ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വിധവകള്‍ അല്ലെങ്കില്‍ വിവാഹബന്ധം വേര്‍പ്പെടുത്തിയതോ ഉപേക്ഷിക്കപ്പെട്ടതോ ആയ സ്ത്രീകള്‍ക്ക് ധനസഹായം നല്‍കുന്ന ഇമ്പിച്ചി ബാവ ഭവനപുനരുദ്ധാരണ പദ്ധതിയിലേക്ക് സെപ്റ്റംബർ ഒന്നു വരെ അപേക്ഷിക്കാം. മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്‌സി ജൈന ന്യൂനപക്ഷ മതവിഭാഗങ്ങളില്‍പ്പെടുന്ന മേല്‍പ്പറഞ്ഞ സ്ത്രീകള്‍ക്ക് അപേക്ഷിക്കാം.
ശരിയായ ജനലുകള്‍/വാതിലുകള്‍/മേല്‍ക്കൂര/ഫ്‌ളോറിംങ് ഫിനിഷിംങ്/പ്ലംബിംങ്/സാനിറ്റേഷന്‍/ ഇലക്ട്രിഫിക്കേഷന്‍ എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം നല്‍കുന്നത്. ഒരു വീടിന്റെ അറ്റകുറ്റപ്പണികള്‍ക്ക് 50,000 രൂപയാണ് ധനസഹായം. ഈ തുക തിരിച്ചടക്കേണ്ടതില്ല. അപേക്ഷകയുടെ സ്വന്തം അല്ലെങ്കില്‍ പങ്കാളിയുടെ പേരിലുള്ള വീടിന്റെ പരമാവധി വിസ്തീര്‍ണ്ണം 1200 ചതുരശ്ര അടി കവിയരുത്.
അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം. ബി.പി.എല്‍ കുടുംബത്തിന് മുന്‍ഗണന ലഭിക്കും. അപേക്ഷകയ്‌ക്കോ, അവരുടെ മക്കള്‍ക്കോ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍, പെണ്‍കുട്ടികള്‍ മാത്രമുള്ള, അല്ലെങ്കില്‍ മക്കളില്ലാത്ത അപേക്ഷക തുടങ്ങിയവര്‍ക്കും മുന്‍ഗണന നല്‍കും. വകുപ്പ് പ്രത്യേകം തയ്യാറാക്കിയ അപേക്ഷാ ഫോം മുഖേനയാണ് അപേക്ഷിക്കേണ്ടത്.
പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം അതത് ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷക്ഷേമ സെക്ഷനില്‍ നേരിട്ടോ ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍), ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷന്‍, ജില്ലാ കളക്ടറേറ്റ് എന്ന വിലാസത്തില്‍ തപാല്‍ മുഖാന്തിരമോ നല്‍കാം. അപേക്ഷാ ഫോം www.minoritywellfare.kerala.gov.in എന്ന വകുപ്പിന്റെ വെബ്‌സൈറ്റില്‍ ലഭിക്കും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :26-08-2025