തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദപരമായി നടത്തുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പുകമ്മീഷന്റെ നിർദേശപ്രകാരമുള്ള ഹരിത ചട്ടം കർശനമായി നടപ്പാക്കാൻ തദ്ദേശസ്വയംഭരണ വകുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണം മുതൽ ശുചീകരണം വരെയുള്ള എല്ലാ ഘട്ടങ്ങളിലും ഹരിതചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം.
നിരോധിത വസ്തുക്കൾ ഉപയോഗിക്കുന്നവർക്കെതിരെയും ഹരിതചട്ട നിബന്ധനകൾ പാലിക്കാത്തവർക്കെതിരെയും കർശന നിയമനടപടി സ്വീകരിക്കും. നിരോധിത വസ്തുക്കൾ ഉപയോഗിച്ച് പോസ്റ്റർ, ബാനർ, ബോർഡുകൾ മറ്റു പ്രചാരണ ഉപാധികൾ തയ്യാറാക്കുന്ന സ്ഥാപനങ്ങൾക്കെതിരെയും കർശന നടപടി ഉണ്ടാകും.
പ്രചാരണ സാമഗ്രികൾ, പാഴ്വസ്തുക്കൾ എന്നിവ വോട്ടെടുപ്പ് കഴിഞ്ഞാലുടൻ സ്ഥാനാർത്ഥികളും രാഷ്ട്രീയ കക്ഷികളും ഹരിത കർമ്മ സേനയ്ക്ക് യൂസർഫീ സഹിതം കൈമാറണം. നീക്കം ചെയ്യുന്നതിൽ വീഴ്ച വരുത്തിയാൽ തദ്ദേശസ്ഥാപന സെക്രട്ടറി പ്രസ്തുത സാമഗ്രികൾ നീക്കം ചെയ്യുകയും, ഇതിന്റെ ചെലവ് സ്ഥാനാർത്ഥിയിൽ നിന്ന് ഈടാക്കുകയും ചെയ്യുന്നതാണ്. മാലിന്യ പരിപാലനത്തിൽ ഉണ്ടാകുന്ന വീഴ്ച സ്ഥാനാർത്ഥിയുടെ വ്യക്തിപരമായ ബാധ്യതയായി കണക്കാക്കി നടപടിയെടുക്കും. പോളിംഗ് ബൂത്ത്, വിതരണ കേന്ദ്രം, കൗണ്ടിംഗ് സ്റ്റേഷൻ, പരിശീലന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ കർശനമായി ഹരിതചട്ടം പാലിക്കണം.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :05-11-2025