മലയാള സാഹിത്യം

 നമുക്ക് ലഭിച്ചിരിക്കുന്ന ആശ്രയിക്കാവുന്ന തെളിവുകള്‍ അനുസരിച്ച് മലയാള സാഹിത്യത്തിന് വളരെയേറെ പഴക്കമുണ്ട്. പൗരാണികത്വം തെളിയിക്കാനുള്ള ശരിയായ തെളിവുകള്‍ ഇനിയും ഭാഷാ ഗവേഷകര്‍ കണ്ടെത്തേണ്ടിയിരിക്കുന്നു. കണ്ടെടുത്തിട്ടുള്ള രേഖകളില്‍ ഭൂരിഭാഗവും ഏത് കാലഘട്ടത്തിലാണ് രചിച്ചിരിക്കുന്നത് എന്ന് കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ ചരിത്രപരമായി കൃത്യത വരുത്താന്‍ കഴിയാത്തതും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ശാസ്ത്രീയതയില്‍ അടിസ്ഥാനപ്പെടുത്തിയുള്ള ആധുനിക ഗവേഷണം ഭാഷയുടെ ഉത്ഭവത്തെ കുറിച്ചും ആദിമകാല വികസനത്തെ കുറിച്ചും വിശദീകരിക്കുന്നു.

കേരളത്തിന്റെ സമഗ്രമായ സാഹിത്യചരിത്രത്തെ കണക്കിലെടുക്കുമ്പോള്‍ മലയാള ഭാഷയിലുണ്ടായ രചനകള്‍ മാത്രമല്ല, പകരം ബി.സി. നാലാം നൂറ്റാണ്ട് മുതല്‍ എ.ഡിയിലെ ആദ്യ സഹസ്രാബ്ദം വരെ തമിഴിലുണ്ടായ രചനകള്‍ കൂടി കണക്കിലെടുക്കേണ്ടതായി വരും. ഇതോടൊപ്പം കേരളത്തിലെ സാഹിത്യകാരന്മാര്‍ സംസ്‌കൃതത്തില്‍ രചിച്ച കൃതികളുടെ പരിണാമം കൂടി കണക്കിലെടുക്കേണ്ടതുണ്ട്. ബി.സി. രണ്ടാം നൂറ്റാണ്ടിലുണ്ടായ ചിലപ്പതികാരം പോലെ കേരളം തമിഴ് സാഹിത്യ ചരിത്രത്തില്‍ ശ്രദ്ധേയമായ സ്ഥാനം നേടിയത് പോലെ തന്നെ എ.ഡി. ഒമ്പതാം നൂറ്റാണ്ടില്‍ ശങ്കരാചാര്യരും കുലശേഖര ആഴ്‌വാറും സംസ്‌കൃത സാഹിത്യത്തിന് നല്‍കിയ സംഭാവനകള്‍ സംസ്‌കൃത സാഹിത്യചരിത്രത്തിലും ഇടം നേടിയിരിക്കുന്നു. ഇംഗ്ലീഷിലും ഹിന്ദിയിലും കേരളത്തിലെ സാഹിത്യകാരന്മാര്‍ നല്‍കിയിരിക്കുന്ന സംഭാവനകള്‍ സമാനമായ രീതിയില്‍ തന്നെയാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ഈ ലേഖനത്തില്‍ മലയാള സാഹിത്യത്തിന്റെ പരിണാമമാണ് പ്രധാനമായും ചര്‍ച്ച ചെയ്യുന്നത് എന്നതിനാല്‍ രാഷ്ട്രീയ ചരിത്രവും ഭാഷാചരിത്രവും മറ്റ് ഭാഷകളില്‍ എഴുതപ്പെട്ടിട്ടുള്ള സാഹിത്യവും വിശാലമായി ചര്‍ച്ച ചെയ്യുന്നില്ല.

ഗദ്യ സാഹിത്യത്തിന്റെ തുടക്കം

രാമചരിതത്തിന്റെ ഗുണനിലവാരത്തോട് തുല്യം വയ്ക്കാന്‍ സാധിക്കുന്ന ഒരു ഗദ്യസാഹിത്യവും അക്കാലത്ത് ഉണ്ടായിരുന്നില്ല. ഉള്ളൂരിന്റെ അഭിപ്രായത്തില്‍ 1251ല്‍ വേണാട് രാജാവായിരുന്ന വീര ഉദയ മാര്‍ത്താണ്ഡവര്‍മ്മ എഴുതിയ ആറ്റൂര്‍ ചെമ്പ് ഫലകമാണ് ശരിയായ മലയാളത്തിലെഴുതിയ ആദ്യത്തെ ഗദ്യം. പക്ഷേ കൗടില്യന്റെ അര്‍ത്ഥശാസ്ത്രത്തിന്റെ മലയാള പരിഭാഷയായ ഭാഷാ കൗടില്യത്തിന്റെ അതേ കാലത്ത് തന്നെയാണ് രാമചരിതവും ഉണ്ടായിട്ടുള്ളത്. ഇതില്‍ ഗദ്യം ഭാവനാപരമായ ഉദ്ദേശങ്ങള്‍ക്കും ഉപയോഗിച്ചിട്ടുണ്ട്.

മണിപ്രവാളം

സമൂഹത്തിലെ ചില വിഭാഗങ്ങളില്‍ പാട്ടുപ്രസ്ഥാനം ഏറെ സമ്പന്നമായപ്പോള്‍ തന്നെ പ്രമാണിവര്‍ഗത്തിന്റെ സാഹിത്യം സംസ്‌കൃതവും മലയാളവും ഇടകലര്‍ന്ന മണിപ്രവാളം ആയിരുന്നു. മണി എന്നാല്‍ മാണിക്യം (മലയാളം), പ്രവാളം എന്നാല്‍ പവിഴം (സംസ്‌കൃതം) - ഇങ്ങനെയായിരുന്നു വാക്കിന്റെ ഉത്ഭവം. പതിനാലാം നൂറ്റാണ്ടിന്റെ അവസാന പാദത്തില്‍ രചിക്കപ്പെട്ട വ്യാകരണ അലങ്കാരശാസ്ത്ര പുസ്തകമായ ലീലാതിലകത്തില്‍ മണിപ്രവാളത്തിന്റെയും പാട്ടിന്റെയും ബന്ധത്തെകുറിച്ച് വിശദീകരിക്കുന്നുണ്ട്. ഇരു ഭാഷകളിലും പരസ്പരം ഏറെ ചേര്‍ന്ന് കിടക്കുന്ന വാക്കുകളെക്കുറിച്ച് ഇതില്‍ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. സംസ്‌കൃത ശബ്ദലക്ഷണത്തിലെ നിയമങ്ങള്‍ മണിപ്രവാളത്തിലും പിന്തുടരേണ്ടതുണ്ടെന്ന് ഇത് ചൂണ്ടിക്കാണിക്കുന്നു. ഈ പ്രത്യേക കാവ്യപ്രസ്ഥാനം സമൂഹത്തിലെ വരേണ്യ വര്‍ഗ്ഗക്കാര്‍, പ്രത്യേകിച്ച് നമ്പൂതിരിമാര്‍ മാത്രമാണ് പിന്തുടര്‍ന്നിരുന്നത്. ഈ ഭാഷാഭേദത്തിന്റെ ഘടന ആര്യ ദ്രാവിഡ സംസ്‌കാരങ്ങള്‍ ഇടകലര്‍ന്നതിന്റെ സൂചനയായും ഇതില്‍ പറയുന്നു. കൂത്തമ്പലങ്ങളില്‍ അവതരിപ്പിച്ചിരുന്ന കൂത്ത്, കൂടിയാട്ടം, പോലുള്ള നാടകീയ അവതരണങ്ങളിലും മിക്കവാറും സംസ്‌കൃതവും മലയാളവുമാണ് ഉപയോഗിച്ചിരുന്നത്.

പ്രാചീന ചമ്പു കൃതികള്‍

ചമ്പു എന്ന പേരില്‍ അറിയപ്പെടുന്ന സാഹിത്യ ശാഖയിലെ ആദ്യകാല രചനകളുടെ ഉദാഹരണങ്ങളാണ് ഉണ്ണായി ചരിതം, ഉണ്ണിചിരുതേവി ചരിതം, ഉണ്ണിയാടി ചരിതം എന്നിവ. ഇവ സംസ്‌കൃതത്തിലെ ചമ്പു കൃതികളുടെ തനി പകര്‍പ്പായിരുന്നു. ഇതിലെ പദ്യഭാഗം സംസ്‌കൃതത്തിലും ഗദ്യഭാഗം ദ്രാവിഡ രീതിയിലുമായിരുന്നു.

സന്ദേശകാവ്യങ്ങള്‍

കൂടുതല്‍ സാഹിത്യരചനകള്‍ക്കുള്ള മാതൃകകള്‍ക്കായി മണിപ്രവാളം സംസ്‌കൃതത്തെ ആശ്രയിച്ചത് സ്വഭാവികമാണ്. സംസ്‌കൃതത്തിലെ വളരെ പ്രധാനപ്പെട്ട സാഹിത്യശാഖയാണ് സന്ദേശകാവ്യങ്ങള്‍. കാളിദാസന്റെ മേഘസന്ദേശത്തിന്റെയും ലക്ഷ്മീദാസന്റെ ശുകസന്ദേശത്തിന്റെയും മാതൃകയില്‍ മണിപ്രവാളത്തിലും പിന്നീട് മലയാളത്തിലും നിരവധി സന്ദേശകാവ്യങ്ങള്‍ ഉണ്ടാവുകയുണ്ടായി. ഈ സന്ദേശകാവ്യങ്ങളില്‍ ഏറ്റവും പ്രധാനം 14ാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട ഉണ്ണൂനീലി സന്ദേശമാണ്.

നിരണം കവികള്‍

മണിപ്രവാള സാഹിത്യം പ്രധാന ശാഖയില്‍ നിന്ന് വ്യതിചലിച്ചാണ് പടര്‍ന്ന് പന്തലിച്ചതെങ്കില്‍, ചീരമാന്‍, രാമചരിതത്തിലൂടെ പടുത്തുയര്‍ത്തിയ പാരമ്പര്യം നിരവധി അജ്ഞാതരായ നാട്ടുകവികള്‍ വീണ്ടെടുക്കുകയും നിരണം കവികള്‍ എന്ന് പൊതുവായി അറിയപ്പെടുന്ന മൂന്നു കവികളിലൂടെ പടര്‍ന്ന് പന്തലിക്കുകയും ചെയ്തു. അങ്ങനെ ഭക്തിപ്രസ്ഥാനം വീണ്ടെടുക്കപ്പെടുകയും മണിപ്രവാള സാഹിത്യത്തിലെ അതിവൈകാരികതയുടെയും രതിയുടെ അതിപ്രസരത്തിന്റെയും സ്ഥാനത്ത് ഇവര്‍ കാവ്യത്തിന്റെ ഗൗരവം പുനഃസ്ഥാപിക്കുകയും ചെയ്തു.

ഇവര്‍ മൂന്നു പേരും കണ്ണശ കുടുംബത്തില്‍പ്പെട്ടവരായിരുന്നു. മാധവപ്പണിക്കര്‍, ശങ്കരപ്പണിക്കര്‍, രാമപ്പണിക്കര്‍ എന്നിവരായിരുന്നു നിരണം കവികള്‍ എന്ന് അറിയപ്പെട്ടിരുന്നവര്‍. ഇതില്‍ രാമപ്പണിക്കരായിരുന്നു ഏറ്റവും ഇളയത്. 1350നും 450 എഡിക്കും ഇടയിലാണ് ഇവര്‍ ജീവിച്ചിരുന്നത്. മൂവരും പാട്ട് പ്രസ്ഥാനത്തിന് വിലമതിക്കാനാവാത്ത സംഭാവയാണ് നല്‍കിയിരുന്നത്.

മധ്യകാലചമ്പുക്കള്‍

എ.ഡി. 15ാം നുറ്റാണ്ടില്‍ മലയാള സാഹിത്യത്തില്‍ സമാന്തരമായി രണ്ട് പ്രസ്ഥാനങ്ങളുണ്ടായി. ആദ്യത്തേതിനെ പദ്യത്തിന്റെയും ഗദ്യത്തിന്റെയും സങ്കരമായ ആദ്യകാല ചമ്പുകളുടെ പ്രവണതകള്‍ തുടരുന്ന മണിപ്രവാള രചനകള്‍ നയിച്ചപ്പോള്‍ മറ്റ് സാഹിത്യപ്രസ്ഥാനത്തെ പാട്ട് പ്രസ്ഥാനമാണ് നയിച്ചത്. ഇതിനോട് അല്‍പ്പസാദൃശ്യം ഉള്ളതാണ് ചെറുശ്ശേരിയുടെ കൃഷ്ണഗാഥ.

ചന്ദ്രോത്സവം

ചന്ദ്രോത്സവം എന്നത് സംസ്‌കൃതത്തിലെ കാവ്യങ്ങളുടെ മാതൃകയില്‍ മണിപ്രവാള സാഹിത്യത്തില്‍ എഴുതിയ ഒരു ദൈര്‍ഘ്യമേറിയ രചനയാണ്. ഇതിന്റെ രചയിതാവ് ആരാണ് എന്ന കാര്യത്തില്‍ വ്യക്തതയില്ല.

ചെറുശ്ശേരിയുടെ കൃഷ്ണഗാഥ

പാണ്ഡിത്യം നിറഞ്ഞതും പരിഷ്‌കൃതവുമായ ആളുകളുടെ സൗന്ദര്യബോധത്തെ ചമ്പുകള്‍ പ്രതിനിധീകരിക്കുമ്പോള്‍ സംസ്‌കൃതത്തില്‍ വലിയ അറിവില്ലാത്ത സാധാരണക്കാരായ വായനക്കാരെ തൃപ്തിപ്പെടുത്തിയത് പാട്ടുപ്രസ്ഥാനത്തിലെ കവികളും കവിതകളുമാണ്. നാട്ടുകവിതകളും രാമചരിതം, നിരണം രചനകളും സാധാരണക്കാരുടെ അഭിരുചി വര്‍ദ്ധിപ്പിക്കുന്നതില്‍ സഹായിച്ചു. പാട്ട് പ്രസ്ഥാനത്തിന് ലഭിച്ച മറ്റൊരു സ്ഥിരീകരണമായിരുന്നു ചെറുശ്ശേരി നമ്പൂതിരിയുടെ കൃഷ്ണഗാഥ. കൃഷ്ണഗാഥയുടെ രചനയോടെ സംസാരഭാഷയായ മലയാളം സാഹിത്യ രചനകള്‍ക്ക് ഉപയോഗിക്കുന്നതിന്റെ യുക്തിയ്ക്ക് കൂടുതല്‍ നീതികരണം ലഭിച്ചു. രാമചരിതത്തില്‍ നിന്നും നിരണം കവിതകളില്‍ നിന്നും വ്യത്യസ്ഥമായി കൃഷ്ണഗാഥയിലെ ഭാഷ പരിണാമത്തിന്റെ ഒരു അവസ്ഥയെ സൂചിപ്പിക്കുന്നു.

ഗദ്യ സാഹിത്യത്തിന്റെ വളര്‍ച്ച

ആദ്യ നൂറ്റാണ്ടുകളില്‍ ഗദ്യസാഹിത്യത്തിന്റെ വളര്‍ച്ച വളരെ മന്ദഗതിയില്‍ നടന്ന ഒരു പ്രക്രിയ ആയിരുന്നു. എന്നാല്‍ ഭാഷാകൗടില്യത്തിന്റെ വരവോടെ പതിനഞ്ചാം നൂറ്റാണ്ടിലും പതിനാറാം നൂറ്റാണ്ടിലും നിരവധി പരിഭാഷകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. കൂടിയാട്ടം എന്ന കല ചാക്യാരെ പഠിപ്പിക്കുന്നതിന് സാഹായിക്കുന്ന ഗദ്യമായിരുന്നു ആട്ടപ്രകാരം. ഇത്തരം സൗന്ദര്യ ആവിഷ്‌കാരങ്ങളിലൊന്നായിരുന്നു ആദ്യകാല കൃതികളില്‍ ഒന്നായിരുന്ന ദൂതവാക്യം. (എ.ഡി. പതിനാലാം നൂറ്റാണ്ട്) വായ്‌മൊഴി പരത്തിപ്പറയുന്ന രീതിയിലുള്ള ശൈലിയാണ് ഇതില്‍ സ്വീകരിച്ചിരിക്കുന്നത്.

തുഞ്ചത്ത് എഴുത്തച്ഛന്‍

പതിനഞ്ച്, പതിനാറ് നൂറ്റാണ്ടുകളില്‍ മലയാള ഭാഷ വന്‍ വികസന പ്രക്രീയകളിലൂടെയാണ് കടന്നുപോയത്. ഗൗരവമേറിയ ഒരു കാവ്യ ആശയവിനിമയത്തിന് മലയാള ഭാഷ യോജിച്ച മാധ്യമം ആണെന്നതിന് ശക്തമായ തെളിവാണ് ചെറുശേരിയുടെ കൃഷ്ണഗാഥ. ഇതിനോടൊപ്പം തന്നെ നിരവധി സംസ്‌കൃത കവികളും ഈ കാലഘട്ടത്തില്‍ വളരെ സജീവമായിരുന്നു. ഇതില്‍ പ്രധാനിയായിരുന്നു നാരായണീയത്തിന്റെ കര്‍ത്താവായ മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരി. മണിപ്രവാള കവികളും ഈ സമയം സജീവമായിരുന്നു. ഈ കാലഘട്ടത്തില്‍ ഒരു കൂട്ടം ചമ്പുക്കളും കാവ്യങ്ങളും ചതുഷ്പദശ്ലോകങ്ങളും ഉണ്ടായി. ഇതില്‍ ഏറ്റവും പ്രസിദ്ധം നൈഷാദം ചമ്പുവാണ്. എന്നാല്‍ ഇക്കാലയളവില്‍ ഉണ്ടായ ഏറ്റവും വലിയ വികാസം മലയാളം കവിതയുടെ മേഖലയിലാണ്.
എക്കാലത്തേയും മഹാനായ മലയാള കവിയായ തുഞ്ചത്ത് എഴുത്തച്ഛന്‍ അദ്ദേഹത്തിന്റെ മഹത്തായ രണ്ട് കാവ്യങ്ങളായ ആദ്ധ്യാത്മ രാമായണവും ശ്രീമഹാഭാരതവും കൂടാതെ ചെറിയ രണ്ട് രചനകളായ ഇരുപത്തിനാല് വൃത്തവും ഹരിനാമ കീര്‍ത്തനവും എഴുതുകയുണ്ടായി. ഇതിലൂടെ ഒരിക്കല്‍കൂടി മലയാള ഭാഷയിലും സാഹിത്യത്തിലും വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടായി. ഇദ്ദേഹത്തെ ആധുനിക മലയാള ഭാഷയുടെ സൃഷ്ടാവായും മലയാള കവിതയുടെ പിതാവായും കണക്കാക്കപ്പെടുന്നു. മലയാള പഠനം ആരംഭിക്കുന്നത് എഴുത്തച്ഛന്റെ ആദ്ധ്യാത്മ രാമായണം തെറ്റുകൂടാതെ വായിക്കാനുള്ള കഴിവ് സിദ്ധിക്കുന്നതോടെയാണ്. ഇദ്ദേഹത്തിന്റെ രചനകളിലാണ് സംസ്‌കൃതവും നമ്മുടെ ഭാഷയിലെ ദ്രാവിഡ രീതികളും സാഹിത്യവും ശരിയായ സംശ്ലേഷണം നേടിയെടുത്തത്. ചെറുശേരിയില്‍ നിന്ന് എഴുത്തച്ഛനിലേക്കുള്ള മാറ്റം മധ്യകാലഘട്ടത്തില്‍ നിന്ന് ആധുനിക കാലഘട്ടത്തിലേക്കുള്ള മാറ്റത്തിനെ സൂചിപ്പിക്കുന്നു.

പൂന്താനം നമ്പൂതിരി

കാവ്യശക്തിയിലും ഭക്തിയിലും എഴുത്തച്ഛന് തുല്യമായി ഒരു കവിയുണ്ടെങ്കില്‍ അത് പൂന്താനം നമ്പൂതിരിയാണ്. ഇദ്ദേഹം മേല്‍പ്പത്തൂര്‍ ഭട്ടതിരിയുടെ സമകാലികനാണ്. എന്നാല്‍ എഴുത്തച്ഛന്റെ സമകാലികനാണെന്നും ഒരുവാദമുണ്ട്. ഇദ്ദേഹത്തിന്റെ പ്രസിദ്ധമായ രചനകള്‍ ഭാഷാ കര്‍ണാമൃതം, കുമാരഹരണം, സന്താനഗോപാലം പാന, ജ്ഞാനപ്പാന എന്നിവയാണ്. ഇവയെല്ലാം വായനക്കാരില്‍ കൃഷണഭക്തി സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ള ഭക്തരചനകളാണ്. വളരെ ലളിതവും ഋജുവുമായ ഭാഷയില്‍ രചിക്കപ്പെട്ട പദ്യങ്ങളുമായിരുന്നു ഇവ.

അവതരണ കലകള്‍

പതിനാറാം നൂറ്റാണ്ടില്‍ മണിപ്രവാളത്തിലും ശുദ്ധമായ മലയാളത്തിലും ചില നാടക രചനകള്‍ ഉണ്ടായി. ശുദ്ധമായ മലയാള ഭക്തകാവ്യത്തിന് ഒരു അകമ്പടിപ്പാട്ടിന്റെ ആഖ്യാനമാണെങ്കിലും മണിപ്രവാളത്തില്‍ എഴുതിയ ഇത് വേദികളിലെ അവതരണങ്ങള്‍ക്കായിട്ടാണ് ഉപയോഗിച്ചിരുന്നത്. ഇതിന്റെ രചയിതാവിനെക്കുറിച്ച് അനിശ്ചിതത്വം ഉണ്ടെങ്കിലും ഈ രചന പല വേദികളില്‍ നിരവധി തവണ അവതരിപ്പിച്ചിട്ടുണ്ട്. ധാരാളം ആക്ഷേപഹാസ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഹാസ്യ അവതരണമാണിത്. മലയാളവും സംസ്‌കൃതവും യോജിപ്പിച്ചുകൊണ്ട് ഒരു ദൃശ്യകലയായി അവതരിപ്പിക്കപ്പെട്ട ആദ്യത്തെ രൂപകമാണിത് എന്ന് കരുതപ്പെടുന്നു. കേരള സമൂഹത്തെ ആസ്പദമാക്കി എഴുതിയ കഥയില്‍ നമ്പൂതിരി (അപ്ഫന്‍), അദ്ദേഹത്തിന്റെ നായര്‍ ഭാര്യ, കാര്യസ്ഥനായ ഇളയത്, കുട്ടികളുടെ അധ്യാപകനായ പിഷാരടി എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങള്‍.
സുറിയാനി ക്രിസ്ത്യാനികളുടെ ഇടയില്‍ പ്രചാരത്തിലുണ്ടായിരുന്ന വിനോദപരിപാടിയായ മാര്‍ഗ്ഗംകളിയ്ക്ക് ബ്രാഹ്മണരുടെ ഇടയിലുണ്ടായിരുന്ന സംഘംകളിയുമായി ഏറെ സാമ്യമുണ്ടായിരുന്നു. ഈ അവതരണത്തില്‍ ഉപയോഗിച്ചിരുന്ന മാര്‍ഗ്ഗംകളിപ്പാട്ട് സുവിശേഷ പ്രചാരകനായ സെന്റ്. തോമസിനെക്കുറിച്ചുള്ളതാണ്. പതിനാറ്, പതിനേഴ് നൂറ്റാണ്ടുകളില്‍ ഏറെ പ്രചാരം നേടിയ ക്രിസ്ത്യന്‍ സാഹിത്യത്തിലെ അനവധി രചനകളിലൊന്നാണ് ഇത്.

ആട്ടക്കഥ

പുരാണ കഥകളെ ആസ്പദമാക്കിയുള്ളവയാണ് ആട്ടക്കഥകൾ അധികവും. ആട്ടക്കഥ കഥകളി അവതരണത്തിനു വേണ്ടിയാണ് സാധാരണയായി ഉപയോഗിക്കുന്നത്. പന്ത്രണ്ടാം നൂറ്റാണ്ടിലെ ഒറിയന്‍ കവിയായ ജയദേവന്‍ സംസ്‌കൃതത്തില്‍ എഴുതിയ ഗീതാഗോവിന്ദം എന്ന കൃതിയില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ട് അന്നത്തെ കോഴിക്കോട് രാജാവായിരുന്ന മാനവേദ രാജന്‍ കൃഷ്ണന്റെ ജീവിത കഥ എട്ട് ഭാഗങ്ങളായി അവതരിപ്പിക്കുന്ന ഒരു നൃത്ത നാടകത്തിന് രൂപം നല്‍കി. ഇതിനു ശേഷം കൊട്ടാരക്കര രാജാവ് രാമായണത്തെ എട്ടു ഭാഗങ്ങളായി തിരിച്ച രാമനാട്ടം ഉണ്ടാക്കി. കൂടിയാട്ടം വരേണ്യ വര്‍ഗത്തിന് വേണ്ടിയുള്ള സംസ്‌കൃത നാടകമായിരുന്നു. താഴ്ന്ന ജാതിക്കാര്‍ക്കിടയില്‍ ജനകീയമായിരുന്ന കലകള്‍ ആയിരുന്നു പടയണിയും കോലം തുള്ളലും. ഇതിനിടയില്‍ ചില റിയലിസ്റ്റിക് നാടകരൂപങ്ങളായ മുടിയേറ്റ്, തീയാട്ട്, കളമെഴുത്ത് പാട്ട്, തെയ്യം, തിറ എന്നിവയും സജീവമായി. ഇവയുടെ രണ്ടിന്റെയും ഗുണങ്ങള്‍ ചേര്‍ത്ത് കൊട്ടാരക്കര തമ്പുരാന്‍ ഒരു പുതിയ കലാരൂപത്തിന് രൂപം നല്‍കി. കഥകളിയുടെ വളര്‍ച്ച മന്ദഗതിയില്‍ ആയിരുന്നു. കൊട്ടാരക്കര തമ്പുരാന്റെ ജീവിതകാലത്ത് ഇത് അത്ര ജനകീയമായിരുന്നില്ല. കഥകളി സാഹിത്യം ഇന്ന് കാണുന്ന സവിശേഷമായ അവസ്ഥയിലെത്തിയത് നൂറ്റാണ്ടുകളുടെ വികാസത്തിലൂടെയാണ്.

കോട്ടയം തമ്പുരാന്‍

ആട്ടക്കഥ ഒരു സാഹിത്യമെന്ന നിലയിലും കഥകളി ഒരു അവതരണകല എന്ന നിലയിലും ശ്രദ്ധ നേടിയത് പതിനേഴാം നൂറ്റാണ്ടില്‍ വടക്കന്‍ കോട്ടയത്തെ രാജകുടുംബത്തില്‍ ജീവിച്ചിരുന്ന ഇളമുറത്തമ്പുരാനായ കോട്ടയം തമ്പുരാനിലൂടെയായിരുന്നു. ഇദ്ദേഹത്തിന്റെ പ്രധാന ആട്ടക്കഥകള്‍ ബകവധം, കല്യാണ സൗഗന്ധികം, കിര്‍മ്മിരവധം, കാലകേയ വധം എന്നിവയാണ്. ഇവയുടെ വിജയം ആട്ടക്കഥയെ ഒരു സാഹിത്യരൂപം എന്ന നിലയില്‍ ജനപ്രിയമാക്കി.

ഉണ്ണായിവാര്യര്‍

എക്കാലത്തേയും മികച്ച ആട്ടക്കഥകളിലൊന്നാണ് ഉണ്ണായിവാര്യരുടെ നാല് ഭാഗങ്ങളുള്ള നളചരിതം. ഇതിന്റെ വരവോടെ പതിനേഴാം നൂറ്റാണ്ടിന്റെ അവസാനവും പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യവും കഥകളി സാഹിത്യത്തില്‍ ഏറെ വളര്‍ച്ചയുണ്ടായി. അനിതരസധാരണമായ കഴിവുകള്‍ ഉണ്ടായിരുന്ന കവിയായിരുന്നു ഉണ്ണായി വാര്യര്‍. നാടകത്തെക്കുറിച്ചുള്ള അറിവ്, ഭാഷയിലെ നിപുണത, നൃത്തത്തെയും സംഗീതത്തെയും കുറിച്ചുള്ള ജ്ഞാനം, മനുഷ്യ മനശാസ്ത്രത്തെക്കുറിച്ചുള്ള ഉള്‍ക്കാഴ്ച എന്നിവ അദ്ദേഹത്തെ മറ്റുള്ള കവികളില്‍ നിന്ന് വേര്‍തിരിച്ച് നിര്‍ത്തി.

രാമപുരത്തു വാര്യര്‍ (1703-1753)

നാട്ടുരാജ്യമായ തിരുവിതാംകൂറിന്റെ സ്ഥാപകന്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെയും അദ്ദേഹത്തിന്റെ പിന്‍ഗാമിയായ കാര്‍ത്തിക തിരുന്നാള്‍ രാമവര്‍മ്മ മഹാരാജാവിന്റെയും രാജസദസ്സില്‍ വിവിധ തരത്തില്‍ പ്രശസ്തരായ നിരവധി കവികള്‍ ഉണ്ടായിരുന്നു. കുചേലവൃത്തം വഞ്ചിപ്പാട്ടിന്റെ കര്‍ത്താവായ രാമപുരത്ത് വാര്യര്‍ അക്കൂട്ടത്തിലൊരാളായിരുന്നു. കുചേലവൃത്തം വഞ്ചിപ്പാട്ടിലൂടെയാണ് അദ്ദേഹം ഓര്‍ക്കപ്പെടുന്നത്. വഞ്ചിപ്പാട്ട് അല്ലെങ്കില്‍ വള്ളംകളി പാട്ട് നാടന്‍ ശൈലിയിലുള്ള കാവ്യരൂപമാണ്. ഈ ശൈലിയില്‍ എഴുതപ്പെട്ട ഏറ്റവും പ്രശസ്തമായ കൃതിയാണ് കുചേലവൃത്തം.

കുഞ്ചന്‍ നമ്പ്യാര്‍ (1705-1770)

തുള്ളല്‍ എന്ന അവതരണ കല കണ്ടുപിടിക്കുകയും അത് ജനകീയമാക്കുകയും ചെയ്തത് കുഞ്ചന്‍ നമ്പ്യാരാണ്. കിള്ളിക്കുറിശ്ശിമംഗലത്ത് കലക്കത്ത് ഭവനത്തിലായിരുന്നു നമ്പ്യാരുടെ ജനനം. ബാല്യകാലം കുടമാളൂരിലും യൗവ്വനം അമ്പലപ്പുഴയിലുമായിരുന്നു. 1748ല്‍ അദ്ദേഹം തിരുവനന്തപുരത്ത് എത്തി. അദ്യം മാര്‍ത്താണ്ഡവര്‍മ്മയുടെ രാജസദസ്സിലും പിന്നീട് കാര്‍ത്തിക തിരുന്നാള്‍ രാമവര്‍മ്മയുടെ രാജസദസ്സിലും ഇദ്ദേഹം സേവനം അനുഷ്ഠിച്ചു. അമ്പലപ്പുഴ വിടും മുമ്പ് തന്നെ കുഞ്ചന്‍ നമ്പ്യാര്‍ നിരവധി കൃതികള്‍ രചിച്ചിരുന്നു. തുള്ളല്‍ എന്ന വാക്കിന് ഭാഷാപരമായി അര്‍ത്ഥം നൃത്തമെന്നാണ്. വളരെ മിതമായ സംഗീതത്തിന്റെ അകമ്പടിയോടെ പ്രത്യേക താളത്തിലുള്ള പദ്യശൈലിയില്‍ നൃത്തത്തിനു സമാനമായ ചുവടുകളോടെയാണ് തുള്ളല്‍ അവതരിപ്പിക്കുന്നത്. വളരെ ജനകീയമായിരുന്ന ചാക്യാര്‍ കൂത്തില്‍നിന്ന് പെട്ടന്ന് തന്നെ ജനങ്ങളെ ആകര്‍ഷിക്കാന്‍ കുഞ്ചന്‍ നമ്പ്യാരുടെ തുള്ളലിന് കഴിഞ്ഞു. കൂത്തിലെ പ്രത്യേക ശൈലിയിലുള്ള സംസ്‌കൃതവത്കരിക്കപ്പെട്ട ഭാഷയോടുള്ള പ്രതിഷേധമായിട്ടുകൂടിയാണ് നമ്പ്യാര്‍ ശുദ്ധ മലയാളത്തില്‍ തുള്ളല്‍ കൃതികള്‍ രചിച്ചത്.

വെണ്മണി പ്രസ്ഥാനം

പത്തൊമ്പതാം നൂറ്റാണ്ടിന്റെ മൂന്നാം പാദത്തിലാണ് തങ്ങളുടെ ചുറ്റുപാടുമുള്ള ജീവിതത്തെ കുറിച്ചുള്ള നിരീക്ഷണങ്ങള്‍ ശുദ്ധമായ മലയാളത്തില്‍ എഴുതുന്ന ഒരു കവിത പ്രസ്ഥാനം നിലവില്‍ വന്നത്. ലാളിത്യവും വക്രതയില്ലായ്മയുമായിരുന്നു ഈ സാഹിത്യത്തിന്റെ മുഖമുദ്ര. ദ്രാവിഡ ഭാഷയില്‍ നിന്നുണ്ടായ വാക്കുകളും സംസ്‌കൃതത്തിലെ എളുപ്പമുണ്ടായിരുന്ന വാക്കുകളും ഇവര്‍ ഉപയോഗിച്ചു. കേള്‍ക്കാനുള്ള ഇമ്പമായിരുന്നു ഇവരുടെ അടയാളവാക്ക്. ലളിതവും സ്വാഭാവികവുമായ രചനാശൈലി ഉച്ചത്തില്‍ ആയാസമില്ലാതെ കവിതകള്‍ ചൊല്ലുന്നതിന് സഹായിച്ചു. തടസ്സമില്ലാത്തതും താളബോധമുള്ളതും അര്‍ത്ഥത്തില്‍ പരമാവധി വ്യക്തതയുള്ളതും,നര്‍മ്മബോധമുള്ളതും ഹൃദ്യവുമായിരുന്നു രചനാശൈലി. ഈ ഗുണങ്ങള്‍ ഒരു തലമുറ മുന്‍പുള്ള ചേലപ്പറമ്പത്ത് നമ്പൂതിരിയെ പോലുള്ള കവികള്‍ എഴുതിയ മുക്തകങ്ങള്‍ (പൂര്‍ണ്ണമായ കാവ്യഭംഗിയുള്ള നാല് വരി ശ്ലോകങ്ങള്‍) വഴി ചമ്പുക്കളിലൂടെ കവികള്‍ക്ക് ലഭിച്ചതാണ്.

വെണ്‍മണി പ്രസ്ഥാനത്തിലെ പ്രധാന കവികള്‍ വെണ്‍മണി അച്ഛന്‍ നമ്പൂതിരി (1817-1819), വെണ്‍മണി മഹന്‍ നമ്പൂതിരി(1844-1893), പൂന്തോട്ടം അച്ഛന്‍ നമ്പൂതിരിപ്പാട് (1821-1865), പൂന്തോട്ടം മഹന്‍ നമ്പൂതിരി(1857-1896), കൊടുങ്ങല്ലൂര്‍ കോവിലകത്തെ അംഗങ്ങള്‍ എന്നിവരായിരുന്നു. ഈ കവികളുടെ ശൈലി കൂടുതല്‍ ജനകീയമാവുകയും വെണ്‍മണി പ്രസ്ഥാനത്തില്‍ ഇല്ലാതിരുന്ന വേലുത്തേരി കേശവന്‍ വൈദ്യര്‍ (1839-1897), പെരുന്നെല്ലി കൃഷ്ണന്‍ വൈദ്യന്‍ (1863-1894) എന്നിവരെ പോലുള്ള നിരവധി പേര്‍ക്ക് പ്രചോദനമാവുകയും ചെയ്തു.

ആധുനിക കാലഘട്ടം

ഇംഗ്ലീഷ് വിദ്യാഭ്യാസം നല്‍കുന്ന കോളജുകളുടെ സ്ഥാപനം, ബൈബിള്‍ പോലുള്ള മതപരമായ സൃഷ്ടികളുടെ തര്‍ജ്ജിമ, ഡിക്ഷണറികളുടേയും വ്യാകരണങ്ങളുടേയും ഏകോപനം, ടെക്സ്റ്റ് ബുക്ക് കമ്മറ്റിയുടെ രൂപീകരണം, അച്ചടിയുടെ വളര്‍ച്ച, പത്ര മാസികകളുടെ ആരംഭം, ശാസ്ത്രത്തിന്റേയും സാേേങ്കതിക വിദ്യയുടേയും അവതരണം, വ്യവസായ വത്കരണത്തിന്റെ തുടക്കം, സാമൂഹിക രാഷ്ട്രീയ ബോധങ്ങളുടെ ഉണര്‍വ്വ് എന്നിവ ആധുനികവത്കരണത്തിലേക്കുള്ള വേഗം കൂട്ടി. മേല്‍പ്പറഞ്ഞ പ്രവര്‍ത്തനങ്ങളിലേക്ക് ജനങ്ങള്‍ തങ്ങളുടെ മുഴുവന്‍ ഊര്‍ജ്ജവും ഉപയോഗിച്ചതോടെ ആധുനികവത്കരണം ദൃശ്യമായി. തന്റെ മുന്‍ഗാമികളായ സ്വാതിതിരുനാളിനേയും ഉത്രം തിരുനാളിനേയും പോലെ തന്നെ തിരുവിതാംകൂറിലെ അയില്യം തിരുനാള്‍ രാമവര്‍മ്മ മഹാരാജാവും (1832-1880) അക്ഷരങ്ങളുടെ ആരാധകനായിരുന്നു. അദ്ദേഹത്തിന്റെ രാജസദസ്സിലും നിരവധി കവികളുണ്ടായിരുന്നു. അദ്ദേഹം വ്യക്തിപരമായി ഗദ്യസാഹിത്യത്തെ ആരാധിച്ചിരുന്നു. മിനാകേതനചരിതം, ഭാഷാ ശാകുന്തളം എന്നീ രണ്ട് ഗദ്യരചനകള്‍ അദ്ദേഹത്തിന്റെ മരണശേഷം കേരള വര്‍മ്മ വലിയകോയി തമ്പൂരാന്‍ പ്രസിദ്ധീകരിച്ചു. അറബിക്കഥകളായിരുന്നു മിനാകേതനചരിതത്തിലുണ്ടായിരുന്നത്, എന്നാല്‍ ഭാഷാ ശാകുന്തളം കാളിദാസന്റെ അഭിജ്ഞാന ശാകുന്തളത്തിന്റെ സ്വതന്ത്ര മലയാള പരിഭാഷയായിരുന്നു. പിന്നീടുണ്ടായ ദശകങ്ങളില്‍ മലയാള സാഹിത്യത്തിന്റെ വിധി നിശ്ചയിച്ച രണ്ട് രചനകളായിരുന്നു ഇവ രണ്ടും. ആയില്യം തിരുനാളിന്റെ കാലത്ത് ആരംഭിച്ച സംസ്‌കൃതത്തില്‍ നിന്നും ഇംഗ്ലീഷ് അടക്കമുള്ള യൂറോപ്യന്‍ ഭാഷകളില്‍ നിന്നുമുള്ള പരിഭാഷകള്‍ ഇന്നും അനസ്യൂതം തുടര്‍ന്നുകൊണ്ടിരിക്കുന്നു.

അയില്യം തിരുനാളിന്റെ പിന്‍ഗാമിയായ വിശാഖം തിരുനാള്‍ രാമവര്‍മ്മ മഹാരാജാവും (1837-1885) വിദ്യാഭ്യാസത്തിന്റേയും കലയുടേയും വലിയ പ്രോത്സാഹകന്‍ ആയിരുന്നു. ഇംഗ്ലീഷില്‍ സവിസ്തരം ഗദ്യമെഴുതാന്‍ സാധിക്കുന്ന കഴിവുള്ള ഒരു എഴുത്തുകാരനായ അദ്ദേഹം നിരവധി ഇംഗ്ലീഷ് രചനകള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുമുണ്ട്. മറ്റുള്ളവരെ എഴുത്തിലേക്കും പരിഭാഷകള്‍ ചെയ്യുന്നതിലേക്കും ആകര്‍ഷിക്കാന്‍ അദ്ദേഹം ഒരു കാരണമായി. ഷേക്‌സ്പിയറിന്റെ ''അസ് യു ലൈക്ക് ഇറ്റ'',''വിന്റേഴ്‌സ് ടെയ്ല്‍'' എന്നിവ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ചിദംബര വാധ്യാരെ അദ്ദേഹം പ്രോത്സാഹിപ്പിച്ചിരുന്നു. മലയാളത്തിലെ ആദ്യകാല ഉപന്യാസകര്‍ത്താക്കളില്‍ ഒരാളായിരുന്നു വിശാഖം തിരുനാള്‍. പാശ്ചാത്യ മാതൃകകളെ അനുകരിച്ച് മലയാളത്തില്‍ നിരവധി കൃതികള്‍ ഉണ്ടാകാന്‍ ബെഞ്ചമിന്‍ ബെയ്‌ലി(1805-1871), ജോസഫ് പീറ്റ്, റിച്ചര്‍ കോളിന്‍സ്, ജോര്‍ജ്ജ് മാത്തന്‍ (1819-1970) എന്നിവര്‍ പ്രേരണയായി. പുല്ലേലി കുഞ്ചു (1882) പോലെയുള്ള നിരവധി ഗദ്യരചനകളുടെ പേരിലാണ് ആര്‍ച്ച്ഡീക്കണ്‍ കോശിയെ (1826-1900) ഇന്നും ഓര്‍ക്കുന്നത്.

ഈ മിഷണറിമാരില്‍ ഏറെ പ്രധാനപ്പെട്ട വ്യക്തിയാണ് ഹെര്‍മന്‍ ഗുണ്ടര്‍ട്ട്(1814-1893). ജര്‍മ്മനിയിലെ സ്റ്റുട്ട്ഗാര്‍ട്ടില്‍ ജനിച്ച അദ്ദേഹം സ്വിസ്റ്റര്‍ലാന്‍ഡിലെ തുബിന്‍ഗെനിലാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. 1836 ല്‍ അദ്ദേഹം ഇന്ത്യയിലേക്ക് വന്നു. ഏകദേശം 20 ഓളം പുസ്തകങ്ങള്‍ അദ്ദേഹം മലയാളത്തില്‍ എഴുതുകയുണ്ടായി. ഇതില്‍ പ്രധാനപ്പെട്ടവ (1) ഇംഗ്ലീഷ് മലയാളം ഡിക്ഷണറി, (2) മലയാള വ്യാകരണം, (3) കേരളപ്പഴമ,(4) പഴഞ്ചൊല്‍മാല എന്നിവയാണ്. മലയാളത്തിലെ ആദ്യത്തെ ആധികാരിക വ്യാകരണം ഗുണ്ടര്‍ട്ടിന്റെ സംഭാവനയാണ് (1851). ഇത് മലയാളത്തില്‍ നിരവധി വ്യാകരണ പുസ്തകങ്ങളുടെ രചനയിലേക്ക് നയിച്ചു. വൈക്കം പാച്ചു മൂത്തത് (1814-1183) തന്റെ മലയാള വ്യാകരണ പുസ്തകം 1876 ല്‍ പ്രസിദ്ധീകരിച്ചു. കോവുണ്ണി നെടുങ്ങാടിയുടെ (1831-1889) കേരള കൗമുദി 1878 ല്‍ പ്രസിദ്ധീകരിച്ചു. ഇതിനെ തുടര്‍ന്ന് വളരെ പെട്ടന്ന് തന്നെ പി. ഗോവിന്ദപ്പിള്ള (1849-1897) ആദ്യത്തെ ഭാഷാ ചരിത്രം 1881 ല്‍ പ്രസിദ്ധീകരിച്ചു. യൂറോപ്യന്‍ മാതൃക പിന്തുടര്‍ന്നുകൊണ്ട് അലങ്കാരശാസ്ത്രത്തെ കുറിച്ചുള്ള ആദ്യപുസ്തകം അലങ്കാര ശാസ്ത്രം എന്ന പേരില്‍ ഇതേ വര്‍ഷം ഫാദര്‍ ജെറാഡ് പ്രസിദ്ധീകരിക്കുകയുണ്ടായി. 19-ാം നൂറ്റാണ്ടിന്റെ അവസാനമുണ്ടായ ഈ രചനകള്‍ വര്‍ദ്ധിച്ചുവരുന്ന പാശ്ചാത്യ സ്വാധീനത്തിന്റെ കൃത്യമായ സൂചനകള്‍ നല്‍കുന്നു. എന്നാല്‍ ഈ കാലഘട്ടത്തിലും സംസ്‌കൃത സാഹിത്യത്തില്‍ നിരൂപണമെഴുതുന്ന കൈക്കുളങ്ങര രാമവാര്യരെ(1883-1897) പോലുള്ള പാരമ്പര്യ പ്രസ്ഥാനത്തിലെ പണ്ഡിതന്‍മാരും ഉണ്ടായിരുന്നു. പക്ഷേ കേരളവര്‍മ്മ വലിയകോയി തമ്പൂരാന്റെ സ്വാധീനവും പൊതുസാമൂഹിക രാഷ്ട്രീയ സംഭവവികാസങ്ങളും പാശ്ചാത്യമാതൃകള്‍ക്ക് അനുസരിച്ച് ഒരു നവീകരണത്തിന് കാരണമായി. ഈ പ്രവണത 20-ാം നൂറ്റാണ്ടിന്റെ മധ്യം വരെ തുടര്‍ന്നു.

എന്‍. കുമാരനാശാന്‍ (1873-1924)

20-ാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ നടന്ന കവിതാ വിപ്ലവത്തെ വ്യക്തമായി പ്രതിനിധീകരിക്കുന്ന കവിയാണ് കുമാരന്‍ ആശാന്‍. ശ്രീ നാരായണ ഗുരുവിന്റെ ശിഷ്യനായിരുന്ന അദ്ദേഹം വളരെ ചെറുപ്പത്തില്‍ തന്നെ ബാംഗ്ലൂരിലും, മദ്രാസിലും കല്‍ക്കട്ടയിലും പോയി സംസ്‌കൃതം പഠിച്ചത് അദ്ദേഹത്തിന്റെ കാവ്യ ജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തി. കേരളത്തിന് പുറത്ത് ചെലവഴിച്ച മൂന്നരവര്‍ഷക്കാലം അദ്ദേഹത്തിന് വിശാലമായ കാഴ്ചപ്പാടും ആഴത്തിലുള്ള സംവേദനക്ഷമതയും സമ്മാനിച്ചു.

ആഴത്തിലുള്ള ധാര്‍മ്മികതയും ആത്മീയ സമര്‍പ്പണവും ആശാന്റെ വ്യക്തിത്വത്തിന്റെ പ്രത്യേകതയായിരുന്നു. കുറച്ച് ഭക്തികാവ്യങ്ങള്‍ എഴുതിയ ശേഷം അദ്ദേഹം മതേതര ആശയങ്ങളിലേക്ക് തിരിയുകയും ചെയ്തു. ഭാഷയില്‍ പുര്‍വസമ്പ്രദായങ്ങളില്ലാത്ത രചനകളാണ് അദ്ദേഹം എഴുതിയത്. വീണപൂവ് (1907) എന്ന അദ്ദേഹത്തിന്റെ കവിത കാല്‍പ്പനികമായ ഒരു വിലാപഗാനവും ഖണ്ഡകാവ്യവും കൂടിചേര്‍ന്നതാണ്. ഒരു പൂവിന്റെ ചെറിയ ജീവിതകാലയളവില്‍ നിന്ന് ജീവിതത്തിന്റെ അര്‍ത്ഥം കണ്ടെത്താനുള്ള അദ്ദേഹത്തിന്റെ ശ്രമത്തിന് ശാസ്ത്രീയമായ പരിശീലനം ആഴത്തിലുള്ള ഒരു ഭാവം നല്‍കുന്നു. അന്നത്തെ മലയാളം കവിതകളില്‍ ഇത്തരത്തിലുള്ള അതിരറ്റ സൗകുമാര്യം നിറഞ്ഞ രചനാശൈലിയിലുള്ള വരികള്‍ വളരെ അപൂര്‍വ്വമായിരുന്നു (ജി. കുമാരപിളളയുടെ പരിഭാഷ)

ഉള്ളൂര്‍ പരമേശ്വര അയ്യര്‍ (1877-1949)

ഇരുപതാം നൂറ്റാണ്ടിലെ മലയാള നവോത്ഥാന കാലഘട്ടത്തിലെ മഹാകവിത്രയങ്ങളില്‍ രണ്ടാമന്‍ ആയിരുന്ന ഉള്ളൂര്‍ തന്റെ കാവ്യജീവിതം ആരംഭിച്ചത് കേരള വര്‍മ്മ വലിയകോയി തമ്പുരാന്റെ സംരക്ഷണയിലായിരുന്നു. ആദ്യകാല കേരള ചരിത്രം കഥയായി സ്വീകരിച്ചുകൊണ്ട് മഹദ്ഗ്രന്ഥം രചിച്ച അദ്ദേഹം ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ അത്ഭുതപ്പെടുത്തുകയും ചെയ്തു.
ഉമാകേരളം എന്ന അദ്ദേഹത്തിന്റെ മഹാകാവ്യം രാജ്യത്തോടും, ഭാഷയോടും കവി പാരമ്പര്യത്തോടും, ഉന്നതമായ ധാര്‍മ്മിക മൂല്യങ്ങളോടും അതിയായ കൂറ് പുലര്‍ത്തുന്നു. അശാനേയും വള്ളത്തോളിനേയും പോലെ അദ്ദേഹവും നിരവധി ഖണ്ഡകാവ്യങ്ങള്‍ എഴുതുകയുണ്ടായി. കര്‍ണഭൂഷണം, പിംഗള എന്നിവ ഇതില്‍ പ്രധാനമാണ്. ആദ്യത്തേതില്‍ അദ്ദേഹം കര്‍ണന്റെ അതിരറ്റ ഉദാരവായ്പിനേയും മൂല്യങ്ങളോടുള്ള സമര്‍പ്പണത്തേയും കുറിച്ച് വിശദീകരിക്കുന്നു. രണ്ടമത്തേതില്‍ അദ്ദേഹം ഒരു വേശ്യയുടെ ജീവിതം ധാര്‍മ്മികമുല്യമുള്ള ഒരു സന്യാസിയുടേതിന് തുല്യമാകുന്ന പരിണാമപ്രകീയയെ കുറിച്ച് കാവ്യവത്കരിക്കുന്നു. ഉള്ളൂര്‍ എഴുതിയ നിരവധി ഖണ്ഡകാവ്യങ്ങളും ചെറു രചനകളും വിവിധ ശേഖരങ്ങളില്‍ ലഭ്യമാണ്. സുഹൃത്തുക്കള്‍ക്കും രാജാക്കന്‍മാര്‍ക്കുമുള്ള സ്തുതികള്‍ മുതല്‍ സാമൂഹിക പ്രസക്തിയുള്ള കവിതകള്‍ വരെ (താഴ്ന്ന ജാതിക്കാര്‍ക്ക് ക്ഷേത്രപ്രവേശനം അനുവദിക്കണമെന്ന് വാദിച്ചത് ഉദാഹരണം) ഇത് വ്യാപിച്ച് കിടക്കുന്നു.

മൂന്ന് കവികളില്‍ ഏറ്റവും പ്രാചീനശൈലി സ്വീകരിച്ചതും കുറച്ച് കാല്‍പ്പനികത കൈകൊണ്ടതുമായ കവി ഉളളൂര്‍ ആയിരുന്നു. വേണമെങ്കില്‍ ഒരാള്‍ക്ക് അദ്ദേഹത്തിലെ പരമ്പരാഗത മൂല്യങ്ങള്‍ അനുസരിക്കുന്ന പ്രമാണി ഉള്ളിലുള്ള കാല്‍പ്പനികതയെ അടിച്ചമര്‍ത്തിയെന്നോ അല്ലെങ്കില്‍ അദ്ദേഹത്തിലെ പരമ്പരാഗത മൂല്യങ്ങള്‍ അനുസരിക്കുന്ന പ്രമാണി മാറുന്ന കാലത്തിന്റെ രുചികള്‍ക്ക് അനുസരിച്ച് കാല്‍പ്പനികതയിലേക്ക് മാറാന്‍ ശ്രമിച്ചുവെന്നോ പറയാവുന്നതാണ്.

വള്ളത്തോള്‍ നാരായണമേനോന്‍ (1878-1958)

മഹാകവി എന്ന പേരില്‍ അറിയപ്പെടുന്ന വള്ളത്തോള്‍ നാരായണമേനോന്‍ ഏറ്റവും പ്രശസ്തനായ കവികളില്‍ ഒരാളാണ്. തെക്കേഇന്ത്യയിലെ കേരള സംസ്ഥാനത്ത് മലപ്പുറം ജില്ലയിലെ തിരൂരിന് അടുത്തുള്ള ചെന്നറ എന്ന ഗ്രാമത്തിലാണ് വള്ളത്തോള്‍ ജനിച്ചത്. 1958 മാര്‍ച്ചില്‍ അദ്ദേഹം അന്തരിച്ചു. പ്രസിദ്ധമായ സാഹിത്യമഞ്ജരിയുടെ കര്‍ത്താവാണ് ഇദ്ദേഹം. ചിത്രയോഗം എന്ന മഹാകാവ്യം എഴുതിയതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന് മഹാകവിപ്പട്ടം ലഭിക്കുന്നത്. ഭാരതപ്പുഴയുടെ തീരത്ത് ചെറുതുരുത്തിയില്‍ കേരളകലാമണ്ഡലം സ്ഥാപിക്കുന്നതില്‍ പ്രധാനപങ്ക് വഹിച്ചത് ഇദ്ദേഹമാണ്. കഥകളിയെ ഇന്ന് കാണുന്ന നിലയിലേക്ക് വളര്‍ത്തികൊണ്ടുവന്നത് വള്ളത്തോളാണ്. നിരവധി കാവ്യങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്.

വള്ളത്തോള്‍ പ്രധാനമായും കേരളത്തിന്റെ ഭാഷയായ മലയാളത്തിലാണ് എഴുതിയിരുന്നത്. കുമാരനാശാനും ഉള്ളൂര്‍ എസ്. പരമേശ്വര അയ്യര്‍ക്കും ഒപ്പം ഇദ്ദേഹം മലയാള സാഹിത്യത്തിലെ ഏറ്റവും സര്‍ഗ്ഗാത്മകമായ കാലഘട്ടത്തിന്റെ ഭാഗമായി. ആദ്യകാല വള്ളത്തോള്‍ കവിതകള്‍ പരമ്പരാഗതശൈലിയില്‍ ആയിരുന്നെങ്കിലും ടാഗോറിന്റേയും ഗാന്ധിയുടേയും മാര്‍സ്‌കിന്റേയും ഒപ്പം സംസ്‌കൃത സാഹിത്യകൃതികളുടേയും സ്വാധീനത്താല്‍ പരമ്പരാഗത ശൈലിയില്‍ നിന്ന് ദേശീയതയിലേക്കും സോഷ്യലിസ്റ്റ് അനുഭാവത്തിലേക്കും വികസിച്ച് വരുന്നതായി കാണാന്‍ സാധിക്കും. സംസ്‌കൃതത്തിലും ദ്രാവിഡ ശൈലിയും അടക്കം നിരവധി ശൈലികളില്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. മഹാകാവ്യമായ ചിത്രയോഗം(1914), സംഭവവിവരണ കവിതയായ മഗ്ദലന മറിയം(മേരി മഗ്ദലന,1921), കൊച്ചുസീത(1928), സാഹിത്യമഞ്ജരി എന്ന പേരില്‍ 11 ഭാഗങ്ങളായി പുറത്തിറക്കിയ കാല്‍പ്പനിക കവിതകളുടെ ശേഖരം എന്നിവയാണ് വള്ളത്തോളിന്റെ പ്രധാനപ്പെട്ട കൃതികളില്‍ പ്രധാനപ്പെട്ടവ.

നാടകവും വേദിയും

നാടക ചരിത്രത്തിലും ഇന്ത്യന്‍ പാരമ്പര്യത്തില്‍ യൂറോപ്യന്‍ നാടകം വര്‍ദ്ധിച്ച സ്വാധീനം ചെലുത്തിയ കാഴ്ചകള്‍ കാണാനായി സാധിക്കും. പോര്‍ച്ചുഗീസുകാരാണ് അവരുടെ അത്ഭുത നാടകങ്ങളെ കേരളത്തിലേക്ക് കൊണ്ടുവന്നത്. ഇതാണ് ചവിട്ടുനാടകങ്ങള്‍ക്ക് പ്രചോദനമായി മാറിയത്. ഇതിന്റെ ആദ്യകാല ഉദാഹരണങ്ങളിലൊന്നാണ് ജെനോവ (തീയതി അറിയില്ല). ചരിത്രനാടകങ്ങളുടെ ഇടയില്‍ പിന്നീടുവന്നത് കാറല്‍മാന്‍ ചരിതവും നെപ്പോളിയന്‍ ചരിതവുമാണ്. എന്നാല്‍ ഈ നാടകങ്ങള്‍ മലയാള സാഹിത്യത്തെ ഒരുതരത്തിലും സ്വാധീനിച്ചിരുന്നില്ല. ഷേക്‌സ്പിയറിന്റെ നാടകത്തിന്റെ ആദ്യപരിഭാഷ പുറത്തുവരുന്നത് 1866ലാണ് (എ കോമഡി ഓഫ് എററേഴ്‌സിന്റെ പരിഭാഷയായ ആള്‍മാറാട്ടം). യഥാര്‍ത്ഥത്തില്‍ നാടാക സാഹിത്യം ആരംഭിച്ചത് കേരളവര്‍മ്മയുടെ അഭിജ്ഞാന ശാകുന്തളം (1881-1882) പരിഭാഷയോടെയാണ്. ഇത് ഏറെ ജനപ്രീയ വിജയം നേടി. ഇത് നിരവധി പരിഭാഷകള്‍ക്ക് പ്രചോദനമായെങ്കിലും അവയില്‍ വളരെ കുറച്ച് മാത്രമേ വേദിയിലെത്തിയിരുന്നുള്ളൂ. സി.വി. രാമന്‍പിള്ളിയുടെ ചന്ദ്രമുഖീവിലാസം(1885), കൊച്ചുണ്ണി തമ്പുരാന്റെ കല്യാണീ കല്യാണം(1888), കെ.സി. കേശവപിള്ളയുടെ ലക്ഷ്മീ കല്യാണം(1893), കണ്ടത്തില്‍ വര്‍ഗ്ഗീസ് മാപ്പിളയുടെ എബ്രായക്കുട്ടി(1894), കാലഹിന്ദമനാകം (ഷേക്‌സ്പിയറിന്റെ തേമിംഗ് ഓഫ് ദ ഷ്രൂവില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടത്) കൊച്ചീപ്പാന്‍ തരകന്റെ (1861-1940) മറിയാമ്മ (1903 ല്‍ പ്രസിദ്ധീകരിച്ചു. 1878 ല്‍ എഴുതിയതാണ് എന്ന് രചയിതാവ് അവകാശപ്പെടുന്നു) എന്നിവ മലയാള നാടകത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായകമായ സംഭാവനകളാണ് നല്‍കിയിട്ടുള്ളത്. 

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 15-09-2021

ലേഖനം നമ്പർ: 91

sitelisthead