരു ഡിജിറ്റൽ മുന്നേറ്റ സംസ്ഥാനമാക്കി മാറ്റുന്നതിൽ മുഖ്യ പങ്ക് വഹിക്കുകയും ചെയ്യുന്നു.

പ്രധാന പ്രവർത്തനങ്ങൾ:

  • ഇ-ഗവേണൻസ് പ്ലാറ്റ്‌ഫോമുകൾ, ഡിജിറ്റൽ ആർക്കൈവിംഗ്, വീഡിയോ പ്രൊഡക്ഷൻ എന്നിവ ഉൾപ്പെടെയുള്ള ഡിജിറ്റൽ സേവനങ്ങൾ നൽകുന്നു.
  • വിവിധ സർക്കാർ വകുപ്പുകൾക്കായി ഔദ്യോഗിക വെബ്‌സൈറ്റുകളും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും സോഷ്യൽ മീഡിയ മാനേജ്മെന്റും വികസിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു.
  • ഡിജിറ്റൽ മീഡിയ, ഇമേജിംഗ്, കമ്മ്യൂണിക്കേഷൻ ടെക്നോളജി എന്നിവയിൽ ഗവേഷണത്തിലും വികസനത്തിലും ഏർപ്പെടുന്നു.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 04-09-2024

ലേഖനം നമ്പർ: 1506

sitelisthead