പ്രവാസികാര്യം
കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിലെ സുപ്രധാന കണ്ണിയാണ് കുടിയേറ്റം അഥവാ പ്രവാസം. തെക്കന്‍ കേരളത്തില്‍ പ്രവാസം പ്രധാനമായും വിദ്യാസമ്പന്നരായ ചെറുപ്പക്കാരടങ്ങിയ വിഭാഗമായിരുന്നു. അവരുടെ പ്രവാസം കൂടുതലായും ജര്‍മനി, യു.എസ്, കാനഡ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലേക്കായിരുന്നു. എന്നാല്‍ മലബാറിലെ പ്രവാസം അധ്വാനശക്തിമാത്രം മൂലധനമായിട്ടുള്ള തൊഴിലാളികളായിരുന്നു. അവര്‍ മലബാറില്‍നിന്നും ചെന്നൈ, മുംബൈ തുടങ്ങിയ കൊളോണിയല്‍ വന്‍ പട്ടണങ്ങളിലേക്കു ജോലി തേടി പുറപ്പെട്ടു. പിന്നീട് കപ്പല്‍ മാര്‍ഗം കൊളംബോ തുടങ്ങിയ പട്ടണങ്ങളില്‍ എത്തിപ്പെട്ടു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യം മലേഷ്യന്‍ ഫെഡറേഷനില്‍ ഖനികളും തോട്ടങ്ങളും ആരംഭിച്ചപ്പോള്‍ കൊളംബോയില്‍നിന്നു സിങ്കപ്പൂര്‍, പെനാങ്ക്, ക്വാലാലംപൂര്‍, റങ്കൂണ്‍ തുടങ്ങിയ കേന്ദ്രങ്ങളിലേക്കായിരുന്നു പിന്നീടുള്ള കുടിയേറ്റം.
രണ്ടാം ലോക യുദ്ധത്തെ തുടര്‍ന്ന് ഇത്തരം കുടിയേറ്റങ്ങളില്‍ സാമ്പത്തിക ഭദ്രത ഇല്ലാതായപ്പോള്‍ ഈ കുടിയറ്റക്കാര്‍ പിന്നീട് പേര്‍ഷ്യന്‍ ഗള്‍ഫിലേക്കു പ്രവാസം ലക്ഷ്യമാക്കി. ഇത്തരത്തിലുള്ള ഗള്‍ഫ് പ്രവാസം പ്രത്യേകിച്ചും മലബാറില്‍ വരുത്തിയ സാംസ്‌കാരിക മാറ്റം ജീവിതത്തില്‍ വിവിധ തലങ്ങളിലും പ്രതിഫലിച്ചുകാണാം. കുടുംബാംഗങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനും ആരോഗ്യപരിരക്ഷണത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നതിനും പ്രവാസികളുടെ ധനം കൂടുതല്‍ കൂടുതല്‍ ഉപയോഗിക്കപ്പെട്ടു. ഭൂപരിഷ്‌കരണവും മണ്ണിന്റെ സ്ഥിരാവകാശവും നിയമപരമായി ഇവിടെ നടപ്പാക്കപ്പെട്ടപ്പോള്‍ ആധുനിക സൗകര്യങ്ങളുള്ള പാര്‍പ്പിടങ്ങള്‍ ഓരോ ഗ്രാമത്തിലും ഉയര്‍ന്നുവന്നു. ഇതാകട്ടെ യൂറോപ്പിലെന്നപോലെ നഗരവും ഗ്രാമവും തമ്മിലുള്ള വിഭജനരേഖ ഇല്ലാതാക്കുകയും വികസനത്തിന്റെ ഒരു പൊതുരേഖ സൃഷ്ടിക്കപ്പെടുകയും ചെയ്തു. ഇത്തരം മാറ്റങ്ങള്‍ കേരളത്തിന്റെ ഗ്രാമങ്ങളില്‍ ഒരു പൊതു സാംസ്‌കാരിക പശ്ചാത്തലം രൂപപ്പെടുത്തി. ഇതിന്റെ അടിസ്ഥാന ശക്തിയായി പ്രവര്‍ത്തിച്ചത് ഗള്‍ഫ് മൂലധനവും സാധാരണക്കാരായ പ്രവാസികളുമാണ്. അവര്‍ സൃഷ്ടിച്ചത് ഒരു പുതിയ സാംസ്‌കാരിക ചരിത്രമായിരുന്നു.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 16-05-2024
ലേഖനം നമ്പർ: 699