സാമൂഹ്യസുരക്ഷാ പെൻഷൻ കർഷകത്തൊഴിലാളികൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാര്‍, 50 വയസ്സിനു മുകളിൽ പ്രായമുള്ള അവിവാഹിതർ, വിധവകൾ എന്നിവർക്കുള്ള പെൻഷൻ പദ്ധതികളാണ് സംസ്ഥാന സർക്കാരിന്റെ പ്രധാന പെൻഷൻ പദ്ധതികൾ. ഒരു ഗുണഭോക്താവിനുള്ള ക്ഷേമ പെൻഷൻ 2016 ൽ 600 രൂപയായിരുന്നത് 2021 ൽ 1,600 രൂപയായി വർദ്ധിപ്പിച്ചു. 2015-16 ൽ 34 ലക്ഷമായിരുന്ന സാമൂഹിക സുരക്ഷാ പെൻഷൻകാരുടെ എണ്ണം 2022 ഒക്ടോബറിൽ 52.38 ലക്ഷമായി ഉയർന്നു. 2023 നവംബർ മാസത്തില്‍ ഇത് 46.77 ലക്ഷമാണ്. ഇതുകൂടാതെ വിവിധ ക്ഷേമനിധി ബോര്‍ഡ് പെന്‍ഷനുകളും അര്‍ഹതപ്പെട്ടവര്‍ക്ക് നൽകി വരുന്നു. 2015 ഏപ്രിൽ മാസം മുതൽ തുക ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡിബിടി) ആയി വിതരണം ചെയ്തു വരുന്നു. 51.75 ശതമാനം ഗുണഭോക്താക്കൾക്കും ബാങ്ക് ട്രാൻസ്ഫർ ആയി പെൻഷൻ ലഭിക്കുന്നു. ബാക്കിയുള്ള ഗുണഭോക്താക്കൾക്ക് പ്രാഥമിക സഹകരണ സംഘങ്ങളുടെ ഒരു വലിയ ശൃംഖലയിലൂടെ വിജയകരമായി നടപ്പിലാക്കിയ ‘വീടുകളില്‍ നേരിട്ട് നല്‍കുന്ന’ രീതിയിലൂടെയാണ് പെൻഷൻ നല്‍കിയത്. ഗുണഭോക്താക്കൾ അവരുടെ ആരോഗ്യരീതിയും സൗകര്യവും അനുസരിച്ച് പെൻഷൻ വാങ്ങൽ രീതി തെരഞ്ഞെടുക്കുന്നു. 2023 നവംബർ മാസം വരെയുള്ള കണക്കനുസരിച്ച് ആകെ 46.77 ലക്ഷം പെൻഷൻകാരിൽ 29.45 ലക്ഷം പേരും (63 ശതമാനം) സ്ത്രീകളാണ്. 56.5 ശതമാനം ഗുണഭോക്താക്കളും വാർദ്ധക്യ പെൻഷനും 27 ശതമാനം വിധവ പെൻഷനും, 7.8 ശതമാനം ഭിന്നശേഷി പെന്‍ഷന്‍കാരും 7 ശതമാനം കർഷകത്തൊഴിലാളി പെൻഷൻകാരുമാണ്. അവിവാഹിതരായ സ്ത്രീകൾക്കുള്ള പെൻഷൻ 81,377 ഗുണഭോക്താക്കൾക്ക് നൽകുന്നു.
കൂടുതൽ അറിയാൻ (സാമൂഹിക ഉൾച്ചേർക്കൽ – ഉദ്യമങ്ങൾ-സാമൂഹ്യ സുരക്ഷാ സംവിധാനങ്ങൾ)
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 13-05-2024
ലേഖനം നമ്പർ: 1398