
കുട്ടികളിലെ ഡിജിറ്റൽ ആസക്തി മാറ്റാനും സുരക്ഷിത ഇന്റർനെറ്റ് ഉപയോഗം പഠിപ്പിക്കാനുമുള്ള കേരള പൊലീസിന്റെ 'ഡി- ഡാഡ്' (ഡിജിറ്റൽ ഡി- അഡിക്ഷൻ സെന്റർ) പദ്ധതി എല്ലാ ജില്ലയിലേക്കും വ്യാപിപ്പിക്കാനൊരുങ്ങി സർക്കാർ. തിരുവനന്തപുരം, കൊല്ലം, എറണാകുളം, കോഴിക്കോട്, തൃശൂർ ജില്ലകളിലായി സോഷ്യൽ പൊലീസിങ് ഡയറക്ടറേറ്റാണ് ഡി- ഡാഡ് ആരംഭിച്ചത്. പദ്ധതി വിജയകരമായതോടെ മറ്റു ജില്ലകളിലേക്ക് കൂടി സേവനം വ്യാപിപ്പിക്കാനുള്ള തയാറെടുപ്പിലാണ് പൊലീസ്. കുട്ടികളിലെ അമിത മൊബൈൽഫോൺ ഉപയോഗം, ഓൺലൈൻ ഗെയിമിങ് ആസക്തി, അശ്ലീല സൈറ്റുകൾ സന്ദർശിക്കൽ, സമൂഹ മാധ്യമങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കൽ, ഷോപ്പിങ് സൈറ്റുകളിലൂടെ നിയന്ത്രണമില്ലാതെ പണം ചെലവഴിക്കൽ തുടങ്ങിയവ കൗൺസലിങ്ങിലൂടെ മാറ്റിയെടുക്കലാണ് ലക്ഷ്യം. രക്ഷിതാക്കൾക്ക് കുട്ടിയുമായി നേരിട്ടെത്തി പ്രശ്‌നപരിഹാരം നേടാം. അതത് പൊലീസ് സ്റ്റേഷനുകളിൽ ബന്ധപ്പെട്ടാൽ ആവശ്യമായ സഹായം ലഭ്യമാകും. ആത്മഹത്യ പ്രവണത, അമിതമായ കോപം, പഠനത്തിലെ ശ്രദ്ധക്കുറവ് എന്നിവയ്ക്കും പദ്ധതിയിലൂടെ പരിഹാരം തേടാം. മനഃശാസ്ത്ര വിദഗ്ധർ തയാറാക്കിയ ഇന്റർനെറ്റ് അഡിഷൻ ടെസ്റ്റിലൂടെയാണ് കുട്ടികളിലെ ഡിജിറ്റൽ ആസക്തിയുടെ തോത് ആദ്യം കണ്ടെത്തുക. കുട്ടികൾ ഇതിൽ നിന്ന് സുരക്ഷിതരായി പുറത്തുകടക്കുന്നതുവരെ തെറാപ്പിയും കൗൺസിലിങ്ങും തുടരും.
ഒരു വർഷത്തിനിടെ കൗൺസലർമാരുടെ നേതൃത്വത്തിൽ 1400 കേസുകളാണ് പരിഹരിച്ചത്. 1000 സ്‌കൂളുകളിൽ ക്ലാസെടുക്കുകയും ചെയ്തു. ഡിജിറ്റൽ ആസക്തിയുള്ള, 18 വയസ്സുവരെയുള്ളവർക്ക് സൗജന്യ കൗൺസലിങ് നൽകും.സംസ്ഥാനത്താകെ ഈ പദ്ധതിയിലൂടെ 568 കുട്ടികൾക്ക് കൗൺസലിങ്ങ് നൽകി ഡിജിറ്റൽ അടിമത്തത്തിൽ നിന്ന് മോചനം നൽകി. രക്ഷിതാക്കൾക്ക് കുട്ടിയുമായി നേരിട്ടെത്താവുന്നതിന് പുറമെ അധ്യാപകരുടെ സഹായത്തോടെയും ഇത്തരം കുട്ടികളെ കണ്ടെത്തി കൗൺസലിങ് നൽകും. എല്ലാ ഡി- ഡാഡ് സെന്ററുകളിലും ക്ലിനിക്കൽ സൈക്കോളജിസ്റ്റുമാരും പ്രോജക്ട് കോ- ഓർഡിനേറ്ററുമുണ്ടാകും. എഎസ്പിമാർക്കാണ് ജില്ലകളിൽ പദ്ധതിച്ചുമതല. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ സെന്ററിലൂടെ സേവനം ലഭിക്കും.
ആരോഗ്യം, വനിതാശിശു വികസനം, വിദ്യാഭ്യാസം എന്നീ വകുപ്പുകളുടെ സഹകരണത്തോടെ നടത്തുന്ന ഈ പദ്ധതിയിൽ രക്ഷിതാക്കൾ, അധ്യാപകർ, ഈ മേഖലയിലെ വിവിധ സംഘടനകൾ, ഏജൻസികൾ എന്നിവർക്ക് 'ഡിഡാഡ്' അവബോധവും നൽകുന്നുണ്ട്. 9497900200 എന്ന നമ്പറിലൂടെ ഡിഡാഡിൽ ബന്ധപ്പെടാവുന്നതാണ്. കുട്ടികളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-03-11 16:59:58
ലേഖനം നമ്പർ: 1720