അമീബിക്ക് മസ്തിഷ്‌ക ജ്വരം തടയാൻ  ആരോഗ്യ വകുപ്പ് ആരംഭിക്കുന്ന ജനകീയ ക്യാമ്പയിന്റെ ഭാഗമായി ആഗസ്റ്റ്  30, 31 തീയതികളിൽ സംസ്ഥാനത്തെ മുഴുവൻ കിണറുകളും ക്ലോറിനേറ്റ് ചെയ്യണം. വീടുകൾ , സ്ഥാപനങ്ങൾ , ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ, ഫ്‌ളാറ്റുകൾ തുടങ്ങി എല്ലായിടത്തെയും  കിണറുകൾ ക്ലോറിനേറ്റ് ചെയ്യുകയും ജലസംഭരണ ടാങ്കുകൾ കഴുകി വൃത്തിയാക്കുകയും ചെയ്യണം. 

റിസോർട്ടുകൾ, ഹോട്ടലുകൾ, വാട്ടർ തീം പാർക്കുകൾ, നീന്തൽ പരിശീലന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ ജലം ക്ലോറിനേറ്റ് ചെയ്ത് അളവ് പരിശോധിച്ച് ഉറപ്പ് വരുത്തണം. ഇത് പാലിക്കാത്തവർക്കെതിരെ പൊതുജനാരോഗ്യ നിയമ പ്രകാരം നടപടി സ്വീകരിക്കും. 

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ  പൊതുജനങ്ങൾ ഉപയോഗിക്കുന്ന മുഴുവൻ കുളങ്ങളും ജലസ്രോതസ്സുകളും വൃത്തിയാക്കും. വെള്ളത്തിലിറങ്ങുന്നവർ ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിൻ കഴിക്കണം. സർവൈലസിന്റെ ഭാഗമായി അമീബയുടെ സാന്നിദ്ധ്യം കണ്ടെത്തിയ കുളങ്ങളുടെയും ജലാശയങ്ങളുടെയും സമീപത്ത് ജാഗ്രതാ നിർദ്ദേശങ്ങൾ അടങ്ങിയ ബോർഡുകൾ സ്ഥാപിക്കും.  

ഓണ അവധിക്ക് ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച്  അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും പരിശീലനങ്ങളും ബോധവത്കരണവും നൽകും. ഈ വർഷം 41 അമീബിക്ക് മസ്തിഷ്‌ക ജ്വര കേസുകളാണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ 18 ആക്ടീവ് കേസുകളാണുള്ളത്. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 


അമീബിക്ക് മസ്തിഷ്‌കജ്വരം - പ്രതിരോധ മാർഗങ്ങൾ


· നിശ്ചലവും ശുദ്ധീകരിക്കാത്തതുമായ ജലാശയങ്ങളിൽ ചാടുന്നത്, മുങ്ങുന്നത് എന്നിവ ഒഴിവാക്കുക

· നീന്തുമ്പോൾ അല്ലെങ്കിൽ മുങ്ങേണ്ടി വരുന്ന സാഹചര്യങ്ങളിൽ, നോസ് പ്ലഗ് ഉപയോഗിക്കുക, അല്ലെങ്കിൽ മൂക്ക് വിരലുകളാൽ മൂടുക

· ശുദ്ധീകരിക്കാത്ത ജലാശയങ്ങളിൽ നീന്തുമ്പോൾ തല വെള്ളത്തിന് മുകളിൽ സൂക്ഷിക്കുക

· ജലാശയങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ, ചെളി /അടിത്തട്ട് കുഴിക്കുന്നത്/ കലക്കുന്നത് എന്നിവ ഒഴിവാക്കുക

· നീന്തൽക്കുളങ്ങൾ, വാട്ടർ തീം പാർക്കുകൾ, സ്പാകൾ എന്നിവ ശുചിത്വത്തോടെ ക്ലോറിനേഷൻ ചെയ്ത്, ശരിയായ രീതിയിൽ പരിപാലിക്കണം

· സ്പ്രിങ്കളറുകൾ, ഹോസുകൾ എന്നിവയിൽ നിന്നും വെള്ളം മൂക്കിനുള്ളിൽ പതിക്കുന്ന സാഹചര്യം ഒഴിവാക്കുക

· ശുദ്ധമല്ലാത്ത  വെള്ളം ഒരു കാരണവശാലും കുട്ടികളുടേയോ മുതിർന്നവരുടേയോ മൂക്കിൽ ഒഴിക്കരുത്, ഉപയോഗിക്കരുത് 

· ക്ലോറിനേറ്റ് ചെയ്യാത്ത വെള്ളം ഉപയോഗിച്ച് കുളിക്കുമ്പോൾ/ മുഖം കഴുകുമ്പോൾ വെള്ളം മൂക്കിനുള്ളിലേക്ക് പോകാതെ സൂക്ഷിക്കുക

· ജലാശയങ്ങൾ മലിനമാകാതെ സൂക്ഷിക്കുക

· പൊതു ജലാശയങ്ങളിലേക്ക് വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മാലിന്യം ഒഴുക്കരുത്

· ജലവിതരണത്തിനും സംഭരണത്തിനും ഉപയോഗിക്കുന്ന ജല സംഭരണികളും, വലിയ ടാങ്കുകളും മൂന്ന് മാസം കൂടുമ്പോൾ നല്ലത് പോലെ തേച്ച് വൃത്തിയാക്കണം

അവസാനമായി അപ്ഡേറ്റ് ചെയ്തത് :26-08-2025

sitelisthead