വൈദ്യുത പദ്ധതികൾ
കേരളത്തിലെ വൈദ്യുത പദ്ധതികൾ സംസ്ഥാനത്തിന്റെ ഊർജ്ജാവശ്യങ്ങൾ നിറവേറ്റുന്നതിനും, സമഗ്രമായ സമ്പദ്‌വികാസത്തിനും സഹായകരമായ പ്രധാന ഘടകങ്ങളാണ്. പ്രാഥമികമായി ജലവൈദ്യുതി സ്രോതസ്സുകളെ ആശ്രയിക്കുന്ന കേരളം, ലഭ്യതയും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കാൻ പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളിലേക്കും ശ്രദ്ധ തിരിച്ചിട്ടുണ്ട്. സോളാർ, കാറ്റാടി, സ്മാർട്ട് ഗ്രിഡ് സംവിധാനങ്ങൾ തുടങ്ങിയവയിൽ നിന്നും വൈദ്യുതിയുടെ ഉപഭോഗം വർധിപ്പിക്കുന്നതിനു ആവശ്യമായ പദ്ധതികളും നിർമ്മാണങ്ങളും പുരോഗതിയുടെ പാതയിലാണ്. സംസ്ഥാനത്തെ ഊർജ്ജക്ഷമതയും സുസ്ഥിരതയും ഉറപ്പാക്കുന്നതിന് ഈ നീക്കങ്ങൾ സഹായകരമാകുന്നു.
ജലവൈദ്യുത പദ്ധതികൾ
കേരളത്തിലെ ജലവൈദ്യുത പദ്ധതികൾ സംസ്ഥാനത്തിന്റെ ഊർജ്ജ ഉൽപാദനത്തിൻ്റെ പ്രധാന സ്രോതസ്സാണ്. സംസ്ഥാനത്തിന്റെ വ്യത്യസ്ത ഭൂപ്രകൃതിയിലൂടെ ഒഴുകുന്ന നദികളെ അവലംബിച്ചാണ് ഈ ജലവൈദ്യുത പദ്ധതികൾ പ്രവർത്തിക്കുന്നത്. പ്രധാന ജലവൈദ്യുത പദ്ധതികൾ ഇവയാണ്:
ഇടുക്കി ജലവൈദ്യുത പദ്ധതി: കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയാണ് ഇത്. ആർച്ച് ഡാമും ഭൂഗർഭ പവർ സ്റ്റേഷനും ഇതിൽ ഉൾപ്പെടുന്നു. പെരിയാർ നദിയിൽ നിർമ്മിച്ചിരിക്കുന്ന ഈ അണക്കെട്ട് 780 മെഗാവാട്ട് വൈദ്യുതി ഉൽപാദന ശേഷിയുള്ളതാണ്.
ശബരിഗിരി ജലവൈദ്യുത പദ്ധതി: പത്തനംതിട്ട ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ പദ്ധതി പമ്പാ നദിയിലാണുള്ളത്. 340 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ ശേഷിയുള്ള ശബരിഗിരി, സംസ്ഥാനത്തിന്റെ വൈദ്യുതി ഉത്പാദനത്തിനും ആവശ്യങ്ങൾക്കും പ്രധാന പങ്കുവഹിക്കുന്നു. കേരളത്തിലെ രണ്ടാമത്തെ വലിയ ജലവൈദ്യുത പദ്ധതിയാണിത്.
കുറ്റിയാടി ജലവൈദ്യുത പദ്ധതി: കോഴിക്കോട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ പദ്ധതിക്ക് 225 മെഗാവാട്ട് സ്ഥാപിത ശേഷിയുണ്ട്. കേരളത്തിലെ മൂന്നാമത്തെ വലിയ ജലവൈദ്യുത പദ്ധതിയാണിത്. വൈദ്യുത ഉത്പാദനവും മലബാർ മേഖലയിലെ ജലസേചനം മെച്ചപ്പെടുത്തുന്നതിനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.
ലോവർ പെരിയാർ ജലവൈദ്യുത പദ്ധതി: ഇടുക്കി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ പദ്ധതിക്ക് 180 മെഗാവാട്ട് ശേഷിയുണ്ട്. പെരിയാർ നദിയിൽ നിന്നുള്ള ജലമാണ് വൈദ്യുതി ഉൽപാദനത്തിന് ഉപയോഗിക്കുന്നത്. വൈദ്യുതി നിലയത്തിൻ്റെ ഗുണഭോക്തൃ സംസ്ഥാനങ്ങൾ കേരളവും അയൽ സംസ്ഥാനങ്ങളുമാണ്.
പള്ളിവാസൽ,സെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികൾ: കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയാണ് പള്ളിവാസൽ. സംസ്ഥാനത്തിൻ്റെ പവർ ഗ്രിഡിലേക്ക് 90 മെഗാവാട്ടിൽ കൂടുതൽ സംഭാവന ചെയ്യുന്ന ജലവൈദ്യുത പദ്ധതികളാണിവ.
താപവൈദ്യുത പദ്ധതികൾ
സംസ്ഥാനത്തിന്റെ വൈദ്യുതി ഉത്പാദനത്തിൽ വളരെ കുറഞ്ഞ പങ്ക് മാത്രമാണ് താപവെെദ്യുത പദ്ധതികൾക്കുള്ളത്. എളുപ്പം ലഭ്യമാക്കാവുന്ന, വിശ്വാസ്യതയുള്ള ഊർജ്ജ സ്രോതസ്സ് എന്ന നിലയിൽ താപവെെദ്യുത പദ്ധതികൾ കേരളത്തിന്റെ ഊർജ്ജാവശ്യങ്ങൾ നിറവേറ്റുന്നതിൽ നിർണായകമായ പങ്ക് വഹിക്കുന്നു.
ബ്രഹ്മപുരം ഡീസൽ വൈദ്യുത നിലയം:
കൊച്ചിയിൽ സ്ഥിതി ചെയ്യുന്ന ഈ പ്ലാൻ്റിന് 106.6 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള സ്ഥാപിത ശേഷിയുണ്ട്. ഊർജ്ജാവശ്യകത കൂടുതലായ കാലയളവിലും ജലവൈദ്യുത നിലയങ്ങളിൽ നിന്നുള്ള ഉൽപാദനം കുറയുമ്പോഴും ഏതെങ്കിലും കാരണത്താൽ വൈദ്യുത ക്ഷാമം അനുഭവപ്പെടുമ്പോഴും ഇത് സംസ്ഥാനത്തിന് ഏറെ ഗുണം ചെയ്യുന്നു. 1997-ൽ പ്രവർത്തനം ആരംഭിച്ച ഈ നിലയം, ഡീസൽ ഇന്ധനം ഉപയോഗിച്ചാണ് വൈദ്യുതി ഉൽപാദിപ്പിക്കുന്നത്.
കായംകുളം താപവൈദ്യുതനിലയം:
കായംകുളം താപവൈദ്യുതനിലയം കേരളത്തിലെ ഒരു പ്രധാന വെെദ്യുതോൽപ്പാദന കേന്ദ്രമാണ്. ആലപ്പുഴ ജില്ലയിലെ കായംകുളത്ത് പ്രവർത്തിക്കുന്ന ഈ കേന്ദ്രത്തിന് 360 മെഗാവാട്ട് വെെദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. ഇത് നാഷണൽ തെർമൽ പവർ കോർപ്പറേഷന്റെയും ഭാരത് ഹെവി ഇലക്ട്രിക്കൽസിന്റെയും ഭാരത് പെട്രോളിയം കോർപ്പറേഷന്റെയും കൂട്ടായ സംരഭമാണ്. ഇവിടെ ഉപയോഗിക്കുന്ന ഇന്ധനം നവീകരിച്ച നാഫ്ത്തയാണ്.
സൗരോർജ്ജ പദ്ധതികൾ
പുനരുപയോഗ ഊർജസ്രോതസുകളുടെ പ്രാധാന്യത്തെ മുൻനിർത്തി കേരളം നിരവധി സൗരോർജ്ജ പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്. പരിസ്ഥിതി സൗഹൃദവും ദീർഘകാലാടിസ്ഥാനത്തിലുമുള്ള ഊർജ്ജോൽപ്പാദനം ലക്ഷ്യമിട്ടാണിത്. കേരളത്തിലെ വൈദ്യുതവിതരണം മെച്ചപ്പെടുത്താനും കാർബൺ എമിഷൻ കുറയ്ക്കാനും വൈദ്യുതി ക്ഷാമം തീർക്കാനും ഇത് സഹായിക്കുന്നു.
കഞ്ചിക്കോട് സൗരോർജ നിലയം:
പാലക്കാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന, 50 മെഗാവാട്ട് ശേഷിയുള്ള കേരളത്തിലെ സുപ്രധാന സൗരോർജ്ജ പദ്ധതികളിൽ ഒന്നാണിത്. ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് (BHEL) ആണ് ഈ പദ്ധതിയുടെ നിർമാണം പൂർത്തീകരിച്ചത്. പുനരുപയോഗ ഊർജസ്രോതസ്സുകളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ പരിസ്ഥിതി സൗഹൃദവും സാമ്പത്തിക ലാഭവും ഒരുപോലെ കെെവരിച്ചുകൊണ്ടുള്ള ഊർജോൽപ്പാദനത്തിന് കഴിയുന്നു.
പുരപ്പുറ സൗരോർജ്ജ പദ്ധതി:
പൊതു, സ്വകാര്യ, വ്യാവസായിക കെട്ടിടങ്ങളിൽ റൂഫ്‌ടോപ്പ് സോളാർ ഇൻസ്റ്റാളേഷനുകൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ സംസ്ഥാനത്തുടനീളം 1,000 മെഗാവാട്ട് ഊർജ്ജം ഉൽപ്പാദിപ്പിക്കാനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. കെ.എസ്.ഇ.ബി, അനെർട്ട് എന്നിവയെയാണ് സംസ്ഥാനത്ത് സൗര പദ്ധതി നടപ്പാക്കുന്നതിനായി നിയോഗിച്ചിട്ടുള്ളത്. സബ്സിഡിയോട് കൂടി വീടുകളിലും മറ്റ് സ്ഥാപനങ്ങളിലും പുരപ്പുറ സോളാർ സ്ഥാപിക്കാനും അതിലൂടെ ഗാർഹിക ആവശ്യങ്ങൾക്കുള്ള വൈദ്യുതി ഉത്പാദിപ്പിച്ച് വീടുകളിൽ വൈദ്യുതി ചെലവ് കുറയ്ക്കുന്നതിനും പദ്ധതി വഴി സാധിക്കുന്നു. ഗാർഹിക ആവശ്യത്തിന് ഉപയോഗിച്ചതിനുശേഷം അധികമുള്ള വൈദ്യുതി ഇലക്ട്രിസ്റ്റി ബോർഡ് ഗ്രിഡ് വഴി വാങ്ങുകയും വർഷത്തിൽ ഇതിന്റെ തുക ഉപഭോക്താക്കൾക്കു നൽകുകയും ചെയ്യും.
രാമക്കൽമേട് സൗരോർജ നിലയം:
ഇടുക്കിയിലെ രാമക്കൽമേട്ടിൽ സ്ഥിതി ചെയ്യുന്ന ഈ പുനരുപയോഗ ഊർജ്ജസ്രോതസ്സ് 1മെഗാവാട്ട് വൈദ്യുതി ഉൽപ്പാദനം ലക്ഷ്യമിടുന്നു. വളരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ സോളാർ പ്ലാൻ്റ് പ്രദേശത്തെ സൂര്യപ്രകാശം പ്രയോജനപ്പെടുത്തുന്നു. കാറ്റിൽ നിന്നുള്ള ഊർജ്ജ ഉൽപ്പാദനത്തിനും ഈ സ്ഥലം പ്രശസ്തമാണ്. ഇത് ഒരു ഹൈബ്രിഡ് പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളുടെ കേന്ദ്രമായി വർത്തിക്കുന്നു.
സിയാൽ സൗരോർജ നിലയം:
കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് എന്ന കമ്പനി കൊച്ചി ഇന്റർനാഷണൽ എയർപോർട്ടിൽ നിർമ്മിച്ചതാണ് ഈ 40 മെഗാവാട്ട് ശേഷിയുള്ള സൗരോർജ നിലയം. 45 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഈ സോളാർ പ്ലാൻ്റിൽ, 46,000-ലധികം സോളാർ പാനലുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇത് പ്രതിദിനം ഏകദേശം 1.2 ലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. ഒപ്പം വിമാനത്താവളത്തിൻ്റെ മുഴുവൻ വൈദ്യുതി ആവശ്യവും നിറവേറ്റുന്നു. 2015-ൽ പൂർണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ വിമാനത്താവളമായി കൊച്ചിൻ ഇൻ്റർനാഷണൽ എയർപോർട്ട് മാറി.
ബാരാപ്പോൾ സൗരോർജ നിലയം:
വടക്കൻ കേരളത്തിലെ പ്രധാനപ്പെട്ട സൗരോർജ സ്ഥാപനങ്ങളിലൊന്നാണ് ബാരാപ്പോൾ പ്ലാൻ്റ്. കണ്ണൂർ ജില്ലയിലെ വൈദ്യുത വിതരണത്തിൽ ഇതിന് ഒരു പ്രധാന പങ്കുണ്ട്. കൂടാതെ കേരളത്തിൻ്റെ വിശാലമായ സൗരോർജ്ജ വിപുലീകരണ പദ്ധതികളുടെ ഭാഗവുമാണിത്.
കാസർഗോഡ് സോളാർ പാർക്ക്:
കാസർഗോഡ് ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു പ്രധാന സൗരോർജ്ജ പദ്ധതിയാണ്. 50 മെഗാവാട്ട് വൈദ്യുതോൽപ്പാദന ശേഷിയുള്ള ഈ പാർക്ക് കേരളത്തിലെ ഏറ്റവും വലിയ സോളാർ പാർക്കുകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യ (SECI) യുടെ നേതൃത്വത്തിൽ നിർമിച്ച ഈ പാർക്ക്, കേരള സംസ്ഥാനത്തിന് നിർണ്ണായകമായ ഒരു പുനരുപയോഗ ഊർജ്ജ വിഭവമായി മാറിയിട്ടുണ്ട്.
കാറ്റാടി വൈദ്യുതി പദ്ധതികൾ
കേരളത്തിലെ പുനരുപയോഗ ഊർജ്ജ ഉൽപ്പാദനത്തിൽ നിർണ്ണായക പങ്കുവഹിക്കുന്ന ഘടകമാണ് കാറ്റ്. കാറ്റിന്റെ ശക്തിയെ ഉപയോഗപ്പെടുത്തി വൈദ്യുതി നിർമ്മിക്കുന്ന പദ്ധതികൾ പരിസ്ഥിതി സൗഹാർദ്ദവും ഊർജ്ജ സ്വയംപര്യാപ്തതയും ഉറപ്പാക്കുന്നതിനുള്ള പ്രധാന മാർഗമാണ്. ചെലവ് കുറയ്ക്കുന്നതിനും മറ്റ് ഊർജ്ജ സ്രോതസ്സുകളിലുള്ള ആശ്രിതത്വം കുറയ്ക്കുന്നതിനും ഉതകുന്നതാണ് ഈ മാർഗം.
കഞ്ചിക്കോട് കാറ്റാടിപ്പാടം:
പാലക്കാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന 22 മെഗാവാട്ട് ഉൽപ്പാദന ശേഷിയുള്ള കാറ്റാടിപ്പാടമാണിത്. ഈ കാറ്റാടിപ്പാടം പ്രവര്‍ത്തിപ്പിക്കുന്നതും നിയന്ത്രിക്കുന്നതും കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡാണ്. സംസ്ഥാനത്തെ ആദ്യത്തെ കാറ്റാടിപ്പാടമാണിത്. ഇത് യാഥാർത്ഥ്യത്തിലെത്തിച്ചത് കിൻഫ്ര ഇൻ്റഗ്രേറ്റഡ് ടെക്‌സ്റ്റൈൽ പാർക്കിൻ്റെയും നോയിഡ ആസ്ഥാനമായുള്ള പ്രമുഖ സ്വകാര്യ മേഖലയിലെ ഊർജ സ്ഥാപനമായ ഇൻഡോക്‌സ് വിൻഡിൻ്റെയും സഹകരണത്തോടെയാണ്. ഏകദേശം 27.5 ഏക്കർ സ്ഥലത്ത് പരന്നുകിടക്കുന്ന ഈ കാറ്റാടിപ്പാടത്തിന് ഒരു സെക്കന്റിൽ 4 മുതൽ 30 മീറ്റർ വരെ വേഗതയുള്ള കാറ്റിൽ നിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്.
അഗളി കാറ്റാടി വൈദ്യുതി പദ്ധതി:
പാലക്കാട് മേഖലയിലെ കാറ്റാടി വൈദ്യുതി ഉൽപ്പാദനം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്. ഇതിന്റെ ആകെ ശേഷി ഏകദേശം 15 മെഗാവാട്ട് ആണ്. ഈ മേഖലയിൽ കാറ്റിന്റെ സ്ഥിരതയും ശക്തിയും ഉപയോഗപ്പെടുത്തി വൈദ്യുതി ഉൽപ്പാദിപ്പിക്കുകയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിതരണം ചെയ്യപ്പെടുകയും ചെയ്യുന്നു.
രാമക്കൽമേട് കാറ്റാടി വൈദ്യുതി പദ്ധതി:
ഇടുക്കി ജില്ലയിലെ രാമക്കൽമേടിൽ 2008ലാണ് ഈ കാറ്റാടി വൈദ്യുതി പദ്ധതി സ്ഥാപിതമായത്. ഏകദേശം 22 മീറ്റർ ഉയരമുള്ള കാറ്റാടി ടർബൈനുകൾ കൊണ്ട് 15 മെഗാവാട്ടോളം വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതാണ് ഈ പദ്ധതി. സമുദ്രനിരപ്പിൽ നിന്ന് 1100 മീറ്റർ ഉയരത്തിലാണ് രാമക്കൽമേട്. ഇന്ത്യയിലേറ്റവുമധികം കാറ്റു വീശുന്ന സ്ഥലങ്ങളിലൊന്നുമാണ്. മണിക്കൂറിൽ ശരാശരി 32.5 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാറുണ്ട്. ചിലയവസരങ്ങളിൽ അത് മണിക്കൂറിൽ 100 കിലോമീറ്റർ വരെയാകും. പരിസ്ഥിതി സൗഹൃദമായി ഊർജാവശ്യം നിറവേറ്റാനുള്ള കേരളത്തിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതാണ് ഈ കാറ്റാടി വൈദ്യുതി പദ്ധതി.
ചെറുകിട, മൈക്രോ ജലവൈദ്യുത പദ്ധതികൾ
ചെറുകിട, മൈക്രോ ജലവൈദ്യുത പദ്ധതികൾ പൊതുവെ ചെറിയ നദികളിലും പുഴകളിലുമാണ് സ്ഥാപിക്കുന്നത്. കേരളത്തിലെ വനമേഖലകളിലും കുന്നിൻ പ്രദേശങ്ങളിലും ഇവ സ്ഥാപിക്കുന്നുണ്ട്. പരിസ്ഥിതിയ്ക്ക് വലിയ ആഘാതമില്ലാതെ പ്രാദേശിക ഊർജ്ജാവശ്യങ്ങൾക്ക് ഊന്നൽ നൽകുന്നതാണ് ഈ പദ്ധതികൾ. താരതമ്യേന കുറഞ്ഞ ഉൽപ്പാദന ചെലവിൽ കൂടുതൽ ഉൽപ്പാദന ശേഷി എന്നത് ഇവയുടെ പ്രത്യേകതയാണ്.
മീൻവല്ലം ചെറുകിട ജലവൈദ്യുത പദ്ധതി:
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 3 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണിത്. പദ്ധതിയിൽ ഒരു തടയണയും ഒരു പവർ ഹൗസും ഉൾപ്പെടുന്നു. 2000-ൽ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (KSEB) ആണ് മീൻവല്ലം ചെറുകിട ജലവൈദ്യുത പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. പ്രകൃതി സൗഹൃദവും പരിസ്ഥിതി പ്രതിസന്ധി കുറഞ്ഞതുമായ ഈ പദ്ധതി പ്രദേശത്തെ വികസനത്തിൽ വലിയ സ്വാധീനം ചെലുത്തുന്നു.
ആനക്കയം ചെറുകിട ജലവൈദ്യുത പദ്ധതി:
ആനക്കയം ചെറുകിട ജലവൈദ്യുത പദ്ധതി കേരളത്തിലെ ഒരു പ്രധാന ചെറുകിട ജലവൈദ്യുത പദ്ധതിയാണ്. മലമ്പുഴ ഡാമിന്റെ സമീപത്തുള്ള ആനക്കയം പ്രദേശത്താണ് ഈ പദ്ധതി സ്ഥാപിച്ചിട്ടുള്ളത്. ഈ പദ്ധതി 2.9 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. കെഎസ്ഇബിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഈ പദ്ധതി പാരിസ്ഥിതിക സംരക്ഷണത്തിനും പ്രാദേശിക വികസനത്തിനും വലിയ സംഭാവന ചെയ്യുന്നു.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 25-08-2024
ലേഖനം നമ്പർ: 1498