നോര്‍ക്ക നല്‍കുന്ന സേവനങ്ങള്‍
സാക്ഷ്യപത്രങ്ങള്‍
വിദേശത്ത് ജോലി തേടി പോകുന്നവരുടെ വിദ്യാഭ്യാസയോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്താന്‍ പ്രാദേശിക സാക്ഷ്യപ്പെടുത്തല്‍ കേന്ദ്രങ്ങള്‍ നോര്‍ക്ക- റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കേന്ദ്രങ്ങളില്‍ സംസ്ഥാന വിദ്യാഭ്യാസവകുപ്പിലെ ഉദ്യോഗസ്ഥര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നു. ന്യൂഡല്‍ഹിയിലെ കേരളാഹൗസില്‍ നോര്‍ക്കാസെല്ലും മുംബൈയില്‍ പ്രവാസി വികസനഓഫീസും വിദേശമലയാളികളുടെ ക്ഷേമകാര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നുണ്ട്.
തിരിച്ചറിയല്‍ കാര്‍ഡ്
2008 ആഗസ്റ്റിലാണ് നോര്‍ക്ക വിദേശമലയാളികള്‍ക്കായി തിരിച്ചറിയല്‍ കാര്‍ഡ് സൗകര്യം ഏര്‍പ്പെടുത്തിയത്. 18 വയസ് പൂര്‍ത്തിയായ, ആറുമാസത്തില്‍ കൂടുതല്‍ വിദേശത്ത് ജോലി ചെയ്ത മലയാളികള്‍ക്ക് നോര്‍ക്കയുടെ തിരിച്ചറിയല്‍ കാര്‍ഡിന് അപേക്ഷിക്കാം. 300 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. കാര്‍ഡിന്റെ കാലാവധിയായ 3 വര്‍ഷം കഴിഞ്ഞും വിദേശത്ത് തുടരുകയാണെങ്കില്‍ കാര്‍ഡ് പുതുക്കാവുന്നതാണ്. 45 മുതല്‍ 60 ദിവസം വരെയാണ് ഒരു തിരിച്ചറിയല്‍ കാര്‍ഡ് പുറത്തിറക്കാന്‍ വേണ്ടി വരുന്ന ശരാശരി സമയദൈര്‍ഘ്യം.
സംസ്ഥാനത്തെ മൊത്തം മൂന്ന് മേഖലകളായിത്തിരിച്ചാണ് തിരിച്ചറിയല്‍ കാര്‍ഡിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നത്. വടക്കന്‍മേഖലയായ കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലുള്‍പ്പെട്ടവര്‍ കോഴിക്കോട് പ്രാദേശിക ഓഫീസിലും മധ്യമേഖലയായ പാലക്കാട്, തൃശുര്‍, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിലുള്‍പ്പെട്ടവര്‍ എറണാകുളം പ്രാദേശിക ഓഫീസിലും തെക്കന്‍മേഖലയായ പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലുള്‍പ്പെട്ടവര്‍ തിരുവനന്തപുരം പ്രാദേശികഓഫീസിലും തിരിച്ചറിയല്‍ കാര്‍ഡിനുവേണ്ടിയുള്ള അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണ്. പ്രവാസിമലയാളി ഐഡി കാര്‍ഡ് സെല്ലുകളും നോര്‍ക്കയുടെ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നു
ഇന്‍ഷ്വറന്‍സ് പരിരക്ഷ
ന്യൂ ഇന്ത്യാ ഇന്‍ഷ്വറന്‍സ് കമ്പനി തിരിച്ചറിയല്‍ കാര്‍ഡ് ഉടമയ്ക്ക് നിബന്ധനകള്‍ക്കനുസരിച്ച് ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കുന്നു. കാര്‍ഡ് ഉടമയുടെ പെട്ടെന്നുണ്ടാകുന്ന അപകടമരണം, പൂര്‍ണമായോ, ഭാഗികമായോ സംഭവിക്കുന്ന വൈകല്യങ്ങള്‍ എന്നിവയ്ക്ക് ഇന്‍ഷ്വറന്‍സ് തുക നല്‍കും. 2 ലക്ഷം രൂപ വരെ നല്‍കി വരുന്നുണ്ട്.
ഇന്‍ഷ്വറന്‍സ് കാര്‍ഡ്
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികള്‍ക്കായുള്ള ഇന്‍ഷ്വറന്‍സ് കാര്‍ഡാണ് മറുനാടന്‍ മലയാളി ഇന്‍ഷ്വറന്‍സ് കാര്‍ഡ്. 18 വയസ് പൂര്‍ത്തിയായ 2 വര്‍ഷത്തില്‍ കൂടുതല്‍ അന്യസംസ്ഥാനത്ത് ജോലി ചെയ്തിട്ടുള്ളവര്‍ ഈ ഇന്‍ഷ്വറന്‍സ് കാര്‍ഡിന് അര്‍ഹരാണ്. അപേക്ഷകള്‍ ആവശ്യമായ രേഖകള്‍ സഹിതം നോര്‍ക്ക- റൂട്ട്‌സിന്റെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, പ്രാദേശിക ഓഫീസുകളിലോ ന്യൂഡല്‍ഹി, മുംബൈ നോര്‍ക്ക വികസന ഓഫീസിലോ ചെന്നൈ, ബംഗളൂരു സാറ്റലൈറ്റ് ഓഫീസിലോ സമര്‍പ്പിക്കണം.
സാന്ത്വനസഹായപദ്ധതി
വിദേശത്തുനിന്ന് തിരിച്ചെത്തിയ ബി പി എല്‍ കാര്‍ഡുക്കാരുടെ ക്ഷേമത്തിനായി നോര്‍ക്കാ-റൂട്ടസ് ആരംഭിച്ച ദുരിതാശ്വാസസഹായ പദ്ധതിയാണിത്. വിദേശത്തോ ഇന്ത്യയ്ക്കകത്തെ മറ്റു സംസ്ഥാനങ്ങളിലോ രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ ജോലി ചെയ്തവര്‍ക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്. കുടുംബത്തിന്റെ വാര്‍ഷികവരുമാനം ഒരു ലക്ഷത്തില്‍ കുറവായിരിക്കണം.അപേക്ഷകനും കുടുംബത്തിനും ചികില്‍സാസഹായവും അപേക്ഷകന്റെ മരണശേഷം കുടുംബത്തിന് നഷ്ടപരിഹാരവും മകളുടെ വിവാഹത്തിനുള്ള സഹായവും ഈ പദ്ധതി വഴി ലഭിക്കും. കൂടാതെ, ശാരിരിക വൈകല്യങ്ങള്‍ അതിജീവിക്കാന്‍ വീല്‍ ചെയറുകള്‍, ക്രച്ചസ് എന്നിവയ്ക്കുള്ള സഹായങ്ങളും സാന്ത്വനസഹായ പദ്ധതി പ്രകാരം നല്‍കി വരുന്നു.
ചെയര്‍മാന്‍ ഫണ്ട്
നോര്‍ക്ക-റൂട്ട്‌സിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി സ്വരൂപിക്കപ്പെടുന്ന ഫണ്ടാണ് ചെയര്‍മാന്‍ ഫണ്ട്. യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്ന കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന തുകയുടെ 10 ശതമാനം ഒരു പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റുന്നു. ഇങ്ങനെ സ്വരൂപിച്ച പണം വിദേശമലയാളികളുടെയോ കുടുംബത്തിന്റെയോ ക്ഷേമത്തിനായി ഉപയോഗിക്കപ്പെടുന്നു. രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ വിദേശത്ത് താമസിച്ചിട്ടുള്ള, വാര്‍ഷികവരുമാനം ഒരു ലക്ഷത്തില്‍ കൂടാത്തവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. സാന്ത്വനസഹായപദ്ധതിയുടെ ആനുകൂല്യം ലഭിച്ചവര്‍ക്ക് ചെയര്‍മാന്‍ ഫണ്ടിലൂടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതല്ല.
നിയമസഹായസെല്‍
വിദേശ ജയിലുകളില്‍ കഴിയുന്ന പ്രവാസി മലയാളികള്‍ക്ക് നിയമസഹായം നല്‍കുന്നതിനായാണ് പ്രവാസി നിയമ സഹായസെല്ലുകള്‍ പ്രവര്‍ത്തിക്കുന്നത്. ചെറിയ കുറ്റകൃത്യങ്ങള്‍ക്ക് വിദേശ ജയിലുകളില്‍ കഴിയുന്ന മലയാളികള്‍ക്ക് അവിടുത്തെ എംബസിയുടെ സഹായത്തോടെ നിയമസഹായം ലഭ്യമാകുന്നു. തൊഴില്‍ വിസയുള്ള, കുടുംബവരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാത്തവര്‍ക്കാണ് നിയമസഹായം ലഭിക്കുന്നത്. നോര്‍ക്ക-റൂട്ട്‌സില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മലയാളി സംഘടനകള്‍ക്കും ജയില്‍വാസം അനുഭവിക്കുന്ന വ്യക്തിയുടെ അടുത്ത ബന്ധുക്കള്‍ക്കും നിയമസഹായത്തിനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. വിദേശരാജ്യങ്ങളിലെ ഇന്ത്യന്‍ മിഷനുകള്‍ക്ക് അപേക്ഷകള്‍ പരിഗണനയ്ക്ക് നല്‍കാം. മുമ്പ് ജയില്‍വാസം അനുഭവിച്ചവര്‍ക്കും ശിക്ഷകള്‍ ലഭിച്ചവര്‍ക്കും സെല്ലിന്റെ സഹായം ലഭ്യമല്ല.
കാരുണ്യം
വിദേശത്ത് വച്ചോ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ വച്ചോ മരണമടയുന്ന മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ സഹായിക്കുന്ന പദ്ധതിയാണ് കാരുണ്യം. ഇതിന്റെ ഗുണഫലം ലഭ്യമാകുന്നതിനായി നിയമസാധുതയുള്ള പാസ്‌പോര്‍ട്ടോ ആവശ്യമായ മറ്റു തെളിവുകള്‍ നല്‍കുന്ന രേഖകളോ ഹാജരാക്കണം. ഇന്ത്യയ്ക്കകത്ത് ജോലി ചെയ്യുന്നവരാണെങ്കില്‍ കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും അവിടെ താമസിച്ചതിന്റെ രേഖകള്‍ ഹാജരാക്കണം. മറ്റൊരുവിധത്തിലുമുള്ള സഹായങ്ങളും ലഭിക്കാതെ കഷ്ടപ്പെടുന്ന , മരിച്ച മലയാളികളുടെ കുടുംബത്തിനാണ് കാരുണ്യം പദ്ധതിയുടെ സഹായങ്ങള്‍ ലഭിക്കുന്നത്. ഇന്ത്യയ്ക്ക് പുറത്തുള്ള മലയാളിയാണെങ്കില്‍ കുടുംബത്തിന് 50,000 രൂപ വരെയും ഇന്ത്യയ്ക്കകത്ത് മറ്റു സംസ്ഥാനങ്ങളിലാണെങ്കില്‍ 10,000 രൂപ വരെയും സഹായം ലഭിക്കുന്നതാണ്.
മറ്റ് സേവനങ്ങള്‍
വിദേശത്തുവച്ച് കാണാതാവുന്ന മലയാളികളെ കണ്ടെത്തി ബന്ധുക്കളുടെ പക്കല്‍ ഏല്‍പ്പിക്കുന്നതിന് നോര്‍ക്ക-റൂട്ട്‌സ് സഹായിക്കുന്നുണ്ട്. ആവശ്യമായ രേഖകളുടെ അഭാവം മൂലം ജയിലില്‍ കഴിയുന്നവരെക്കുറിച്ചായാലും മറ്റേതെങ്കിലും വിധത്തില്‍ കാണാതെ പോയവരായാലും അവരുടെ വിവരങ്ങള്‍ കണ്ടെത്തുന്നതിനായി നോര്‍ക്ക-റൂട്ട്‌സ് കുടുംബത്തെ സഹായിക്കുന്നു. ഇതിനായി വിദേശസര്‍കാരിന്റെയും മറ്റ് ഏജന്‍സികളുടെയും സഹായവും നോര്‍ക്ക- റൂട്ട്‌സ് ഉപയോഗപ്പെടുത്തുന്നു. കാണാതായെന്ന് ഉറപ്പായിക്കഴിഞ്ഞാല്‍ ബന്ധുക്കള്‍ നോര്‍ക്ക-റൂട്ട്‌സിനെയും പോലീസിനെയും വിവരമറിയിക്കണം. നോര്‍ക്ക- റൂട്ട്‌സിന്റെ വെബ്‌സൈറ്റില്‍ നിന്ന് ലഭിക്കുന്ന ഫോറത്തോടൊപ്പം കാണാതായവരുടെ വിസയുടെയും പാസ്‌പോര്‍ട്ടിന്റെയും പകര്‍പ്പും ഫോട്ടോയും നല്‍കണം.
കൂടാതെ, വിദേശ മലയാളികള്‍ക്കിടയില്‍ മലയാളഭാഷയും സംസ്‌കാരവും വളര്‍ത്തിക്കൊണ്ടുവരാന്‍ നോര്‍ക്ക വകുപ്പ് സഹായിക്കുന്നു. ഇതിനായി www.entemalayalam.org എന്ന സൈറ്റിനു രൂപം കൊടുത്തിട്ടുണ്ട്. ഇതിന്റെ സഹായത്തോടെ മലയാളം ഓണ്‍ലൈനായി പഠിക്കാന്‍ സാധിക്കും.ഇതിനുപുറമേ വിദേശമലയാളികളുടെ പ്രാദേശികവികസനത്തിനായി പരിപാടികളും നോര്‍ക്ക സംഘടിപ്പിക്കുന്നു. നോര്‍ക്ക- റൂട്ട്‌സ് പ്രാദേശിക കേന്ദ്രങ്ങളില്‍ വിദേശത്തുനിന്ന് തിരിച്ചുവന്നവര്‍ക്കായി ബോധവല്‍ക്കരണക്ലാസുകളും നടത്തുന്നുണ്ട്. ഇത്തരം ക്ലാസുകളില്‍ പങ്കെടുക്കാനായി തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് പ്രാദേശിക കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്യണം.മലയാളികള്‍ക്ക് വിദേശത്ത് ജോലി ശരിയാക്കുവാന്‍ റിക്രൂട്ടമെന്റ് പരിപാടികളും നോര്‍ക്ക നടത്തി വരുന്നു.
ട്രിപ്പിൾ വിൻ പദ്ധതി
രാജ്യത്ത് ആദ്യമായി ജർമ്മനിയിലേയ്ക്ക് സർക്കാർ വഴി നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള പദ്ധതിയാണിത്. ജർമ്മൻ സർക്കാരും സംസ്ഥാന സർക്കാരും സംയുക്തമായാണ് റിക്രൂട്ട്മെന്റ് സംഘടിപ്പിച്ചിരിയ്ക്കുന്നത്. നഴ്സിങ് മേഖലയ്ക്കു പുറമേ ഹോസ്പിറ്റാലിറ്റിയടക്കം മറ്റു മേഖലകളിലേക്കും ഭാവിയിൽ വലിയ സാധ്യതകൾ തുറക്കുന്നതാണ് ട്രിപ്പിൾ വിൻ പദ്ധതി. ജർമനിക്കൊപ്പം മറ്റു യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള തൊഴിൽ സാധ്യതകൾ വർധിപ്പിക്കുന്നതിനും പദ്ധതി വഴിതുറക്കും.
ജർമ്മനിയിലേയ്ക്ക് പോകാൻ ആഗ്രഹിക്കുന്ന നഴ്സുമാർക്ക് ഭാഷാ പ്രാവീണ്യം നേടുന്നതിന് കേരളത്തിൽതന്നെ സൗജന്യമായി സൗകര്യം ഒരുക്കും. ജർമ്മൻ ഭാഷയിൽ ബി2 ലെവൽ യോഗ്യതയാണു നഴ്സായി ജോലി ചെയ്യാൻ വേണ്ടത്. നോർക്ക മുഖേന റിക്രൂട്ട് ചെയ്യപ്പെടുന്നവർക്കു ബി1 യോഗ്യത നേടി ജർമനിയിൽ എത്തിയ ശേഷം ബി2 യോഗ്യത കൈവരിച്ചാൽ മതി. കേരളത്തിലെ ഏറ്റവും വലിയ റിസോർസുകളിൽ ഒന്നായ നഴ്‌സുമാരെ ജർമ്മനി ഉൾപ്പടെയുള്ള യൂറോപ്യൻ രാജ്യങ്ങളിൽ സുരക്ഷിതമായി റിക്രൂട്ട് ചെയ്യുന്നതു വഴി വൻ തോതിലുള്ള വിദേശ നാണ്യം കേരളത്തിൽ എത്തിയ്ക്കാനും അത് വഴി കേരളത്തിന്റെ സാമ്പത്തിക അടിത്തറ കൂടുതൽ ശക്തമാക്കാനും സാധിയ്ക്കും. കൂടാതെ ഇടനിലക്കാർ വഴിയുള്ള തട്ടിപ്പുകൾക്ക് അറുതി വരുത്താനും ട്രിപ്പിൾ വീൻ പദ്ധതിയ്ക്ക് സാധിക്കും.
നോർക്കയുടെ സേവനങ്ങളെ കുറിച്ച് വിശദമായി അറിയാൻ: https://norkaroots.org/സന്ദർശിക്കാം
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 11-08-2022
ലേഖനം നമ്പർ: 706