ദേശീയ തലത്തിൽ പുരസ്‌ക്കാരനേട്ടവുമായി കില (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ). പഞ്ചായത്തുകൾക്ക് പിന്തുണ നൽകുന്ന സ്ഥാപനങ്ങളിൽ ദേശീയ തലത്തിൽ ഒന്നാം  സ്ഥാനം കില നേടി. 2025ലെ ദേശീയ പഞ്ചായത്ത് പുരസ്കാരത്തിൽ പഞ്ചായത്ത് ക്ഷമതാ നിർമ്മാൺ സർവോത്തം സൻസ്ഥാൻ പുരസ്‌കാരമാണ്  കിലയ്ക്ക് ലഭിച്ചത്. തുടർച്ചയായി രണ്ടാമത്തെ തവണയാണ് കില പുരസ്കാരം സ്വന്തമാക്കുന്നത്. ഗ്രാമപഞ്ചായത്തുകളുടെ കാര്യക്ഷമത വർധിപ്പിക്കാനും, നൈപുണ്യവികസനത്തിനും മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്താനും നടത്തിയ ഇടപെടലുകളാണ് കിലയെ ദേശീയ പുരസ്കാരത്തിന് അർഹമാക്കിയത് .

വികേന്ദ്രീകൃതാസൂത്രണത്തിലൂടെ തദ്ദേശ സ്വയംഭരണ വികസനപ്രവർത്തനങ്ങൾ ലോകത്തിന് മാതൃകയായി നടപ്പിക്കാൻ നേതൃത്വം നൽകുന്ന ഒരു സ്വയംഭരണ സ്ഥാപനമാണ് കില. പുതിയ കാലത്തിന് അനുസരിച്ച് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ പരിവർത്തനം ചെയ്യുന്നതിന് പരിശീലനം, ആക്ഷൻ-ഗവേഷണം, പ്രസിദ്ധീകരണങ്ങൾ, സെമിനാറുകൾ, വർക്ക്ഷോപ്പുകൾ, കൺസൾട്ടൻസി, ഡോക്യുമെന്റേഷൻ, ഹാൻഡ്‌ഹോൾഡിംഗ്, ഇൻഫർമേഷൻ തുടങ്ങിയ സേവനങ്ങളാണ് കില നൽകുന്നത്. 

കേരളത്തിലെ ഗ്രാമ, നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും ഉദ്യോഗസ്ഥരുമായുള്ള വിവിധ പരിശീലന പരിപാടികൾ നടപ്പിലാക്കുകയും, വികേന്ദ്രീകൃത ആസൂത്രണ പ്രക്രിയയെ കൂടുതൽ സുഗമവും ശക്തവുമായതാക്കുകയും ചെയ്യുക, പ്രവർത്തനാധിഷ്ഠിത ഗവേഷണ പ്രവർത്തനങ്ങൾ കൈക്കൊള്ളുക, തദ്ദേശഭരണത്തിലെ മികച്ച രീതികൾ രേഖപ്പെടുത്തിയും പ്രചരിപ്പിക്കാനും നടപടി സ്വീകരിക്കുക, സെമിനാറുകൾ, വർക്ക്‌ഷോപ്പുകൾ, ചർച്ചകൾ എന്നിവ സംഘടിപ്പിക്കുക, കൂടാതെ നയരേഖകൾ രൂപപ്പെടുത്തുക എന്നിവയാണ് കിലയുടെ പ്രധാന ലക്ഷ്യങ്ങൾ.

പങ്കാളിത്ത ആസൂത്രണം, തദ്ദേശ ഭരണവും വികസനവും, നഗരഭരണവും വികസനവും, പ്രാദേശിക സാമ്പത്തിക വികസനവും ഉപജീവന മാർഗ്ഗപ്രോത്സാഹനവും, പങ്കാളിത്ത ദാരിദ്ര്യ നിർമ്മാർജ്ജനം, കുട്ടികളുടെ അവകാശ ഭരണം, ലിംഗഭേദവും വികസനവും, ഉൾക്കൊള്ളുന്ന ഭരണവും വികസനവും, പ്രകൃതിവിഭവ മാനേജ്മെന്റും നീർത്തട വികസനവും, സാമ്പത്തിക മാനേജ്മെന്റ്, ഭക്ഷ്യസുരക്ഷയും സുസ്ഥിര കാർഷിക വികസനവും, നല്ല ഭരണവും സാമൂഹിക ഉത്തരവാദിത്തവും, മനുഷ്യ വികസനം, പരിശീലന നൈപുണ്യ വികസനം, മൊത്തം ഗുണനിലവാര മാനേജ്മെന്റ് എന്നീ പ്രധാന മേഖലയിലാണു കില തന്റെ വൈദഗ്ധ്യം വികസിപ്പിച്ചിരിക്കുന്നത്. 

തദ്ദേശ സ്വയംഭരണ കേന്ദ്രങ്ങൾ  കൂടുതൽ പൊതുജന സൗഹൃദമാക്കുന്നതിനും ഗുണനിലവാരപരമായ സേവനങ്ങൾ ഉറപ്പുവരുത്തുന്നതിനും മുഖ്യ  പങ്ക് വഹിക്കുന്ന സ്ഥാപനമായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില) മാറിയിരിക്കുന്നു. ഗ്രാമ-നഗര തദ്ദേശ സ്ഥാപനങ്ങൾക്കിടയിൽ പ്രവർത്തനക്ഷമതയും ജനപങ്കാളിത്തവും ഉറപ്പാക്കാൻ കിലയുടെ പരിശീലനങ്ങൾ, ഗവേഷണങ്ങൾ, നയരൂപീകരണങ്ങൾ എന്നിവ വലിയ സ്വാധീനമുണ്ടാക്കിയിട്ടുണ്ട്. തുടർച്ചയായി രണ്ടാംവട്ടം ദേശീയപുരസ്‌കാരം നേടി എന്നതിലൂടെ, തദ്ദേശ ഭരണ രംഗത്തെ സ്ഥാപനമെന്ന നിലയിൽ രാജ്യത്തിന് മാതൃകയാകുകയാണ്. കൂടുതൽ തദ്ദേശവികസനത്തിന് ഊന്നൽ നൽകാൻ ഈ അംഗീകാരം കിലയ്ക്ക് പ്രചോദനമാകും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-04-24 16:32:13

ലേഖനം നമ്പർ: 1757

sitelisthead