
കേരളത്തിലെ സ്ത്രീശാക്തീകരണ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്ത് പകർന്നു കൊണ്ട്, സംസ്ഥാനത്ത് സൂക്ഷ്മസംരംഭ മേഖലയിൽ 3.23 ലക്ഷം വനിതകൾക്ക് തൊഴിൽ ലഭ്യമാക്കി കുടുംബശ്രീ. ഒരു ലക്ഷത്തിലേറെ വ്യക്തിഗത സംരംഭങ്ങളും അമ്പതിനായിരത്തിലേറെ ഗ്രൂപ്പ് സംരംഭങ്ങളും ഉൾപ്പെടെ ആകെ 163458 സംരംഭങ്ങൾ ഈ മേഖലയിൽ രൂപീകരിച്ചതു വഴിയാണ് ഇത്രയും വനിതകൾക്ക് ഉപജീവന മാർഗമൊരുക്കിയത്. സൂക്ഷ്മസംരംഭ മേഖലയിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് സംരംഭ രൂപീകരണം. കൂടാതെ കഴിഞ്ഞ ഫെബ്രുവരിയിൽ ആരംഭിച്ച പ്രത്യേക ഉപജീവന ക്യാമ്പയിൻ കെ-ലിഫ്റ്റ് വഴി രൂപീകരിച്ച 34422 സംരംഭങ്ങളും ഇതിൽ ഉൾപ്പെടും. ഇതിലൂടെ 61158 പേർക്കാണ് തൊഴിൽ ലഭിച്ചത്.
സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിട്ടു കൊണ്ട് കുടുംബശ്രീ നടപ്പാക്കുന്ന സുപ്രധാന പദ്ധതിയാണ് സൂക്ഷ്മസംരംഭങ്ങൾ. വിവിധ പദ്ധതികളുടെ ഭാഗമായി ഉൽപാദന സേവന മേഖലകളിലടക്കം കുടുംബശ്രീ വനിതകൾക്ക് സ്വയംതൊഴിൽ ലഭ്യമാക്കുന്നു. ഉൽപാദന മേഖലയിലാണ് ഏറ്റവും കൂടുതൽ വനിതകൾ. 69484സംരംഭങ്ങളാണ് ഈ മേഖലയിലുള്ളത്. അംഗൻവാടികളിലേക്ക് പൂരക പോഷകാഹാരം വിതരണം ചെയ്യുന്ന അമൃതം ന്യൂട്രിമിക്‌സ് തയ്യാറാക്കി നൽകുന്നത് കുടുംബശ്രീയുടെ കീഴിലുള്ള 241യൂണിറ്റുകൾ മുഖേനയാണ്. 1680വനിതകളാണ് ഈ രംഗത്ത് തൊഴിലെടുക്കുന്നത്.
സേവന മേഖലയിൽ 49381ഉം വ്യാപാര രംഗത്ത് 35646ഉം സംരംഭങ്ങൾ രൂപീകരിച്ചിട്ടുണ്ട്. ഭക്ഷ്യോൽപാദനത്തിൽ നിന്നും മൂല്യവർദ്ധിത ഉൽപന്ന നിർമാണവും ഭക്ഷ്യ-സംസ്‌കരണവുമടക്കമുള്ള മേഖലകളിലും ശ്രദ്ധേയമായ ചുവട് വയ്പ്പ് നടത്താൻ കുടുംബശ്രീക്കായി. 2685സംരംഭങ്ങൾ ഭക്ഷ്യ സംസ്‌ക്കരണ മേഖലയിൽ മാത്രമുണ്ട്. സംസ്ഥാനത്ത് അജൈവ മാലിന്യ ശേഖരണത്തിനായി കുടുംബശ്രീയുടെ കീഴിൽ രൂപീകരിച്ച 4438 ഹരിതകർമ സേനകളിലെ 35214 വനികൾക്കും ഇന്ന് മികച്ച വരുമാനം ലഭിക്കുന്നുണ്ട്. ഇതു കൂടാതെ കെട്ടിട നിർമാണ യൂണിറ്റുകൾ, സിമൻറ് കട്ട നിർമാണം, കമ്പ്യൂട്ടർ ഹാർഡ്‌വെയർ, ഡ്രൈവിംഗ് സ്‌കൂൾ, മാര്യേജ് ബ്യൂറോ, ഹൗസ് കീപ്പിങ്ങ് തുടങ്ങിയ രംഗങ്ങളിലും കുടുംബശ്രീ സംരംഭകരുണ്ട്. യുവജനങ്ങൾക്കായി പി.എം-യുവ, പദ്ധതിയും നടപ്പാക്കുന്നു.
പാർശ്വവൽക്കരിക്കപ്പെട്ടവർ അംഗപരിമിതർ, വിധവകൾ എന്നിവർക്കായി 1784 'പ്രത്യാശ'യൂണിറ്റുകളും സംസ്ഥാനത്തുണ്ട്. പാവപ്പെട്ടവർക്ക് 20 രൂപയ്ക്ക് ഗുണനിലവാരമുള്ള ഉച്ചഭക്ഷണം ലഭ്യമാക്കുന്ന 1028 ജനകീയ ഹോട്ടലുകൾ നടത്തുന്നതിലൂടെ അയ്യായിരത്തോളം വനിതകൾക്ക് തൊഴിൽ ലഭിക്കുന്നു. കാലാനുസൃതമായി പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനും വനിതകളുടെ സംരംഭകത്വ ശേഷി വികസിപ്പിക്കുന്നതിനും കുടുംബശ്രീ പ്രത്യേക പരിഗണന നൽകുന്നു. സംസ്ഥാനമൊട്ടാകെ ആരംഭിച്ച 288 ബ്രാൻഡഡ് കഫേ, 13 ജില്ലകളിൽ ആരംഭിച്ച പ്രീമിയം കഫേ റെസ്റ്റൊറൻറുകൾ എന്നിവയാണ് ഇതിൽ പ്രധാനം. വയോജന രോഗീപരിചരണ മേഖലയിൽ ലഭ്യമാകുന്ന തൊഴിലവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി ആവിഷ്‌ക്കരിച്ച കെ4കെയർ പദ്ധതിയാണ് മറ്റൊന്ന്. ഇതിലൂടെ 605 പേർക്ക് ഇതിനകം തൊഴിൽ ലഭിച്ചു.
ഇതര വകുപ്പുകളുമായും ഏജൻസികളുമായും സംയോജിച്ചു കൊണ്ട് നടപ്പാക്കുന്ന വിവിധ പദ്ധതികളും കുടുംബശ്രീയുടെ കീഴിലുണ്ട്. മോട്ടോർ വെഹിക്കിൾ വകുപ്പുമായി ചേർന്ന് 51 ഇ-സേവാ കേന്ദ്രങ്ങൾ നടത്തുന്നുണ്ട്. വിവിധ സർക്കാർ വകുപ്പുകളിലും ഓഫീസുകളിലായി 343 കാൻറീനുകളും ഉണ്ട്. നിലവിൽ വിവിധ വകുപ്പുകളുമായി സഹകരിച്ച് എഴുപതോളം പദ്ധതികളാണ് കുടുംബശ്രീ നടപ്പാക്കുന്നത്. സ്വയംതൊഴിൽ മേഖലയിലേക്ക് കടന്നു വരുന്ന വനിതകൾക്ക് പൊതുഅവബോധ പരിശീലനം, സംരംഭകത്വ വികസന പരിശീലനം, നൈപുണ്യ വികസന പരിശീലനം, വിവിധ സാമ്പത്തിക പിന്തുണകൾ എന്നിവയും കുടുംബശ്രീ ലഭ്യമാക്കുന്നു.
കേരളത്തിലെ സ്ത്രീകളുടെ ആത്മവിശ്വാസം വർധിപ്പിച്ച്, സാമ്പത്തികമായി സ്വയംപര്യാപ്തരാക്കുന്ന ദിശയിൽ നയിക്കുന്നതിന് നിർണായ പ്രവർത്തനങ്ങളാണ് കുടുംബശ്രീ നടപ്പാക്കുന്നത്. സൂക്ഷ്മസംരംഭ മേഖലയിൽ കുടുംബശ്രീ സൃഷ്ടിച്ച മാറ്റങ്ങൾ, തൊഴിൽ സാദ്ധ്യതകളിലൂടെയും സംരംഭകത്വ വളർച്ചയിലൂടെയും സംസ്ഥാനത്തെ വനിതകളുടെ ജീവിതത്തിൽ വലിയ പുരോഗതിക്ക് വഴിയൊരുക്കിയിട്ടുണ്ട്. വിവിധ മേഖലകളിൽ കുടുംബശ്രീയുടെ സഹകരണത്തോടെ നടപ്പാക്കിയ പദ്ധതികൾ സ്ത്രീശാക്തീകരണത്തിന്റെ ഉയർന്ന മാതൃകയായി മാറിയിരിക്കുന്നു. കാലാനുസൃതമായി മാറ്റങ്ങൾ ഉൾപ്പെടുത്തി, കൂടുതൽ സ്ത്രീകളെ സമൂഹത്തിന്റെ മുൻനിരയിലേക്കെത്തിക്കുന്നതിലും കേരളത്തിന്റെ സമഗ്ര വികസനത്തിന്റെ ശക്തമായ ആധാരമായി നിലകൊള്ളുന്നതിലും കുടുംബശ്രീ പ്രവർത്തനങ്ങളുടെ പങ്ക് ചെറുതല്ല. കുടുംബശ്രീയുടെ ഈ പ്രവർത്തനങ്ങൾ കേരളത്തിന്റെ സമഗ്ര വികസനത്തിന് ശക്തമായ അടിത്തറ നൽകും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-04-22 15:48:00
ലേഖനം നമ്പർ: 1756